Sections

ഒറ്റപ്പെടുത്തലും അവഗണനയും കളിയാക്കലുകളും ദാരിദ്ര്യവും എല്ലാം അതിജീവിച്ച പെണ്‍കുട്ടി ഇന്ന് സോഷ്യല്‍ മീഡിയയിലൂടെ വരുമാനം നേടി വിജയത്തിലേക്ക് നീങ്ങുന്നു

Thursday, Feb 17, 2022
Reported By Ambu Senan
jenuzz vlog

ഇങ്ങനെയൊരു അവസ്ഥയിലൂടെ കടന്നു പോയിരുന്ന, വിഷാദവദനയായിരുന്ന പെണ്‍കുട്ടിയില്‍ നിന്ന് തന്റേടിയായ, തന്റെ അഭിപ്രായങ്ങളും പ്രശ്‌നങ്ങളും നിലപാടുകളും ലോകത്തോട് വിളിച്ചു പറയുന്ന ഒരു വ്ളോഗറായി ജെന്‍സി മാറി. ഇന്ന് തരക്കേടില്ലാത്ത നല്ലൊരു വരുമാനം യൂട്യൂബില്‍ നിന്ന് ലഭിക്കുന്ന ഒരു വ്യക്തിയാണ് ജെന്‍സി.തന്റെ ജീവിതവും, ഓണ്‍ലൈനില്‍ നിന്ന് വരുമാനം കണ്ടെത്താനുള്ള വഴിയും 'The Local Economy'യുമായി ജെന്‍സി പങ്ക് വെയ്ക്കുന്നു

ദാരിദ്ര്യം, അവഗണന, ശാരീരികവും മാനസികവുമായ പീഡനം മൂലം തകര്‍ന്ന ബാല്യവും യൗവ്വനവും..അച്ഛന്റെ മദ്യപാനത്തെയും വഴക്കിനെയും കടങ്ങളെയും തുടര്‍ന്ന് തകര്‍ന്ന കുടുംബം..ബന്ധുക്കളുടെ വീട്ടിലും അനാഥാലയത്തിലും വരെ അഭയം തേടേണ്ടി വന്ന ഒരു കൊച്ചു പെണ്‍കുട്ടിയുടെ മാനസികാവസ്ഥ ഊഹിച്ചു നോക്കൂ..ജീവിക്കാനായി വീട്ടുജോലി വരെ ചെയ്തിരുന്ന, തന്റെ സങ്കടങ്ങള്‍ ആരോടും പറയാന്‍ പോലും കഴിയാതെ, നല്ലൊരു കൂട്ടുകാര്‍ പോലുമില്ലാതെ, അധ്യാപകരും ബന്ധുക്കളും എല്ലാം എഴുതി തള്ളിയ പെണ്‍കുട്ടി ഇന്ന് തന്റെ ജീവിതം സോഷ്യല്‍ മീഡിയ വഴി വരുമാനം കണ്ടെത്തി ഉയര്‍ത്തിക്കൊണ്ട് വരികയാണ്. Jenuzz Vlog, Jenuzz World എന്ന യൂട്യൂബ് ചാനലുകളുടെ ഉടമയായ ജെന്‍സിയുടെ കഥയാണ് മുകളില്‍ പറഞ്ഞത്.

ഇങ്ങനെയൊരു അവസ്ഥയിലൂടെ കടന്നു പോയിരുന്ന, വിഷാദവദനയായിരുന്ന പെണ്‍കുട്ടിയില്‍ നിന്ന് തന്റേടിയായ, തന്റെ അഭിപ്രായങ്ങളും പ്രശ്‌നങ്ങളും നിലപാടുകളും ലോകത്തോട് വിളിച്ചു പറയുന്ന ഒരു വ്ളോഗറായി ജെന്‍സി മാറി. ഇന്ന് തരക്കേടില്ലാത്ത നല്ലൊരു വരുമാനം യൂട്യൂബില്‍ നിന്ന് ലഭിക്കുന്ന ഒരു വ്യക്തിയാണ് ജെന്‍സി.തന്റെ ജീവിതവും, ഓണ്‍ലൈനില്‍ നിന്ന് വരുമാനം കണ്ടെത്താനുള്ള വഴിയും  'The Local Economy'യുമായി ജെന്‍സി പങ്ക് വെയ്ക്കുന്നു.


