Sections

പരിഹാസത്തിൽ തളർന്നില്ല; കഠിനാധ്വാനം ചെയ്യാൻ തയ്യാറായിരുന്നു സ്വന്തം കഴിവിനെ വിശ്വസിച്ച് 0 രൂപ ഇൻവെസ്റ്റിൽ ചാനൽ തുടങ്ങിയ അർച്ചന

Wednesday, Mar 09, 2022
Reported By Jeena S Jayan
archana dev

പ്രത്യേകിച്ച് പ്രത്യേകതകളൊന്നും പറയാനില്ലാത്ത ഒരു സാധാരണ മലയാളി കുടുംബത്തിലെ അംഗമാണ് അര്‍ച്ചന അമ്മയ്ക്കും അച്ഛനും സഹോദരനുമൊപ്പം സന്തോഷം നിറഞ്ഞ ജീവിതം.അവിടെ നിന്ന് ഒരു യൂട്യൂബര്‍ എന്ന നിലയിലേക്ക് വളരുമ്പോഴും അര്‍ച്ചനയ്ക്ക് വലിയ മാറ്റം ഒന്നും സംഭവിച്ചിട്ടില്ല.എപ്പോഴും പുഞ്ചിരിക്കുന്ന ഒരു സാധാരണ നാട്ടിന്‍പുറത്തുകാരി പെണ്‍കുട്ടി.

 

ആര്‍ട്ട് ആന്റ് ആര്‍ട്ട് ഒണ്‍ലി...അര്‍ച്ചന ദേവിന്റെ ആര്‍ട്ട് ലോകം തികച്ചും വ്യത്യസ്തമാണ്.ഒരിക്കലും വിരസത സമ്മാനിക്കാതെ ഫ്രഷ്‌നെസ് നിറയ്ക്കാനും പുഞ്ചിരിയോടെ മാനുഷിക മൂല്യങ്ങള്‍ പ്രേക്ഷകരിലേക്ക് പകരാനും കഴിയുന്നൊരു യൂട്യൂബ് ചാനല്‍ ആണ് അര്‍ച്ചന തന്റെ പേരിലുള്ള ചാനലിലൂടെ പ്രാവര്‍ത്തികമാക്കുന്നത്.

പ്രത്യേകിച്ച് പ്രത്യേകതകളൊന്നും പറയാനില്ലാത്ത ഒരു സാധാരണ മലയാളി കുടുംബത്തിലെ അംഗമാണ് അര്‍ച്ചന അമ്മയ്ക്കും അച്ഛനും സഹോദരനുമൊപ്പം സന്തോഷം നിറഞ്ഞ ജീവിതം.അവിടെ നിന്ന് ഒരു യൂട്യൂബര്‍ എന്ന നിലയിലേക്ക് വളരുമ്പോഴും അര്‍ച്ചനയ്ക്ക് വലിയ മാറ്റം ഒന്നും സംഭവിച്ചിട്ടില്ല.എപ്പോഴും പുഞ്ചിരിക്കുന്ന ഒരു സാധാരണ നാട്ടിന്‍പുറത്തുകാരി പെണ്‍കുട്ടി.


അര്‍ച്ചന ദേവ് ക്രാഫ്റ്റ് വീഡിയോകളുടെ പേരില്‍ വളരെ പ്രശസ്തമായികൊണ്ടിരിക്കുകയാണല്ലോ എങ്ങനെയാണ് ഇത്തരത്തിലൊരു ഐഡിയയിലേക്ക് എത്തുന്നത് ?

അര്‍ച്ചന ദേവ് എന്ന ചാനല്‍ തുടങ്ങിയപ്പോള്‍ തന്നെ ആര്‍ട്ടുമായി ബന്ധമുള്ള വിഷയങ്ങള്‍ അവതരിപ്പിച്ചുകൊണ്ടാണ് തുടങ്ങിയത് പിന്നീടാണ് വ്ളോഗ് ഒക്കെ ചെയ്യുന്നത്.പണ്ട് തൊട്ടെ ആര്‍ട്ടിനോടും ക്രാഫ്റ്റിനോടും വലിയ താല്‍പര്യമുണ്ട്.ആ ഇഷ്ടം തന്നെയാണ് ചാനല്‍ തുടങ്ങിയപ്പോഴും ആ മേഖല തന്നെ തെരഞ്ഞെടുക്കാനുള്ള കാരണം.തുടക്കത്തില്‍ ബോട്ടില്‍ ആര്‍ട്ടുകളാണ് ചെയ്തിരുന്നത്.പല തരത്തിലും വിധത്തിലുമുള്ള ബോട്ടില്‍ വര്‍ക്കുകള്‍ കഴിഞ്ഞശേഷമാണ് ചെറിയ ക്രാഫ്റ്റ് അതായത് മിനിയേച്ചര്‍ ക്രാഫ്റ്റിലേക്ക് തിരിയുന്നത്.

