Sections

15-ാം വയസില്‍ കാഴ്ച നഷ്ടമായി; ഇന്ന് ഫുഡ് ബിസിനസില്‍ വിജയം തൊട്ട് ഗീത

Thursday, Jan 27, 2022
Reported By Jeena S Jayan
geetha

ഗീതാസ് ഹോം ടു ഹോം..ഇന്ന് ഒരു പക്ഷെ നിങ്ങളില്‍ പലര്‍ക്കും പരിചിതമായിരിക്കാം.പതിനഞ്ചാം വയസില്‍ കാഴ്ച നഷ്ടപ്പെട്ടു പോയൊരു പെണ്‍കുട്ടിയാണ് ഈ ഉദ്യമത്തിനു പിന്നിലെന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ സാധിക്കുമോ ?

 

 

ജീവിതത്തിലേക്ക് കടക്കുന്നതിന് മുന്‍പ് തന്നെ കാഴ്ച മുറിഞ്ഞു പോയ ഒരു പെണ്‍കുട്ടി ഇരുട്ടില്‍ തപ്പിതടഞ്ഞ് വീഴാതെ സ്വന്തം പാത കണ്ടെത്തി അവിടെ വെളിച്ചം വിതറി ഇന്ന് ലോകത്തിന് തന്നെ അത്ഭുതമായി മാറുന്നു.കേരളത്തിന്റെ സാംസ്‌കാരിക നഗരമായ തൃശൂരില്‍ നിന്ന് സംരംഭക ലോകത്ത് മാജിക്കുകള്‍ സൃഷിടിക്കുന്ന ഗീത സലീഷ്...

ഏഴാംക്ലാസില്‍ പഠിക്കുമ്പോഴാണ് ഗീതയ്ക്ക് കാഴ്ച ശക്തി നഷ്ടമായി തുടങ്ങുന്നത്.പഠനത്തില്‍ മിടുക്കിയായിരുന്ന ഗീതയ്ക്ക് കാഴ്ച തകരാറുകളൊന്നും തന്നെ
തളര്‍ത്താനുള്ള കാരണമായിരുന്നില്ല.പത്താം ക്ലാസില്‍ സ്‌ക്രൈബ് സഹായത്താല്‍ പരീക്ഷയെഴുതി.പിന്നീട് ബ്രയില്‍ ലിപി പഠിക്കുന്നതിന് പോത്തനിക്കാട് റീഹാബിലിറ്റേഷന്‍ സെന്ററില്‍ ചേര്‍ന്നു .അവിടെ നിന്നും ബുക്ക് ബൈന്റ്' ഉള്‍പ്പെടെ പലതിലും നിര്‍മ്മാണ വൈദഗ്ദ്യം നേടി.പിന്നീട് കേരള വര്‍മ്മ  കോളേജില്‍ പ്രീഡിഗ്രി യ്ക്ക് ചേര്‍ന്നു.പൊളിറ്റിക്‌സില്‍ ബിരുദം നേടി.ബ്രെയിലി ലിപിയില്‍ പഠനം തുടര്‍ന്ന് ബിരുദം വരെ സ്വന്തമാക്കി.ഭര്‍ത്താവ് സലീഷിന്റെ പിന്തുണ കൂടിയായപ്പോഴാണ് ഗീതയുടെ സംരംഭക മോഹം പൂവണിഞ്ഞത്.
 

തൃശൂരില്‍ 2011ല്‍ ഫ്‌ളോറ എന്ന പേരില്‍ ഒരു ഓര്‍ഗാനിക് റസ്റ്റോറന്റ് നടത്തിയി കൊണ്ടാണ് ഗീത ബിസിനസ് രംഗത്തേക്ക് കടക്കുന്നത് അപ്പോഴും എല്ലാ കാര്യങ്ങള്‍ക്കും കരുത്തായി ഭര്‍ത്താവ് സലീഷ് ഒപ്പം ഉണ്ടായിരുന്നു.ഓർഗാനിക്ക് ഫുഡുകൾ ഉൾപ്പെടുന്ന മെനുവിൽ സ്പെഷ്യൽ ഫുഡുകൾ ഒരുപാട് ഉണ്ടായിരുന്നു.
സമൂഹത്തിലെ പല മേഖലയിലുള്ളവരുടെ ഇഷ്ട ഇടമായി റെസ്റ്റോറന്റ് മാറിയ സമയത്താണ് മാസ്സ് പ്രൊഡക്ഷന്റെ അടിസ്ഥാന പാഠങ്ങൾ ഗീത മനസ്സിലാക്കിയത്. ഭക്ഷണ നിർമ്മാണത്തിന്റെ എല്ലാ മേഖലയും നേരിയ തോതിൽ  പരിചയപ്പെടാനും അറിയാനും സാധിച്ചു

