- Trending Now:
തിരുവനന്തപുരം: ഐടി മേഖലയിലെ ഏറ്റവും വലിയ ഫുട്ബോൾ ടൂർണമെൻറായ റാവിസ് പ്രിവിലിസ് പ്രതിധ്വനി സെവൻസ്-സീസൺ 9, വനിതകൾക്കുള്ള ഫൈവ്സ്-സീസൺ 6 എന്നിവയ്ക്ക് ടെക്നോപാർക്കിൽ തുടക്കമായി. ഐടി ജീവനക്കാരുടെ ക്ഷേമസംഘടനയായ പ്രതിധ്വനിയുടെ നേതൃത്വത്തിൽ യൂഡി പ്രൊമോഷൻസ്, റാവിസ് ഹോട്ടൽസ് എന്നിവയുമായി സഹകരിച്ചാണ് ടൂർണമെൻറ് സംഘടിപ്പിക്കുന്നത്.
രണ്ട് മാസം നീണ്ടുനില്ക്കുന്ന ഫുട്ബോൾ ടൂർണമെൻറ് മുൻ ഇന്ത്യൻ ഫുട്ബോൾ ഗോൾകീപ്പർ കെ. ടി. ചാക്കോ ടെക്നോപാർക്ക് ഗ്രൗണ്ടിൽ (ഫേസ് -1) ഉദ്ഘാടനം ചെയ്തു. വനിതാ ടൂർണമെൻറിൻറെ കൺവീനർ അഞ്ചന കെ. ദാസ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പുരുഷ ടൂർണമെൻറ് കൺവീനർ സരീഷ് എം സ്വാഗതം ആശംസിച്ചു.
ലീല അഷ്ടമുടി ജനറൽ മാനേജർ സ്മിത റാത്തോഡ്, ലീല കോവളം ക്ലസ്റ്റർ ഡയറക്ടർ പ്രേം കമൽ, യൂഡി മാനേജർ കിരൺ ആർ കെ, പ്രതിധ്വനി സംസ്ഥാന കൺവീനർ രാജീവ് കൃഷ്ണൻ, പ്രതിധ്വനി സ്പോർട്സ് കൺവീനർ രജിത് വി പി, ടൂർണമെൻറിൻറെ ജോയിൻറ് കൺവീനർ അദ്വൈത് വിശ്വംബരൻ എന്നിവരും പങ്കെടുത്തു.
ഉദ്ഘാടനച്ചടങ്ങിന് മുൻപായി നിലവിലെ ചാമ്പ്യന്മാരായ എച്ച് & ആർ ബ്ലോക്ക് പുരുഷ , വനിതാ ടീമുകളിൽ നിന്ന് എവർ റോളിംഗ് ട്രോഫി ഏറ്റുവാങ്ങി. ഉദ്ഘാടനത്തോടനുബന്ധിച്ച് ടെക്നോപാർക്ക് ഫേസ്-3 ൽ നിന്നാരംഭിച്ച ബൈക്ക് റാലി (ഫേസ്-1) ടെക്നോപാർക്ക് ഗ്രൗണ്ടിൽ സമാപിച്ചു.
ഓപ്പറേഷൻ തൂഫാൻറെ ഭാഗമായി മയക്കുമരുന്ന് വിരുദ്ധ പ്രതിജ്ഞയായ 'തൂഫാൻ വാരിയർ' അസിസ്റ്റൻറ് പോലീസ് കമ്മീഷണർ എസ്.വൈ. സുരേഷ് ടെക്കികൾക്ക് ചൊല്ലിക്കൊടുത്തു. കേരളത്തിൻറെ പൊതു സുരക്ഷയ്ക്കും മയക്കുമരുന്ന് വിരുദ്ധ പ്രചാരണത്തിനുമായി ഐടി സമൂഹത്തിൻറെ പ്രതിബദ്ധത ഊട്ടിയുറപ്പിക്കാൻ ലക്ഷ്യമിട്ടുള്ളതാണ് പ്രതിജ്ഞ.
ഉദ്ഘാടനത്തിനു ശേഷം നടന്ന രണ്ട് പ്രദർശന മത്സരങ്ങളിൽ പ്രതിധ്വനി വനിതാ ടീം നിലവിലെ ചാമ്പ്യന്മാരായ എച്ച് & ആർ ബ്ലോക്ക് വനിതാ ടീമിനേയും എച്ച് & ആർ ബ്ലോക്ക് പുരുഷ ടീം പ്രതിധ്വനി പുരുഷ ടീമിനേയും തോൽപിച്ചു.
ടെക്നോപാർക്ക് ഗ്രൗണ്ടിൽ എല്ലാ വൈകുന്നേരവും ഫ്ലഡ്ലൈറ്റിലാണ് മത്സരങ്ങൾ നടക്കുക. 100-ലധികം ഐടി കമ്പനികളിൽ നിന്നുള്ള 106 ടീമുകളെ പ്രതിനിധീകരിക്കുന്ന 2,500-ലധികം ഐടി പ്രൊഫഷണലുകൾ ടൂർണമെൻറിൻറെ ഭാഗമാകും.
ഒന്നാം സ്ഥാനം നേടുന്ന ടീമിന് ക്യാഷ് പ്രൈസും എവർ റോളിംഗ് ട്രോഫിയുമാണ് സമ്മാനം. ഇതിനുപുറമേ വിജയികൾക്ക് കൊല്ലത്തെ റാവിസ് അഷ്ടമുടി റിസോർട്ടിൽ ഒരു ദിവസത്തെ താമസവും, റാവിസ് ഹോട്ടൽസും യൂഡി പ്രൊമോഷൻസും നൽകുന്ന സമ്മാനങ്ങളും ലഭിക്കും. ടൂർണമെൻറിലെ മികച്ച കളിക്കാരൻ, കൂടുതൽ ഗോൾ നേടുന്ന കളിക്കാരൻ, മികച്ച ഗോൾകീപ്പർ എന്നിവർക്ക് പ്രത്യേക സമ്മാനങ്ങളുമുണ്ട്. ഓരോ മത്സരത്തിലേയും മികച്ച കളിക്കാരന് യൂഡി 'പ്ലെയർ ഓഫ് ദി മാച്ച്' ട്രോഫി നല്കും. കാണികൾക്ക് സമ്മാനങ്ങൾ നേടാനുള്ള അവസരവും സംഘാടകർ ഒരുക്കിയിട്ടുണ്ട്. ലീഗ് അടിസ്ഥാനമാക്കിയുള്ള ആദ്യ റൗണ്ട് മത്സരങ്ങൾക്ക് ശേഷം നോക്കൗട്ട് റൗണ്ട് നടക്കും. മത്സരങ്ങൾ പ്രവൃത്തി ദിവസങ്ങളിലാണ് നടക്കുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.