Sections

സംരംഭകർക്ക് നിയമപരമായ സഹായങ്ങൾ ഉറപ്പാക്കാൻ ശില്പശാല സംഘടിപ്പിച്ചു

Friday, Jan 12, 2024
Reported By Admin
Entrepreneurs Support Program

ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ സംരംഭകർക്ക് നിയമപരമായ സഹായങ്ങൾ നൽകേണ്ടതിന്റെ ആവശ്യകതയെകുറിച്ച് ബോധവത്ക്കരണ ശില്പശാല സംഘടിപ്പിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാർക്കും കെ സ്വിഫ്റ്റ് പോർട്ടൽ കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥർക്കുമായാണ് ശില്പശാല സംഘടിപ്പിച്ചത്. ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ് പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു.

തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിൽ സൂഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾ മുഖ്യപങ്ക് വഹിക്കുന്നുവെന്നും സമൂഹത്തിന്റെ വളർച്ചയ്ക്ക് ഇത്തരം സംരംഭങ്ങൾ അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

സൂഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾ ആരംഭിക്കുന്നതിനു സർക്കാർ തലത്തിൽ സംരംഭകർക്ക് നൽകേണ്ട നിയമപരമായ അനുമതിയുടെ ആവശ്യകത വ്യക്തമാക്കുന്നതിനാണ് ശില്പശാല സംഘടിപ്പിച്ചത്. കണയന്നൂർ, കൊച്ചി, നോർത്ത് പറവൂർ, ആലുവ താലൂക്കുകളിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ 88 ഉദ്യോഗസ്ഥരാണ് ശില്പശാലയിൽ പങ്കെടുത്തത്.

വ്യവസായ സംരംഭങ്ങൾ ആരംഭിക്കുവാൻ സർക്കാരിൽ നിന്നും ഇതര ഏജൻസികളിൽ നിന്നും ലഭ്യമാകുന്ന സഹായങ്ങളെപ്പറ്റിയും വിവിധ തരം അനുമതി പത്രങ്ങൾ സമയബന്ധിതമായി ലഭ്യമാക്കുന്നതിന് കേരള സർക്കാർ ആരംഭിച്ചിട്ടുള്ള കെ സ്വിഫ്റ്റ് എന്ന ഏകജാല പോർട്ടലിനെപ്പറ്റിയും ശില്പശാലയിൽ വിശദീകരിച്ചു.

കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച ചടങ്ങിൽ ജില്ല വ്യവസായ കേന്ദ്രം ജനറൽ മാനേജർ പി എ നജീബ് അധ്യക്ഷത വഹിച്ചു. കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് കോർപ്പറേഷൻ അസിസ്റ്റന്റ് ജനറൽ മാനേജർ വർഗീസ് മാളക്കാരൻ ക്ലാസ് നയിച്ചു. ജില്ലാ വ്യവസായ കേന്ദ്രം മാനേജർ ആർ സംഗീത, തദ്ദേശസ്വയംഭരണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ കെ ജെ ജോയ്, ആലുവ ഉപജില്ലാ വ്യവസായ ഓഫീസർ യു എസ് നൗഫൽ എന്നിവർ പങ്കെടുത്തു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.