ജൈവ പച്ചക്കറികളും വീട്ടില്‍ നിന്ന് ഉത്പാദിപ്പിച്ചെടുക്കുന്ന ചേരുവകളും ഒക്കെ ചേര്‍ത്തു തന്നെയായിരുന്നു റസ്റ്റോറന്റിലെ പാചകമൊക്കെ.അധികകാലം പക്ഷെ റസ്റ്റോറന്റ് പ്രവര്‍ത്തിപ്പിക്കാന്‍ ഗീതയ്ക്ക് സാധിച്ചില്ല.

വാടയ്ക്ക് എടുത്ത സ്ഥലം നഷ്ടമായതോടെ റസ്‌റ്റോറന്റ് പൂട്ടേണ്ട സ്ഥിതിയായി.എന്നാല്‍ ആദ്യ ബിസിനസിലൂടെ ലഭിച്ച അറിവ് ഗീതയ്ക്ക് പ്രചോദനമേല്‍കി.ഒരു ഓണ്‍ലൈന്‍ സംരംഭത്തിലേക്ക് കടക്കാന്‍ അവരെ സഹായിച്ചതും റസ്‌റ്റോറന്റ് നടത്തിപ്പിലുണ്ടായ പരിചയസമ്പത്ത് തന്നെയാണ്.മെഡിക്കല്‍ റെപ്രസന്റേറ്റീവായ ഭര്‍ത്താവ് സലീഷ് ഗീതയ്ക്ക് പ്രോത്സാഹനം കൂടി നല്‍കിയതോടെ ലോക്ക് ഡൗണ്‍കാലത്ത് ഗീത തന്റെ സംരംഭത്തിന് തുടക്കം കുറിച്ചു.

തുടക്കത്തില്‍ കാട കോഴി പോലുള്ളവയെ വളര്‍ത്തി മുട്ട വില്‍പ്പന നടത്തിയാണ് ഗീത സംരംഭക ലോകത്തേക്ക് എത്തിയത്.പിന്നീട് സഹോദരിയുടെ മഞ്ഞള്‍ കൃഷി കണ്ടാണ് പുതിയ ആശയം മനസില്‍ തെളിയുന്നത്.
വീട്ടില്‍ തന്നെയുണ്ടാക്കിയ നെയ്യ്,അച്ചാറുകള്‍ അടക്കം വളരെ ചുരുക്കം ചില ഉത്പന്നങ്ങളാണ് ആദ്യകാലത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഓണ്‍ലൈന്‍ വഴി വില്‍പ്പന നടത്തി തുടങ്ങിയത്.സമൂഹ മാധ്യമങ്ങളിലൂടെയാണ് വിപണനത്തിന് പ്രചാരം നല്‍കി പോന്നിരുന്നത്.പിന്നീട് പതിയെ ഉത്പന്നങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിച്ചു.

നെയ്യ്,അച്ചാര്‍ തുടങ്ങി പിന്നെ സൂപ്പര്‍ ഫുഡ് സപ്ലിമെന്റ് വരെ വില്‍ക്കുന്ന ഓണ്‍ലൈന്‍ ബിസിനസിന്റെ സ്ഥാപകയായിട്ടാണ് ഗീത ഇന്ന് അറിയപ്പെടുന്നത്.2020ലാണ് ഗീതാസ് ഹോം ടു ഹോം ആരംഭിക്കുന്നത്.

ഇക്കൂട്ടത്തില്‍ തന്നെ എടുത്തു പറയേണ്ട ഒന്നാണ് കുര്‍കു മീല്‍ എന്ന പ്രത്യേക ഉത്പന്നം ഗീതയുടെ കണ്ടെത്തലായ കുര്‍കു മീലിന് ഇന്ന് ഡിമാന്റ് കൂടുതലാണ്.എന്താണ് ഇതെന്ന് അറിയേണ്ടേ ?