എങ്ങനെയാണ് വീഡിയോയ്ക്ക് വേണ്ട മുന്നൊരുക്കങ്ങള്‍ നടത്തുന്നത് ?

ശരിക്കും വലിയ മുന്നൊരുക്കങ്ങളൊന്നും എന്റെ ഭാഗത്ത് നിന്ന് വീഡിയോയ്ക്ക് മുമ്പ് ഉണ്ടാകാറില്ലെന്നതാണ് സത്യം.വീഡിയോയ്ക്കു ഒരാഴ്ച മുന്‍പൊക്കെ ചെയ്യേണ്ട വിഷയം സെറ്റ് ചെയ്തു വെയ്ക്കും.എന്റെ ചാനലില്‍ ദിവസേന വീഡിയോ അപ്ലോഡ് ചെയ്യുന്നുണ്ട്.അതുകൊണ്ട് തന്നെ ഈ വിഷയം ഈ ദിവസത്തേക്കുള്ളതാണെന്ന് മുന്‍കൂട്ടി തീരുമാനിച്ചില്ലെങ്കില്‍ പണിപാളും.അതു മാത്രമാണ് ആകെയുള്ള മുന്നൊരുക്കം.ഉദാഹരണത്തിന് ഇന്ന് ഞാനൊരു ഫ്രിഡ്ജ് ആണ് ചെയ്യുന്നതെങ്കില്‍ അതിന്റെ നാലഞ്ച് ഫോട്ടോസ് എടുത്ത് വെച്ചിട്ട് ഏത് രീതിയില്‍ ചെയ്യാം ? എങ്ങനെ ചെയ്താല്‍ ഭംഗിയുണ്ടാകും ? എന്നൊക്കെ പ്ലാന്‍ ചെയ്യും.ഒര്‍ജിനലിനോട് അടുത്ത് നില്‍ക്കാന്‍ എന്തൊക്കെ ചെയ്യാന്‍ പറ്റുമോ അതൊക്കെ ചെയ്യും.എപ്പോഴും ഞാന്‍ എന്റെ വര്‍ക്കുകളില്‍ വേസ്റ്റ് മെറ്റീരിയലുകളാണ് കൂടുതല്‍ ഉപയോഗിക്കുന്നത്.കാശ് ഒരുപാട് മുടക്കാന്‍ ശ്രമിക്കാറില്ല പരമാവധി ചുറ്റുപാടിലുമുള്ള മെറ്റീരിയലുകള്‍ ഉപയോഗിക്കാനാണ് എപ്പോഴും ശ്രദ്ധിക്കുന്നത്.

എങ്ങനെയാണ് വീഡിയോയ്ക്ക് വേണ്ട ടോപ്പിക്കുകള്‍ കണ്ടെത്തുന്നത് ?

ടോപ്പിക്കുകള്‍ ശരിക്കും നമ്മുടെ കണ്ണ് മുന്നില്‍ തന്നെ ഉണ്ടല്ലോ.എന്ത് ക്രാഫ്റ്റ് ചെയ്യും എന്നാലോചിക്കുന്നത് തന്നെ നമ്മുക്ക് മുന്നിലുള്ള അല്ലെങ്കില്‍ കാണുന്ന ഏതെങ്കിലും ഒന്നില്‍ നിന്നാകും.ഇപ്പോ ഉദാഹരണത്തിന് ബിരിയാണി കഴിച്ചുകൊണ്ടിരിക്കുമ്പോ വിചാരിക്കും എന്നാല്‍ അടുത്ത വീഡിയോയില്‍ ബിരിയാണി ഉണ്ടാക്കാം,അല്ലെങ്കില്‍ ടിവി കാണുമ്പോള്‍ വിചാരിക്കും എന്നാല്‍ ടിവി മോഡല്‍ ഉണ്ടാക്കിയേക്കാം.ആര്‍ട്ടിന് അത്തരത്തിലൊരു പ്രത്യേകതയുണ്ടല്ലോ.നമുക്ക് എന്തും ആര്‍ട്ടാക്കി റീക്രിയേറ്റ് ചെയ്യാം.എന്റെ വീഡിയോകളില്‍ കാഴ്ചകളാണ് എപ്പോഴും വിഷയമായി മാറുന്നത്.


