Sections

അഭിമുഖം: സോഷ്യല്‍ മീഡിയ വഴി ഇറച്ചി കച്ചവടം നടത്തുന്ന അച്ചായന്‍ : ടെറീസ് മീറ്ററി

Saturday, Sep 25, 2021
Reported By Ambu Senan
Terrance Michael- Terrys Meatery

ഇന്ത്യയില്‍ ജനിച്ച എന്നാല്‍ ഇപ്പോള്‍ ഇംഗ്ലണ്ട് പൗരനായ 'ടെറന്‍സ് മൈക്കിള്‍' താന്‍ 'അബദ്ധത്തില്‍' ഒരു പ്രസ്ഥാനം തുടങ്ങിയ കഥ പറയുകയാണ്


ഞായറാഴ്ച രാവിലെ എഴുന്നേറ്റ് പള്ളിയിലൊക്കെ പോയി തിരിച്ചു വരുന്ന വഴി ഇറച്ചി വെട്ടുന്നിടത്ത് നിന്ന് നല്ല പോത്തിറച്ചിയും വാങ്ങി, അത് നല്ല പോലെ കഴുകി മസാലയും കുരുമുളകുമൊക്കെയിട്ട് കറിയും ഫ്രൈയുമൊക്കെ ആക്കി കഴിക്കുന്ന കാര്യം ഒന്ന് ആലോചിച്ചേ..പണ്ടുള്ളവര്‍ക്കും '90'സ് കിഡ്‌സിനുമൊക്കെ അതൊരു ഗൃഹാതുരത്വം ഉണര്‍ത്തുന്ന ഒരു ഓര്‍മയാണ്. ഇന്ന് കാലം മാറി..ഒന്ന് ഫോണ്‍ വിളിച്ചാലോ അല്ലെങ്കില്‍ ഫേസ്ബുക്കിലോ ഇന്‍സ്റ്റാഗ്രാമില്‍ വാട്ട്‌സാപ്പിലോ ഒന്ന് ഓര്‍ഡര്‍ ചെയ്താലോ ഉപ്പ് തൊട്ട് ഈ പറഞ്ഞ പോത്തിറച്ചി വരെ നമ്മുടെ അടുക്കളയിലെത്തും. അങ്ങനെ ഒറ്റവിളിയില്‍ നല്ല നാടന്‍ പോത്തിറച്ചി വീട്ടിലെത്തിക്കുന്ന ഒരു സംരഭം നടത്തുകയാണ് തിരുവനന്തപുരം വെള്ളയമ്പലം സ്വദേശി ടെറന്‍സ് മൈക്കിള്‍ എന്ന 55കാരന്‍. 

സോഷ്യല്‍ മീഡിയയുടെ സഹായത്തോടെ ഓണ്‍ലൈന്‍ ഇറച്ചി കച്ചവടം നടത്തുന്ന ഇന്ത്യയില്‍ ജനിച്ച എന്നാല്‍ ഇപ്പോള്‍ ഇംഗ്ലണ്ട് പൗരനായ 'ടെറന്‍സ് മൈക്കിള്‍' താന്‍ 'അബദ്ധത്തില്‍' ഒരു പ്രസ്ഥാനം തുടങ്ങിയ കഥ പറയുകയാണ്.    

ടെറന്‍സ് മൈക്കിള്‍ നിലവില്‍ ഇന്ത്യന്‍ പൗരനല്ല. മാധ്യമപ്രവര്‍ത്തനമടക്കം നിരവധി മേഖലയില്‍ ജോലി ചെയ്തിരുന്ന അദ്ദേഹം 2002ല്‍ ഇംഗ്ലണ്ടിലേക്ക് ജോലിക്കായി പോവുകയും പിന്നീട് അവിടുത്തെ പൗരത്വം സ്വീകരിക്കുകയും ചെയ്തു. അങ്ങനെ ഒന്നരക്കൊല്ലം മുന്‍പ് ഒരവധിക്ക് നാട്ടില്‍ വന്നപ്പോഴാണ് കൊറോണ വില്ലനായതും പിന്നീട് ഓണ്‍ലൈന്‍ ഇറച്ചി കച്ചവടത്തിലേക്ക് തിരിഞ്ഞതും. അടുപ്പക്കാര്‍ സ്‌നേഹത്തോടെ 'അച്ചായാ' എന്ന് വിളിക്കുന്ന ഇദ്ദേഹം തന്റെ ഓണ്‍ലൈന്‍ കടയ്ക്ക് നല്‍കിയിരിക്കുന്ന പേര് ടെറീസ് മീറ്ററി' എന്നാണ്. ഇവിടുത്തെ 'അച്ചായന്‍' ഇംഗ്ലണ്ടുകാര്‍ക്ക് 'ടെറി'യാണ്. ടെറീസ് മീറ്ററി ഉടമ ടെറന്‍സ് മൈക്കിളുമായുള്ള അഭിമുഖം.

