Sections

ഹഡിൽ ഗ്ലോബലിൽ മുഖ്യമന്ത്രിയെ വെർച്വൽ മോഡലാക്കി സ്റ്റാർട്ടപ്പ്

Saturday, Nov 14, 2026
Reported By Admin
Huddle Global 2026: Startup Gives CM VD Satheesan a Virtual Makeover

തിരുവനന്തപുരം: പൊതുവേദികളിൽ സാധാരണയായി തൂവെള്ള ഖാദി ഷർട്ടും മുണ്ടും ധരിച്ചാണ് മുഖ്യമന്ത്രി വി.ഡി. സതീശനെ കാണാറുള്ളത്. എന്നാൽ കോവളത്ത് ആരംഭിച്ച ഹഡിൽ ഗ്ലോബൽ 2026-ൽ ഒരു സ്റ്റാർട്ടപ്പ് മുഖ്യമന്ത്രിക്ക് വ്യത്യസ്തമായൊരു വേഷപ്പകർച്ചയാണ് നൽകിയത്. വ്യത്യസ്ത വസ്ത്രങ്ങൾ ധരിച്ചുനോക്കാൻ സഹായിക്കുന്ന സാങ്കേതികവിദ്യ വികസിപ്പിച്ച സ്റ്റാർട്ടപ്പായ ലൂമിവ്യൂവിൻറെ സ്റ്റാൾ സന്ദർശിച്ച മുഖ്യമന്ത്രിയെ സ്ക്രീനിലൂടെ വെർച്വൽ മോഡലാക്കി മാറ്റുകയായിരുന്നു അവർ.

തങ്ങളുടെ സ്ക്രീനിന് മുന്നിൽ നിൽക്കാൻ അവർ മുഖ്യമന്ത്രിയോട് അഭ്യർഥിച്ചു. അദ്ദേഹം സന്തോഷത്തോടെ അതിന് തയ്യാറായി. പരിചയസമ്പന്നനായ രാഷ്ട്രീയക്കാരനായതിനാൽ എന്തെങ്കിലും അപ്രതീക്ഷിത നീക്കമുണ്ടാകുമെന്ന് അദ്ദേഹത്തിന് സംശയവുമുണ്ടായിരുന്നു.

'നിങ്ങൾ എന്തോ കുസൃതി ഒപ്പിക്കാനാണ് പോകുന്നതെന്ന് എനിക്കറിയാം. എന്നാലും മുന്നോട്ടുപോകൂ, എന്താണ് ചെയ്യുന്നതെന്ന് നോക്കട്ടെ'. സ്ക്രീനിന് മുന്നിൽ നിന്നുകൊണ്ട് അദ്ദേഹം പറഞ്ഞു.

പ്രതീക്ഷിച്ചതുപോലെ മുഖ്യമന്ത്രിയുടെ കാരിക്കേച്ചറും ജെൻസി സോഷ്യൽ മീഡിയ ഉപഭോക്താക്കൾ അദ്ദേഹത്തിന് നൽകിയ 'പൂക്കി' വിശേഷണവുമുള്ള ടി-ഷർട്ട് ധരിച്ച സതീശനെയാണ് സ്ക്രീനിൽ കാണിച്ചത്. കാഴ്ച കണ്ട് മുഖ്യമന്ത്രി പൊട്ടിച്ചിരിച്ചു. ഉൽപ്പന്നത്തിൻറെ കൂടുതൽ വിവരങ്ങൾ ചോദിച്ചറിഞ്ഞ ശേഷമാണ് അദ്ദേഹം അടുത്ത സ്റ്റാളിലേക്ക് നീങ്ങിയത്.

ലൂമിവ്യൂ സ്ഥാപകൻ ജാനുകൃഷ്ണ എ.എസ് പിന്നീട് മുഖ്യമന്ത്രിയുടെ പ്രതികരണത്തെ പ്രശംസിച്ചു. തങ്ങളുടെ അഭ്യർഥന മാനിച്ച് അദ്ദേഹം പരീക്ഷണത്തിന് തയ്യാറായെന്നും ഉൽപ്പന്നം പ്രവർത്തിക്കുന്നത് കണ്ടശേഷം കൂടുതൽ വിവരങ്ങൾ ചോദിച്ചറിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.

ഉപഭോക്താക്കൾക്ക് വസ്ത്രങ്ങൾ നേരിട്ട് ധരിച്ചുനോക്കാതെ തന്നെ വ്യത്യസ്ത വേഷങ്ങൾ പരീക്ഷിക്കാനുള്ള സൗകര്യമൊരുക്കുകയാണ് ഉൽപ്പന്നത്തിൻറെ ലക്ഷ്യം. ഇത് ഉപഭോക്താക്കൾക്ക് കൂടുതൽ തിരഞ്ഞെടുപ്പുകൾ നൽകും. അതോടൊപ്പം ഉപഭോക്താക്കൾ ധരിച്ചുനോക്കുന്ന വസ്ത്രങ്ങൾ കടയിലെ ജീവനക്കാർക്ക് വീണ്ടും മടക്കി ഷെൽഫുകളിൽ വെക്കേണ്ടിവരുന്ന ജോലിയും കുറയ്ക്കും. മാത്രമല്ല ഈ രീതിക്ക് കൂടുതൽ ശുചിത്വവുമുണ്ട്. ഓരോ വസ്ത്രവും നേരിട്ട് ധരിക്കുകയും അഴിക്കുകയും ചെയ്യേണ്ടതില്ല. സ്ക്രീനിൽ നിന്ന് ഇഷ്ടമുള്ള വസ്ത്രം തിരഞ്ഞെടുത്താൽ മതി. അത് ധരിച്ചാൽ എങ്ങനെയുണ്ടാകുമെന്ന് സ്ക്രീനിൽ കാണാം. തിരിഞ്ഞുനിന്നും വശങ്ങളിൽ നിന്നും നോക്കാം. വസ്ത്രം ശരീരത്തിന് എത്രത്തോളം ചേരുന്നുവെന്നും മനസ്സിലാക്കാം.

ഫാഷൻ സ്റ്റാർട്ടപ്പായ മൈ ഡിസിഗ്നേഷനുമായി സഹകരിച്ച് ഉൽപ്പന്നം വിപണിയിലെത്തിക്കാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും സമീപഭാവിയിൽ തന്നെ വാണിജ്യാടിസ്ഥാനത്തിൽ ലഭ്യമാക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും ലൂമിവ്യൂ അറിയിച്ചു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.