- Trending Now:
കൽപറ്റ: സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ്മപരിപാടിയുടെ ഭാഗമായി വിനോദസഞ്ചാര വകുപ്പ് ആവിഷ്കരിച്ച 'ബ്രാൻഡ് വയനാട്' പദ്ധതിയുടെ പ്രഖ്യാപന വേളയിൽ വയനാട് ടൂറിസത്തിന്റെ സമഗ്ര വളർച്ചയ്ക്ക് സഹായിക്കുന്ന നിർദ്ദേശങ്ങൾ നൽകി വിദഗ്ധർ. അനുഭവവേദ്യ ടൂറിസത്തിന്റെ സാധ്യതകൾ, ടൂറിസം ഡാറ്റാ സർവേ, ജൈവവൈവിധ്യം തുടങ്ങിയ കാര്യങ്ങൾ ഈ വളർച്ചയ്ക്ക് സഹായകരമാകുമെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടു.
വയനാട്ടിന്റെ ടൂറിസം സാധ്യതയെക്കുറിച്ചുള്ള ഡാറ്റ കൃത്യമല്ലെന്ന് ഉറവ് ഇക്കോലിങ്ക്സ് എംഡി ടി. ശിവരാജു ചൂണ്ടിക്കാട്ടി. ടൂറിസത്തിന് വ്യവസായപദവി നൽകുമ്പോൾ ഡാറ്റ കൃത്യമായിരിക്കണം. ടൂറിസം മേഖലയിൽ നിക്ഷേപം വരുന്നത് വയനാടിന് പുറത്തു നിന്നാണ്. പ്രാദേശിക വികസനത്തിന്റെ സാധ്യതകൾ കൂടി പരിശോധിക്കണം. ഹോംസ്റ്റേകൾക്ക് പകരം സർവീസ് വില്ല സംസ്ക്കാരമാണ് വളർന്നു വരുന്നത്. ഇത്തരം ഡാറ്റ ഉൾപ്പെടുത്തിയുള്ള ആധികാരിക സർവേ വേണമെന്നും അദ്ദേഹം പറഞ്ഞു.
വയനാട്ടിലെ ജൈവവൈവിദ്ധ്യം ടൂറിസത്തിൽ കൂടുതലായി ഉപയോഗപ്പെടുത്തണമെന്ന് എം. എസ്. സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷൻ ബയോഡൈവേഴ്സിറ്റി ലീഡ് സനീഷ് സി. എസ് പറഞ്ഞു. ജൈവ വൈവിദ്ധ്യം തേടുന്ന ടൂറിസ്റ്റുകളെ പ്രത്യേകം ആകർഷിക്കാൻ സാധിക്കണം. പ്രത്യേക ഭൂപ്രകൃതി കാരണം വയനാട്ടിലെ ജൈവവൈവിധ്യത്തിന് ഏറെ വ്യത്യസ്തതയുണ്ടെന്ന് അദ്ദേഹ ഉദാഹരണ സഹിതം വ്യക്തമാക്കി.
വയനാടിന്റെ ടൂറിസം സാധ്യതകൾ ആകർഷകമാകുമ്പോൾ ഇവിടുത്തെ സ്വത്വം നഷ്ടമാകരുതെന്ന് സാഹിത്യ അക്കാദമി ചെയർമാനും എഴുത്തുകാരനുമായ കൽപറ്റ നാരായണൻ അഭിപ്രായപ്പെട്ടു. ഹിമാലയത്തിൽ പോലുമില്ലാത്ത ജൈവവൈവധ്യമാണിവിടെയുള്ളത്. വയനാടിന്റെ വായുവിൽ പോലും ഔഷധഗുണമുണ്ട്. രാജ്യത്തെ ജൈവവൈവിധ്യത്തിന്റെ സമഗ്ര ദർശനമാണ് വയനാട്ടിലുള്ളതെന്നും അദ്ദേഹം പറഞ്ഞു.
വാട്ട് നെക്സ്റ്റ് ഫോർ ബ്രാൻഡ് വയനാട് എന്ന വിഷയത്തിൽ നടന്ന പാനൽ ചർച്ചയിൽ സി.ജി.എച്ച്. എർത്ത് എക്സ്പീരിയൻസ് ജനറൽ മാനേജർ ഡേവിഡ് രാജു, പ്ലാന്റേഷൻ വിദഗ്ദ്ധൻ പ്രശാന്ത് രാജേഷ്, ആർക്കിടെക്റ്റും ടൂറിസം കൺസൾട്ടന്റുമായ സിബിരാജ് രവീന്ദ്രൻ, ബി.ബി. വോയേജ് പ്രൈവറ്റ് ലിമിറ്റഡ് സഹസ്ഥാപകനും ഓപ്പറേഷണൽ ഡയറക്ടറുമായ രഘു നാരായണ സ്വാമി, പുൽപ്പള്ളി പഴശ്ശിരാജ കോളേജ് ട്രാവൽ ആൻഡ് ടൂറിസം അസിസ്റ്റന്റ് പ്രൊഫസർ സനൂപ് കുമാർ പി.വി., ഉത്തരവാദിത്ത ടൂറിസം പ്രവർത്തകനും സസ്റ്റെയിനബിൾ ടൂറിസം കൺസൾട്ടന്റുമായ സുമേഷ് മംഗലശ്ശേരി, എന്നിവർ പങ്കെടുത്തു. കെ.ടി.എം. അംഗം വാഞ്ചീശ്വരൻ മോഡറേറ്ററായിരുന്നു.
വയനാടിന്റെ ജൈവവൈവിധ്യം കർശനമായി പരിപാലിക്കാൻ ടൂറിസം വ്യവസായം പ്രതിജ്ഞാബദ്ധമാകണമെന്ന് ഡേവിഡ് രാജു പറഞ്ഞു. തോട്ടം മേഖലയുടെ ടൂറിസം സാധ്യതകൾ ഉപയോഗപ്പെടുത്താൻ നയപരവും നിയമപരവുമായ പിന്തുണ സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകണമെന്ന് പ്രശാന്ത് രാജേഷ് ചൂണ്ടിക്കാട്ടി. ഭൂനിമയത്തിലെ സങ്കീർണതകൾ അടിസ്ഥാനമാക്കി വയനാട്ടിലെ നിക്ഷേപ സാധ്യതകളിൽ കൂടുതൽ വ്യക്തത വേണമെന്ന് സിബിരാജ് രവീന്ദ്രൻ പറഞ്ഞു. വയനാടിന്റെ ഭാവി ഹോംസ്റ്റേകളിലാണെന്ന് രഘു നാരായണ സ്വാമി പറഞ്ഞു. ടൂറിസം പഠനത്തിൽ നൈപുണ്യവികസനത്തിന് പ്രാധാന്യം ലഭിക്കാൻ അക്കാദമിക് രീതികൾ മാറ്റേണ്ടതുണ്ടെന്ന് സനൂപ് കുമാർ പി.വി പറഞ്ഞു. ഇക്കാര്യത്തിൽ സർക്കാരിന്റെ ഉത്തരവ് ആവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് കാലാവസ്ഥാ നിരീക്ഷണം കർശനമാക്കാനും അതു വഴി നിയന്ത്രണങ്ങൾ ദുരന്ത മേഖലയിലേക്ക് മാത്രമായി ചുരുക്കാൻ സാധിക്കുമെന്ന് സുമേഷ് മംഗലശ്ശേരി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.