                                                     

എങ്ങനെയാണ് ഈ ടെറീസ് മീറ്ററി തുടങ്ങിയത്?

അമ്പൂരിയില്‍ എനിക്ക് മൂന്നരയേക്കര്‍ വരുന്ന ഒരു റബ്ബര്‍ തോട്ടമുണ്ട്. അവിടെ പോകുമ്പോള്‍ കാണുന്ന ഒരു കാഴ്ചയാണ് ശനി-ഞായര്‍ ദിവസങ്ങളില്‍ പോത്തിനേയും കാളയെയും ഒക്കെ വെട്ടുന്നത്. അത് അവിടങ്ങളില്‍ തന്നെ വളര്‍ത്തുന്ന പോത്തും കാളയുമൊക്കെയാണ്. ഇവിടെ സിറ്റിയില്‍ കിട്ടുന്നതിലും നല്ല ഇറച്ചിയാണ് അതെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. അങ്ങനെ ഒരു ദിവസം ഞാന്‍ അവിടുന്ന് ഒരു 8, 10 കിലോ പോത്തിറച്ചി വാങ്ങി കൊണ്ടു വന്നു ഇവിടെ അടുത്തുള്ള വീടുകളിലൊക്കെ കൊടുത്തു. അവരെല്ലാം ഈ ഇറച്ചിയെക്കുറിച്ച് നല്ല അഭിപ്രായം പറഞ്ഞു.  കൂടാതെ ഒന്ന് രണ്ട് അയല്‍ക്കാര്‍ ഇത് മട്ടന്‍ ആണോ എന്ന് വരെ ചോദിച്ചു. പോത്തിറച്ചി ആണെന്ന് പറഞ്ഞിട്ട് അവര്‍ക്ക് വിശ്വാസം വന്നില്ല. ഇത്രയും സോഫ്റ്റായ പോത്തിറച്ചി ഇതുവരെ അവര്‍ കഴിച്ചിട്ടില്ലെന്ന് പറഞ്ഞു. അപ്പോഴാണ് ഇത് പോലെ നല്ല ഗുണനിലവാരമുള്ള ഫ്രഷ് പോത്തിറച്ചി സിറ്റിയില്‍ വിറ്റാലോ എന്ന് ഞാന്‍ ചിന്തിച്ചത്. അങ്ങനെയാണ് 'ടെറീസ് മീറ്ററി' തുടങ്ങുന്നത്. ഇവിടെ പോത്തും കാളയും മാത്രമേ വില്‍ക്കുകയുള്ളൂ. പശുവും കിടാവും ഒന്നും വെട്ടുകയുമില്ല വില്‍ക്കുകയുമില്ല. പിന്നെ മുറപ്പോത്തിന്റെ പരിപാടിയുമില്ല. സാധാ ഇറച്ചി മുതല്‍ സിര്‍ലോയ്‌ന്, റിബ്‌സ്, എല്ല് അങ്ങനെ 400 രൂപ മുതല്‍ 1400 രൂപയുടെ സാധനങ്ങള്‍ വരെ ഞാന്‍ വില്‍ക്കുന്നു. പിന്നെ ഇപ്പോള്‍ ആട്ടിറച്ചിയും തുടങ്ങിയിട്ടുണ്ട്. എന്നെ സ്‌കൂളില്‍ പഠിപ്പിച്ച ഒരു അധ്യാപകന്റെ പരിചയത്തിലുള്ള ഒരാള്‍ നല്‍കുന്നതാണ്. അതിന് കിലോ 775 രൂപയ്ക്കാണ് വില്‍ക്കുന്നത്. പിന്നെ എന്റെ കട്ടപ്പനയിലുള്ള കസിന്‍ ഇടിയിറച്ചി ചെയ്യുന്നുണ്ട്. പുള്ളിക്കാരി അത് ഉണ്ടാക്കി ഇങ്ങോട്ടേക്ക് കൊറിയര്‍ വഴി അയയ്ക്കും. എന്റെ ഒരു സുഹൃത്ത് അത് പാക്ക് ചെയ്ത് റെഡിയാക്കി ഇവിടെ കൊണ്ടുവരും. ഒരു കുപ്പിക്ക് 230 രൂപയാണ് വില. അത് ഞാന്‍ ഖത്തറില്‍ വരെ വില്‍ക്കുന്നുണ്ട്. 

