Sections

കുഞ്ഞുടുപ്പുകളില്‍ കരവിരുത് തീര്‍ത്ത് അമേരിക്കന്‍ മാസികയില്‍ വരെ ഇടംപിടിച്ച് കോട്ടയംകാരിയുടെ ബ്രാന്‍ഡ്

Thursday, Dec 09, 2021
Reported By Ambu Senan
liz jacob

ബോളിവുഡ് നടി ആലിയ ഭട്ടിന്റെ ബ്രാന്‍ഡിനൊപ്പം ഇടം പിടിച്ച ബംഗളൂരു ആസ്ഥാനമായ 'ലിസ് ജേക്കബ് ഡിസൈന്‍' എന്ന ബ്രാന്‍ഡ് നടത്തുന്നത് കോട്ടയത്ത് ജനിച്ചു വളര്‍ന്ന് ഇന്ന് ബംഗളൂരുവില്‍ താമസമാക്കിയ ലിസ് ജേക്കബ് എന്ന വനിതയാണ്.

 

കുഞ്ഞുടുപ്പുകളുടെ ലോകത്തേക്ക് അവിചാരിതമായി എത്തുകയും ഒരു ബ്രാന്‍ഡ് കെട്ടിപ്പടുക്കുകയും ചെയ്ത വനിത സംരംഭക. ഇന്ന് ആ ബ്രാന്‍ഡ് അമേരിക്കന്‍ ഫാഷന്‍ മാസികയായ വോഗില്‍ വരെ ഇടം പിടിച്ചു. ബോളിവുഡ് നടി ആലിയ ഭട്ടിന്റെ ബ്രാന്‍ഡിനൊപ്പം ഇടം പിടിച്ച ബംഗളൂരു ആസ്ഥാനമായ 'ലിസ് ജേക്കബ് ഡിസൈന്‍' എന്ന ബ്രാന്‍ഡ് നടത്തുന്നത് കോട്ടയത്ത് ജനിച്ചു വളര്‍ന്ന് ഇന്ന് ബംഗളൂരുവില്‍ താമസമാക്കിയ ലിസ് ജേക്കബ് എന്ന വനിതയാണ്. പരസ്യ മേഖലയില്‍ മള്‍ട്ടി നാഷണല്‍ കമ്പനികള്‍ക്ക് വേണ്ടി ജോലി ചെയ്തിരുന്ന ലിസ് എങ്ങനെയാണ് ഒരു സംരംഭകയായത് എന്നും ലിസ്സിന്റെയും തന്റെ സംരംഭത്തിന്റെയും കഥ ലിസ് തന്നെ വിവരിക്കുന്നു.

                                 
'ഞാന്‍ ജനിച്ചതും വളര്‍ന്നതും കോട്ടയത്താണ്. എം.എ മാസ് കമ്മ്യൂണിക്കേഷന്‍ ചെയ്തത് ചെന്നൈ വിമന്‍സ് ക്രിസ്ത്യന്‍  കോളേജില്‍ നിന്നാണ്.ചെന്നൈയിലെ കോഴ്‌സ് കഴിഞ്ഞു ബാംഗ്ലൂരില്‍ സ്റ്റാര്‍ക് ടൂറിസം എന്നൊരു  അഡ്വെര്‍ടൈസിങ് കമ്പനിയില്‍ ജോലിക്ക് കയറി. പിന്നീട് അവിടുന്ന് ബാംഗ്ലൂരില്‍ തന്നെ ലോ ലിന്‍ഡാസ് എന്ന മറ്റൊരു അഡ്വെര്‍ടൈസിങ് കമ്പനിയില്‍ ജോലി ചെയ്തു. ഇവിടെ ഒക്കെ വര്‍ക്ക് ചെയ്തപ്പോള്‍ ഒരുപാട്  ഫാഷന്‍ ആന്‍ഡ് ലൈഫ്സ്‌റ്റൈല്‍ ബ്രാന്‍ഡ്സുമായി ബന്ധമുണ്ടാക്കാന്‍ സാധിച്ചു. അപ്പോള്‍ ഇവിടെനിന്നുമൊക്കെയുള്ള ക്രീയേറ്റീവ്, മാര്‍ക്കറ്റിംഗ് ,അഡ്വെര്‍ടൈസിങ് എക്‌സ്‌പോഷറും ബന്ധവും നന്നായി ലഭിച്ചു. 