പ്രസവ ശേഷം സ്ത്രീകള്‍ക്ക് മഞ്ഞള്‍ നല്‍കുന്ന പതിലുണ്ട്.ഇതിനെ കുറച്ചു കൂടെ മെച്ചപ്പെടുത്തി മഞ്ഞളിനൊപ്പം ഈന്തപ്പഴം,ബദാം,തേങ്ങാപ്പാല്‍,ശര്‍ക്കര എന്നിവ ചേര്‍ത്ത് ആണ് കുര്‍കു മീല്‍ തയ്യാറാക്കുന്നത്.ഏകദേശം മൂന്ന് വര്‍ഷത്തെ ഗവേഷണങ്ങള്‍ക്കൊടുവിലാണ് ഗീത ഈ ഉത്പന്നം വികസിപ്പിച്ചെടുത്തത്.മഞ്ഞളിലെ ബയോ ആക്ടീവ് സംയുക്തമായ കുര്‍ക്കുമിന്റെ എല്ലാ പോഷക ഗുണങ്ങളും അടങ്ങിയിട്ടുള്ള ഉത്പന്നത്തിന് മറ്റൊരു പേര് അന്വേഷിക്കേണ്ടി വന്നില്ല.നിലവില്‍ ഇന്ത്യയിലുടനീളം കുര്‍കു മീല്‍ ഉപഭോക്താക്കള്‍ ഗീതയ്ക്കുണ്ട്.500 ഗ്രാമിന്റെ ഒരു ബോട്ടിലിന് 600 രൂപയാണ് വില.

ചവന്യപ്രാശിന്റെ രൂപത്തില്‍ വിളമ്പുന്ന കുര്‍കു മീല്‍ പച്ചയായോ ചൂടുള്ള പാലില്‍ കലര്‍ത്തിയോ കഴിക്കാം.കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ക്ക് വരെ പ്രായഭേദമന്യേ ഇതെല്ലാവര്‍ക്കും നല്ലതാണ്.മഞ്ഞള്‍ കൊണ്ട് തയ്യാറാക്കിയതിനാല്‍ മറ്റ് ആരോഗ്യ പ്രശ്‌നങ്ങളുമില്ല.കശ്മീരില്‍ നിന്നു പോലും കുര്‍ക്കുമീലിന് ഓര്‍ഡര്‍ എത്തുന്നുണ്ടെന്ന് സന്തോഷത്തോടെ ഗീത പറയുന്നു.

കുര്‍ക്കു മീല്‍ പാനീയ രൂപത്തിലും ഗീത ഇപ്പോള്‍ എത്തിക്കുന്നുണ്ട്.ഇതിനെ കൂടാചെ നെയ്യ്,വിര്‍ജിന്‍ കോക്കനട്ട് ഓയില്‍ തുടങ്ങിയവയാണ് ഓണ്‍ലൈന്‍ വഴി ഗീത വില്‍പ്പന നടത്തുന്നത്.കുര്‍കു മീല്‍ വിജയമായതോടെ പ്രതിമാസം നല്ലൊരു തുക സമ്പാദിക്കാന്‍ ഗീതയ്ക്ക് സാധിക്കുന്നുണ്ട്.ഇടപാടുകള്‍ സുഗമമാക്കാന്‍ ഹോം ടു ഹോം എന്നൊരു വെബ്‌സൈറ്റും https://geethasfoods.com/ ആരംഭിച്ചിട്ടുണ്ട്.നിലവില്‍ വളരെ ചുരുക്കം ഉത്പന്നങ്ങള്‍ മാത്രമാണ് വില്‍പ്പന നടത്തുന്നത്.പക്ഷെ അവ നല്ല നിലവാരമുള്ള ജൈവ ചേരുവകള്‍ ഉപയോഗിച്ചാണ് നിര്‍മ്മിച്ചിരിക്കുന്നതെന്ന് ഗീത ഉറപ്പു നല്‍കുന്നു.ഉടന്‍ തന്നെ മഞ്ഞകൃഷിയിലേക്ക് കൂടി കടക്കാനുള്ള തയ്യാറെടുപ്പിലാണ് ഈ 39കാരി.

തന്റെ ആരോഗ്യസ്ഥിതിയും സാമ്പത്തിക പ്രതിസന്ധികളും ഒക്കെ കണ്ടറിഞ്ഞിട്ടും വേണ്ട വിധത്തില്‍ പരിഗണനയോ,സഹായമോ ഗീതയ്ക്ക് അധികൃതരില്‍ നിന്ന് ലഭിച്ചിട്ടില്ല.ഒരു വിധ സര്‍ക്കാര്‍ സ്‌കീമുകളോ,ധനസഹായ പദ്ധതികളോ ഇവരെ തേടിയെത്തിയിട്ടില്ല.നിലവില്‍ വ്യവസായ വകുപ്പിന്റെ സബ്‌സിഡി സ്‌കീമിനു വേണ്ടി തന്റെ സംരംഭക പ്രൊജക്ടുമായി സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ കയറി ഇറങ്ങുകയാണ് ഇവര്‍
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.