- Trending Now:
തിരുവനന്തപുരം: വീഡിയോ മാപ്പിംഗ് സാങ്കേതികവിദ്യയിലൂടെ വിനോദസഞ്ചാരികൾക്ക് ലൈറ്റ് ആൻഡ് സൗണ്ട് ഷോ ദൃശ്യവിരുന്നൊരുക്കുന്ന രാജ്യത്തെ ആദ്യ തുരങ്കപാതയായി ചിലക്കൂർ.
ശ്രീനാരായണ ഗുരുവിൻറെ ജീവിതവും സന്ദേശവും, കേരള ചരിത്രം, ടൂറിസം കേന്ദ്രങ്ങൾ, സാംസ്കാരിക പൈതൃകം തുടങ്ങിയവ പ്രതിപാദിക്കുന്ന അത്യാധുനിക ലൈറ്റ് ആൻഡ് സൗണ്ട് ഷോയാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്.
ആക്കുളം-ചേറ്റുവ ജലപാത ഒന്നാംഘട്ട പദ്ധതി ഉദ്ഘാടനം ഫെബ്രുവരി 26 ന് വൈകുന്നേരം 4.30 ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.
വിവിധ ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന 280 കിലോമീറ്റർ ദൈർഘ്യമുള്ള ആക്കുളം-ചേറ്റുവ ജലപാത സംസ്ഥാന സർക്കാരിൻറെ വെസ്റ്റ് കോസ്റ്റ് കനാൽ നവീകരണ പദ്ധതിയുടെ പ്രധാന ഭാഗമാണ്. ഇത് പൊതു ഗതാഗതം, ചരക്കുനീക്കം, ടൂറിസം തുടങ്ങിയ മേഖലകളിൽ വിപുലമായ അവസരങ്ങൾ തുറന്ന് കേരളത്തിൻറെ സുസ്ഥിരവും സമഗ്രവുമായ വികസനത്തെ ത്വരിതപ്പെടുത്തും.
സംസ്ഥാന സർക്കാരിൻറെയും കൊച്ചിൻ ഇൻറർനാഷണൽ എയർപോർട്ട് ലിമിറ്റഡിൻറെയും (സിയാൽ) സംയുക്ത സംരംഭമായ കേരള വാട്ടർവേയ്സ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് (ക്വിൽ) ആണ് വെസ്റ്റ് കോസ്റ്റ് കനാൽ നവീകരണ പദ്ധതി നടപ്പിലാക്കുന്നത്.
കേരളത്തിൻറെ ഉൾനാടൻ ജലപാത വികസനത്തിലെ ഒരു നാഴികക്കല്ലാണിത്. തെക്കൻ കേരളത്തിലെ ഉൾനാടൻ ജലഗതാഗത്തിൻറെ സുപ്രധാന കണ്ണിയായ ചിലക്കൂർ തുരങ്കത്തിൻറെ നവീകരണവും വിനോദസഞ്ചാര കേന്ദ്രീകൃത സൗന്ദര്യവൽക്കരണ പ്രവർത്തനങ്ങളും നടപ്പാക്കുന്നതിലൂടെ പ്രകൃതിസൗന്ദര്യം നിറഞ്ഞ പ്രദേശങ്ങളിലെ സാധ്യതകൾ പ്രയോജനപ്പെടുത്താനും സന്ദർശകരെ ആകർഷിക്കാനും ലക്ഷ്യമിടുന്നു.
നവീകരണത്തിൻറെ ഭാഗമായി ശ്രീനാരായണ ഗുരുവിൻറെ ജീവിതവും സന്ദേശവും പ്രതിപാദിക്കുന്ന ലൈറ്റ് ആൻഡ് സൗണ്ട് ഷോ ഉൾപ്പെടുന്ന ഇലക്ട്രിക് ബോട്ട് സിയാൽ പുറത്തിറക്കും. 4.5 കോടി രൂപ ചെലവിലാണ് ഇത് നടപ്പിലാക്കിയത്.
കേരളത്തിൻറെ സാമൂഹിക പരിഷ്കരണ പ്രസ്ഥാനത്തിന് തുടക്കമിട്ട ശ്രീനാരായണ ഗുരുവിൻറെ ജീവിതവും സന്ദേശവും പ്രതിപാദിക്കുന്ന ആറ് മിനിറ്റ് ദൈർഘ്യമുള്ള ദൃശ്യാവിഷ്കാരമാണ് ഷോയുടെ പ്രധാന ആകർഷണമെന്ന് ക്വിൽ ഡയറക്ടർ എസ്. സുഹാസ് പറഞ്ഞു. തൃപ്പൂണിത്തുറ ആർ.എൽ.വി കോളേജ് ഓഫ് മ്യൂസിക് ആൻഡ് ഫൈൻ ആർട്സിലെ വിദ്യാർത്ഥികളും അധ്യാപകരും തയ്യാറാക്കിയ ശ്രീനാരായണ ഗുരുവിൻറെ ഫ്രെയിമുകളെ അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് ചലിപ്പിക്കുകയാണിവിടെ. ബോട്ട് സവാരിയും ലൈറ്റ് ആൻഡ് സൗണ്ട് ഷോയും ചിലക്കൂർ ബീച്ചിനെ കേരളത്തിലെ ജലകേന്ദ്രീകൃത ടൂറിസത്തിന് വലിയ പ്രോത്സാഹനം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൊച്ചി ആസ്ഥാനമായ സ്റ്റാർട്ടപ്പായ നവാൾട്ട് ഗ്രീൻ മൊബിലിറ്റി ആണ് തുരങ്കത്തിലൂടെയുള്ള യാത്രയ്ക്കായി ഇലക്ട്രിക് ബോട്ട് തയ്യാറാക്കിയിട്ടുള്ളത്. ഇതിൽ 20 പേർക്ക് സഞ്ചരിക്കാനാകും. ഉയർന്ന തീവ്രതയുള്ള നാല് ലേസർ പ്രൊജക്ടറുകൾ, നൂതന സൗണ്ട് സിസ്റ്റം, ബാറ്ററി പവർ എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്.
ടൂറിസം പദ്ധതിയുടെ ഭാഗമായി ചിലക്കൂരിൽ ബോട്ട് ജെട്ടിയും ബീച്ച് പാർക്കും ക്വിൽ നിർമ്മിച്ചിട്ടുണ്ട്. കേരള ഹൈഡൽ ടൂറിസം സെൻററിൻറെ നേതൃത്വത്തിൽ ടിക്കറ്റ് കൗണ്ടറും ഒരുക്കും.
പഴയ നാട്ടുരാജ്യമായ തിരുവിതാംകൂറിൻറെ ഉൾനാടൻ ജലഗതാഗതം സാധ്യമാക്കുന്നതിനായി പൂർത്തിയാക്കിയ 350 മീറ്റർ എഞ്ചിനീയറിംഗ് അത്ഭുതമാണ് ചിലക്കൂർ തുരങ്കം. പിന്നീട് സംസ്ഥാന സർക്കാരിൻറെ ഉൾനാടൻ ജലപാത വികസന പദ്ധതിയുടെ ഭാഗമായി ഇത് സഞ്ചാരയോഗ്യമാക്കി പുനഃസ്ഥാപിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.