Sections

കെ.സി.എൽ മൂന്നാം സീസൺ: ഇടുക്കിയിൽ നിന്ന് അഞ്ച് താരങ്ങൾ മൈതാനത്തേക്ക്

Friday, Aug 14, 2026
Reported By Admin
Idukki Sends Five Players to Kerala Cricket League Season 3

തിരുവനന്തപുരം: മൂന്നാം സീസണിന് ആവേശം പകർന്ന് ഇടുക്കിയിൽ നിന്ന് അഞ്ച് താരങ്ങളാണ് ഇത്തവണ കെ.സി.എല്ലിൽ ഉള്ളത്. അനുഭവസമ്പത്തിന്റെ കരുത്തുമായിറങ്ങുന്ന സച്ചിൻ ബേബിയും അഖിൽ സ്കറിയയും അടക്കമുള്ള താരങ്ങൾക്കൊപ്പം, അതിരുകളില്ലാത്ത ആത്മവിശ്വാസവുമായി അനീഷ് രാജൻ എന്ന പോരാളിയും ഇത്തവണ ലീഗിന്റെ പ്രധാന ആകർഷണമാകും. ജോബിൻ ജോബിയും ആനന്ദ് ജോസഫുമാണ് ജില്ലയിൽ നിന്നുള്ള മറ്റ് താരങ്ങൾ.

കന്നി സീസണിൽ ഏരീസ് കൊല്ലം സെയിലേഴ്സിനെ കിരീടത്തിലേക്ക് നയിച്ച സച്ചിൻ ബേബിയും, കഴിഞ്ഞ സീസണിലെ 'പ്ലെയർ ഓഫ് ദി ടൂർണമെന്റായ' അഖിൽ സക്കറിയയും കെസിഎല്ലിൽ ഇടുക്കിയുടെ പെരുമ ഉയർത്തിയ അഭിമാന താരങ്ങളാണ്. ഇത്തവണ ഇവർക്കൊപ്പം തന്നെ ക്രിക്കറ്റ് പ്രേമികളുടെ ശ്രദ്ധ കവരുകയാണ് ജില്ലയിൽ നിന്നുള്ള മറ്റൊരുതാരം. ശാരീരിക പരിമിതികളെ നിശ്ചയദാർഢ്യം കൊണ്ട് മറികടന്ന് ക്രിക്കറ്റ് ലോകത്ത് വിസ്മയമാകുന്ന യുവതാരം അനീഷ് രാജൻ. 75,000 രൂപയ്ക്കാണ് കൊച്ചി ബ്ലൂ ടൈഗേഴ്സ് അനീഷിനെ ലേലത്തിൽ സ്വന്തമാക്കിയത്. മാനേജ്മെന്റ് തന്നിലർപ്പിച്ച വിശ്വാസത്തിനൊത്തുയർന്ന് മികച്ച പ്രകടനം കാഴ്ചവയ്ക്കാനുള്ള തീവ്ര പരിശീലനത്തിലാണ് അനീഷ്.

ഇംഗ്ലണ്ടിൽ നടന്ന ഭിന്നശേഷിക്കാരുടെ പ്രഥമ ലോകകപ്പിൽ ഇന്ത്യ ചാമ്പ്യന്മാരായപ്പോൾ ടൂർണമെന്റിലെ മികച്ച ബൗളറായി തിരഞ്ഞെടുക്കപ്പെട്ടത് ഈ ഇടുക്കിക്കാരനായിരുന്നു. ജന്മനാ വലതുകൈപ്പത്തിക്ക് വൈകല്യമുള്ള അനീഷ് 11 വിക്കറ്റുകളായിരുന്നു ടൂർണമെന്റിൽ നേടിയത്. അടുത്തിടെ നടന്ന എൻ.എസ്.കെ ട്രോഫിയിലും മികവ് തെളിയിച്ചതോടെയാണ് അനീഷിന് കെ.സി.എല്ലിലേക്ക് വഴിതുറന്നത്.