 

എങ്ങനെയാണ് ഈ ഇറച്ചി ഇവിടെ എത്തിക്കുന്നതും വിതരണം ചെയ്യുന്നതും?

എന്റെ തോട്ടത്തില്‍ ചെറിയൊരു സ്ഥലത്ത് ഇറച്ചി വെട്ടാന്‍ സൗകര്യം ഉണ്ട്. ആദ്യമൊക്കെ അവിടെ ചെറിയ രീതിയില്‍ തുടങ്ങി. അതിന് ശേഷമാണ് കോവിഡ് കാരണം ജോലി നഷ്ട്ടപ്പെട്ട 2 ഇറച്ചിവെട്ടുകാരെ ഞാന്‍ പരിചയപ്പെടുന്നത്. പിന്നീട് അവരുമായി ഒരു ടൈ അപ്പായി. അപ്പോള്‍ നാളത്തേക്കുള്ള ഓര്‍ഡര്‍ എല്ലാം ഇന്നേ എടുത്ത് വൈകിട്ട് ഞാന്‍ നാളെ വേണ്ട സാധനങ്ങളുടെ കണക്ക് കൊടുക്കും. അവര്‍ അതിനനുസരിച്ച് പോത്തിനേയും കാളയെയും തയ്യാറാക്കി വെളുപ്പിനെ വെട്ടി രാവിലെ ആറര ആകുമ്പോള്‍ വെള്ളയമ്പലത്തുള്ള എന്റെ വീട്ടില്‍ എത്തിക്കും. അതിന് ശേഷം ഇവിടുന്ന് പാക്ക് ചെയ്ത് ഡെലിവറി ചെയ്യുന്നു. ഡെലിവറിക്കായി 4 പേരോളമുണ്ട്. ഓരോ ഡെലിവറി ബോയ്ക്കും ഓരോ ബുക്ക് ഞാന്‍ തയ്യാറാക്കിയിട്ടുണ്ട്. അത്‌കൊണ്ട് ഓര്‍ഡര്‍ വരുമ്പോള്‍ ആ റൂട്ടിലുള്ള ആളുടെ ബുക്കില്‍ ഞാന്‍ കുറിച്ചിടും. അങ്ങനെ വൈകിട്ട് ആകുമ്പോള്‍ മൊത്തം ഓര്‍ഡര്‍ നോക്കി അമ്പൂരിയിലേക്ക് ഓര്‍ഡര്‍ കൊടുക്കും. കൂടാതെ ഹോപ്പോണ്‍, കേരള ക്യു, ഹം, ഫറ്റാഫട് തുടങ്ങിയ ഡെലിവറി ആപ്പുകള്‍ വഴിയും ഓര്‍ഡര്‍ വരാറുണ്ട്. ആദ്യമൊക്കെ സിറ്റിക്കുളില്‍ മാത്രമായിരുന്ന ഡെലിവറി ഇപ്പോള്‍ ആറ്റിങ്ങല്‍ വരെ നടത്തുന്നുണ്ട്.  ഞാന്‍ പിന്നെ ഡെലിവെറിക്ക് പോകാറില്ല. എനിക്ക് ഇവിടുന്ന് മാറാന്‍ പറ്റില്ല. ഈ അയല്‍പ്പക്കത്തുള്ളവരും അല്ലാതെ ഇവിടെ വന്നു മേടിക്കുന്നവരും നിരവധി പേരുണ്ട്. അവര്‍ വരുമ്പോള്‍ ഞാന്‍ ഇവിടെ ഉണ്ടായില്ലേല്‍ ശരിയാകില്ല. 

