Sections

നൂതനത്വം, സംരംഭകത്വം- വിസ്മയക്കാഴ്ചകളുമായി ഹഡിൽ ഗ്ലോബൽ പ്രദർശനങ്ങൾ

Friday, Nov 13, 2026
Reported By Admin
Huddle Global 2026 Showcases 150 Innovative Startup Exhibits

തിരുവനന്തപുരം: കേരള സ്റ്റാർട്ടപ്പ് മിഷൻ സംഘടിപ്പിക്കുന്ന സ്റ്റാർട്ടപ്പ് ഉച്ചകോടിയായ ഹഡിൽ ഗ്ലോബൽ ഉച്ചകോടിയുടെ ലീല കൺവെൻഷൻ സെൻററിലെ പ്രധാന വേദിയിലേക്ക് സന്ദർശകരെ സ്വീകരിക്കുന്നത് മൂന്ന് റോബോട്ടുകളാണ്. ഹ്യൂമനോയിഡ് വിഭാഗത്തിലെ ഈ റോബോട്ടുകൾ വെറും തുടക്കം മാത്രം. നിത്യജീവിതത്തെ അനായാസകരമാക്കുന്നതും ആരോഗ്യപരിപാലന രംഗത്ത് വിപ്ലവം സൃഷ്ടിക്കാൻ പോന്നതുമായ നിരവധി സ്റ്റാർട്ടപ്പ് ഉത്പന്നങ്ങളാണ് ഇവിടെ സന്ദർശകരെ കാത്തിരിക്കുന്നത്.

പ്രതിരോധാവശ്യങ്ങൾക്കായുള്ള റോബോട്ടിക്സ് കവചിത വാഹനങ്ങളും വ്യാവസായികാവശ്യത്തിനുള്ള ഹ്യൂമനോയിഡുകളടക്കം നിർമ്മിക്കുന്ന ഐ ഹബ് റോബോട്ടിക്സ്, വസിഷ്ഠ റിസർച്ച്, തുടങ്ങിയവ ഡീപ്ടെക് വിഭാഗത്തിലെ മികച്ച സാന്നിദ്ധ്യങ്ങളാണ്. ആയിരം കിലോ വഹിക്കാൻ ശേഷിയുള്ള റോബോട്ടിക് കവചിത വാഹനങ്ങൾ, ആയുധങ്ങൾ കൈകാര്യം ചെയ്യാവുന്ന ഹ്യൂമനോയിഡുകൾ തുടങ്ങിയവ ഭാരതീയ പ്രതിരോധ സേനകൾക്ക് വേണ്ടി വികസിപ്പിച്ചു കൊണ്ടിരിക്കുകയാണെന്ന് ഐ ഹബ് റോബോട്ടിക് സിഇഒ ആദിൽ കൃഷ്ണ പറഞ്ഞു.

ആരോഗ്യമേഖലയിൽ ഭാവിവാഗ്ദാനമാകാൻ ശേഷിയുള്ള നിരവധി സ്റ്റാർട്ടപ്പുകളാണ് ഇവിടെ പ്രദർശനത്തിനെത്തിയിട്ടുള്ളത്. വളർച്ചയെത്താതെ പിറക്കുന്ന കുഞ്ഞുങ്ങൾക്ക് കഴുത്തിൽ ദ്വാരമുണ്ടാക്കാതെ ശ്വസിക്കാൻ സഹായിക്കുന്ന ഉപകരണമാണ് ഹൈക്ക മെഡിക്കൽസ് ഇന്ത്യയുടേത്. നവജാത ശിശുപരിപാലനത്തിൽ ഇത് ഏറെ പ്രയോജനം ചെയ്യുമെന്ന് കമ്പനിയുടെ പ്രൊഡക്ഷൻ മാനേജരായ അരുൺ പി പറഞ്ഞു. അർബുദ രോഗചികിത്സയിൽ നൽകുന്ന കീമോതെറാപ്പി മരുന്നുകളുടെ പാർശ്വഫലം കുറയ്ക്കുന്ന പ്രോട്ടീൻ അധിഷ്ഠിത ചികിത്സാരീതിയും മരുന്നുകളുമാണ് വിവേക് ബയോഫാർമ ഉത്പാദിപ്പിക്കുന്നത്. അർബുദരോഗ കോശങ്ങളുടെ ഭാഗത്ത് മാത്രം മരുന്നിൻറെ ഉപയോഗം നിജപ്പെടുത്തുന്നതാണ് ഈ സാങ്കേതികവിദ്യയെന്ന് കമ്പനിയുടെ സഹസ്ഥാപക ഡോ. ലിസി കൃഷ്ണൻ പറഞ്ഞു. ശ്വാസം ഊതുന്നതിലൂടെ ശ്വാസകോശാർബുദം കണ്ടെത്തുന്നതിനുള്ള ഉപകരണമാണ് അക്കുബിറ്റ്സ് ഇൻവെൻറ് വികസിപ്പിച്ചെടുത്തിരിക്കുന്നത്. മലബാർ ക്യാൻസർ സെൻററുമായി ചേർന്ന് ഇതിൻറെ പരീക്ഷണങ്ങൾ നടന്നു വരികയാണെന്ന് കമ്പനിയുടെ ചീഫ് ടെക്നോളജി ഓഫീസർ ഡോ. അശ്വതി ഉദയൻ പറഞ്ഞു.