എന്തായിരുന്നു യൂട്യൂബ് ചാനല്‍ തുടങ്ങുമ്പോള്‍ ഉണ്ടായ പ്രതീക്ഷ ?


അനിയനാണ് ചാനല്‍ തുടങ്ങിയാലോ എന്ന് ആദ്യം പറയുന്നത്.ഒരു പ്രതീക്ഷയോടെയുമല്ല ചാനല്‍ തുടങ്ങിയത്.അര്‍ച്ചന എന്നൊരാള്‍ ഉണ്ടെന്നോ ഇങ്ങെനെ വീഡിയോ ചെയ്യുന്നുണ്ടോ എന്നൊന്നും ആര്‍ക്കും അറിയില്ല.അതുകൊണ്ട് തന്നെ അടിത്തറ ഇടാനായിരുന്നു ബുദ്ധിമുട്ട്.എല്ലാവരും കാണണം എന്നാഗ്രഹമുണ്ടായിരുന്നു പക്ഷെ നമ്മളെ ആര്‍ക്കും അറിയില്ലല്ലോ,എന്നാലും ഹാര്‍ഡ് വര്‍ക്ക് ചെയ്യാന്‍ റെഡിയായിരുന്നു ആ ഒറ്റ ബലത്തിലാണ് ചാനല്‍ തുടങ്ങിയതും.

ആദ്യ വീഡിയോ പുറത്തുവന്നപ്പോള്‍ തോന്നിയത് ?

ആദ്യ വീഡിയോ പുറത്തുവന്നപ്പോള്‍ വലിയ പ്രതീക്ഷയൊന്നും ഉണ്ടായിരുന്നില്ല.അടുത്ത സുഹൃത്തുക്കളോടും ബന്ധുക്കളോടും ഒക്കെ ചാനല്‍ സബ്സക്രൈബ് ചെയ്യാന്‍ ആവശ്യപ്പെട്ടിരുന്നു.അവരൊക്കെ കണ്ടു അര്‍ച്ചനയ്ക്ക് ഇത്തരം കഴിവുകളൊക്കെ ഉണ്ടായിരുന്നുവോ എന്നൊക്കെ ചോദിക്കുകയും പ്രോത്സാഹിപ്പിക്കുയും ചെയ്തു അതിനപ്പുറത്തേക്ക് വലുതായൊന്നും സംഭവിച്ചില്ല.എനിക്ക് ഇപ്പോഴും ഓര്‍മ്മയുണ്ട് ബന്ധുക്കളും പരിചയക്കാരുമായി നൂറോ നൂറ്റമ്പത് പേരോ ഉണ്ടാകും അവരാണ് തുടക്കത്തില്‍ എന്റെ പ്രേക്ഷകരായി ഉണ്ടായിരുന്നത്.


ഫാമിലിയില്‍ നിന്നും ഫ്രണ്ട്സില്‍ നിന്നുമുള്ള പ്രോത്സാഹനം തുടക്കത്തില്‍ എങ്ങനെയായിരുന്നു ? ഇപ്പോള്‍ എങ്ങനെയാണ് ?

കുടുംബത്തിന്റെ സപ്പോര്‍ട്ട് എപ്പോഴുമുണ്ട്.ആദ്യമേ പറഞ്ഞല്ലോ അനിയന്‍ അനില്‍ ദേവാണ് ചാനല്‍ തുടങ്ങാനുള്ള കാരണം തന്നെ.അച്ഛന്‍ ശിവാനന്ദനും അമ്മ ഓമന ശിവാനന്ദനും എപ്പോഴും കട്ടസപ്പോര്‍ട്ട് തന്നെ. എല്ലാകാര്യത്തിനും കൂടെ നില്‍ക്കാറുണ്ട് യൂട്യൂബ് ചാനല്‍ എന്ന് പറഞ്ഞപ്പോഴും അവര്‍ കൂടെ നിന്നു ഇന്നും അതിനൊരു മാറ്റവുമില്ല.