ഞാന്‍ പണ്ട് മുതലേ പെയിന്റിംഗ്,എംബ്രോഡറി വര്‍ക്ക് ഒക്കെ ചെയ്യും. പിന്നെ ജോലി ചെയ്ത സ്ഥാപനങ്ങള്‍ വഴി കുറെ ഗ്രാഫിക് ഡിസൈനും പഠിച്ചു. ഫോട്ടോഷോപ്പും മറ്റും പഠിക്കാന്‍ കഴിഞ്ഞു.ഒത്തിരി ആര്‍ട്ട് റിലേറ്റഡ് എക്‌സ്പീരിയന്‍സ് കിട്ടി. അത് ഈ സംരംഭം തുടങ്ങാന്‍ ഒത്തിരി സഹായകമായി. സ്വന്തമായി ഒരു അവസരം വരുമ്പോള്‍ ബിസിനസ് തുടങ്ങണമെന്ന് പണ്ട് മുതലേ ആഗ്രഹം ഉണ്ടായിരുന്നു. ആ അവസരം കൈവന്നത് എനിക്ക് ഒരു കുഞ്ഞു പിറന്ന ശേഷമാണ്. 

                               

കുട്ടികളെ പൊതുവെ ഒത്തിരി ഇഷ്ട്ടമാണ് .മോന്‍ ഉണ്ടായിക്കഴിഞ്ഞു ജോലിയില്‍ നിന്ന് ഒരു ബ്രേക്ക് എടുത്തു. അങ്ങനെ കുഞ്ഞിന്റെയും വീട്ടിലെ കാര്യങ്ങളും ഒക്കെ നോക്കി കുറച്ചുനാള്‍ കഴിഞ്ഞപ്പോള്‍ സ്വന്തമായിട്ട് എന്തെങ്കിലും ചെയ്യണം എന്ന തോന്നല്‍ ഉണ്ടായി. ആ ഒരു തോന്നലാണ് തുടക്കം. ആദ്യം ഒരു ഹോബി പോലെ വീട്ടില്‍ കുറച്ച് jable ഉണ്ടാക്കി നോക്കി. അത് ഞാന്‍ കൈകൊണ്ട് പെയിന്റ് ചെയ്താണ് ഡിസൈന്‍ ചെയ്തത്. കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളാണ് അതില്‍ ഡിസൈന്‍ ചെയ്തത്. അത് വെറുതെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത് നോക്കി. വലിയ പ്രതികരണവും പ്രോത്സാഹനവുമാണ് ലഭിച്ചത്. 

എന്നാല്‍ അത് വില്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ ഞാന്‍ നേരിട്ട പ്രശ്നം അത് എങ്ങനെ വിലയിടുമെന്നതാണ്. കാരണം ഞാന്‍  2 ദിവസമൊക്കെ എടുത്താണ് ഒരു ഡ്രസ്സ് റെഡിയാക്കിയിരുന്നത്. അത് കൊണ്ട് തന്നെ ആ അധ്വാനത്തിനുള്ള വില ഒരു ഡ്രെസ്സില്‍ നിന്ന് ലഭിക്കുന്നും ഇല്ല കൂടാതെ ഓര്‍ഡറുകള്‍ പെന്‍ഡിങ് ആകാനും തുടങ്ങി.

അതിനെന്താണ് ഒരു പരിഹാരം എന്ന് ആലോചിച്ച് നോക്കിയപ്പോഴാണ് കമ്പ്യൂട്ടറില്‍ ഡിസൈന്‍ ചെയ്ത് സ്‌ക്രീന്‍ പ്രിന്റേഴ്സ്, ബ്ലോക്ക് പ്രിന്റേഴ്സ്, ഡിജിറ്റല്‍ പ്രിന്റേഴ്സ് എന്നിവരെയെല്ലാം അന്വേഷിച്ചു കണ്ടെത്തി ഡ്രസ്സ് ഉണ്ടാക്കാന്‍ തുടങ്ങി. അതിന് നല്ല സ്വീകാര്യത ലഭിച്ചു. പിന്നെ മാര്‍ക്കറ്റിങ് അഡ്വെര്‍ടൈസിങ് മേഖലയില്‍ പ്രവര്‍ത്തിച്ചിരുന്നത് കൊണ്ട് ഇതിന് എങ്ങനെ വിപണി കണ്ടെത്തണമെന്നു എനിക്ക് ധാരണയുണ്ടായിരുന്നു. പിന്നെ എന്റെ ഭര്‍ത്താവ് പിആര്‍ ഫീല്‍ഡിലാണ് ജോലി ചെയ്യുന്നത്. അദ്ദേഹത്തിന്റെ സഹായവും ഉണ്ടായിരുന്നു. അദ്ദേഹം വെബ്‌സൈറ്റ് നിര്‍മിക്കാന്‍ വേണ്ട സഹായമൊക്കെ ചെയ്തു തന്നു. അങ്ങനെ വെബ്‌സൈറ്റ് (https://lizjacob.com/) നിര്‍മിച്ച് 2015ല്‍ ഇന്ത്യ മുഴുവനും ഡെലിവറി  ചെയ്യാനുള്ള നിലയിലേക്ക് ഞങ്ങളെത്തി.

