Sections

കേരളം സ്ത്രീപക്ഷ ടൂറിസത്തിൻറെ വിജയമാതൃക: മന്ത്രി പി എ മുഹമ്മദ് റിയാസ്

Thursday, Feb 12, 2026
Reported By Admin
Kerala Responsible Tourism Fair Highlights Women Leadership

ഉത്തരവാദിത്ത ടൂറിസം മേളയ്ക്ക് തുടക്കമായി


തിരുവനന്തപുരം: കേരളത്തിലെ ഉത്തരവാദിത്ത ടൂറിസം യൂണിറ്റുകളുടെ 80 ശതമാനവും വനിതകളാണ് നയിക്കുന്നതെന്നത് കേരളത്തിലെ സ്ത്രീപക്ഷ ടൂറിസത്തിൻറെ വിജയമാണെന്ന് ടൂറിസം പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. ആഗോളതലത്തിൽ പ്രശംസ നേടിയ സുസ്ഥിര-അനുഭവവേദ്യ ടൂറിസം ഡെസ്റ്റിനേഷൻ എന്ന നിലയിൽ കേരളം കൈവരിച്ച മുന്നേറ്റങ്ങൾ പ്രദർശിപ്പിക്കുന്ന കേരള ഉത്തരവാദിത്ത ടൂറിസം മേള ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിൻറെ വിനോദസഞ്ചാര ചരിത്രത്തിൽ സുവർണ അധ്യായമായി മാറുന്ന ഇന്ത്യയിലെ ആദ്യത്തെ സമഗ്ര ഉത്തരവാദിത്ത ടൂറിസം മേളയാണിത്. പ്രാദേശിക മേഖലകളിൽ നിന്നുള്ള ആർടി യൂണിറ്റുകളെ ഒരുമിച്ച് കൊണ്ടുവരുന്നതിനൊപ്പം ഉത്പന്നങ്ങൾക്ക് മികച്ച മാർക്കറ്റിംഗ് പിന്തുണ നല്കാനും ബിസിനസ് സംരംഭകരുമായി ആശയവിനിമയം നടത്താനും ഇതിലൂടെ സാധിക്കും. കരുത്തുറ്റ ജനകീയ സേനയുടെ പങ്കാളിത്തമാണ് ഉത്തരവാദിത്ത ടൂറിസത്തെ ആകർഷമാക്കുന്നത്. അത്തരം ജനകീയസേനയുടെ കൂടിച്ചേരലാണ് ഈ മേള.

വിനോദസഞ്ചാരകേന്ദ്രങ്ങളിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളും ആവശ്യങ്ങളും തിരിച്ചറിയുന്നതിനായി ഇന്ത്യയിൽ 'ജൻഡർ ഓഡിറ്റ് ' നടപ്പിലാക്കുന്ന ആദ്യ സംസ്ഥാനം കേരളമാണെന്നതിൽ അഭിമാനമുണ്ട്. സ്ത്രീ സംരംഭകർക്ക് നാലു ശതമാനം പലിശയിൽ 15 ലക്ഷം രൂപ വരെ വായ്പ നല്കുന്നതിനായി നാലു കോടി രൂപ സംസ്ഥാന സർക്കാർ വകയിരുത്തിയിട്ടുണ്ട്. 2025-26 വർഷത്തെ സംസ്ഥാന ബജറ്റിൽ ആർടി മിഷന് അനുവദിച്ച തുകയുടെ 50 ശതമാനവും സ്ത്രീകൾക്കായി നീക്കിവച്ചിട്ടുണ്ടായിരുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