തുടക്കത്തില്‍ എന്റെ വീഡിയോകളൊന്നും സുഹൃത്തുക്കള്‍ അധികം കണ്ടിരുന്നില്ല.പിന്നീട് ഷെയര്‍ ചെയ്തും മറ്റും ഒക്കെയാണ് കൂടുതല്‍ പേരിലേക്കെത്തുന്നത്.ആദ്യ കാലത്ത് കളിയാക്കാനും ഒരുപാടുപേരുണ്ടായിരുന്നു.പ്രത്യേകിച്ച് 'കുപ്പി പെറുക്കി' എന്നൊക്കെയുള്ള വിളിപ്പേരുകളുണ്ടായിരുന്നു,എന്തിന് സെല്‍ഫി സ്റ്റിക്ക് ഉപയോഗിച്ച് ആദ്യകാലത്ത് ഷൂട്ട് ചെയ്യുന്നത് പോലും പരിഹസിച്ചവരുണ്ട്..എനിക്ക് ഞാന്‍ ചെയ്യുന്ന പ്രവൃത്തിയോടും വര്‍ക്കിനോടും ബഹുമാനം ഉണ്ടായിരുന്നു.ഒപ്പം എന്റെ കുടുംബത്തിന്റെ ചേര്‍ത്തു നിര്‍ത്തലും മതിയായിരുന്നു അതുകൊണ്ട് ഇത്തരം കളിയാക്കലുകളൊന്നും ചെറിയ വിഷമം പോലും ഉണ്ടാക്കിയിട്ടേയില്ല.ഏറ്റവും രസകരമായി തോന്നിയത് ഈ കളിയാക്കവരൊക്കെ ഇപ്പോള്‍ അഭിനന്ദിക്കുന്നു എന്നതാണ്.മനസില്‍ വിജയിച്ച ഒരു ഫീലാണ് ഇത്തരം സന്ദര്‍ഭങ്ങളൊക്കെ

ക്രാഫ്റ്റ്സ് ആന്റ് ആര്‍ട്ടിനൊപ്പം വ്ലോഗും ചെയ്യുന്നുണ്ടല്ലോ ? എങ്ങനെയാണ് രണ്ടു ചാനലും മാനേജ് ചെയ്യുന്നത് ?

ആര്‍ട്ട് ചാനലില്‍ ദിവസേന വീഡിയോ ചെയ്യുന്നുണ്ട്.പിന്നെ അര്‍ച്ചന ദേവ് വ്‌ളോഗ്‌സ് എന്ന പേരില്‍ വ്ളോഗും ഉണ്ട് പക്ഷെ സ്വകാര്യതയിലേക്കുള്ള അമിതമായ കടന്നുകയറ്റമൊന്നും ഞാന്‍ താല്‍പര്യപ്പെടുന്നില്ല.അതുകൊണ്ട് കഴിയുന്നത് രസകരമായി തന്നെ വ്ളോഗ് രൂപത്തില്‍ അവതരിപ്പിക്കാന്‍ ശ്രമിക്കുകയാണ് ചെയ്യുന്നത്.രണ്ടു ചാനലും കൃത്യമായ പ്ലാനിംഗോടെയാണ് മുന്നോട്ട് കൊണ്ടു പോകുന്നത്.വീഡിയോകളുടെ ഏകദേശ ഐഡിയ നേരത്തെ പറഞ്ഞതു പോലെ ഒരാഴ്ച മുന്നെയൊക്കെ മനസില്‍ പ്ലാന്‍ ചെയ്തു വെക്കും അതുകൊണ്ട് ഷൂട്ടിംഗ് ടൈമിലൊന്നും വലിയ ബുദ്ധിമുട്ട് സംഭവിക്കാറില്ല.

ഇത്തരത്തിലുള്ള ആര്‍ട്ട് വര്‍ക്കുകള്‍ ചെയ്യാന്‍ കഴിവുണ്ടെന്ന് തോന്നി തുടങ്ങിയത് എപ്പോഴാണ് ?