ജെനൂസ് വേള്‍ഡ്, അല്ലെങ്കില്‍ ജെനൂസ് വ്ളോഗ് എന്ന് ചാനലുകള്‍ ഉണ്ടാക്കുന്നതിന് മുന്‍പ് ആരായിരുന്നു ജെന്‍സി?
എന്റെ കഥ എത്ര ചുരുക്കി പറയാന്‍ ശ്രമിച്ചാലും അതിന് കഴിയുമെന്ന് തോന്നുന്നില്ല. കാരണം അത്രയും യാതനകള്‍ ഞാനും എന്റെ സഹോദരങ്ങളും അമ്മയും അനുഭവിച്ചിട്ടുണ്ട്. ഞാന്‍ ജനിച്ചത് കോട്ടയം ജില്ലയിലെ  പാലാ എന്ന സ്ഥലത്താണ്. ഞങ്ങളുടെ അച്ഛന്‍ ഒരു മദ്യപാനി ആയിരുന്നു. മദ്യപിച്ച് വീട്ടില്‍ വന്നു എന്നും വഴക്കാണ്. അച്ഛന്റെ കയ്യില്‍ നിന്നും അടികിട്ടാതെ ഉറങ്ങിയ ദിവസങ്ങള്‍ ഉണ്ടായിട്ടില്ല. വെറുതെ കാരണങ്ങള്‍ ഉണ്ടാക്കി ഞങ്ങളെ തല്ലുന്നത് അച്ഛന്റെ ഒരു വിനോദം പോലെയായിരുന്നു. വീട്ടില്‍ അച്ഛന്‍ ഗ്യാസ് ഓണാക്കി ഇട്ടിട്ട് 
ഞങ്ങളെ ഭയപ്പെടുത്തുമായിരുന്നു. അങ്ങനെ ഒരു നാര്‍സിസിസ്റ്റ് ആയിരുന്നു അച്ഛന്‍. പണ്ട് കോണ്‍ട്രാക്ടര്‍ ആയിരുന്ന അച്ഛന്‍ പല കാര്യങ്ങള്‍ പറഞ്ഞു അമ്മയുമായി അടികൂടി മദ്യപാനം ആരംഭിച്ചു. അച്ഛന്റെ അക്കൗണ്ടില്‍ കിടന്ന പണിക്കര്‍ക്ക് ശമ്പളവും മറ്റും കൊടുക്കാനുള്ള ലക്ഷക്കണക്കിന് രൂപ അച്ഛന്‍ കുടിച്ചു നശിപ്പിച്ചു. അവസാനം ആ കടങ്ങളെല്ലാം വീട്ടേണ്ട ബാധ്യത അമ്മയ്ക്കായി. അമ്മയ്ക്ക് ചെറിയൊരു തയ്യല്‍ക്കട ഉണ്ടായിരുന്നു. കുടുംബശ്രീയില്‍ നിന്ന് ലോണ്‍ എടുത്തൊക്കെ അമ്മയത് മുന്നോട്ട് കൊണ്ട് പോകാന്‍ ശ്രമിക്കുന്നതിനിടയില്‍ അച്ഛന്‍ സ്‌കൂട്ടറില്‍ നിന്ന് വീണ് കിടപ്പായി. അതും 2 തവണ. അമ്മയ്ക്ക് ജോലിക്ക് പോകാന്‍ പറ്റാത്ത അവസ്ഥയും. കിടപ്പാണെങ്കിലും വഴക്കിന് ഒരു കുറവും ഇല്ല.

നടക്കാറായപ്പോള്‍ അമ്മ എന്തെങ്കിലും പണിയെടുത്ത് കൊണ്ടുവരുന്നതും കൂടെ അച്ഛന്‍ പിടിച്ചു മേടിച്ചു കുടിയ്ക്കാന്‍ കൊണ്ടുപോകും. കാശ് കൊടുത്തില്ലെങ്കില്‍ വീട്ടിലെ സാധനങ്ങള്‍ എല്ലാം തല്ലിപ്പൊട്ടിക്കും. അമ്മയുടെ കെട്ടുതാലി വരെ വിറ്റു അച്ഛന്‍ മദ്യപിച്ചു. വീട്ടില്‍ ഒരു തരത്തിലും സമാധാനം ഇല്ലാത്ത അന്തരീക്ഷം. പോരാത്തതിന് കടക്കാര്‍ വേറെയും. ഇങ്ങനത്തെ പ്രശ്‌നങ്ങള്‍ക്ക് ഇടയിലും ഞങ്ങള്‍ തരക്കേടില്ലാതെ പഠിക്കുമായിരുന്നു. പത്താം ക്ലാസ് പരീക്ഷയുടെ ഇടയ്‌ക്കൊക്കെ വീട്ടില്‍ ഒരു തരത്തിലും സമാധാനമില്ലായിരുന്നു. എങ്കിലും ഞാന്‍ അത്യാവശ്യം നല്ല മാര്‍ക്കോടെ പത്താം ക്ലാസ് പാസായി. അപ്പോഴേക്കും കടം ഒരു മാരക കെണിയായി മാറിയിരുന്നു. വേറെ വഴിയില്ലാതെ അമ്മയ്ക്ക് ഗള്‍ഫിലെ ഒരു ജോലി എടുക്കേണ്ടി വന്നു. ഞാന്‍ എന്റെ മാമ്മന്റെ (അമ്മയുടെ ചേട്ടന്റെ) വീട്ടിലായി താമസം. അമ്മ അടുത്തില്ലാത്ത പതിനാറു വയസായ ഒരു പെണ്‍കുട്ടിക്ക് ഉണ്ടാകുന്ന ശാരീരികവും മാനസികവുമായ എല്ലാം പ്രശ്‌നങ്ങളിലൂടെയും കടന്നു പോവുകയായിരുന്നു ഞാന്‍. 

മാമ്മന്റെ വീട്ടില്‍ ഒരു വേലക്കാരി കണക്കെയായിരുന്നു ജീവിതം. ഞാന്‍ പ്ലസ് വണ്ണിന് ചേര്‍ന്ന സ്‌കൂള്‍ കുറച്ച് ദൂരെയായിരുന്നു. എനിക്ക് ഇവിടുത്തെ പണിയൊക്കെ കഴിഞ്ഞു കിടക്കുമ്പോള്‍ ഒരു നേരമാകും, രാവിലെ നേരത്തെ എണീറ്റ് പോവുകയും വേണം. മര്യാദയ്ക്ക് ബസുകൂലി പോലും അവര്‍ തരില്ലായിരുന്നു. അമ്മ കടങ്ങള്‍ വീട്ടാനുള്ള കാശ് അയയ്ക്കുന്നത് അമ്മാവനായിരുന്നു. എന്നാല്‍ എനിക്ക് മര്യാദയ്ക്ക് ഒരു ഉടുപ്പ് പോലും മേടിച്ച് തരില്ലായിരുന്നു.  അങ്ങനെ ക്ലാസില്‍ പോകുന്നുണ്ടെങ്കിലും ഒന്നും ശ്രദ്ധിക്കാന്‍ പറ്റാതായി. അധ്യാപകര്‍ വിചാരിച്ചിരുന്നത് ഞാന്‍ പഠിക്കാത്ത ഒരു വിദ്യാര്‍ത്ഥിയായിരുന്നു എന്നാണ്. അത്‌കൊണ്ട് തന്നെ അവരുടെ നോട്ടപ്പുള്ളിയായിരുന്നു ഞാന്‍. എന്നെ എഴുതി തള്ളിയിരുന്നു ടീച്ചര്‍മാര്‍ എന്റെ പത്താം ക്ലാസിലെ മാര്‍ക് ഷീറ്റ് കണ്ടിട്ട് എന്നോട് അത്ഭുതത്തോടെ ഇപ്പോള്‍ പിന്നെ എന്ത് പറ്റിയെന്ന് ചോദിച്ചിട്ടുണ്ട്. അങ്ങനെ മാമ്മന്റെ വീട്ടില്‍ ദുരിത ജീവിതം നയിക്കുമ്പോള്‍ ഒരിക്കല്‍ അച്ഛന്‍ വന്നു. സ്‌നേഹമായി വിളിച്ചു, ഇനി വഴക്കൊന്നും ഉണ്ടാക്കില്ല എന്ന് പറഞ്ഞു എന്നെയും അനിയത്തിയേയും കൂട്ടിക്കൊണ്ട് വന്നു. 