 

                      

അന്നത്തെ കാലത്ത് ഫേസ്ബുക്ക് ആയിരുന്നു ഒരു പ്രധാന സോഷ്യല്‍ മീഡിയ. അന്ന് പ്രൊമോഷന് വേണ്ടി മുടക്കാന്‍ വലിയ തുക ഇല്ലായിരുന്നു. ആ ഫണ്ട് കൂടി സാധനങ്ങള്‍ വാങ്ങാനാണ് ഞാന്‍ ഉപയോഗിച്ചത്. പക്ഷെ പ്രോഡക്റ്റ് ക്വളിറ്റി കൊണ്ട് സോഷ്യല്‍ മീഡിയയില്‍ വളരെയധികം ശ്രദ്ധ കിട്ടി. അങ്ങനെ നിരവധി ആവശ്യക്കാര്‍ വന്നു തുടങ്ങി. അപ്പോള്‍ പിന്നെ നിലവിലെ പ്രോഡക്റ്റ് ക്വളിറ്റി എങ്ങനെ വര്‍ധിപ്പിക്കാമെന്ന് ഞങ്ങള്‍ ആലോചിച്ചു.അങ്ങനെ പരിസ്ഥിതി സൗഹാര്‍ദമായ പ്രകൃതി ദത്തമായ കളറും മറ്റും ഉപയോഗിക്കാന്‍ തുടങ്ങി. പ്ലാസ്റ്റിക് ബട്ടണുകളില്‍ നിന്ന് മാറി ചിരട്ടയില്‍ നിര്‍മിച്ച ബട്ടണുകള്‍ ഉപയോഗിക്കാന്‍ തുടങ്ങി. പ്ലാസ്റ്റിക് കൊറിയര്‍ കവറുകള്‍ ഉപേക്ഷിച്ചു. അങ്ങനെ പൂര്‍ണമായും പ്രകൃതിയോട് ഇണങ്ങിയുള്ള ഉത്പ്പന്നമാണ് ഞങ്ങള്‍ ലക്ഷ്യമിടുന്നത്. 

ഉടുപ്പുകള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന തുണികളുടെ വേസ്റ്റ് നിരവധി വന്നപ്പോള്‍ ഞങ്ങള്‍ ഇവിടെ പരിസരത്തുള്ള കുറച്ചു പെണ്‍കുട്ടികളെ ജോലിക്കെടുത്ത് അവര്‍ക്ക് പരിശീലനം നല്‍കി ആ വേസ്റ്റ് തുണികളില്‍ നിന്ന് ക്ലിപ്പ്, ഹെയര്‍ ബാന്‍ഡ് തുടങ്ങിയവ നിര്‍മിക്കാന്‍ തുടങ്ങി. കൂടാതെ ഹാന്‍ഡ് എംബ്രോയിഡറി ഞാന്‍ പഠിപ്പിക്കുന്നുണ്ട്. തയ്യല്‍ താല്പര്യമുള്ള നിരവധി വീട്ടമ്മമ്മാരുമായി ഞാന്‍ ബന്ധപ്പെട്ട് അവര്‍ക്ക് അവരുടെ സമയങ്ങളില്‍ ആസ്വദിച്ച് ഡ്രസ്സ് ഉണ്ടാക്കി തിരികെ തരാനുള്ള ഒരു സൗകര്യം ഞാനൊരുക്കി. അതിനായി ഞാന്‍ തുണികളും നല്‍കും എന്റെ മനസിലുള്ള ഡിസൈനും പറയും. അവര്‍ അത് അവരുടെ സമയം പോലെ തയ്ച്ചു നല്‍കും. ഞാന്‍ അവരുടെ ആ ഹോബിക്ക് ഒരു പ്രതിഫലവും നല്‍കും. 