മൂന്നു വര്‍ഷം മുന്നെ ഒരു നേരംപോക്കിന് ഞാന്‍ ചെയ്തൊരു ബോട്ടില്‍ ആര്‍ട്ട് കണ്ടപ്പോള്‍ അനിയനാണ് ആദ്യം ഇത് കൊള്ളാലോ എന്ന് പറഞ്ഞത്.പിന്നെ അവന്‍ തന്നെയാണ് ഇത്പോലെ ചെയ്ത് യൂട്യൂബില്‍ അപ്ലോഡ് ചെയ്താലോ എന്ന് ചോദിച്ചതും.ആളുകള്‍ കളിയാക്കിയാലോ എന്നൊക്കെ സംശയിച്ചെങ്കിലും അവന്‍ തന്ന ധൈര്യം വലുതായിരുന്നു.അങ്ങനെ ഒന്ന് രണ്ട് വീഡിയോകള്‍ ചെയ്തു.തുടങ്ങാനുള്ള ബുദ്ധിമുട്ട് മാത്രമല്ലെ എപ്പോഴുമുണ്ടാകു പിന്നെ അതൊരു ആവേശം ആയി മാറി.അടുത്തെന്ത് ചെയ്യും എന്നരീതിയില്‍ അത് വളര്‍ന്നു.ആളുകള്‍ കൂടുതല്‍ നല്ല അഭിപ്രായം പറയുന്നതിനൊപ്പം ചെയ്യാനുള്ള താല്‍പര്യം കൂടി കൂടി വന്നു.

എനിക്ക് ഏറ്റവും കൂടുതല്‍ കമന്റ്സ് ആദ്യം കിട്ടുന്നത് ഒരു ആന്റിക് ഫോണ്‍ കുപ്പി ഉപയോഗിച്ച് ഉണ്ടാക്കിയതിനാണ്.സാധാരണ വരകള്‍ക്കു പകരം കുപ്പിയാണെന്ന് പോലും തോന്നിപ്പിക്കാത്ത തരത്തിലുള്ള ആര്‍ട്ട് വര്‍ക്കുകളാണ് ഞാന്‍ ബോട്ടിലുകളില്‍ ചെയ്തിരുന്നത് അത് ഒരുപാട് പേര്‍ക്ക് ഇഷ്ടമായി.ഇത്തരം നല്ല കമന്റുകളിലൂടെയുള്ള പ്രോത്സാഹനം വെറൈറ്റിയായിട്ടുള്ള പലതരം ക്രാഫ്റ്റുകളും കുപ്പിയില്‍ പൂര്‍ത്തിയാക്കാന്‍ സഹായിച്ചു.

ലോകത്തില്‍ എന്തും ചെയ്യാന്‍ സാധിക്കുന്ന ഒരു മേഖലയാണ് എന്റെ അഭിപ്രായത്തില്‍ ആര്‍ട്ട് അവിടെ ഒന്നിനും വിലക്കില്ല.ആവര്‍ത്തന വിരസത ഒഴിവാക്കാന്‍ ഞാന്‍ എന്റെ വീഡിയോകളില്‍ ശ്രമിക്കാറുണ്ട്.അത് എനിക്ക് തന്നെ അരോചകമാണ്.തുടക്കത്തില്‍ ബോട്ടിലുകളില്‍ മാത്രമായിരുന്നു ക്രാഫ്റ്റൊക്കെ.അത് മികച്ച രീതിയില്‍ ആളുകള്‍ ഏറ്റെടുത്തപ്പോള്‍ തന്നെ തല്‍ക്കാലത്തേക്ക് ഞാന്‍ അത്തരം ബോട്ടില്‍ വര്‍ക്കൊക്കെ നിര്‍ത്തി.എനിക്ക് തന്നെ ബോറടിച്ചു തുടങ്ങിയപ്പോള്‍ മികച്ച സമയത്ത് അവസാനിപ്പിച്ച് മറ്റെന്തെങ്കിലും ശ്രമിക്കാം എന്ന് തീരുമാനിക്കുകയായിരുന്നു.അങ്ങനെയാണ് മിനിയേച്ചര്‍ ക്രാഫ്റ്റിലേക്ക് ശ്രദ്ധപതിപ്പിക്കുന്നത്.ഇനി അതിലും ആവര്‍ത്തനം ഫീല്‍ചെയ്താല്‍ മറ്റെന്തെങ്കിലും ചെയ്യും.അങ്ങനെ സഞ്ചരിക്കാനാണ് എനിക്കിഷ്ടം.


