- Trending Now:
കൊച്ചി: സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന ചുണ്ടൻ വള്ളങ്ങളുടെ ഐപിഎൽ മാതൃകയിലുള്ള ചാമ്പ്യൻസ് ബോട്ട് ലീഗ് (സി.ബി.എൽ.) ആറാം സീസണിന്റെ പിറവത്ത് നടന്ന തീപാറിയ ആറാം മത്സരത്തിൽ പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ മേൽപ്പാടം ചുണ്ടൻ (3.26.26 മിനിറ്റ്) വിജയികളായി. സിബിഎൽ വേദികളിലെ ഏറ്റവും ഒഴുക്കുള്ള നെട്ടായമായ മുവാറ്റുപുഴയാറിൽ നടന്ന മത്സരം കാണികളെ ആവേശത്തിന്റെ കൊടുമുടിയിലെത്തിച്ചു. ആറാം സീസണിൽ പിബിസി മേൽപ്പാടത്തിന്റെ തുടർച്ചയായ നാലാം വിജയമാണിത്.
സിവിൽ സപ്ലൈസ് മന്ത്രി അനൂപ് ജേക്കബ് പിറവത്തെ മത്സരങ്ങൾ ഉദ്ഘാടനം ചെയ്തു. പിറവം നഗരസഭാ ചെയർമാൻ കെ ആർ പ്രദീപ് കുമാർ, വൈസ് ചെയർമാൻ അന്നമ ഡോമി, വിവിധ തദ്ദേശസ്വയംഭരണ സ്ഥാപന അംഗങ്ങൾ, ടൂറിസം വകുപ്പ് ഉന്നത ഉദ്യോഗസ്ഥർ, സിബിഎൽ സാങ്കേതിക സമിതി അംഗങ്ങൾ തുടങ്ങിയവർ ഉദ്ഘാടനചടങ്ങിൽ സംബന്ധിച്ചു.
ഹീറ്റ്സ് മത്സരങ്ങളിലെ മികച്ച സമയം കണക്കിലെടുത്ത് മേൽപ്പാടം ചുണ്ടൻ, അരോമ ബോട്ട് ക്ലബിന്റെ അരോമ ചുണ്ടൻ, യുബിസി കൈനകരി എഫ് സി തുഴഞ്ഞ വീയപുരം ചുണ്ടൻ എന്നിവയാണ് ഫൈനലിനെത്തിയത്. കൊച്ചി മറൈൻ ഡ്രൈവിൽ നടന്ന അഞ്ചാം മത്സരത്തിലേതിനു സമാനമായി യുബിസി കൈനകരി ആദ്യ പകുതിയിൽ മികച്ച പ്രകടനം കാഴ്ചവച്ചു. നെട്ടായത്തിന്റെ പകുതി പിന്നിടുമ്പോൾ അരത്തുഴപ്പാടിന് യുബിസി വീയപുരം മുന്നിലായിരുന്നു. എന്നാൽ അടുത്ത പകുതിയിൽ അരോമയും മേൽപ്പാടവും മിന്നുന്ന പ്രകടനം കാഴ്ചവച്ചു. ഫിനിഷിന് അമ്പത് മീറ്റർ വരെ അരോമ ഇഞ്ചുകൾക്ക് മുന്നിലായിരുന്നു. എന്നാൽ പള്ളാത്തുരുത്തിയുടെ ചരിത്രപ്രസിദ്ധമായ അവസാന തുഴവേഗത്തിൽ കേവലം ആറ് മൈക്രോസെക്കന്റുകൾ നേരത്തെ അവർ ഫിനിഷ് ചെയ്തു. ഇക്കൊല്ലത്തെ നെഹൃട്രോഫി ചാമ്പ്യൻമാരും സിബിഎൽ ഈ സീസണിലെ ആദ്യ രണ്ട് മത്സരങ്ങളിലും വിജയികളുമായ അരോമയ്ക്ക് രണ്ടാം സ്ഥാനം (3.26.32 മിനിറ്റ്) കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. വീയപുരം മൂന്നാമത്(3.28.08 മിനിറ്റ്) ഫിനിഷ് ചെയ്തു.