                                    

സാധാരണ ഈ നിലയിലുള്ള ഉത്പന്നങ്ങള്‍ക്ക് കൂടിയ വിലയാണ് നമ്മള്‍ കണ്ടു വരുന്നത്. എന്നാല്‍ ഞാന്‍ ഞങ്ങളുടെ തുണിത്തരങ്ങള്‍ക്ക് എല്ലാവര്‍ക്കും താങ്ങാവുന്ന വിലയെ ഈടാക്കുന്നുള്ളൂ. ആ വിലയ്ക്ക് മികച്ച ഉത്പന്നങ്ങളാണ് ഞങ്ങള്‍ നല്‍കി വരുന്നത്. ചെറിയ മാര്‍ജിന്‍ മാത്രമാണ് ഞാന്‍ ഈടാക്കുന്നത്. എന്നാല്‍ ലിനന്‍, ഓര്‍ഗാനിക് കോട്ടണ്‍, ബനാന കോട്ടണ്‍, ആലൂ കോട്ടണ്‍ പോലുള്ള നല്ല വിലയുള്ള തുണികളാണ് ഡ്രസ്സ് ഉണ്ടാക്കാന്‍ ഞങ്ങള്‍ ഉപയോഗിക്കുന്നത്. ചില തുണികള്‍ക്ക് മീറ്ററിന് 600 മുതല്‍ 700 വരെയാകും. ഞങ്ങളുടെ ഡ്രസ്സ് ഈ മുന്തിയ തുണികളില്‍ ഏറ്റവും നല്ല രീതിയിലാണ് തയ്ക്കുന്നത്. ആ ക്വാളിറ്റി നിലനിര്‍ത്തുന്നത് കൊണ്ടാണ് ഞങ്ങള്‍ക്ക് പ്രീമിയം ഉപയോക്താക്കള്‍ ഉള്ളത്.

അങ്ങനെ നല്ല ഉത്പന്നങ്ങള്‍ നല്‍കുന്നത് കൊണ്ട് നിരവധി സെലിബ്രിറ്റി ഉപയോക്താക്കള്‍ ഞങ്ങള്‍ക്ക് ലഭിച്ചു. ഞങ്ങളുടെ ഇന്‍സ്റ്റാഗ്രാം പേജ് കണ്ടിട്ട് ഡ്രസ്സ് മേടിച്ച ബോളിവുഡ് നടന്‍ ഷാഹിദ് കപൂറിന്റെ ഭാര്യ മീര കപൂര്‍ ഞങ്ങള്‍ക്ക് നല്ല റിവ്യൂ തന്നു. കൂടാതെ നേഹ ധൂപിയ, നിരവധി മോഡല്‍സ് എല്ലാം ഞങ്ങളുടെ ബ്രാന്‍ഡിന്റെ ഉപയോക്താക്കളാണ്. അങ്ങനെ ഞങ്ങള്‍ക്ക് കുറച്ചു വിസിബിലിറ്റി കിട്ടി. ഇന്‍സ്റ്റാഗ്രാം പോലുള്ള സമൂഹ മാധ്യമങ്ങള്‍ ഞങ്ങളുടെ വളര്‍ച്ചയില്‍ വഹിച്ച പങ്ക് വളരെ വലുതാണ്.    

                                           

ഈ ഇന്‍ഡസ്ട്രി ഒരു സ്ലോ പാഷന്‍ ഇന്‍ഡസ്ട്രിയാണ്. നമ്മള്‍ ക്വാണ്ടിറ്റിയെക്കഴിഞ്ഞും ക്വാളിറ്റിയിലാണ് ശ്രദ്ധിക്കുന്നത്. ആവശ്യക്കാര്‍ക്ക് അവരുടെ ഇഷ്ടത്തിനുള്ള ഡ്രസ്സ് സമയമെടുത്ത് ചെയ്തു കൊടുക്കണം. അപ്പോള്‍ ക്വാളിറ്റി ലഭിക്കും. അത്‌കൊണ്ട് തന്നെ ഞങ്ങള്‍ക്ക് ഓസ്‌ട്രേലിയ, മൗറീഷ്യസ്, യുഎഇ, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങളില്‍ കസ്റ്റമേഴ്‌സ് ഉണ്ട്. വിദേശത്തുള്ളവര്‍ക്കും അവരുടെ നാണയത്തില്‍ തന്നെ സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്യാനായി സൈറ്റ് ആ രീതിയിലേക്ക് ഞങ്ങള്‍ മാറ്റിയിട്ടുണ്ട്. ഇന്ന് ലോകത്ത് എവിടേക്കും ഞങ്ങള്‍ സാധനങ്ങള്‍ കയറ്റി അയയ്ക്കും. 