വരുമാനം എന്ന രീതിയില്‍ മുന്നോട്ടു കൊണ്ടുപോകാന്‍ സാധിക്കുന്നുണ്ടോ ?
അതോ എന്‍ജോയ്മെന്റിന് വേണ്ടി ചെയ്യുന്നതാണോ ?

വരുമാനം മാത്രമല്ല എനിക്ക് ആര്‍ട്ടും ക്രാഫ്റ്റും ഒക്കെ ചെയ്യുമ്പോള്‍ ലഭിക്കുന്ന വലിയ സന്തോഷം പ്രധാന ഘടകം ആണ്.ഒരു രൂപ പോലും വരുമാനം ചാനലില്‍ നിന്ന് ലഭിക്കാത്ത കാലത്ത് പോലും നിരന്തരമായി ഞാന്‍ വീഡിയോകള്‍ ചെയ്തിരുന്നു.വരുമാനം എന്നതിലുപരി പാഷന്‍ എന്നൊരു കാര്യമുണ്ടല്ലോ.പലരും വൈകിയാകും എന്താണ് തനിക്ക് ഇഷ്ടം എന്ന് തിരിച്ചറിയുന്നത് പോലും.ഞാന്‍ എംകോമിന് പഠിക്കുന്ന സമയത്താണ് ചാനല്‍ തുടങ്ങുന്നത്.ഫൈനല്‍ ഇയര്‍ കാലമായപ്പോഴാണ് ചാനലില്‍ നിന്ന് കാശൊക്കെ കിട്ടി തുടങ്ങുന്നത്.ഇന്ന് ഇതൊരു വരുമാനം എനിക്ക് തരുന്നുണ്ടെങ്കിലും അതിനപ്പുറം ഒരുപാട് ഇഷ്ടത്തോടെയാണ് ഞാന്‍ എന്റെ വര്‍ക്കുകള്‍ ചെയ്യുന്നത്.


എന്താണ് ചാനലിന്റെ ഫ്യുച്ചര്‍ ?

ചാനല്‍ ഇങ്ങനെ തന്നെ എന്നെകൊണ്ട് കഴിയുന്ന രീതിയില്‍ മികച്ചതാക്കി മുന്നോട്ടു കൊണ്ടുപോകണം.അര്‍ച്ചന ദേവ് എന്നൊരു കുട്ടിയുണ്ട് അയാള്‍ ആര്‍ട്ട് വര്‍ക്കൊക്കെ ഇത്തരത്തില്‍ ചെയ്യുന്നുണ്ടെന്ന് കൂടുതല്‍ പേര്‍ അറിയണം എന്നാഗ്രഹമുണ്ട്.ഇപ്പോള്‍ ചെയ്യുന്നതില്‍ നിന്നും വ്യത്യസ്തമായി കുറച്ചുകൂടി പ്രസക്തിയുളള വിഷയങ്ങള്‍ ആര്‍ട്ടിലൂടെ അവതരിപ്പിക്കണം എന്ന ചിന്തയുണ്ട്.സമൂഹത്തിനും എന്നെകൊണ്ട് ഉപകാരം ഉണ്ടാകണം എന്ന് അതിയായ ആഗ്രഹമുണ്ട് അതിന് ഞാന്‍ എന്റെ ചാനല്‍ ഉപയോഗപ്പെടുത്തും.

ആരാണ് അര്‍ച്ചന ? ഫാമിലി ? സ്വദേശം ? പഠനം ? ചുറ്റുപാട് ?

അര്‍ച്ചന ഒരു സാധാരണ പെണ്‍കുട്ടിയാണ്.ആലപ്പുഴയിലെ നെഹ്റു ട്രോഫിയാണ് സ്വദേശം.അച്ഛന്‍ ശിവാനന്ദന്‍,പോസ്റ്റ്മാസ്റ്റര്‍ ആയി വിരമിച്ചു.അമ്മ ഓമന അടുത്തൊരു ബേക്കറിയില്‍ പോകുന്നു.അനിയന്‍ അനില്‍ ദേവ്,ബോട്ട് ഓടിക്കുന്നു.ഇതൊക്കെയാണ് എന്റെ ലോകം ഞാന്‍ പിജി ഫൈനല്‍ ഇയര്‍ സ്റ്റുഡന്റാണ് നിലവില്‍ മറ്റ് വരുമാനമൊന്നുമില്ല.