ഇതോടെ പോയിന്റ് പട്ടികയിൽ 55 പോയിന്റുമായി മേൽപ്പാടം മുന്നിലാണ്. 54 പോയിന്റുമായി അരോമ രണ്ടാം സ്ഥാനത്തും 47 പോയിന്റുമായി വീയപുരം മൂന്നാം സ്ഥാനത്തുമാണ്. ഇരുട്ടുകുത്തി, വെപ്പ് വള്ളങ്ങളുടെ പ്രാദേശിക മത്സരങ്ങളും ഇതോടനുബന്ധിച്ച് നടന്നു.
പിറവത്തെ ഫിനിഷിംഗ് സ്ഥാനങ്ങൾ ഇങ്ങനെയാണ്.
മേൽപ്പാടം ചുണ്ടൻ- (പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ്) ഒന്ന്, വീയപുരം ചുണ്ടൻ-(യുബിസി കൈനകരി എഫ് സി) അരോമ ചുണ്ടൻ- (അരോമ ബോട്ട് ക്ലബ്ബ്, പരവൂർ, കൊല്ലം) രണ്ട്, നിരണം ചുണ്ടൻ- (നിരണം ബോട്ട് ക്ലബ്ബ്, നിരണം) നാല്, ചെറുതന ചുണ്ടൻ- (എൻബിസി നാട്ടകം ബോട്ട് ക്ലബ്ബ്) അഞ്ച്, നടുഭാഗം ചുണ്ടൻ- (പി.ബി.സി. പുന്നമട എൻസിഎഫ് സി ബോട്ട് ക്ലബ്ബ്) ആറ്. പുണ്യാളൻ നിരണം- (കുമരകം ടൗൺ ബോട്ട് ക്ലബ്ബ്,കുമരകം) ഏഴ്, ആർപ്പൂക്കര ചുണ്ടൻ- (ഇമ്മാനുവൽ ബോട്ട് ക്ലബ്ബ്, കുമരകം) എട്ട്, തലവടി ചുണ്ടൻ- (വില്ലേജ് ബോട്ട് ക്ലബ്ബ്)ഒമ്പത്.
ഫൈനലടക്കം ആകെ 11 മത്സരങ്ങളുള്ള ഈ സീസണിലെ മറ്റ് ലീഗ് പോരാട്ടങ്ങൾ- കോട്ടയം താഴത്തങ്ങാടി, (ഒക്ടോബർ 24), ആലപ്പുഴ പുളിങ്കുന്ന് (ഒക്ടോബർ 31), കൈനകരി (നവംബർ 7), കായംകുളം (നവംബർ 14) എന്നിവിടങ്ങളിലായി നടക്കും. നവംബർ 21-ന് കൊല്ലത്ത് നടക്കുന്ന പ്രസിഡന്റ്സ് ട്രോഫി വള്ളംകളിയോടെയാണ് സിബിഎൽ ആറാം സീസണിന് സമാപനമാവുന്നത്.
ഓരോ മത്സരവേദികളിലും വിജയികളാകുന്നവരിൽ ഒന്നാം സ്ഥാനക്കാർക്ക് അഞ്ച് ലക്ഷം രൂപയും രണ്ടാം സ്ഥാനക്കാർക്ക് മൂന്ന് ലക്ഷവും മൂന്നാം സ്ഥാനക്കാർക്ക് ഒരു ലക്ഷം രൂപയും ലഭിക്കും. ബോണസായി ഓരോ ടീമിനും നാല് ലക്ഷം രൂപ വീതവും നീക്കിവച്ചിട്ടുണ്ട്. ചാമ്പ്യൻഷിപ്പിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കുന്ന ക്ലബിന് 25 ലക്ഷവും രണ്ടാം സ്ഥാനം നേടുന്നവർക്ക് 15 ലക്ഷവും മൂന്നാം സ്ഥാനത്തെത്തുന്ന ക്ലബിന് 10 ലക്ഷം രൂപയും സമ്മാനമായി ലഭിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.