Sections

കേരളത്തിലുടനീളം ആവശ്യത്തിന് ഇന്ധനലഭ്യത ഉറപ്പാക്കിയതായി പൊതുമേഖലാ എണ്ണക്കമ്പനികൾ

Tuesday, May 19, 2026
Reported By Admin
Kerala Fuel Supply Stable, Oil Companies Assure Public

കൊച്ചി: കേരളത്തിലുടനീളം എല്ലാ ഇന്ധന പമ്പുകളിലും ആവശ്യത്തിന് പെട്രോളിന്റെയും ഡീസലിന്റെയും ശേഖരം ലഭ്യമാണെന്ന് പൊതുമേഖലാ എണ്ണ വിപണന കമ്പനികളായ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡ്, ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ്, ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് എന്നിവ പൊതുജനങ്ങൾക്ക് ഉറപ്പുനൽകി.

ടെർമിനലുകളും ഡിപ്പോകളും മുതൽ ചില്ലറ വില്പന കേന്ദ്രങ്ങൾ വരെ സംസ്ഥാനത്തെ മുഴുവൻ ഇന്ധന വിതരണ ശൃംഖലയും യാതൊരു തടസ്സവുമില്ലാതെ സാധാരണ നിലയിൽ കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ടെന്ന് കേരളത്തിലെ എണ്ണ വ്യവസായ മേഖല സംസ്ഥാനതല കോർഡിനേറ്റർ ശ്രീമതി ഗീതിക മെഹ്റ പുറപ്പെടുവിച്ച പ്രസ്താവനയിൽ വ്യക്തമാക്കി. സംസ്ഥാനത്തുടനീളം ഇന്ധന വിതരണം നിരന്തരം നിരീക്ഷിച്ചുവരികയാണെന്നും ആവശ്യാനുസരണം എണ്ണശേഖരം എത്തിക്കുന്ന പ്രവർത്തനങ്ങൾ സുഗമമായി പുരോഗമിക്കുകയാണെന്നും അവർ അറിയിച്ചു.

പൊതുമേഖലാ എണ്ണക്കമ്പനികളുടെ എല്ലാ പമ്പുകളും സാധാരണ നിലയിലാണ് പ്രവർത്തിക്കുന്നതെന്നും കേരളത്തിലെ ഉപഭോക്താക്കളുടെ ഇന്ധന ആവശ്യങ്ങൾ നിറവേറ്റാൻ അവ പൂർണസജ്ജമാണെന്നും അവർ കൂട്ടിച്ചേർത്തു.

ആശങ്ക മൂലം അനാവശ്യമായി ഇന്ധനം വാങ്ങിക്കൂട്ടുകയോ അധികമായി ശേഖരിക്കുകയോ ചെയ്യരുതെന്ന് പൊതുജനങ്ങളോട് അഭ്യർത്ഥിച്ചിട്ടുണ്ട്. കേരളത്തിലെ ജനങ്ങൾക്ക് തടസ്സമില്ലാതെ ഇന്ധന വിതരണം ഉറപ്പാക്കാൻ എണ്ണക്കമ്പനികൾ പൂർണസജ്ജരാണെന്നും അതിനായി പ്രതിജ്ഞാബദ്ധരാണെന്നും പ്രസ്താവനയിൽ പറയുന്നു.

മേഖലയിലുടനീളം തടസ്സമില്ലാത്ത ഇന്ധനലഭ്യത ഉറപ്പാക്കുന്നതിന് ലോജിസ്റ്റിക്സ്, എണ്ണശേഖര നീക്കങ്ങൾ, ചില്ലറ വില്പന പ്രവർത്തനങ്ങൾ എന്നിവ എണ്ണ വ്യവസായ മേഖല സൂക്ഷ്മമായി ഏകോപിപ്പിച്ചു വരികയാണ്. പൊതുജനങ്ങൾ ആശങ്കപ്പെടേണ്ടതില്ലെന്നും സാധാരണ നിലയിൽ ഇന്ധന ഉപഭോഗം തുടരാമെന്നും അധികൃതർ അറിയിച്ചു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.