സീറോ ഇന്‍വെസ്റ്റില്‍ ഒരു ചാനല്‍ സാധ്യമാണ് എന്നതിന് മികച്ച തെളിവാണ് അര്‍ച്ചന ദേവ് 

ശരിക്കും ചാനല്‍ റീച്ച് ചെയ്യാനുള്ള ഒരു കാരണം ആയി എനിക്ക് തോന്നുന്നത് ഞാന്‍ എല്ലായിപ്പോഴും വേസ്റ്റ് മെറ്റീരയലുകള്‍ ഉപയോഗിച്ചാണ് വര്‍ക്ക് ചെയ്യുന്നത്.പലരും സാധനങ്ങളൊക്കെ വാങ്ങാന്‍ കാശില്ലാ,അല്ലെങ്കില്‍ കിട്ടാനില്ല അതുകൊണ്ട് ഞങ്ങള്‍ക്ക് ചെയ്യാന്‍ സാധിക്കില്ലെന്ന് പരാതിപ്പെടുന്നത് കേള്‍ക്കാറുണ്ട്.പക്ഷെ ഒരു രൂപ പോലും ചെലവാക്കാതെ നമുക്ക് ചുറ്റിലുമുള്ള പല ഉപയോഗശൂന്യമായ വസ്തുക്കള്‍ കൊണ്ടും വര്ക്ക് ചെയ്യാം എന്ന് തിരിച്ചറിയാന്‍ എന്റെ ചാനല്‍ ഒരു കാരണമായി മാറിയിരിക്കാം.

എനിക്ക് ആര്‍ട്ട് വര്‍ക്ക് ചെയ്യാന്‍ സാധനങ്ങള്‍ വാങ്ങാനുള്ള പണം ഒന്നും ഉണ്ടായിരുന്നില്ല.പഠിക്കുന്ന സമയത്താണ് ഞാന്‍ ചാനല്‍ തുടങ്ങുന്നത്.അപ്പോള്‍ എനിക്കാകെയുള്ള മാര്‍ഗ്ഗം കാശുചെലവാക്കാതെ എങ്ങനെ ആര്‍ട്ട് ചെയ്യാം എന്നു ചിന്തിക്കുക മാത്രമായിരുന്നു.കുറച്ച് കഷ്ടപ്പെട്ട് ക്രിയേറ്റീവായി ചിന്തിച്ചാല്‍ എന്തും നമുക്ക് സാധിക്കും.തുടക്കത്തില്‍ പലതും ചെയ്യുമ്പോള്‍ അത്രമാത്രം പെര്‍ഫെക്ഷന്‍ കിട്ടാതെ വരുകയും പാളിപ്പോകുന്നതും ഒക്കെ എനിക്കും സംഭവിച്ചിട്ടുണ്ട്.തെറ്റുകളില്‍ വിഷമിക്കാതെ അതു തിരുത്തി വിജയിപ്പിക്കാന്‍ ശ്രമിച്ചുകൊണ്ടെയിരിക്കും.

ജീവിതത്തില്‍ നമുക്ക് പകര്‍ത്താന്‍ സാധിക്കുന്ന ഒരുപാട് വിജയമന്ത്രങ്ങള്‍ തന്റെ ചാനലില്‍ മറ്റൊരു ഭാവത്തിലും രൂപത്തിലും പകര്‍ന്നു നല്‍കുകയാണ് അര്‍ച്ചന ദേവ്.കഠിനാധ്വാനവും ചെയ്യുന്ന ജോലിയോടുള്ള ബഹുമാനവും കുടുംബത്തിന്റെ സപ്പോര്‍ട്ടും അര്‍ച്ചനയിലെ ആര്‍ട്ടിസ്റ്റിനെ കൂടുതല്‍ രാകിയെടുത്തുകൊണ്ടയെരിക്കുന്നു.

ഫെയ്‌സ്ബുക്ക് : https://www.facebook.com/profile.php?id=100014525205512
യൂട്യൂബ് ചാനല്‍ അര്‍ച്ചന ദേവ് : https://www.youtube.com/c/ARCHANADEV/videos
 അര്‍ച്ചന ദേവ് വ്‌ളോഗ്‌സ് : https://www.youtube.com/channel/UCenasTRVYjjxvw2C4s6YQPQ


 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.