Sections

കേരളത്തിൽ പോളിങ് സ്റ്റേഷനുകളുടെ പുനഃക്രമീകരണ നടപടികൾ തിരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിച്ചു

Tuesday, Nov 10, 2026
Reported By Admin
Kerala Gets 30,682 Polling Stations After Reorganisation

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രക്രിയ കൂടുതൽ സുഗമവും കാര്യക്ഷമവുമാക്കുന്നതിനും വോട്ടർമാർക്ക് സൗകര്യപ്രദമായ രീതിയിൽ വോട്ട് രേഖപ്പെടുത്തുന്നതിന് അവസരമൊരുക്കുന്നതിനുമായി സംസ്ഥാനം സമർപ്പിച്ച പോളിങ് സ്റ്റേഷനുകളുടെ പുനഃക്രമീകരണ നടപടികൾക്ക് ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകാരം നൽകി.

പുനഃക്രമീകരണത്തിന് മുമ്പ് സംസ്ഥാനത്ത് ആകെ 30,471 പോളിങ് സ്റ്റേഷനുകളാണ് നിലവിലുണ്ടായിരുന്നത്. പുനഃക്രമീകരണത്തിൻറെ ഭാഗമായി 216 പുതിയ പോളിങ് സ്റ്റേഷനുകൾ രൂപീകരിക്കുകയും അഞ്ച് പോളിങ് സ്റ്റേഷനുകൾ സംയോജിപ്പിക്കുകയും 178 പോളിങ് സ്റ്റേഷനുകളുടെ സ്ഥലമോ കെട്ടിടമോ മാറ്റുകയും ചെയ്തു. ഇതോടെ സംസ്ഥാനത്തെ ആകെ പോളിങ് സ്റ്റേഷനുകളുടെ എണ്ണം 30,682 ആയി.

നിലവിലുള്ള പോളിങ് സ്റ്റേഷനുകളിലെ വോട്ടർമാരുടെ എണ്ണം, അടിസ്ഥാന ഭൗതിക സൗകര്യങ്ങൾ, കെട്ടിടങ്ങളുടെ ലഭ്യത, വോട്ടർമാർക്ക് പോളിങ് സ്റ്റേഷനുകളിൽ എത്തിച്ചേരുന്നതിനുള്ള സൗകര്യം, ഭൂപ്രദേശത്തിൻറെ പ്രത്യേകതകൾ തുടങ്ങിയ ഘടകങ്ങൾ പരിഗണിച്ചാണ് പുനഃക്രമീകരണം നടത്തുന്നത്.

തിരഞ്ഞെടുപ്പ് കമ്മീഷൻ നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങൾക്കും ഒരു പോളിങ് സ്റ്റേഷനിൽ അനുവദനീയമായ പരമാവധി വോട്ടർമാരുടെ എണ്ണത്തിനും അനുസൃതമായാണ് പുതിയ പോളിങ് സ്റ്റേഷനുകൾ രൂപീകരിക്കുകയും ആവശ്യമായ സ്ഥലങ്ങളിൽ നിലവിലുള്ള പോളിങ് സ്റ്റേഷനുകൾ മാറ്റിസ്ഥാപിക്കുകയും ചെയ്യുന്നത്.

ബന്ധപ്പെട്ട ജില്ലാ കളക്ടർമാർ ഇക്കാര്യത്തിൽ തുടർനടപടികൾ സ്വീകരിക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ കാര്യാലയം അറിയിച്ചു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.