ഈ പരിസരത്ത് ഒതുങ്ങി നിന്ന ഈ ഡെലിവറി എങ്ങനെയാണ് വളര്‍ന്നത്?      

ഫേസ്ബുക്കില്‍ 'Where in Trivandrum' (WIT) എന്നൊരു ഗ്രൂപ്പ് ഉണ്ട്. ഞാന്‍ ആ ഗ്രൂപ്പിലെ ദീര്‍ഘനാളായുള്ള മെമ്പറാണ്. അപ്പോള്‍ ഞാന്‍ ഇത് തുടങ്ങിയപ്പോള്‍ ഗ്രൂപ്പ് അഡ്മിന്‍സിന് ഒരു പോസ്റ്റ് ഇട്ടു, മക്കളെ, ഇവിടെ പെട്ടു കിടക്കുകയാണ്, ഇത് തുടങ്ങുകയും ചെയ്തു ഒന്ന് നോക്കിക്കോണേ എന്ന്. അതായിരുന്നു ഒരു വഴിത്തിരിവ് എന്ന് പറയാം. അവിടുന്ന് നിരവധി അന്വേഷണങ്ങളും ഓര്‍ഡറുകളും വന്നു. വന്നുകൊണ്ടേ ഇരിക്കുന്നു. ആ ഗ്രൂപ്പ് വഴി എനിക്ക് എണ്ണമറ്റ അനിയന്മാരെയും അനിയത്തിമാരെയും ലഭിച്ചു. പിന്നീട് എന്നെ സഹായിച്ച ഒരു ഗ്രൂപ്പ് ഭക്ഷണപ്രിയരുടെ ഗ്രൂപ്പായ EAT - Eat At Trivandrum ആണ്. ആ ഗ്രൂപ്പിന്റെ അഡ്മിനും ഗ്രൂപ്പ് മെമ്പേഴ്സും എനിക്ക് നല്ല സപ്പോര്‍ട്ട് തരുന്നു. എനിക്ക് നിലവില്‍ ഇപ്പോള്‍ ഇവിടെ 3500ല്‍ അധികം കസ്റ്റമേഴ്സ് ഉണ്ട്. എനിക്ക് ഇന്നേ വരെ ഒരു നോട്ടീസ് പോലും അച്ചടിക്കേണ്ടി വന്നിട്ടില്ല. ഈ സോഷ്യല്‍ മീഡിയ ആണ് എന്റെ ഈ കൊച്ചു സംരംഭം ഇങ്ങനെ വളര്‍ത്തുന്നത്. എന്റെ കസ്റ്റമേഴ്സ് കൂടുതലും ടെക്കികളാണ്. തിങ്കള്‍, ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ തിരക്ക് കുറവായിരിക്കും. വെള്ളി,ശനി, ഞായര്‍ ദിവസങ്ങളില്‍ നിന്ന് തിരിയാന്‍ നേരം കാണില്ല. ദിവസേന ശരാശരി 200 കിലോയുടെ വില്പന നടക്കുന്നുണ്ട്. ഇന്നേ നാള്‍ വരെ ഒരു നെഗറ്റീവ് റിവ്യൂവോ മോശം കമന്റോ എന്റെ ഉത്പന്നങ്ങള്‍ക്ക് വന്നിട്ടില്ലായെന്നത് അതിയായ സന്തോഷം നല്‍കുന്ന കാര്യമാണ്.

വീടുകളിലേക്ക് മാത്രമേ ഡെലിവറി ഉള്ളോ?