അഗ്രിഫാം ടൂറിസം, എക്സ്പീരിയൻസ്ഡ് ആൻറ് എത്നിക് ടൂറിസം തുടങ്ങിയവയിലൂടെ കാഴ്ചകൾക്കപ്പുറമുള്ള അനുഭവങ്ങൾ നല്കാനായി. ലോകത്തിലെ ജനകീയ ടൂറിസത്തിനു മാതൃകയാണ് ഉത്തരവാദിത്ത ടൂറിസം മിഷൻ. കേരളത്തിലെ ഗ്രാമീണ മേഖലയുടെയും വികസനം, ദാരിദ്ര്യ ലഘൂകരണം എന്നിവയ്ക്കൊപ്പം സ്ത്രീ ശാക്തീകരണത്തിനുള്ള ഉപാധിയെന്ന നിലയിൽ ടൂറിസത്തെ മാറ്റാൻ ആർടി മിഷനിലൂടെ ലക്ഷ്യമിടുന്നു.

കേരളത്തിൻറെ ടൂറിസം മേഖലയുടെ കുതിപ്പിന് അഭിഭാജ്യഘടകമായി നിലകൊണ്ടത് ഉത്തരവാദിത്ത ടൂറിസം മിഷനാണ്. ലോക ടൂറിസം മേളകളിലും ദേശീയ-അന്തർദേശീയ തലങ്ങളിലും ധാരാളം അംഗീകാരങ്ങൾ ലഭിച്ചു. വ്യത്യസ്ത പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കിയതിലൂടെ ഗ്രാമീണ മേഖലകളെ ആഗോള വിനോദസഞ്ചാര ഭൂപടത്തിലേക്ക് കൊണ്ടുവന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

സംസ്ഥാന ടൂറിസം വകുപ്പിൻറെ സഹകരണത്തോടെ കേരള റെസ്പോൺസിബിൾ ടൂറിസം മിഷൻ സൊസൈറ്റിയാണ് പരിപാടി സംഘടിപ്പിക്കുന്നത്. സംസ്ഥാനത്തുടനീളമുള്ള ഉത്തരവാദിത്ത ടൂറിസം (ആർടി) യൂണിറ്റുകൾ, ആർടി സംരംഭകർ, പ്രവർത്തകർ, വ്യവസായ പങ്കാളികൾ തുടങ്ങിയവർ മേളയുടെ ഭാഗമാണ് .

ഉദ്ഘാടന സമ്മേളനത്തിൽ വി.കെ പ്രശാന്ത് എംഎൽഎ അധ്യക്ഷനായി.

ടൂറിസം ഡയറക്ടർ ശിഖ സുരേന്ദ്രൻ ചടങ്ങിന് സ്വാഗതം ആശംസിച്ചു. 26000 ത്തിലധികം ആർടി യൂണിറ്റുകളിലൂടെ ഒന്നരലക്ഷം കുടുംബങ്ങളെ ചേർത്ത് പിടിക്കാൻ ആർടി മിഷനിലൂടെ സാധിച്ചതായി അവർ പറഞ്ഞു. 100 കോടിയിലധികം രൂപയുടെ വരുമാനം സാധാരണക്കാരിലേക്ക് എത്തിക്കുന്നതിനൊപ്പം 20000 ത്തിലധികം പേർക്ക് തൊഴിൽ പരിശീലനം നല്കാനായി. പ്രാദേശിക സമൂഹങ്ങളുടെ സജീവ പങ്കാളിത്തത്തോടെ ടൂറിസത്തെ സുസ്ഥിരവും സമഗ്രവുമായ പ്രവർത്തനമാക്കി താഴേത്തട്ടിലേക്ക് എത്തിക്കുകയും സ്ത്രീകളുടെ സാമൂഹിക, സാമ്പത്തിക പുരോഗതിയെന്ന ലക്ഷ്യവും മുൻനിർത്തിയുള്ളതാണ് ഈ ആർടി സംരംഭങ്ങളെന്നും അവർ കൂട്ടിച്ചേർത്തു.

