Sections

എഐ അധിഷ്ഠിത സർഗാത്മകതയുടെ ആഗോള കേന്ദ്രമായി കേരളം മാറണം: മന്ത്രി പി.സി വിഷ്ണുനാഥ്

Saturday, Nov 14, 2026
Reported By Admin
Kerala's First AI Film Festival Frame Zero Opens at Huddle Global 2026

  • 'ഹഡിൽ ഗ്ലോബൽ-2026'ൽ സംസ്ഥാനത്തെ ആദ്യത്തെ എഐ ചലച്ചിത്രോത്സവമായ 'ഫ്രെയിം സീറോ' മന്ത്രി ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം: നവീകരണത്തിൻറെയും സാങ്കേതികവിദ്യാധിഷ്ഠിത പരിഹാരങ്ങളുടെയും സർഗാത്മക സംരംഭകത്വത്തിൻറെയും ആഗോള കേന്ദ്രമായി കേരളം മാറണമെന്ന് സാംസ്കാരിക ചലച്ചിത്ര ടൂറിസം വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥ്. ഹഡിൽ ഗ്ലോബൽ-2026 ൻറെ ഭാഗമായി കേരള സ്റ്റാർട്ടപ്പ് മിഷൻ സംഘടിപ്പിച്ച കേരളത്തിലെ ആദ്യത്തെ എഐ ചലച്ചിത്രോത്സവമായ 'ഫ്രെയിം സീറോ' കോവളത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്റ്റാർട്ടപ്പുകൾ, ടെക്നോളജി ഇന്നൊവേറ്റേഴ്സ്, സർഗാത്മക വ്യവസായങ്ങൾ എന്നിവയെ ഒന്നിപ്പിച്ചുകൊണ്ട് ഈ ലക്ഷ്യം മുന്നോട്ട് കൊണ്ടുപോകുന്നതിൽ ഹഡിൽ ഗ്ലോബൽ പോലുള്ള വേദികൾക്ക് സുപ്രധാന പങ്ക് വഹിക്കാൻ കഴിയുമെന്ന് മന്ത്രി പറഞ്ഞു.

സിനിമ, സാങ്കേതികവിദ്യ, സംരംഭകത്വം എന്നിവയെ ഒന്നിപ്പിക്കുന്നതിൽ എഐ കേന്ദ്രീകൃത ചലച്ചിത്രോത്സവത്തിന് വലിയ പ്രാധാന്യമുണ്ടെന്ന് മന്ത്രി പറഞ്ഞു. മലയാളം ഉൾപ്പെടെയുള്ള ഇന്ത്യൻ ഭാഷകളിൽ എഐയുടെ സഹായത്തോടെയുള്ള ചലച്ചിത്ര നിർമ്മാണത്തിനും പുതിയ ദൃശ്യ സാങ്കേതികവിദ്യകൾ ഉപയോഗിക്കുന്നതിനും കേരളത്തിൽ കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കപ്പെടേണ്ടതുണ്ട്. പകർപ്പവകാശം, കലാകാര?ാരുടെ അവകാശങ്ങൾ, സാങ്കേതികവിദ്യയുടെ ഉത്തരവാദിത്തപരമായ ഉപയോഗം എന്നിവയുമായി ബന്ധപ്പെട്ട ആശങ്കകൾ പരിഹരിക്കേണ്ടതിൻറെ പ്രാധാന്യവും അദ്ദേഹം ഓർമ്മിപ്പിച്ചു.

തിരക്കഥാരചന, ദൃശ്യാവിഷ്കാരം, ആനിമേഷൻ, എഡിറ്റിംഗ്, വിതരണം തുടങ്ങി ചലച്ചിത്ര നിർമ്മാണത്തിൻറെ വിവിധ ഘട്ടങ്ങളിൽ എഐയുടെ സ്വാധീനം വർധിച്ചുവരികയാണ്. സാങ്കേതികവിദ്യ മനുഷ്യൻറെ സർഗാത്മകതയ്ക്ക് പകരമാവരുത്. അതിനെ ശക്തിപ്പെടുത്താനും വികസിപ്പിക്കാനുമുള്ള ഉപാധിയായിരിക്കണം. ഒരു മോഹൻലാലിനെയോ മമ്മൂട്ടിയെയോ സൃഷ്ടിക്കാൻ എഐക്ക് കഴിയില്ല. കൊച്ചിയിൽ സ്ഥാപിക്കാനിരിക്കുന്ന ഫിലിം സിറ്റി എഐയുടെ സഹായത്തോടെ 35 ഏക്കർ സ്ഥലത്ത് സജ്ജീകരിക്കാൻ സാധിക്കുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

ടൂറിസം, ആരോഗ്യം, വിദ്യാഭ്യാസം, വ്യവസായം തുടങ്ങിയ മേഖലകളിൽ ആർട്ടിഫിഷ്യൽ ഇൻറലിജൻസ് വലിയ മാറ്റങ്ങൾ കൊണ്ടുവരുന്നുണ്ട്. ഇത് സ്റ്റാർട്ടപ്പുകൾക്കും സംരംഭകർക്കും മികച്ച അവസരങ്ങൾ സൃഷ്ടിക്കുന്നുണ്ട്. വ്യക്തിഗത യാത്രാനുഭവങ്ങൾ, ഡിജിറ്റൽ മാർക്കറ്റിംഗ്, സ്മാർട്ട് ബുക്കിംഗ് സംവിധാനങ്ങൾ, ഡാറ്റാ അനലിറ്റിക്സ് എന്നിവയിലൂടെ ടൂറിസം മേഖലയെ ശക്തിപ്പെടുത്താൻ പുതിയ സാങ്കേതികവിദ്യകൾ കേരളത്തെ സഹായിക്കും. സംസ്ഥാനത്തിൻറെ പ്രകൃതിഭംഗി, പൈതൃകം, സംസ്കാരം, തനതായ അനുഭവങ്ങൾ എന്നിവ അന്താരാഷ്ട്ര പ്രേക്ഷകർക്ക് മുന്നിൽ കൂടുതൽ ഫലപ്രദമായി അവതരിപ്പിക്കാനും സാങ്കേതികവിദ്യ സഹായിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

കെഎസ് യുഎം സി.ഇ.ഒ അനൂപ് അംബിക മന്ത്രിയെ സ്വാഗതം ചെയ്തു. ഫിലിംലാൻസ് ടെക്നോളജീസിനെ പ്രതിനിധീകരിച്ച് കമ്പനി സ്ഥാപകയും സിഇഒയുമായ ദിവ്യ തൈക്കൂട്ടത്തിൽ, ചീഫ് പ്രൊഡക്റ്റ് ഓഫീസർ ഹരി ഗീത സദാശിവൻ, ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ബിന്ദ്യ തൈക്കൂട്ടത്തിൽ, ലീഡ് ഡെവലപ്പർ ജഷിൻ ജഗദീഷ് എന്നിവർ പങ്കെടുത്തു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.