ഇപ്പോള്‍ ആളുകള്‍ കുറച്ചു കൂടി വലിയ കുട്ടികളുടെ ഉടുപ്പ് ഉണ്ടാക്കി തന്നുക്കൂടേ എന്ന് ചോദിക്കുന്നുണ്ട്. അതായത് 0-8 വയസ് വരെ ഒരു കാറ്റഗറിയും 8-12 വരെ വേറെയൊരു കാറ്റഗറിയും ആളുകള്‍ ചോദിക്കുന്നുണ്ട്. ഇപ്പോള്‍ അതിന്റെയൊരു ആലോചനയിലാണ് ഞങ്ങള്‍. കൂടാതെ കസ്റ്റമേഴ്‌സിനു പുറത്ത് അധികം ചോയ്‌സ് ഇല്ലാത്ത ഉടുപ്പുകളാണ് ഞങ്ങള്‍ ഇറക്കുന്നത്. ഇപ്പോള്‍ ഒരു മാമോദിസയ്ക്കുള്ള ഉടുപ്പുകള്‍ അധികം കസ്റ്റമൈസ് ചെയ്തുള്ളത് കണ്ടിട്ടില്ല. അത് ഞങ്ങള്‍ ചെയ്യും. അങ്ങനെ വ്യത്യസ്തമായി നില്‍ക്കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്.

                                 

ഞങ്ങള്‍ മറ്റുള്ള ഡിസൈനേഴ്‌സ് അല്ലെങ്കില്‍ ആര്‍ട്ടിസ്റ്റുകളുമായി സഹകരിക്കാറുണ്ട്. വേറെ ഏതെങ്കിലും സംസ്ഥാനത്തോ മറ്റോ നമ്മളെ പോലെ ഇക്കോ ഫ്രണ്ട്ലി ആര്‍ട്ടുകള്‍ ചെയ്യുന്നവരുണ്ടെങ്കില്‍ അവരുമായി സഹകരിച്ച് ഞങ്ങള്‍ ഡ്രസ്സ് ഇറക്കാറുണ്ട്. അതും ഞങ്ങള്‍ അവര്‍ ഉപയോഗിക്കുന്നത് നാച്ചുറല്‍ പ്രോഡക്ട് ആണെന്ന് ഉറപ്പ് വരുത്തിയിട്ടേ അവര്‍ക്ക് വര്‍ക്ക് കൊടുക്കുകയുള്ളൂ. പിന്നെ ഏതെങ്കിലും ഡിസൈന്‍ അല്ലെങ്കില്‍ പാറ്റേണ്‍ ഉള്ള ഡ്രസുകള്‍ക്ക് ആവശ്യക്കാര്‍ വീണ്ടും ഉണ്ടെന്ന് തോന്നിയാല്‍ ഫാബ്രിക് ലഭ്യമാണെങ്കില്‍ ഞങ്ങള്‍ വീണ്ടും മാര്‍ക്കറ്റില്‍ അവതരിപ്പിക്കും. അത് ഇന്‍സ്റ്റാഗ്രാമിലൂടെ ഉപയോക്താക്കളെ അറിയിക്കുകയും ചെയ്യും. കൂടാതെ ഞങ്ങളുടെ ബിസിനസിന്റെ 25 ശതമാനം ഓര്‍ഡര്‍ അനുസരിച്ച് ചെയ്തു കൊടുക്കുന്ന രീതിയാണ്. ഞാന്‍ സോഷ്യല്‍ മീഡിയ വഴി ഉടുപ്പുകളുടെ പടം ഷെയര്‍ ചെയ്ത് 10 ദിവസം കാത്തിരിക്കാന്‍ തയ്യാറാണെങ്കില്‍ ആ ഉടുപ്പ് തരാമെന്ന് പറയും. അതിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. 