മികച്ച ആർടി യൂണിറ്റുകൾക്ക് നേതൃത്വം വഹിച്ച 33 ഗ്രാമപഞ്ചായത്തുകളെ ചടങ്ങിൽ ആദരിച്ചു. ആർടി യൂണിറ്റുകളിലെ സ്ത്രീകൾക്ക് ഗുണകരമാകുന്ന ഇൻട്രസ്റ്റ് സബ് വെൻഷൻ പദ്ധതിയുടെ ധാരണാപത്രം ഒപ്പിടൽ ചടങ്ങിനും പരിപാടി വേദിയായി. വനിതാ വികസന കോർപറേഷൻ മാനേജിംഗ് ഡയറക്ടർ ബിന്ദു വി .സി യും ഉത്തരവാദിത്ത ടൂറിസം മിഷൻ സൊസൈറ്റി സിഇഒ കെ രൂപേഷ് കുമാറും ഇതു സംബന്ധിച്ച ധാരണാപത്രം കൈമാറി.

ടൂറിസം അഡീഷണൽ ഡയറക്ടർ (ജനറൽ) ശ്രീധന്യ സുരേഷ്, കൗൺസിലർ കെആർ ക്ലീറ്റസ്, കെടിഎം സൊസൈറ്റി പ്രസിഡൻറ് ജോസ് പ്രദീപ്, സൗത്ത് കേരള ഹോട്ടലിയേഴ്സ് ഫോറം പ്രസിഡൻറ് എംആർ നാരായണൻ, യുഎൻ വിമൻ സംസ്ഥാന കോ-ഓർഡിനേറ്റർ ഡോ. പീജ രാജൻ തുടങ്ങിയവർ പങ്കെടുത്തു.

ഉത്തരവാദിത്ത ടൂറിസം മിഷൻ സൊസൈറ്റി സിഇഒ കെ രൂപേഷ് കുമാർ നന്ദി പറഞ്ഞു. ആർടി മിഷനിലൂടെ ഒട്ടേറെ ഗ്രാമങ്ങൾ ടൂറിസം ഗ്രാമമായി മാറിയതായും സാധാരണക്കാർക്ക് സാമൂഹിക-സാമ്പത്തിക ഉന്നമനം സാധ്യമായതായും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തെ ഉത്തരവാദിത്ത ടൂറിസം യൂണിറ്റുകൾ ഒരുക്കിയ ഉൽപ്പന്നങ്ങളുടെയും കരകൗശല വസ്തുക്കളുടെയും 120 ലധികം പ്രദർശന വിപണന സ്റ്റാളുകൾ ഫെസ്റ്റിലുണ്ട്. കലാപരിപാടികൾ, സെമിനാറുകൾ, ബിസിനസ് സെഷനുകൾ, ഭക്ഷ്യമേള എന്നിവയും പരിപാടിയുടെ ഭാഗമാണ്. ഉദ്ഘാടനച്ചടങ്ങിന് ശേഷം നടന്ന തിരുവാതിരക്കളി, ബാംബു ബാൻറ് എന്നിവയുടെ അവതരണം മേളയെ ആകർഷകമാക്കി.

മേളയുടെ ഭാഗമായി 14 ന് വൈകുന്നേരം 5.30 ന് 'ടൂറിസം മേഖലയും സ്ത്രീപക്ഷ വികസനവും' എന്ന വിഷയത്തിൽ സെമിനാർ നടക്കും. കാസർഗോഡ് മുതൽ തിരുവനന്തപുരം വരെയുള്ള വിവിധ പ്രദേശങ്ങളിലെ വ്യത്യസ്തങ്ങളായ ഭക്ഷ്യവിഭവങ്ങൾ ആസ്വദിക്കാൻ അവസരം ഒരുക്കുന്നതാണ് മേളയിലെ ഫുഡ് സ്റ്റാളുകൾ. കനകക്കുന്നിൽ അഞ്ചു ദിവസം നീണ്ടുനില്ക്കുന്ന മേള 15 ന് അവസാനിക്കും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.