എല്ലാം ശുഭമായോ?അച്ഛന്‍ കുടിയൊക്കെ നിര്‍ത്തിയോ?

എല്ലാവരും പോയപ്പോള്‍ മാനസാന്തരം വന്ന് അച്ഛന്‍ നല്ലൊരാളായി എന്ന് കരുതിയ ഞങ്ങള്‍ക്ക് തെറ്റി. മൂന്നാം ദിവസം എല്ലാം പഴയത് പോലെയായി. പിന്നെയും വഴക്ക്, അടി..ജീവിതം ആകെ മടുത്ത് എന്ത് ചെയ്യണം എന്ന് അറിയാത്ത അവസ്ഥയില്‍ നില്‍ക്കുമ്പോള്‍ അച്ഛന്റെ അമ്മ കന്യാകുമാരിയിലെ അവരുടെ വീട്ടിലേക്ക് എന്നെ കൊണ്ട് പോയി. അങ്ങനെ എന്റെ ഇവിടുത്തെ പഠിപ്പ് ഇല്ലാതായി. അവിടെ മാമന്റെ വീട്ടിലെ പോലെ സമാനമായ ജീവിതം തന്നെയായിരുന്നു എനിക്ക്. അമ്മ അയയ്ക്കുന്ന കാശ് പോരായെന്നും പറഞ്ഞു അമ്മൂമ്മ എന്നും എന്നോട് വഴക്കായിരുന്നു. എന്നെ അവിടുത്തെ സര്‍ക്കാര്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ ചേര്‍ക്കാതെ തമിഴ് സ്‌കൂളില്‍ ചേര്‍ത്തു. എനിക്ക് വല്ലോം മനസിലാകുമോ? അങ്ങനെ അവിടെയും ദുരിതം മാത്രം. ഇതിനിടയില്‍ എന്നെ നോക്കാന്‍ പറ്റില്ലെന്നും പറഞ്ഞു അവര്‍ എന്നെ ഒരു അനാഥാലയത്തില്‍ കൊണ്ടുചെന്നാക്കി. ഇത്രയും ആയപ്പോള്‍ എനിക്ക് ആകെ മടുത്തു. അവിടുന്ന് ഞാന്‍ ആരോടും പറയാതെ ഇങ്ങോട്ടേക്ക് തിരികെ വന്നു. ഈ കാര്യമെല്ലാം ഞങ്ങളുടെ ഒരു ചിറ്റപ്പനെ ഞാന്‍ അറിയിച്ചു. ചിറ്റപ്പന്‍ അമ്മയെ ഇതെല്ലം വിളിച്ചറിയിച്ചു. അമ്മ അപ്പോഴേക്കും അവിടുന്ന് തിരികെ വന്നു. പിന്നെയും കടങ്ങളും ദുരിതങ്ങളും ബാക്കി. അച്ഛന്റെ ഉപദ്രവം കൂടിയതെ ഉള്ളൂ. ഒരിക്കല്‍ രാത്രിയില്‍ കുടിച്ചിട്ട് വന്ന അച്ഛന്‍ വഴക്ക് തുടങ്ങി. കത്തിയെടുത്ത് ഞങ്ങളെ കുത്താന്‍ വന്നു. അങ്ങനെ പിടിവലിക്കിടെ എന്റെ കയ്യില്‍ കുത്ത് കിട്ടി, 4 സ്റ്റിച്ചോളം കയ്യില്‍ ഉണ്ടായി. പിന്നെ മാമ്മനൊക്കെ വന്ന് ആകെ ബഹളമായി. ഞങ്ങള്‍ വീട് വിട്ട് ഇറങ്ങിപ്പോയി. 

നിങ്ങള്‍ ഈ കാര്യം പോലീസ് സ്റ്റേഷനില്‍ അറിയിച്ചില്ലേ?

എത്രയോ തവണ സ്റ്റേഷനില്‍ അറിയിച്ചിരിക്കുന്നു. പോരാത്തതിന് എസ്‌ഐയുടെ നമ്പര്‍ തപ്പിയെടുത്ത് രാത്രിയില്‍ വിളിച്ച് രക്ഷിക്കണമെന്ന് കരഞ്ഞു പറഞ്ഞിട്ടുണ്ട്. ആരും തിരിഞ്ഞു നോക്കിയിട്ടില്ല. അത് കൊണ്ട് ഇവിടുത്തെ നിയമസംവിധാനങ്ങള്‍ വലിയ സംഭവമാണെന്ന് ആരെങ്കിലും പറഞ്ഞാല്‍ ഒരു അനുഭവസ്ഥ എന്ന നിലയില്‍ ഞാന്‍ വിയോജിക്കും. 