ഹൃദ്രോഗ ലക്ഷണങ്ങൾ നേരത്തെ കണ്ടെത്തുന്നതിനുള്ള സ്മാർട്ട് ഉപകരണങ്ങളും ക്ലിനിക്കൽ അനലിറ്റിക്സ് പ്ലാറ്റ്ഫോമുകളും വികസിപ്പിക്കുന്ന വേഫർചിപ്സ് ടെക്നോ സൊല്യൂഷൻസ്, ശരീരത്തിൽ സ്പർശിക്കാതെ തന്നെ ആരോഗ്യപരവും ശാരീരികവുമായ അവസ്ഥകൾ അളക്കുന്ന സെൻസർ സാങ്കേതികവിദ്യകളും അൽഗോരിതങ്ങളും നിർമ്മിക്കുന്ന കോണിഫ്ലുവൻസ് ഡീപ്ടെക്, വായിലെയും ഗർഭാശയഗളത്തിലെയും കാൻസർ സാധ്യതകൾ വേദനരഹിതമായി നേരത്തെ കണ്ടെത്തുന്ന 'ഓറൽസ്കാൻ' വികസിപ്പിക്കുന്ന സാസ്കാൻ മെഡിടെക് തുടങ്ങിയവയും ശ്രദ്ധേയമാണ്. മാനസികാരോഗ്യവും അതിസമ്മർദ്ദവും ലഘൂകരിക്കുന്നതിന് കൗൺസിലിംഗ്, മസാജിംഗ് തെറാപ്പി സേവനങ്ങൾ നൽകുന്ന ഹാപ്പിനസ് കെയറും ആരോഗ്യരംഗത്ത് സമസ്തമേഖലയെയും സ്പർശിക്കുന്ന സ്റ്റാർട്ടപ്പുകൾക്ക് ഉദാഹരണമാണ്.

പച്ചക്കറി തൈകൾ ഗ്രാഫ്റ്റ് ചെയ്യുന്നതിനുള്ള റോബോട്ടിക് സംവിധാനമാണ് ഗ്രാഫിറ്റോ എന്ന സ്റ്റാർട്ടപ്പിൻറെ ഉത്പന്നം. വേരുറപ്പ് ഇല്ലാത്ത തക്കാളി പോലുള്ള ചെടികളുടെ മുകുളങ്ങളോടു കൂടിയ ശാഖകൾ വേരുറപ്പ് കൂടിയ വഴുതന പോലുള്ള ചെടികളുടെ കടയ്ക്ക് ഗ്രാഫ്റ്റ് ചെയ്യുകയാണ് ഇവർ ചെയ്യുന്നത്. ഇതുവഴി കാർഷികോത്പാദനം 10 മടങ്ങ് വരെ വർധിപ്പിക്കാനാകുമെന്ന് കമ്പനി സ്ഥാപകനായ ആബെൽ സി ഡിക്സൺ പറഞ്ഞു. വൻകിട കൃഷി ചെയ്യുന്ന തമിഴ്നാട്, ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും ഗൾഫ് രാജ്യങ്ങളിലുമാണ് ഇതിന് ആവശ്യക്കാർ കൂടുതലുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അഴുക്കു ചാലുകളിൽ സ്ഥിരമായി ഘടിപ്പിക്കാവുന്ന സെൻസർ ഉപകരണവും പൈപ്പ് ലൈനിലൂടെ നിരീക്ഷണം നടത്താവുന്ന റോബോട്ടുമാണ് ഇൻഫോപാർക്ക് തൃശൂർ കാമ്പസിൽ പ്രവർത്തിക്കുന്ന എസ്ട്രോ ടെക് റോബോട്ടിക്സ് പുറത്തിറക്കിയിരിക്കുന്നത്. മാൻഹോളിലെ വിഷവായുവിൻറെ അളവും വെള്ളം കവിയുന്നതിൻറെ തത്സമയ വിവരവും ഇതുവഴി ലഭിക്കും. തിരുവനന്തപുരത്ത് ഇതിനകം തന്നെ പരീക്ഷണാടിസ്ഥാനത്തിൽ സ്ഥാപിച്ചിരിക്കുന്ന മെഷീൻ വഴിയുള്ള തത്സമയ ഡാറ്റയും ഇതോടൊപ്പം പ്രദർശിപ്പിച്ചിട്ടുണ്ട്.