കഴിഞ്ഞ രണ്ട് സീസണിലും ഏരീസ് കൊല്ലം സെയിലേഴ്സിനെ നയിച്ച സച്ചിൻ ബേബി ഇത്തവണ ആലപ്പി റിപ്പിൾസിന് വേണ്ടിയാണ് പാഡ് കെട്ടുക. പത്ത് ലക്ഷം രൂപയ്ക്ക് ലേലത്തിൽ പിടിച്ച സച്ചിൻ തന്നെയാണ് ഈ സീസണിലെ ഏറ്റവും വിലയേറിയ താരങ്ങളിൽ ഒരാൾ. ആദ്യ സീസണിൽ 528 റൺസുമായി റൺവേട്ടക്കാരിൽ ഒന്നാം സ്ഥാനത്തായിരുന്ന സച്ചിൻ ഫൈനലിലടക്കം രണ്ട് തകർപ്പൻ സെഞ്ചുറികളും നേടിയിരുന്നു. കഴിഞ്ഞ സീസണിലും മികച്ച റൺവേട്ടക്കാരുടെ പട്ടികയിൽ സ്ഥാനം നിലനിർത്തിയ സച്ചിന്റെ സാന്നിധ്യം, പുതിയൊരു തിരിച്ചുവരവിന് ശ്രമിക്കുന്ന ആലപ്പി റിപ്പിൾസിന് വലിയ കരുത്താകും.

മറുവശത്ത് കഴിഞ്ഞ സീസണിലെ പ്ലെയർ ഓഫ് ദി ടൂർണമെന്റാണ് അഖിൽ സ്കറിയ. 25 വിക്കറ്റുകളോടെ ബൗളിങ് പട്ടികയിൽ ഒന്നാമതെത്തിയ അഖിൽ, 314 റൺസോടെ ബാറ്റിങ്ങിലും ആദ്യ പത്തിൽ ഇടംപിടിച്ചിരുന്നു. ആദ്യ സീസണിലും ഏറ്റവും കൂടുതൽ വിക്കറ്റുകൾ വീഴ്ത്തിയ താരം അഖിലായിരുന്നു. 3.75 ലക്ഷം രൂപയ്ക്കാണ് ഗ്ലോബ്സ്റ്റാർസ് അഖിലിനെ ടീമിൽ നിലനിർത്തിയത്. ആദ്യ സീസണിൽ ഫൈനലിലും രണ്ടാം സീസണിൽ സെമിഫൈനലിലും വീണുപോയ ഗ്ലോബ് സ്റ്റാർസ്, ഇക്കുറി കന്നിക്കിരീടം ലക്ഷ്യമിട്ടിറങ്ങുമ്പോൾ ഏറ്റവും കൂടുതൽ പ്രതീക്ഷ വയ്ക്കുന്നത് അഖിലിന്റെ ഓൾറൗണ്ട് മികവിലാണ്.

കേരള ക്രിക്കറ്റിലെ ഏറ്റവും ശ്രദ്ധേയനായ യുവതാരങ്ങളിലൊരാളായ ജോബിൻ ജോബി ഇത്തവണയും കൊച്ചി ബ്ലൂ ടൈഗേഴ്സിനൊപ്പം തന്നെ തുടരും. ആദ്യ സീസണിൽ വെടിക്കെട്ട് ബാറ്റിങ്ങിലൂടെ ശ്രദ്ധേയനായ ജോബിൻ, രണ്ടാം സീസണിൽ ബൗളിങ്ങിലും തിളങ്ങി മികച്ചൊരു ഓൾറൗണ്ടറെന്ന നിലയിലേക്ക് ഉയർന്നിരുന്നു. 19 വയസ്സിന് താഴെയുള്ളവരുടെ കുച്ച് ബെഹാർ ട്രോഫിയിൽ സെഞ്ചുറിയടക്കം നേടിയ പരിചയസമ്പത്തുമായാണ് ജോബിൻ മൂന്നാം സീസണിലേക്ക് എത്തുന്നത്. ഓൾറൗണ്ടർ ആനന്ദ് ജോസഫാണ് ജില്ലയിൽ നിന്നുള്ള മറ്റൊരു താരം. 1.05 ലക്ഷത്തിന് തൃശൂർ ടൈറ്റൻസായിരുന്നു ലേലത്തിൽ ആനന്ദിനെ സ്വന്തമാക്കിയത്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.