വീട് വിട്ടിറങ്ങിയ ശേഷം എന്ത് ചെയ്തു?

അമ്മ പല സ്ഥലത്തും മാറി മാറി ജോലിയെടുത്തു. അപ്പോഴെല്ലാം കയ്യില്‍ കെട്ടുമായി ഞാന്‍ അമ്മയുടെ കൂടെ ഉണ്ടാകും. കുറച്ചു നാള്‍ പാലാ മഠത്തിലും കഴിഞ്ഞു. വണ്ടിയുടെ എന്തോ ഫൈന്‍ അടയ്ക്കാത്തതിന് അച്ഛനെതിരെ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. ഇതറിഞ്ഞ അച്ഛന്‍ വീട്ടില്‍ നിന്നും തമിഴ്നാട്ടിലേക്ക് പോയി. അപ്പോള്‍ ഞങ്ങള്‍ വീട്ടിലേക്ക് തിരികെ വന്നു. ഇതിനിടയ്ക്ക് എനിക്ക് പഠിത്തം വീണ്ടും തുടങ്ങണമന്നും പ്ലസ് ടൂ എഴുതിയെടുക്കണമെന്നും ഞാനുറപ്പിച്ചു. അപ്പോള്‍ അമ്മ എന്നെ പാലയിലുള്ള ഒരു പ്രൈവറ്റ് സ്ഥാപനത്തില്‍ പഠിക്കാന്‍ ചേര്‍ത്തു. ഇവിടെ വെച്ചാണ് ജീവിതത്തിന്റെ വലിയൊരു വഴിത്തിരിവ് ഉണ്ടാകുന്നത്.

എന്താണ് ആ വഴിത്തിരിവ്?

ഇവിടെ വെച്ചാണ് ഞാന്‍ എന്റെ ഭര്‍ത്താവ് ശരത്തിനെ കണ്ടുമുട്ടുന്നത്. പുള്ളിയും ഞാനും ഒരു ക്ലാസിലായിരുന്നു. അത് പുതിയതായി തുടങ്ങിയ സ്ഥാപനമായതിനാല്‍ ഞാനും പുള്ളിയും മാത്രമേ ഒരു ക്ലാസില്‍ ഉണ്ടായിരുന്നുള്ളൂ. വേറെ കൂട്ടുകാര്‍ ഇല്ലാതിരുന്നത് കൊണ്ട് ഞങ്ങള്‍ കൂട്ടുകാരായി. അടുത്ത് പരിചയപ്പെടുകയും എന്റെ കഥകള്‍ അറിയുകയും ചെയ്തപ്പോള്‍ അദ്ദേഹത്തിന് ഇഷ്ടം തോന്നി. എനിക്കും. ഇതിനിടയില്‍ അച്ഛന്‍ വീണ്ടും വന്നു. കാര്യങ്ങള്‍ പഴയത് പോലെയായി. അങ്ങനെ ഞാന്‍ പ്ലസ് ടൂ കഴിഞ്ഞു ജോലിക്ക് പോകാന്‍ തുടങ്ങി. പക്ഷെ ഒരു സ്ഥലത്തും സ്ഥിരമായി പിടിച്ചു നില്‍ക്കാന്‍ എനിക്ക് പറ്റിയില്ല. ചെറിയ എന്തെങ്കിലും പ്രശ്നമോ അല്ലെങ്കില്‍ ആരെങ്കിലും ചെറുതായി വഴക്ക് പറഞ്ഞാല്‍ മതി ഞാന്‍ പിന്നെ അങ്ങോട്ട് പോകില്ല. അങ്ങനെ തുണിക്കട, സൂപ്പര്‍ മാര്‍ക്കറ്റ് തുടങ്ങി പല സ്ഥാപനങ്ങളിലും ജോലി ചെയ്തു.

                                                                                                                 

പിന്നെ ഞാന്‍ വിചാരിച്ചു കമ്പ്യൂട്ടര്‍ പഠിച്ചാല്‍ കുറച്ചു കൂടി അവസരങ്ങള്‍ ഉണ്ടാകുമല്ലോ എന്ന്. അങ്ങനെ ഞാന്‍ കമ്പ്യൂട്ടര്‍ പഠിക്കാന്‍ ചേര്‍ന്നു. കൂടെ ശരത്തും ചേര്‍ന്നു. ഇതിന്റെ കൂടെ ഞാന്‍ ഒരു ഇന്റര്‍നെറ്റ് കഫേയില്‍ പാര്‍ട്ട് ടൈം ജോലിക്കും കയറി. അത് വളരെ സഹായകമായി. ഒന്നര വര്‍ഷത്തോളം ഞാന്‍ അവിടെ ജോലി ചെയ്തു. പിന്നെ ഫാഷന്‍ ഡിസൈനിങ് ഒന്ന് ട്രൈ ചെയ്തു പക്ഷെ അത് എനിക്ക് പറ്റിയ പണിയല്ല എന്ന് തോന്നിയത് കൊണ്ട് അത് ഞാന്‍ വിട്ടു. അതിന് ശേഷം ഞാന്‍ മലപ്പുറത്ത് ഒരു അക്ഷയ സെന്ററില്‍ ജോലി ചെയ്തു. അവിടെ ജോലിക്ക് കുറഞ്ഞ ശമ്പളമേ ഉണ്ടായിരുന്നുള്ളുവെങ്കിലും അത് ഞാന്‍ മിച്ചം പിടിക്കാന്‍ തുടങ്ങി. ഡിഗ്രിക്ക് പഠിക്കുക എന്നതായിരുന്നു ലക്ഷ്യം. പക്ഷെ വീട്ടിലെ അവസ്ഥ പഴയത് തന്നെ. അച്ഛന്‍, സാമ്പത്തിക പ്രശ്നം, അത് കാരണം വീട്ടില്‍ ഞങ്ങള്‍ തമ്മില്‍ അടി. അവസാനം ഞാന്‍ ഒരു സുപ്രധാന തീരുമാനമെടുത്തു.