ഉയർന്ന പ്രോട്ടീൻ അടങ്ങിയതും കൃത്രിമ പ്രിസർവേറ്റീവുകൾ ഇല്ലാത്തതുമായ സസ്യാധിഷ്ഠിത മാംസ്യ ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്ന ഗ്രീൻ മീറ്റ്, വിളവെടുപ്പിനു ശേഷം പഴങ്ങളും പച്ചക്കറികളും കൂടുതൽ കാലം കേടുകൂടാതെ സൂക്ഷിക്കാനുള്ള സാങ്കേതികവിദ്യകൾ വികസിപ്പിക്കുന്ന ഫ്രൂവ്ടെക് പ്രൈവറ്റ് ലിമിറ്റഡ് തുടങ്ങിയവയും കാർഷിക ടെക്നോളജിയിലെ ശ്രദ്ധേയ സാന്നിദ്ധ്യങ്ങളാണ്.

വനിതാ സംരംഭങ്ങളും എക്സ്പോയിൽ സജീവമാണ്. പ്ലാസ്റ്റിക്കിന് പകരമായി പരിസ്ഥിതി സൗഹൃദ ഭക്ഷണ പാക്കേജിംഗ് ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്ന വർസ്യ ഇക്കോ സൊല്യൂഷൻസ്, വൈക്കോലിൽ നിന്നുള്ള നാനോസെല്ലുലോസ് ഉപയോഗിച്ച് പ്രകൃതിദത്ത സൗന്ദര്യവർദ്ധക ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്ന വനിതാ സംരംഭകത്വ സ്റ്റാർട്ടപ്പായ സെല്ലുപ്രോ ഗ്രീൻ പ്രൈവറ്റ് ലിമിറ്റഡ്, ഡോ. കവിത സന്തോഷിൻറെ നേതൃത്വത്തിൽ മണ്ണിൻറെ ആരോഗ്യവും സുസ്ഥിര കൃഷിയും പ്രോത്സാഹിപ്പിക്കുന്ന വനിതാ സംരംഭകത്വ അഗ്രിടെക് സ്റ്റാർട്ടപ്പായ ബയോട്ട പ്രിസിഷൻ അഗ്രികൾച്ചർ, ചിരട്ടയിൽ നിന്ന് ഗൃഹോപകരണങ്ങൾ നിർമ്മിക്കുന്നതിലൂടെ ഗ്രാമീണ മേഖലയിലെ വനിതകൾക്ക് തൊഴിലവസരങ്ങൾ നൽകുന്ന സുസ്ഥിര സംരംഭമായ തേങ്ങാക്കൊക്കോ തുടങ്ങിയവയും സന്ദർശകരെ ആകർഷിക്കുന്നു.

ബഹിരാകാശ, പ്രതിരോധ മേഖലകൾക്കായി തദ്ദേശീയ റോബോട്ടിക്സ്, ഓട്ടോമേഷൻ സംവിധാനങ്ങൾ വികസിപ്പിക്കുന്ന സ്ഥാപനമാണ് വസിഷ്ഠ റിസർച്ച് പ്രൈവറ്റ് ലിമിറ്റഡ്. ക്വാണ്ടം സെൻസിംഗ്, ഡ്രോണുകൾക്കുള്ള ആറ്റോമിക് റിസീവറുകൾ, കാലാവസ്ഥാ റഡാർ സാങ്കേതികവിദ്യകൾ എന്നിവയിലാണ് ഓഗ്സെൻസ്ലാബ് പ്രവർത്തിക്കുന്നത്. സാറ്റലൈറ്റ് ഡാറ്റ വിശകലനം ചെയ്ത് ഭൂമി സംബന്ധമായ അപകടസാധ്യതകൾ വിലയിരുത്തുന്ന വാച്ച്മാൻ പ്ലാറ്റ്ഫോമാണ് സെറ്റാ സ്പേസ് അവതരിപ്പിക്കുന്നത്. ചുവരുകളിൽ ചിത്രങ്ങളും പരസ്യങ്ങളും വരയ്ക്കുന്ന ചുവർബോട്ട് എന്ന ഓട്ടോമേറ്റഡ് റോബോട്ടാണ് ടെവനോവ ടെക്ട്രേഡ് പ്രൈവറ്റ് ലിമിറ്റഡിൻറെ ഉത്പന്നം.

ബിസിനസ്സ് ആശയങ്ങളെ ഡിജിറ്റൽ ഉൽപ്പന്നങ്ങളാക്കി മാറ്റാൻ സഹായിക്കുന്ന എഐ സോഫ്റ്റ്വെയർ പ്ലാറ്റ്ഫോമുകളാണ് ഐന്ദ്രിയ എഐ ആൻഡ് ഡാറ്റാ ലാബ്സ് നിർമ്മിക്കുന്നത്. ത്രീഡി പ്രിൻറിംഗ് പ്രക്രിയ എളുപ്പമാക്കുന്ന നാവ് എഐ എന്ന എഐ അധിഷ്ഠിത മാനുഫാക്ചറിംഗ് എഞ്ചിൻ ഡോണെൽ ഇൻഡസ്ട്രീസ് വികസിപ്പിക്കുന്നു.

സ്റ്റാർട്ടപ്പുകളും അനുബന്ധ സ്ഥാപനങ്ങളുമായി 150 സ്റ്റാളുകളാണ് ഹഡിൽ ഗ്ലോബലിൽ ഒരുക്കിയിട്ടുള്ളത്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.