Sections

UPI ഉപയോക്താക്കൾക്ക് പ്രത്യേക ചാർജുകളില്ല

Monday, Aug 10, 2026
Reported By Admin
UPI Charges: Government Clarifies No Fees for Users

UPI ഉപയോഗത്തിന് ഉപയോക്താക്കളിൽ നിന്ന് യാതൊരുവിധ ചാർജുകളും ഈടാക്കില്ലെന്ന് കേന്ദ്രഗവൺമെന്റ് ഔദ്യോഗികമായി വ്യക്തമാക്കുന്നു:

ഉപയോക്താക്കൾക്ക് ചാർജുകളില്ല

UPI വഴി ഇടപാടുകൾ നടത്തുന്ന ഉപഭോക്താക്കളിൽ നിന്ന് ഇടപാടുകൾക്ക് പ്രത്യേക ചാർജുകളൊന്നും ഈടാക്കില്ല.

P2P ഇടപാടുകൾ സൗജന്യം

വ്യക്തികൾ തമ്മിലുള്ള എല്ലാ ഇടപാടുകളും പൂർണമായും സൗജന്യമായി തുടരും.

വ്യാപാരികൾക്ക് തുച്ഛമായ MDR നിരക്ക്

ഭാവിയിൽ വ്യാപാരികളുടെ ഇടപാടിന് പ്രത്യേക നിരക്ക് (MDR) നടപ്പാക്കുകയാണെങ്കിൽ പോലും അത് നിശ്ചിത പരിധിക്ക് മുകളിലെ ഇടപാടുകൾക്ക് മാത്രമാണ് ബാധകമാകുക. ഡെബിറ്റ്, ക്രെഡിറ്റ് കാർഡ് നിരക്കുകളേക്കാൾ വളരെ കുറഞ്ഞ നിരക്കായിരിക്കും ഇത്.

UPI വഴി വ്യാപാരികൾ നടത്തുന്ന ഭൂരിഭാഗം ഇടപാടുകളും സൗജന്യമായി തന്നെ തുടരും. MDR ഏർപ്പെടുത്തുകയാണെങ്കിൽ അത് എല്ലാ ഇടപാടുകൾക്കും ഒരുപോലെ ബാധകമാക്കാതെ നിശ്ചിത തുകയ്ക്ക് മുകളിലെ ഇടപാടുകൾക്ക് മാത്രമായി പരിമിതപ്പെടുത്തും.

പണമിടപാടുകളും തീർപ്പാക്കൽ സംവിധാനങ്ങളും സംബന്ധിച്ച 2007-ലെ നിയമത്തിലെ 10A വകുപ്പ് ഭേദഗതി ചെയ്യാൻ നിർദേശിക്കുന്ന 2026-ലെ നികുതിയും മറ്റ് നിയമങ്ങളും സംബന്ധിച്ച (ഭേദഗതി) ബിൽ പാർലമെന്റ് പാസാക്കിയാൽ NPCI നേതൃത്വം നൽകുന്ന UPI സേവന നിർവഹണ സമിതി MDR നിരക്കുകളുടെ കാര്യത്തിൽ അന്തിമ തീരുമാനമെടുക്കും.

പണമിടപാടുകളും തീർപ്പാക്കൽ സംവിധാനങ്ങളും സംബന്ധിച്ച നിയമം ഭേദഗതി ചെയ്യുന്നതെന്തുകൊണ്ട്?

പണമിടപാടുകളും തീർപ്പാക്കൽ സംവിധാനങ്ങളും സംബന്ധിച്ച നിയമത്തിൽവരുത്തിയ സമീപകാല ഭേദഗതി സാധാരണ ഉപയോക്താക്കളിൽ നിന്ന് ചാർജുകൾ ഈടാക്കാനുള്ള നീക്കമാണെന്ന് ചിലർ തെറ്റായി വ്യാഖ്യാനിച്ചത് ചർച്ചകൾക്ക് വഴിവെച്ചിരുന്നു. എന്നാൽ യഥാർത്ഥത്തിൽ UPI-യുടെ ദീർഘകാല സുസ്ഥിരത, സാങ്കേതിക മുന്നേറ്റം, പുതിയ സുരക്ഷാ വെല്ലുവിളികളെ നേരിടാനുള്ള ശേഷി എന്നിവ ഉറപ്പാക്കാനായി ആവിഷ്കരിച്ച വ്യവസ്ഥ മാത്രമാണ് ഈ ഭേദഗതി.

UPI-യുടെ വളർച്ച: ഇടപാടുകളുടെ എണ്ണം ഗണ്യമായി വർദ്ധിച്ചതോടെ സൈബർ സുരക്ഷ, തട്ടിപ്പുകൾ തടയൽ, സാങ്കേതിക അടിസ്ഥാനസൗകര്യ വികസനം എന്നിവയിൽ വൻതോതിൽ തുടർച്ചയായ നവീകരണം അനിവാര്യമായി മാറിയിട്ടുണ്ട്.