എന്തായിരുന്നു ആ സുപ്രധാന തീരുമാനം?

കല്യാണം കഴിക്കുക. കേള്‍ക്കുമ്പോള്‍ പലര്‍ക്കും പുച്ഛവും പരിഹാസവുമൊക്കെ തോന്നിയേക്കാം. പക്ഷെ ജീവിതത്തില്‍ അത് വരെ സന്തോഷവും സമാധാനവും എന്തെന്ന് അറിയാത്ത എനിക്ക് അങ്ങനെ ഒരു തീരുമാനം എടുക്കേണ്ടി വന്നു. എന്തെങ്കിലും നിവര്‍ത്തി ഉണ്ടായിരുന്നെങ്കില്‍ ഞാന്‍ ഇപ്പോഴൊന്നും കല്യാണം കഴിക്കില്ലായിരുന്നു. പക്ഷെ എനിക്ക് വേറെ വഴിയില്ലായിരുന്നു. ഭര്‍ത്താവിന്റെ വീട്ടില്‍ അമ്മയുമായി നേരത്തെ പരിചയുമുണ്ടായിരുന്നു. അത് കൊണ്ട് കൂടിയാണ് അങ്ങനെയൊരു തീരുമാനം എടുത്തത്. ഇപ്പോള്‍ ഞാന്‍ ഇത്രയും സന്തോഷത്തോടെ മനസു തുറന്ന് സംസാരിക്കുന്നത് അത്ര സമാധാനം ഉള്ളത് കൊണ്ടാണ്. അങ്ങനെ ഞങ്ങള്‍ ഇരുപത്തിയൊന്നാം വയസ്സില്‍ രജിസ്റ്റര്‍  വിവാഹം കഴിച്ചു. വീട്ടുകാരെല്ലാം പങ്കെടുത്തിരുന്നു. അങ്ങനെ ജീവിതത്തിന്റെ പുതിയൊരു അദ്ധ്യായം ആരംഭിച്ചു.

ഇവിടെ വന്ന ശേഷമുള്ള മാറ്റങ്ങള്‍ എന്തൊക്കെയാണ്?

വലിയോ ജോലിയോ ശമ്പളമോ ഒന്നും ഞങ്ങള്‍ക്ക് രണ്ടു പേര്‍ക്കും ഇല്ലായിരുന്നു. പക്ഷെ സ്‌നേഹവും സമാധാനവും ആവോളമുണ്ട്. അതാണ് എനിക്ക് ഏറ്റവും ആശ്വാസം. ഇടയ്ക്ക് എല്ലാ കുടുംബത്തിലെ പോലെയും ചെറിയ പൊട്ടലും ചീറ്റലും ഉണ്ടാകുമെങ്കിലും അതൊക്കെ പെട്ടന്ന് തന്നെ ഞങ്ങള്‍ പരിഹരിക്കും. എന്റെ സ്വഭാവത്തിലും വലിയ മാറ്റങ്ങളുണ്ടായി. പണ്ടൊക്കെ എനിക്ക് എല്ലാത്തിനോടും വല്ലാത്ത ദേഷ്യവും വെറുപ്പുമൊക്കെ ആയിരുന്നു. ഇന്ന് എനിക്കൊരു പോസിറ്റീവ് കാഴ്ചപ്പാടുണ്ട്. പിന്നെ ബന്ധുക്കള്‍ക്ക് ഈ ചെറിയ പ്രായത്തില്‍ കല്യാണം കഴിച്ചതിന്റെ പ്രശ്‌നനങ്ങള്‍ ഉണ്ട്. അത് ഞാന്‍ കാര്യമാക്കുന്നില്ല. ചുരുക്കി എന്റെ കഥ പറഞ്ഞതാണിത്. അപ്പോള്‍ പരത്തി പറഞ്ഞാല്‍ എത്രയുണ്ടാകുമെന്ന് വായനക്കാര്‍ക്ക് ഊഹിക്കാമല്ലോ. പിന്നെ ജീവിതത്തില്‍ നേരിട്ട ഞാന്‍ മറക്കാനാഗ്രഹിക്കുന്ന ചില കാര്യങ്ങള്‍ ഞാന്‍ ഇവിടെ പറഞ്ഞിട്ടില്ല. അത് അങ്ങനെ ഇരിക്കട്ടെ. നമുക്ക് ഇനി യൂട്യൂബ് ചാനലിന്റെ വിശേഷങ്ങളിലേക്ക് പോകാം. 

എങ്ങനെയാണു യൂട്യൂബ് ചാനല്‍ ആരംഭിക്കുന്നത്?  

