Sections

കേരളത്തിലെ സ്റ്റാർട്ടപ്പ്-ഐടി ആവാസവ്യവസ്ഥയ്ക്ക് ശക്തമായ സഹകരണം നൽകണം -  'ഡെസ്റ്റിനേഷൻ എക്‌സ്പാൻഡ് നോർത്ത് സ്റ്റാർ' കോഴിക്കോട് റോഡ്‌ഷോ

Tuesday, Oct 13, 2026
Reported By Admin
Kozhikode Hosts Destination Expand North Star Startup Roadshow

കോഴിക്കോട്: കേരളത്തിലെ സ്റ്റാർട്ടപ്പുകൾക്ക് ആഗോള വിപണിയിലേയ്ക്കുള്ള വഴിതുറക്കുന്നതിനായി ദുബായ് വേൾഡ് ട്രേഡ് സെന്റർ കേന്ദ്രമായി പ്രവർത്തിക്കുന്ന സെൻട്രൽ സംഘടിപ്പിച്ച 'ഡെസ്റ്റിനേഷൻ എക്സ്പാൻഡ് നോർത്ത് സ്റ്റാർ' കോഴിക്കോട് റോഡ്ഷോ സമാപിച്ചു. ഗവൺമെന്റ് സൈബർപാർക്ക്, ഹൈലൈറ്റ് ബിസിനസ് പാർക്ക്, കാഫിറ്റ് (കാലിക്കറ്റ് ഫോറം ഫോർ ഐടി) എന്നിവയുടെ സഹകരണത്തോടെ കോഴിക്കോട് ഹൈലൈറ്റ് ബിസിനസ് പാർക്കിൽ നടന്ന പരിപാടിയിൽ നൂറോളം സ്റ്റാർട്ടപ്പ് സംരംഭകർ പങ്കെടുത്തു.

ദുബായ് കേന്ദ്രീകരിച്ച് അന്താരാഷ്ട്ര വിപണി കണ്ടെത്താനും ആഗോള നിക്ഷേപകരുമായും പങ്കാളികളുമായും ബന്ധം സ്ഥാപിക്കാനും ലക്ഷ്യമിട്ടാണ് റോഡ്ഷോ സംഘടിപ്പിച്ചത്. വടക്കൻ കേരളത്തിലെ സ്റ്റാർട്ടപ്പ്-ഐടി ആവാസവ്യവസ്ഥയ്ക്ക് ശക്തമായ സഹകരണം നൽകണമെന്ന് റോഡ് ഷോ നിർദ്ദേശിച്ചു. ഹൈലൈറ്റ് ബിസിനസ് ഹബ് എക്സിക്യൂട്ടീവ് ഹെഡ് ഹനു ഷെൽക്ക്, കാഫിറ്റ് പ്രസിഡന്റ് റിഫാത്ത് റഹ്മാൻ, സൈബർപാർക്ക് എച്ച്ആർ & മാർക്കറ്റിങ് മാനേജർ അനുശ്രീ, ദുബായ് വേൾഡ് ട്രേഡ് സെന്റർ പാർട്ണർഷിപ്സ് സീനിയർ മാനേജർ അശ്വിൻ രാജ്മോഹൻ തുടങ്ങിയവർ സംസാരിച്ചു.

എക്സ്പാൻഡ് നോർത്ത് സ്റ്റാർ, ജൈടെക്സ് ഗ്ലോബൽ 2026 തുടങ്ങിയ ആഗോള വേദികൾ സംരംഭങ്ങളുടെ വളർച്ചയ്ക്ക് എങ്ങനെ പ്രയോജനപ്പെടുത്താമെന്ന് സംരംഭകർ ചർച്ച ചെയ്തു. കേരളത്തിലെ സ്റ്റാർട്ടപ്പ് സമൂഹത്തിന് ആഗോള വിപണിയിലേക്കുള്ള മികച്ചൊരു ചവിട്ടുപടിയാണ് ഈ പദ്ധതിയെന്ന് സെൻട്രൽ ചീഫ് എക്സിക്യൂട്ടീവ് ഡയറക്ടർ റഫീസ് റഹ്മത്തുള്ള വ്യക്തമാക്കി.

ഇന്ത്യയിലെ വിവിധ നഗരങ്ങളിൽ നടക്കുന്ന റോഡ്ഷോകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന 100 ഇന്ത്യൻ സ്റ്റാർട്ടപ്പ് സ്ഥാപകർക്ക് ദുബായിൽ നടക്കുന്ന എക്സ്പാൻഡ് നോർത്ത് സ്റ്റാർ, ഗിടെക്സ് ഗ്ലോബൽ മേളകളിൽ പങ്കെടുക്കാനും ആഗോള ബിസിനസ് അവസരങ്ങൾ പ്രയോജനപ്പെടുത്താനുമുള്ള അവസരം ലഭിക്കും. കേരള സർക്കാരിന്റെ കീഴിലുള്ള സൈബർപാർക്ക്, ഇൻഫോപാർക്ക്, ടെക്നോപാർക്ക് തുടങ്ങിയവയുടെ സഹകരണത്തോടെയാണ് റോഡ് ഷോ നടക്കുന്നത്. കോഴിക്കോടിന് പുറമെ തിരുവനന്തപുരം, കൊച്ചി, കന്യാകുമാരി, കോയമ്പത്തൂർ, ചെന്നൈ, ബെംഗളൂരു എന്നിവിടങ്ങളിലും റോഡ്ഷോകൾ നടക്കും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.