ഹാന്‍ഡ്ക്രഫ്റ്റഡ് പ്രദര്‍ശന മേളകളില്‍ ഞങ്ങള്‍ പങ്കെടുക്കാറുണ്ട്. തുടക്കത്തില്‍ ഈ ബ്രാന്‍ഡ് വളര്‍ത്തിക്കൊണ്ടു വരാന്‍ ഏറ്റവും സഹായകമായത് ഈ പ്രദര്‍ശനമേളകളാണ്. ആളുകളെ നേരിട്ട് കാണാനും  നമ്മുടെ ഉത്പ്പന്നങ്ങള്‍ അവര്‍ക്ക് കാണാനും ഈ മേളകള്‍ സഹായിച്ചു. കേരളത്തില്‍ കൊച്ചിയില്‍ ഒന്നോ രണ്ടോ തവണ മേളകളില്‍ പങ്കെടുത്തു. കൂടുതലും ബംഗളൂരുവിലാണ് ഞാന്‍ പങ്കെടുത്തത്. പിന്നെ ഞാന്‍ മാര്‍ക്കറ്റിങ് മേഖലയില്‍ ജോലി ചെയ്തിരുന്നത് കൊണ്ട് എനിക്ക് ഓണ്‍ലൈന്‍ വഴി വില്‍ക്കുന്നതാണ് കുറച്ചു കൂടി എളുപ്പമായി തോന്നിയത്. 

                             

കോര്‍പറേറ്റ് മേഖലയില്‍ നല്ല ശമ്പളത്തോടെ ജോലി ചെയ്തിരുന്നതില്‍ നിന്ന് എന്താണ് ഒരു സംരംഭകയായപ്പോള്‍ ഉള്ള വ്യത്യാസം എന്ന് ചോദിച്ചാല്‍ ജോലിയിലായിരുന്നപ്പോള്‍ എന്റെ പോസ്റ്റ് എന്തായിരുന്നോ അത് മാത്രം ശ്രദ്ധിച്ചാല്‍ മതി. അതായത് ഞാന്‍ മാര്‍ക്കറ്റിംഗില്‍ ആയത് കൊണ്ട് അത് മാത്രം ശ്രദ്ധിച്ചാല്‍ മതി. ഞാന്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ സപ്ലയര്‍ ആരാ, അതിന്റെ ക്വാളിറ്റി എങ്ങനെയാണ് തുടങ്ങിയ കാര്യങ്ങളില്‍ ഒന്നും ശ്രദ്ധിക്കേണ്ട ആവശ്യമില്ല. എന്നാല്‍ ഒരു സംരംഭക ആയപ്പോള്‍ നമുക്ക് ചുറ്റും കണ്ണ് വേണം. ജീവനക്കാര്‍, ഉപയോക്താക്കള്‍, സപ്ലയര്‍, ദൈനംദിന ചെലവ്, കറന്റ്, വാടക, വെള്ളം, ഡെലിവറി, ഉപയോക്താക്കളുടെ ഫീഡ്ബാക്ക് തുടങ്ങി എല്ലാ കാര്യങ്ങളും നമ്മുടെ തലയിലൂടെയാണ് ഓടുന്നത്. അത് കൊണ്ട് തന്നെ ഒരു സംരംഭക അല്ലെങ്കില്‍ സംരംഭകന്‍ എന്നത് എളുപ്പമുള്ള കാര്യമല്ല. എനിക്ക് ആരോടും ഉത്തരം പറയേണ്ട, ഐ ആം മൈ ഓണ്‍ ബോസ് എന്ന ചിന്താഗതിയില്‍ ബിസിനസ് തുടങ്ങരുത്.  

പിന്നെ ബിസിനസ് തുടങ്ങാന്‍ ആഗ്രഹിക്കുന്നവരോട് എനിക്ക് പറയാനുള്ളത് നമുക്ക് ഇഷ്ടത്തോടെ ചെയ്യാന്‍ കഴിയുമെന്ന് ആത്മവിശ്വാസമുള്ള ബിസിനസ് തുടങ്ങുന്നതാണ് എപ്പോഴും നല്ലത്. പലരും പെട്ടന്ന് കാശുണ്ടാക്കണം എന്ന ചിന്തയില്‍ ബിസിനസ് തുടങ്ങി പരാജയപ്പെട്ടു പോകുന്നത് കണ്ടിട്ടുണ്ട്. അതിന്റെ പ്രധാന കാരണം അത് ഇഷ്ടത്തോടെ ചെയ്യുന്നതല്ലാത്തകൊണ്ടാണ്. നമ്മള്‍ ഇഷ്ടത്തോടെ നമ്മുടെ ജോലിയോ ബിസിനസോ ചെയ്താല്‍ അത് ഒരിക്കലും നമുക്ക് മടുക്കില്ല. ഒരു പാഷനോടെ നമുക്ക് അത് മുന്നോട്ട് കൊണ്ട് പോകാന്‍ കഴിയും.    


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.