ഞാന്‍ മലപ്പുറത്ത് നിന്ന് വന്ന് ഡിഗ്രിക്ക് അപ്ലൈ ചെയ്ത് നില്‍ക്കുന്ന സമയത്ത് ഒരു വിനോദത്തിനായാണ് ജെനൂസ് വേള്‍ഡ് ക്രാഫ്റ്റ് ചാനല്‍ 2020 ജനുവരിയില്‍ ആരംഭിക്കുന്നത്. അന്ന് യൂട്യൂബില്‍ നിന്ന് വരുമാനം ലഭിക്കുമെന്നൊന്നും എനിക്ക് അറിയില്ല. ചുമ്മാ ഒരു രസം മാത്രമായിരുന്നു ഉദ്ദേശം. ഞാന്‍ സ്‌കൂളില്‍ പഠിക്കുന്ന സമയത്ത് ചെയ്ത്  ഒരു പേപ്പര്‍ ക്രഫ്റ്റാണ് ആദ്യമായി അപ്ലോഡ് ചെയ്തത്. ബോട്ടില്‍ ആര്‍ട്ട് വിഡിയോകളായിരുന്നു മെയിന്‍. ആ സമയങ്ങളില്‍ വീഡിയോ ചെയ്യാനും അത് അപ്ലോഡ് ചെയ്യാനും മാത്രമേ എനിക്ക് അറിയൂ. അതിലെ ടെക്‌നിക്കല്‍ കാര്യങ്ങള്‍ ഒന്നും എനിക്ക് അറിയില്ല. തംബ്‌നെയില്‍ അപ്ലോഡ് ചെയ്യാനും വോയിസ് ഓവര്‍ കൊടുക്കാനും ഒന്നും ഒരു ഐഡിയയും ഇല്ലായിരുന്നു.

                                

എങ്ങനെ പിന്നീട് അതൊക്കെ പഠിച്ചു? കൂടാതെ ആദ്യകാല വീഡിയോകളില്‍ ജെനു പ്രത്യക്ഷപ്പെട്ടിരുന്നില്ലലോ, അതെന്ത് കൊണ്ടായിരുന്നു?

ആദ്യമൊക്കെ എനിക്ക് ക്യാമറ ഫേസ് ചെയ്യാന്‍ പേടിയോ ആത്മവിശ്വാസക്കുറവോ അങ്ങനെ എന്തൊക്കെയോയായിരുന്നു. പിന്നീട് ഞാന്‍ വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടു. കുറേപ്പേര്‍ അഭിനന്ദിച്ചു, കുറേപ്പേര്‍ പരിഹസിച്ചു. പക്ഷെ ആ പരിഹാസങ്ങള്‍ ചെറുതായി എന്നെ വേദനിപ്പിച്ചെങ്കിലും എനിക്ക് സന്തോഷം നല്‍കുന്ന ആ വിഡിയോകള്‍ തുടരാന്‍ ഞാന്‍ തീരുമാനിക്കുകയായിരുന്നു. പല കാര്യങ്ങളും എനിക്ക് അറിവില്ലായിരുന്നു. ഇതില്‍ നിന്ന് വരുമാനം എങ്ങനെ കിട്ടുമെന്നും അതിന്റെ മാനദണ്ഡങ്ങള്‍ ഒന്നും എനിക്ക് അറിയില്ലായിരുന്നു. പിന്നീട് യൂട്യൂബിലെ ഒരു വിഡിയോകള്‍ കണ്ടാണ് ഞാന്‍ 1000 സബ്‌സ്‌ക്രൈബേഴ്‌സും 4000 വാച്ച് അവറും ഉണ്ടെങ്കില്‍ വരുമാനം ലഭിക്കുമെന്ന് മനസിലാക്കിയത്. അത് പോലെ തന്നെ തംബ്‌നെയില്‍ അപ്ലോഡ് ചെയ്യാനും ഞാന്‍ അങ്ങനെയാണ് പഠിച്ചത്. എനിക്ക് എന്ത് സംശയം ഉണ്ടെങ്കിലും അതെല്ലാം യൂട്യൂബില്‍ നിന്ന് തന്നെ ഞാന്‍ നോക്കി പിടിച്ചു. കൂടാതെ എനിക്ക് ട്രൈപോഡ്, ലേപ്പല്‍ മൈക്ക് തുടങ്ങിയ ഉപകരണങ്ങളെക്കുറിച്ചൊന്നും ഒരു പിടിയുമില്ലായിരുന്നു. ആദ്യമൊക്കെ ഞാന്‍ ഫോണ്‍ ജനലിലും മേശപ്പുറത്തുമൊക്കെ വെച്ചാണ് വീഡിയോ എടുത്തിരുന്നത്. ചില സമയത്ത് ഫോണ്‍ തറയിലൊക്കെ വീഴുമായിരുന്നു.

 

അത് പോലെ തന്നെ ആദ്യമൊക്കെ വീഡിയോ എഡിറ്റ് ചെയ്ത് തന്നത് അനിയനായിരുന്നു. അവന്‍ കൈന്‍മാസ്റ്റര്‍ ആപ്പില്‍ എഡിറ്റ് ചെയ്ത് തരുമായിരുന്നു. ആദ്യത്തെ വീഡിയോകളിലൊക്കെ നിറയെ തെറ്റുകള്‍ ഉണ്ടായിരുന്നു. പിന്നെ എപ്പോഴും അവന്റെ പിറകെ നടന്നു അത് ചെയ്ത താ ഇത് ചെയ്ത താ എന്ന് പറഞ്ഞു നടക്കാന്‍ പറ്റില്ലല്ലോ. അത് കൊണ്ട് ഞാന്‍ പലതും തന്നെ ചെയ്യാന്‍ പഠിച്ചു. 

ചാനല്‍ മോണിട്ടൈസെഡ് ആകാന്‍ എത്ര കാലം എടുത്തു?