അല്ല. അത്യാവശ്യം പ്രീമിയം റെസ്റ്റോറന്റുകളിലും ഡെലിവറി നടത്തുന്നുണ്ട്. കൂടാതെ നിരവധി ഹോട്ടലുകാര്‍ വിളിക്കുന്നുണ്ട്. ഇപ്പോള്‍ നാളെ ഒരാള്‍ക്ക് ഒരു 200 കിലോ ഇറച്ചി വേണമെന്ന് പറഞ്ഞു വിളിച്ചാലും എനിക്ക് അത് ഡെലിവര്‍ ചെയ്യാന്‍ സാധിക്കും. പിന്നെ റെസ്റ്റോറന്റ്‌റ്കളില്‍ കൊടുക്കുമ്പോഴുള്ളൊരു കുഴപ്പം എന്ന് പറഞ്ഞാല്‍ പല സ്ഥലത്ത് നിന്നും പേയ്മെന്റ് കൃത്യമായി വരില്ല. എനിക്ക് നല്ലൊരു സംഖ്യ തരാനുള്ള നിരവധി റെസ്റ്റോറന്റുകള്‍ ഉണ്ട്. അവരുടെ ഒന്നും പേരെടുത്ത് പറയുന്നില്ല.  

FSSAI ലൈസന്‍സും മറ്റു കാര്യങ്ങളുമൊക്കെ എങ്ങനെയായിരുന്നു?

ഞാന്‍ ലൈസന്‍സ് എടുത്തിരിക്കുന്നത് അമ്പൂരിയിലുള്ള എന്റെ ഒരു ഇറച്ചി വെട്ടുകാരന്റെ പേരിലാണ്. കാരണം എനിക്ക് ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഇല്ലാത്തത് കൊണ്ട് എന്റെ പേരില്‍ ലൈസന്‍സ് ഇവിടെ എടുക്കാന്‍ സാധിക്കില്ല. അത് കൊണ്ട് അദ്ദേഹത്തിന്റെ പേരിലാണ് ലൈസന്‍സ്.

ഇത് പുറത്തേക്ക് കയറ്റി അയയ്ക്കുമോ അല്ലെങ്കില്‍ അവിടെ തുടങ്ങുമോ എന്ന അന്വേഷണങ്ങള്‍ എന്തെങ്കിലും വരുന്നുണ്ടോ?

നിരവധി ആളുകള്‍ എന്നെ ഈ കാര്യം പറഞ്ഞു വിളിക്കുന്നുണ്ട്. ഫേസ്ബുക്ക് വഴി പരിചയപ്പെട്ടവരും അല്ലാത്തവരും എല്ലാം. പ്രധാന പ്രശ്നമായി ഞാന്‍ കാണുന്നത് ഇതെല്ലം കൂടി മാനേജ് ചെയ്യാന്‍ ഞാന്‍ മാത്രമേ ഉള്ളൂ എന്നതാണ്. ഇവിടെയാണെങ്കില്‍ നിന്ന് തിരിയാന്‍ സമയവുമില്ല. പിന്നെ ദൈവനിശ്ചയമുണ്ടെങ്കില്‍ അത് പോലെ നടക്കും. പിന്നെ എന്റെ അനിയനും ഭാര്യയും അവര്‍ അബുദാബിയില്‍ ഐടി സെക്ടറില്‍ ജോലി ചെയ്യുവാണ്. അവര്‍ അവിടെ ജോലി രാജിവെച്ച് 6 മാസം കഴിയുമ്പോള്‍ ഈ ബിസിനസ് കോഴിക്കോട് ആരംഭിക്കാന്‍ പോവുകയാണ്.  

അപ്പോള്‍ ഇനി തിരികെ യുകെയിലേക്ക് പോകാന്‍ പ്ലാന്‍ ഉണ്ടോ?