വിപണി വിപുലീകരണം: കൂടുതൽ കമ്പനികളെ ഈ രംഗത്തേക്ക് ആകർഷിക്കാനും മത്സരം വർദ്ധിപ്പിക്കാനും സ്വയംപര്യാപ്ത വരുമാന മാതൃക ആവശ്യമാണ്.

സ്വയംപര്യാപ്തത: UPI-യുടെ അടുത്തഘട്ട വളർച്ചയ്ക്ക് ഗവൺമെന്റ് സബ്സിഡികളെ മാത്രം ആശ്രയിക്കുന്നത് പ്രായോഗികമല്ല. UPI കൂടുതൽ ശക്തവും എല്ലാവരെയും ഉൾക്കൊള്ളുന്നതും ഭാവിസജ്ജവുമാണെന്ന് ഉറപ്പാക്കാൻ ഒരു സമഗ്ര ചട്ടക്കൂട് അനിവാര്യമാണ്.

വ്യാജ പ്രചരണങ്ങളിലെ ആശങ്കകൾ പരിഹരിക്കുന്നു

നയപരമായ മാറ്റങ്ങൾക്ക് പിന്നിൽ ബാഹ്യ സ്വാധീനങ്ങളുണ്ടെന്ന് ചില മാധ്യമ റിപ്പോർട്ടുകൾ സൂചിപ്പിച്ചിട്ടുണ്ട്. ഇത് തികച്ചും അടിസ്ഥാനരഹിതവും തെറ്റിദ്ധരിപ്പിക്കുന്നതുമാണ്. വിദേശ സമ്മർദ്ദങ്ങൾ ഒരു ഘടകമായിരുന്നെങ്കിൽ 2016-ൽ ഗവൺമെന്റ് UPI അവതരിപ്പിക്കുകയോ 2020 ജനുവരി മുതൽ വ്യാപാരികൾക്കും പൗരന്മാർക്കും ഇത് സൗജന്യമാക്കുകയോ ചെയ്യുമായിരുന്നില്ല. കൂടാതെ ലോകത്തെ ഏറ്റവും വലിയ തത്സമയ പണമിടപാട് സംവിധാനമാക്കി UPI മാറ്റാനും സാധിക്കുമായിരുന്നില്ല.

അതിനാൽ ഇന്ത്യയുടെ ഡിജിറ്റൽ പണമിടപാട് അടിസ്ഥാനസൗകര്യം സുസ്ഥിരവും മത്സരശേഷിയാർന്നതും നൂതനാശയങ്ങളിൽ അധിഷ്ഠിതവും രാജ്യത്തെ അതിവേഗം വളരുന്ന ഡിജിറ്റൽ സമ്പദ്വ്യവസ്ഥയെ സേവിക്കാൻ പ്രാപ്തിയുള്ളതുമായി നിലനിർത്തുകയെന്ന ഗവൺമെന്റിന്റെ വിശാല ലക്ഷ്യത്തിന്റെ പശ്ചാത്തലത്തിലാണ് ഭേദഗതിയെ വിലയിരുത്തേണ്ടത്.

ലളിതമായ വസ്തുത: UPI ഇന്ത്യയുടെ സ്വന്തം നൂതനാശയമാണ്. വരും പതിറ്റാണ്ടുകളിലും ഇതിന്റെ സുസ്ഥിരത ഉറപ്പാക്കുന്നതിനൊപ്പം സാധാരണ ജനങ്ങൾക്ക് പൂർണമായും സൗജന്യമായി ഈ സേവനം നിലനിർത്താൻ ഗവൺമെന്റ് പ്രതിജ്ഞാബദ്ധമാണ്.

ഡിജിറ്റൽ വളർച്ചയുടെ അടുത്ത ഘട്ടം

ഡിജിറ്റൽ പണമിടപാടുകളിലെ അടുത്ത വളർച്ചാ തരംഗത്തിന്റെ പടിവാതിലിലാണ് രാജ്യം. ഗ്രാമീണ, അർധ-നഗര മേഖലകളിലേക്ക് UPI കൂടുതൽ വ്യാപിപ്പിക്കാനും മത്സരശേഷി നിലനിർത്താനും UPI സംവിധാനം സ്വയംപര്യാപ്തവും ലളിതവും ചെലവുകുറഞ്ഞതുമാകണം. സുരക്ഷിതവും താങ്ങാവുന്നതും എല്ലാവരെയും ഉൾക്കൊള്ളുന്നതും ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ടതുമായ പണമിടപാട് സംവിധാനമായി UPI തുടർന്നും വളരുന്നുവെന്ന് ഉറപ്പാക്കാനുള്ള ഭാവികേന്ദ്രീകൃത ചുവടുവെപ്പാണ് ഈ നിയമ ഭേദഗതി.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.