ആറു മാസത്തോളമെടുത്താണ് ചാനല്‍ മോണിറ്റയ്‌സ്ഡ് ആയത്. അതും തുടര്‍ച്ചയായി വീഡിയോ ഇട്ടുകൊണ്ടിരുന്നപ്പോള്‍. എന്റെ ഒരു 2 മിനിറ്റുള്ള വീഡിയോ വൈറലായി. അപ്പോള്‍ അതിന്റെ പിറകെ ഞാന്‍ ഇട്ട പല വിഡിയോസിനും റീച് കിട്ടി. ഞാന്‍ ഒരു ബോട്ടില്‍ കളക്ട ചെയ്യുന്ന വീഡിയോ ഇടാന്‍ തീരുമാനിച്ചു. അതിനായി കാമറ കൈകാര്യം ചെയ്യാന്‍ ചേട്ടായിടെ (ഭര്‍ത്താവ്) സഹായം ചോദിച്ചു, പുള്ളിക്ക് വരാന്‍ ഭയങ്കര മടി.നാട്ടുകാര്‍ കാണില്ലേ, എന്തിനാ പോകുന്നെ എന്ന് ചോദ്യം? ഞാന്‍ വന്നേ പറ്റൂ എന്ന് വാശി പിടിച്ചു. എനിക്ക് വ്ളോഗ് ചെയ്യണം. വന്നേ പറ്റൂ എന്ന് പറഞ്ഞു. പുള്ളി വരാമെന്ന് സമ്മതിച്ചതും വലിയ മഴയും തുടങ്ങി. മഴ കഴിഞ്ഞതും പുള്ളി വന്നു, ഞങ്ങള്‍ സൈക്കിളില്‍ പോകുന്നതും, ഞാന്‍ സൈക്കിള്‍ ഓടിക്കുന്നതും കുപ്പി പെറുക്കുന്നതും എല്ലാമുള്ളൊരു വീഡിയോ. ആ വീഡിയോ പെട്ടന്ന് ക്ലിക്ക് ആയി. എല്ലാവര്‍ക്കും ഇഷ്ടമായി. അതിലാണ് വീഡിയോയിലാണ് മോണിട്ടയ്സ്ഡ് ആകുന്നത്. അതിന്റെ പിറകെ ബോട്ടില്‍ വൃത്തിയാക്കുന്ന പല വിഡിയോസും ഞാന്‍ അപ്ലോഡ് ചെയ്തു. 

ആളുകള്‍ക്ക് അത് ഇഷ്ടപ്പെടാനും എന്നെ അഭിനന്ദിക്കാനും തുടങ്ങിയപ്പോഴാണ് എനിക്ക് വിഡിയോയില്‍ വരാന്‍ ആത്മവിശ്വാസം ഉണ്ടായത്. അപ്പോഴാണ് ഞങ്ങളുടെ വിഡിയോകള്‍ അപ്ലോഡ് ചെയ്താലോ എന്ന് എനിക്ക് തോന്നിയത്. അങ്ങനെയാണ് ജെനൂസ് വ്ളോഗ് എന്ന ചാനല്‍ തുടങ്ങുന്നത്. ആ ചാനല്‍ വളരെ വേഗം വളര്‍ന്നു. വീട്ടുകാര്യങ്ങള്‍ ആണെങ്കിലും മറ്റ് പല ഫാമിലി വ്ളോഗ് ചാനലില്‍ ഉള്ളപോലെ ടോക്‌സിക് അല്ലെങ്കില്‍ അതിരുവിട്ട പ്രവര്‍ത്തികള്‍ വീഡിയോ ആക്കില്ലെന്നു ആദ്യമേ തീരുമാനിച്ചിരുന്നു. 


ഇപ്പോള്‍ ഒരു മാസം എന്ത് വരുമാനം ലഭിക്കുന്നു?

ഇപ്പോള്‍ ഒരു ഇരുപത്തിനായിരത്തിനും ഇരുപത്തിയയ്യായിരത്തിനും ഇടയ്ക്ക് വരുമാനം ലഭിക്കുന്നുണ്ട്. എന്നെ സംബന്ധിച്ചടത്തോളം അത് വലിയ കാര്യമാണ്. കാരണം ഞാന്‍ ഇപ്പോഴും ജോലി ചെയ്യുന്നത് അതിന്റെ പകുതി പോലും വരാത്ത തുകയ്ക്കാണ്. അപ്പോള്‍ ഇത് വലിയ തുക തന്നെയാണ്. പിന്നെ ബ്രാന്‍ഡ് പ്രമോഷന്‍ അല്ലെങ്കില്‍ കൊളാബ് ചെയ്യുന്നത് വഴിയും വരുമാനം ലഭിക്കും. ബ്രാന്‍ഡുകള്‍ അവരുടെ പ്രോഡക്റ്റ് ആളുകളിലേക്ക് പെട്ടന്ന് എത്തിക്കാന്‍ എന്നെപ്പോലെയുള്ള ചെറുതും വലുതുമായ ഇന്‍ഫ്‌ലുന്‍സേഴ്‌സിനെ സമീപിക്കും. നമ്മള്‍ ഒരു തുകയ്ക്ക് അത് പ്രൊമോട്ട് ചെയ്തു കൊടുക്കും.

ഞാന്‍ എല്ലാ പ്രോഡക്റ്റും ബ്രാന്‍ഡും പ്രൊമോട്ട് ചെയ്യില്ല. ഫെയര്‍നെസ് ക്രീം, ചൂതാട്ട ഗെയിമുകള്‍, ബൈനമോ പോലുള്ള ട്രേഡിങ്ങ് ആപ്പുകള്‍ ഞാന്‍ പ്രൊമോട്ട് ചെയ്യില്ല. അവയ്ക്കൊക്കെ വലിയ തുക ലഭിക്കും പക്ഷെ ഞാനത് ചെയ്യില്ല. അങ്ങനെയൊരു എത്തിക്‌സ് എനിക്കുണ്ട്.

                            

നെഗറ്റീവ് കമെന്റുകള്‍ എങ്ങനെ കാണുന്നു?