യുകെയിലാണ് എന്റെ ഫാമിലി ഉള്ളത്. ഭാര്യ സ്റ്റെല്ല ജോര്‍ജീറ്റ് ഹോസ്പിറ്റല്‍ വാര്‍ഡ് മാനേജറായി ജോലി ചെയ്യുന്നു. മക്കള്‍ 2 പേരും പാരിസിലാണ്. പിന്നെ എനിക്ക് ഇപ്പോഴും അവിടെ ജോലി ഉണ്ട്. പ്രൈമാര്‍ക്ക് എന്ന ലോജിസ്റ്റിക്‌സ് കമ്പനിയില്‍ ലോജിസ്റ്റിക്‌സ് മാനേജരായാണ് ഞാന്‍ അവിടെ വര്‍ക്ക് ചെയ്യുന്നത്. 

ഈ സംരംഭത്തിന് വീട്ടുകാരുടെ പ്രോത്സാഹനം ഒക്കെ ഉണ്ടോ?

അതാണ് രസം. ഇവിടെ വരുന്നവര്‍ക്കും എന്റെ അയല്‍ക്കാര്‍ക്കും കസ്റ്റമേഴ്‌സിനുമെല്ലാം ഞാന്‍ ചെയ്യുന്നത് വലിയ കാര്യമാണ്. എന്നാല്‍ എന്റെ അമ്മച്ചിക്കും സഹോദരങ്ങള്‍ക്കും ഇത് ഇഷ്ടമല്ല. അവിടുന്ന് വന്നു ഇറച്ചിയും വിറ്റു നടക്കുവാ എന്നുള്ള പരിഭവമാണ് അവര്‍ക്ക്. 

ഈ സോഷ്യല്‍ മീഡിയ ബന്ധങ്ങള്‍ എങ്ങനെ 'റിയല്‍ ലൈഫില്‍' മാനേജ് ചെയ്യുന്നു?

ഞാന്‍ ഈ ബന്ധങ്ങള്‍ അങ്ങ് ആസ്വദിക്കുകയാണ്. സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട എന്റെ ചേട്ടന്മാരും  അനിയന്മാരും അനിയത്തിമാരുമൊക്കെ ഇടക്കിടക്ക് ഇവിടെ വരാറുണ്ട്. എനിക്ക് സമ്മാനങ്ങള്‍ തരാറുണ്ട്. അതൊക്കെ വലിയ സന്തോഷമാണ്. ഇവിടുന്ന് ഇറച്ചി ,മേടിച്ചിട്ട് അത് പാചകം ചെയ്ത് എനിക്ക് കൊടുത്തയയ്ക്കുന്ന അമ്മച്ചിമാരുണ്ട്. ഈ സ്‌നേഹമൊക്കെ കാണുമ്പോഴാണ് ഇംഗ്ലണ്ടിലേക്ക് തിരികെ പോകണോ എന്ന് ആലോചിക്കുന്നത്.  
  
പിന്നെ എനിക്ക് 2 നമ്പര്‍ ഉണ്ട്. ഒന്നിവിടുത്തെ കാര്യത്തിന്, രണ്ടാമത്തേത് യുകെ നമ്പറാണ്. അത് രാത്രി 10 തൊട്ട് 12 വരെ മാത്രം ഓണ്‍ ആക്കും. തിരുവനന്തപുരത്ത് ആര്‍ക്കെങ്കിലും എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ അതിലേക്ക് വിളിക്കാം. അതായത് ഒരു 2 ദിവസത്തിനുള്ളില്‍ ഒരു കസ്റ്റമൈസ്ട് കേക്ക് വേണം, അല്ലെങ്കില്‍ ഒരു ഡ്രൈവറിനെ വേണം അല്ലെങ്കില്‍ ഒരു പെയിന്റെറിനെ വേണം, അല്ലെങ്കില്‍ പ്രായമായ അപ്പച്ചനേം അമ്മച്ചിയേയും കൊണ്ട് ആശുപത്രിയില്‍ കൊണ്ടുപോകാന്‍ വണ്ടിയോ ഡ്രൈവറോ വേണമെന്നുണ്ടെങ്കില്‍ ഞാന്‍ ശരിയാക്കി കൊടുക്കും. അങ്ങനെയും ചില കാര്യങ്ങള്‍ ഇതിന്റെ ഇടയില്‍ കൂടി നടത്തുന്നു. 

ടെറന്‍സ് മൈക്കിള്‍
മൊബൈല്‍: 7306658532
                         +447451025791 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.