Sections

ജലോത്സവത്തിൻറെ ആരവം ഉയരുന്നു: ചാമ്പ്യൻസ് ബോട്ട് ലീഗ് (സിബിഎൽ) ആറാം സീസണ് സെപ്റ്റംബർ 19ന് തുടക്കം

Tuesday, Sep 15, 2026
Reported By Admin
Champions Boat League 2026 Season to Begin on September 19

  • ആലപ്പുഴ കരുവാറ്റയിൽ ഉദ്ഘാടനം
  • ടീമുകൾ അറിയപ്പെടുക വള്ളങ്ങളുടെ പേരിൽ തന്നെ

തിരുവനന്തപുരം: കേരളത്തിലെ വള്ളംകളിയുടെ പെരുമ രാജ്യാന്തര തലത്തിലേക്കുയർത്തി സംസ്ഥാന വിനോദസഞ്ചാര വകുപ്പ് സംഘടിപ്പിക്കുന്ന ഐപിഎൽ മാതൃകയിലുള്ള ചുണ്ടൻ വള്ളങ്ങളുടെ മത്സരമായ ചാമ്പ്യൻസ് ബോട്ട് ലീഗ് (സിബിഎൽ) ആറാം സീസണിന് ഈ മാസം ആവേശത്തുടക്കം. ചുണ്ടൻവള്ളങ്ങളുടെ തുഴത്താളവും കായൽസൗന്ദര്യത്തിൻറെ ഒരുമിക്കുന്ന ജലോത്സവം സെപ്റ്റംബർ 19ന് ആലപ്പുഴ കരുവാറ്റയിൽ ഉദ്ഘാടനം ചെയ്യപ്പെടും. 2026-27 സാമ്പത്തിക വർഷത്തെ സിബിഎൽ വള്ളംകളിയുടെ വേദിയും തീയതികളും നിശ്ചയിച്ചു.

ഫൈനലടക്കം ആകെ 11 മത്സരങ്ങളുള്ള സിബിഎലിന് നവംബർ 21 ന് കൊല്ലത്തെ പ്രസിഡൻറ്സ് ട്രോഫിയോടെ സമാപനമാകും.

കൊല്ലം കല്ലട (സെപ്റ്റംബർ 23), ആലപ്പുഴ പാണ്ടനാട് (സെപ്റ്റംബർ 26), തൃശ്ശൂർ കോട്ടപ്പുറം (ഒക്ടോബർ 2), മറൈൻ ഡ്രൈവ് (ഒക്ടോബർ 10), എറണാകുളം പിറവം (ഒക്ടോബർ 17), കോട്ടയം താഴത്തങ്ങാടി (ഒക്ടോബർ 24), ആലപ്പുഴ പുളിങ്കുന്ന് (ഒക്ടോബർ 31), ആലപ്പുഴ കൈനകരി (നവംബർ 7), കായംകുളം (നവംബർ 14) എന്നിവയാണ് സിബിഎലിലെ മറ്റ് മത്സരങ്ങൾ.

ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിനോദസഞ്ചാരികളെയും വള്ളംകളി പ്രേമികളെയും സിബിഎൽ വേദികളിലേക്ക് ആകർഷിക്കുകയും അതുവഴി കേരളത്തിൻറെ അഭിമാനമായ ഈ മത്സരവിനോദത്തെ ആഗോള തലത്തിൽ ബ്രാൻഡ് ചെയ്യിപ്പിക്കാനാണ് ടൂറിസം വകുപ്പ് ലക്ഷ്യമിടുന്നതെന്ന് ടൂറിസം, സാംസ്കാരിക, സിനിമ വകുപ്പ് മന്ത്രി പി.സി വിഷ്ണുനാഥ് വ്യക്തമാക്കി. കേരളത്തിൻറെ സാംസ്കാരിക പാരമ്പര്യവുമായും ഉത്സവാഘോഷങ്ങളുമായി ആഴത്തിൽ ബന്ധമുള്ള വള്ളംകളിയെ കൂടുതൽ ജനകീയമാക്കുന്നതിൽ സിബിഎൽ പോലെയുള്ള മത്സരങ്ങളിലൂടെ സാധിക്കും.

സംസ്ഥാനത്ത് ടൂറിസം സീസൺ സജീവമാകുന്ന വേളയിൽ നടക്കുന്ന സിബിഎൽ വള്ളം കളി മത്സരങ്ങൾ നേരിട്ട് കാണാൻ അവസരമൊരുങ്ങുന്നത് സഞ്ചാരികൾക്ക് മികച്ച അനുഭവമാകും. വള്ളംകളി നടക്കുന്ന സ്ഥലത്തെ ടൂറിസം മേഖലയ്ക്ക് ഉണർവ് നൽകാനും സിബിഎലിലൂടെ സാധിക്കും.

പ്രകൃതിഭംഗിക്ക് പേരുകേട്ട പ്രദേശങ്ങളിലാണ് സിബിഎലിലെ മത്സരങ്ങൾ നടക്കുന്നത്. സിബിഎൽ ആസ്വദിക്കുന്നതിനൊപ്പം വിനോദസഞ്ചാരികൾക്ക് കേരളത്തിൻറെ തനത് ഗ്രാമീണ ഭംഗിയും സാമൂഹിക ജീവിതവും നേരിട്ടറിയാനുമാകും. സംസ്ഥാനത്തെ അനുഭവവേദ്യ ടൂറിസത്തിന് ഉണർവ് നൽകാൻ ഇതിലൂടെ സാധിക്കുമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

മുൻ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി, ഇത്തവണ സിബിഎല്ലിൽ പങ്കെടുക്കുന്ന ടീമുകൾ അവരുടെ വള്ളങ്ങളുടെ പേരിൽ തന്നെയാവും അറിയപ്പെടും.

സിബിഎലിൻറെ നടത്തിപ്പും ഏകോപനവുമായി ബന്ധപ്പെട്ട് ടൂറിസം സാംസ്കാരിക മന്ത്രി പി.സി വിഷ്ണുനാഥിൻറെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എക്സൈസ് സഹകരണ വകുപ്പ് മന്ത്രി എം. ലിജു, ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി അനൂപ് ജേക്കബ്ബ്, ജില്ലാ കലക്ടർമാർ, വകുപ്പ് സെക്രട്ടറിമാർ തുടങ്ങിയവർ പങ്കെടുത്തു.

കേരളത്തിലെ പ്രാദേശിക വള്ളംകളികളുടെ പുനരുജ്ജീവനമാണ് സിബിഎലിലൂടെ ടൂറിസം വകുപ്പ് സാധ്യമാക്കുന്നത്. പ്രാദേശികമായി നടന്നിരുന്ന പല വള്ളംകളികളും സിബിഎലിൻറെ ഭാഗമാകുന്നതോടെ ദേശീയ, അന്തർദേശീയ തലത്തിൽ സ്വീകാര്യത ലഭിക്കും. കേരള ടൂറിസത്തിന് ഏറെ മുതൽക്കൂട്ടായ ഉത്പന്നമായാണ് ചാമ്പ്യൻസ് ബോട്ട് ലീഗിനെ സർക്കാർ കണക്കാക്കുന്നത്. പരമ്പരാഗത വള്ളംകളി പ്രേമികൾക്കൊപ്പം പുതുതലമുറ കൂടി ഈ പരിഷ്കരിച്ച പതിപ്പിനെ ഏറ്റെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.