എന്റെ നിറത്തെയും, വസ്ത്രത്തെയും സാഹചര്യങ്ങളെയും എല്ലാം കളിയാക്കി പല കമ്മെന്റുകളും വരാറുണ്ട്. ആദ്യമൊക്കെ എനിക്ക് ഭയങ്കര വിഷമം ആയിരുന്നു. പിന്നെ ഞാന്‍ മല്ലു അനലിസ്റ്റ്, ഗായത്രി, ഉണ്ണി വ്ളോഗ്‌സ് അങ്ങനെ ഒരുപാട് ചാനലുകള്‍ കാണുമായിരുന്നു. അതൊക്കെ എന്നില്‍ ചെലുത്തിയ സ്വാധീനം വലുതായിരുന്നു. പിന്നെ പിന്നെ ഞാന്‍ നല്ല ബോള്‍ഡ് ആയി. ഇപ്പോള്‍ നെഗറ്റീവ് കമെന്റുകള്‍ക്ക് തക്ക മറുപടി കൊടുക്കാറുണ്ട്. പിന്നെ 10 പേര് നെഗറ്റീവ് പറഞ്ഞാലും നമ്മളെ സപ്പോര്‍ട്ട് ചെയ്യാന്‍ 100 പേരുണ്ടാകും. അതാണ് എനിക്ക് ബലം നല്‍കുന്നത്. 

പിന്നെ സോഷ്യല്‍ മീഡിയ എന്ന് പറയുന്നത് ഒരു സമുദ്രം പോലെയാണ്. ഒരിക്കല്‍ ഞാന്‍ നേരത്തെ കല്യാണം കഴിച്ചു, ഇത്രയ്ക്ക് സഹിക്കാന്‍ മേലായിരുന്നോ, ഞാന്‍ എന്താണ് താലി മാല ഇടാത്തത്, സിന്ദൂരം നെറ്റിയില്‍ ഇടാത്തതെന്ത് എന്ന് തുടങ്ങി മച്ചി എന്നുള്ള കമന്റ് വരെ വന്നു. പക്ഷെ എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് അതിനെല്ലാം എന്നെക്കാളും നന്നായി മറുപടി കൊടുത്തത് സോഷ്യല്‍ ഇഷ്യൂസ് കൈകാര്യം ചെയ്യുന്ന മറ്റ്  വ്‌ളോഗേഴ്സാണ്. കൂടാതെ കമെന്റ് ബോക്‌സില്‍ അവര്‍ക്ക് മറുപടി കൊടുക്കുന്ന എന്നെ സ്‌നേഹിക്കുന്നവരും. എല്ലാവരോടും നന്ദിയും സ്‌നേഹവുമുണ്ട്. പിന്നെ തുടക്കത്തില്‍ എന്നെ കുടുംബത്തുള്ളവര്‍ പോലും കളിയാക്കിയിട്ടുണ്ട്. ഇത് നിര്‍ത്തി വേറെ വല്ല പണിക്കും പൊയ്ക്കൂടേ എന്ന് ചോദ്യം ഞാന്‍ സ്ഥിരമായി കേട്ടിരുന്നു. എന്നാല്‍ ഇന്ന് ആ ചോദ്യം ചോദിച്ചവര്‍ യൂട്യൂബ് ചാനല്‍ എങ്ങനെ തുടങ്ങാം എന്ന് ചോദിച്ചോണ്ട് വന്നിട്ടുണ്ട്. അതൊക്കെയാണ് വലിയ സന്തോഷങ്ങള്‍. 

പിന്നെ ഇന്ന് സാമ്പത്തികമായി എന്തെങ്കിലും മെച്ചപ്പെട്ടിട്ടുണ്ടെങ്കില്‍ അതില്‍ വലിയൊരു പങ്കും യൂട്യൂബ് കൊണ്ടാണ്. ലോക്ക് ഡൗണ്‍ കാലത്ത് ഭര്‍ത്താവിന് ജോലിയൊന്നും ഇല്ലാതിരുന്നപ്പോഴും ഇതില്‍ നിന്നും കിട്ടുന്ന വരുമാനം ഉപയോഗിച്ചാണ് കാര്യങ്ങള്‍ നടത്തിയത്. 

ഇനി എന്താണ് ഭാവി പരിപാടി?

ഇപ്പോള്‍ ഡിഗ്രി പഠിച്ചോണ്ടിരിക്കുകയാണ്. അത് നല്ല രീതിയില്‍ എഴുതിയെടുക്കണം. പിന്നെ നല്ലൊരു ജോലി വാങ്ങണം. അപ്പോഴും യൂട്യൂബ് ഒരു വശത്ത് കൂടി നടത്തിക്കൊണ്ട് പോകണം. പിന്നെ ഇന്‍സ്റ്റാഗ്രാമില്‍ സജീവമാകണം. പിന്നെ ഇന്ന് നിറയെ നല്ല കൂട്ടുകാരുണ്ട്. അവരെയൊക്കെ അവസരങ്ങള്‍ ലഭിക്കുമ്പോള്‍ കാണണം. സമാധാനത്തോടെയും സന്തോഷത്തോടെയും ജീവിക്കണം.     

പിന്നെ കുട്ടികള്‍ എന്നുള്ള കാര്യം ബന്ധുക്കള്‍ അടക്കമുള്ളവര്‍ സൂചിപ്പിക്കുന്നുണ്ട്. സാമ്പത്തികമായി ഒരു ഭദ്രത കൈവരിച്ചിട്ടേ അത് പരിഗണിക്കൂ എന്നാണ് ഞങ്ങളുടെ തീരുമാനം.


ദി ലോക്കല്‍ ഇക്കോണമിയുടെ യൂട്യൂബ് ചാനലുകള്‍ സന്ദര്‍ശിക്കുക 


The Local Economy: https://www.youtube.com/c/TheLocalEconomy

New to the Block: https://www.youtube.com/c/NewToTheBlock

Business Guide: https://www.youtube.com/channel/UCHyByenULJJ3G2Y0jsWegnA

Lay of the Land: https://www.youtube.com/c/LayofTheLand

Instagram: https://www.instagram.com/thelocaleconomynews/


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.