Sections

മിൽമയുടെ വിൽപ്പനയിൽ മുന്നേറ്റം: ആറുമാസത്തിനിടെ വിറ്റുവരവ് 2,559.71 കോടി രൂപ

Monday, Oct 12, 2026
Reported By Admin
Milma Records 15.09% Growth With ₹2,559.71 Crore Turnover

തിരുവനന്തപുരം: നടപ്പു സാമ്പത്തിക വർഷത്തിൻറെ ആദ്യ പകുതിയിൽ 2,559.71 കോടി രൂപയുടെ വിറ്റുവരവുമായി മിൽമ എന്ന പേരിലറിയപ്പെടുന്ന കേരള കോ-ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിങ് ഫെഡറേഷൻ (കെസിഎംഎംഎഫ്). 2026-27 സാമ്പത്തിക വർഷത്തിലെ പാൽ ഉൾപ്പെടെയുള്ള ഉത്പന്നങ്ങളുടെ വിറ്റുവരവ് മുൻവർഷത്തെ അപേക്ഷിച്ച് 15.09 ശതമാനമായി വളർന്നു. 2025-26 സാമ്പത്തിക വർഷത്തിൻറെ ആദ്യപകുതിയിൽ മിൽമയുടെ വിറ്റുവരവ് 2,224.12 കോടി രൂപയായിരുന്നു.

മിൽമയുടെ മൂന്ന് മേഖലാ യൂണിയനുകൾ ചേർന്ന് 2,328.87 കോടി രൂപയുടെ വിറ്റുവരവ് നേടി. ഫെഡറേഷന് കീഴിലുള്ള ഉത്പാദന കേന്ദ്രങ്ങളിൽ നിന്നുള്ള ഉത്പന്നങ്ങളുടെ വിൽപ്പനയിലൂടെ 230.84 കോടി രൂപ സമാഹരിക്കാനായി.

തിരുവനന്തപുരം റീജിയണൽ കോ-ഓപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്സ് യൂണിയൻറെ (ടിആർസിഎംപിയു) ആകെ വിറ്റുവരവ് മുൻവർഷം ഇതേ കാലയളവിൽ 635.89 കോടി രൂപയായിരുന്നത് 746.21 കോടി രൂപയായി ഉയർന്നു. (17.35 ശതമാനം). എറണാകുളം റീജിയണൽ കോ-ഓപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്സ് യൂണിയൻറെ (ഇആർസിഎംപിയു) വിറ്റുവരവ് മുൻവർഷത്തെ 515.79 കോടി രൂപയിൽ നിന്ന് 571.04 കോടി രൂപയായി വർധിച്ചു. (10.71 ശതമാനം) മലബാർ റീജിയണൽ മിൽക്ക് പ്രൊഡ്യൂസേഴ്സ് യൂണിയൻറെ (എംആർസിഎംപിയു) വിറ്റുവരവ് മുൻ സാമ്പത്തിക വർഷത്തെ ഇതേ കാലയളവിലെ 855.24 കോടി രൂപയിൽ നിന്ന് 1,011.62 കോടി രൂപയായി ഉയർന്നു (18.28 ശതമാനം).

പാൽ വിൽപ്പനയിൽ ടിആർസിഎംപിയു 589.8 കോടി രൂപയുടെ വിറ്റുവരവ് കരസ്ഥമാക്കി. (13.86 ശതമാനമാണ് വളർച്ച) ഇആർസിഎംപിയു 444.64 കോടി രൂപയുടെ വിറ്റുവരവ് രേഖപ്പെടുത്തി. (6.32 ശതമാനം വളർച്ച) എംആർസിഎംപിയു 712.22 കോടി രൂപയുടെ വിറ്റുവരവാണ് കൈവരിച്ചത്. (15.50 ശതമാനം വളർച്ച)

പാലിതര ഉത്പന്നങ്ങളുടെ വിൽപ്പനയിലും മേഖലാ യുണിയനുകൾ നേട്ടം സ്വന്തമാക്കി. ടിആർസിഎംപിയുവിൻറെ 117.87 കോടി രൂപയുടെ വിറ്റുവരവ് 156.41 കോടി രൂപയായി ഉയർന്നു. ഇആർസിഎംപിയുവിൻറെ വിറ്റുവരവ് 97.58 കോടി രൂപയിൽ നിന്ന് 126.40 കോടി രൂപയായാണ് വർധിച്ചത്. എംആർസിഎംപിയു 238.6 കോടി രൂപയിൽ നിന്ന് 299.4 കോടി രൂപയുടെ വർധനവ് കൈവരിച്ചു.

മിൽമയ്ക്ക് വിപണിയിലുള്ള അംഗീകാരം വിളിച്ചോതുന്നതാണ് ഈ നേട്ടമെന്ന് ചെയർമാൻ കെ.എസ് മണി പറഞ്ഞു. കൂടാതെ മിൽമ ഉത്പന്നങ്ങളുടെ ഗുണനിലവാരത്തിൽ ഉപഭോക്താക്കൾ നൽകിയ അംഗീകാരവും വിശ്വാസവുമാണ് ഈ വിറ്റുവരവിലുള്ള വളർച്ച ചൂണ്ടിക്കാട്ടുന്നത്. കർഷകരുടെ ക്ഷേമത്തിന് പ്രാധാന്യം നൽകിക്കൊണ്ട് പാലുത്പാദനവും ഉത്പാദനക്ഷമതയും വർധിപ്പിക്കാൻ മിൽമ ഫെഡറേഷനും മേഖലാ യൂണിയനുകളും സ്വീകരിച്ച നടപടികൾ ക്ഷീരകർഷകർക്ക് ഗുണകരമായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.