Sections

നാല് പുതിയ ഉൽപന്നങ്ങൾ വിപണിയിലിറക്കി മിൽമ തിരുവനന്തപുരം യൂണിയൻ

Monday, Aug 24, 2026
Reported By Admin
Milma Launches Four New Dairy Products to Expand Product Range and Strengthen Marketing Network

  • മിൽമക്കെതിരായ വാസ്തവിരുദ്ധമായ പ്രചാരണങ്ങൾ വിശ്വസിക്കരുത്: മന്ത്രി ബിന്ദു കൃഷ്ണ

തിരുവനന്തപുരം: മിൽമ ഉൽപന്നങ്ങളുടെ വൈവിധ്യവൽകരണവും വിപണന ശൃംഖല ശക്തിപ്പെടുത്തുകയും ലക്ഷ്യമിട്ട് മിൽമ തിരുവനന്തപുരം യൂണിയൻ (ടിആർസിഎംപിയു) നാല് പുതിയ ഉൽപന്നങ്ങൾ വിപണിയിലിറക്കി.

തിരുവനന്തപുരം ലുലു മാളിൽ നടന്ന ചടങ്ങിൽ തൊഴിൽ വനിതാ ശിശുക്ഷേമ മൃഗസംരക്ഷണ ക്ഷീരവികസന മന്ത്രി ബിന്ദു കൃഷ്ണയും നടിയും അവതാരകയുമായ മീനാക്ഷി അനൂപും ചേർന്നാണ് ഉൽപന്നങ്ങൾ പുറത്തിറക്കിയത്.

പനീർ പോപ്സ്-ചെട്ടിനാട്, പനീർ പോപ്സ്-പെരി പെരി, സ്വീറ്റൻഡ് യോഗർട്ട്, ബ്ലൂബറി യോഗർട്ട് എന്നിവയാണ് പുതിയ ഉൽപന്നങ്ങൾ.

ശാസ്ത്രീയമായും ശുചിത്വത്തോടെയും കുറ്റമറ്റ രീതിയിലുമാണ് മിൽമ ഓരോ ഉൽപന്നവും പുറത്തിറക്കുന്നതെന്ന് മന്ത്രി പറഞ്ഞു. അടുത്തിടെ മിൽമക്കെതിരെ തെറ്റിദ്ധാരണ പരത്തുന്ന ചില വാർത്തകൾ ശ്രദ്ധയിൽപെട്ടു. ഈ പരാതിയുടെ അടിസ്ഥാനത്തിൽ കാര്യങ്ങൾ നേരിൽകണ്ട് അന്വേഷിക്കുകയും വാർത്തകൾ വാസ്തവവിരുദ്ധമാണെന്നും ബോധ്യപ്പെടുകയും ചെയ്തു. മിൽമയ്ക്കെതിരായ ഇത്തരം പ്രചാരണങ്ങളിൽ പൊതുജനങ്ങൾ വീണുപോകരുത്. എല്ലാ പരിശോധനകൾക്കും ശേഷം ഏറ്റവും ഗുണകരമായ മികച്ച ഉൽപന്നങ്ങളാണ് മിൽമ വിപണിയിൽ എത്തിക്കുന്നത്. രാജ്യത്ത് ഏറ്റവും മികച്ച ക്ഷീരസഹകരണ പ്രസ്ഥാനമായി മുന്നോട്ടുപോകാനാണ് മിൽമ ശ്രമിക്കുന്നത്.

കഴിഞ്ഞ ലോക ക്ഷീര ദിനത്തിൽ മുഖ്യമന്ത്രി വി.ഡി സതീശൻ ക്ഷീരവികസന വകുപ്പിന് മുന്നിൽ ഒരു ലക്ഷ്യം മുന്നോട്ടുവച്ചു. ഒരു കോടി ലിറ്റർ പാൽ ഉൽപാദിപ്പിച്ച് സ്വയംപര്യാപ്തമായി കേരളം മുന്നോട്ടുപോകണം എന്ന ലക്ഷ്യമാണ് മുഖ്യമന്ത്രി മുന്നോട്ടുവച്ചത്. വകുപ്പ് അതിനായുള്ള പ്രയത്നത്തിലാണ്. അതിന് എല്ലാവരുടെയും പിന്തുണ വേണമെന്ന് മന്ത്രി വ്യക്തമാക്കി.

മുമ്പ് ചുരുങ്ങിയ പാൽ ഉൽപന്നങ്ങൾ മാത്രമായിരുന്നു മിൽമ പുറത്തിറക്കിയിരുന്നത്. ഇപ്പോൾ മാറുന്ന കാലഘട്ടത്തിനനുസരിച്ചും ജനങ്ങളുടെ ആവശ്യത്തിനനുസരിച്ചും മൂല്യവർധിത ഉൽപന്നങ്ങൾ നിർമിച്ചുകൊണ്ട് മിൽമ മുന്നേറുകയാണ്. ഈ മാറ്റത്തിന് ജനങ്ങളുടെ പിന്തുണ ആവശ്യമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ഓണക്കാഴ്ച ഉൽപന്ന കിറ്റ് ഉദ്ഘാടനം മന്ത്രി മിൽമ എറണാകുളം മേഖല യൂണിയൻ ചെയർമാൻ ടി.എൻ വത്സലൻ പിള്ളയ്ക്ക് നൽകി നിർവ്വഹിച്ചു.

നാല് ഉൽപന്നങ്ങളും പുറത്തിറക്കിയതിനു പിന്നിൽ പ്രവർത്തിച്ച ഉദ്യോഗസ്ഥരെ ചടങ്ങിൽ മന്ത്രി ആദരിച്ചു.

ചടങ്ങിൽ മിൽമ യൂണിഫോമിൻറെ അവതരണവും നടന്നു.

ടിആർസിഎംപിയു അഡ്മിനിസ്ട്രേറ്റർ സിനില ഉണ്ണികൃഷ്ണൻ, ടിആർസിഎംപിയു എംഡി രാരാരാജ് ആർ കെഎഎസ്, മിൽമ എറണാകുളം മേഖല യൂണിയൻ ചെയർമാൻ ടി.എൻ വത്സലൻ പിള്ള, ക്ഷീരവികസന വകുപ്പ് ഡയറക്ടർ ശാലിനി ഗോപിനാഥ് എന്നിവർ സംബന്ധിച്ചു.

ശുദ്ധമായ മിൽമ പനീറിൽ പ്രത്യേക മസാലക്കൂട്ടുകളും ബ്രെഡ് ക്രംപ്സും ചേർത്തൊരുക്കുന്ന മിൽമ പനീർ പോപ്സ് പെരി പെരി, ചെട്ടിനാട് എന്നീ രണ്ട് വ്യത്യസ്ത ഫ്ളേവറുകളിലാണ് അവതരിപ്പിക്കുന്നത്. ഉറഞ്ഞ രൂപത്തിൽ ലഭ്യമാകുന്ന ഈ റെഡി ടു കുക്ക് ഉൽപന്നം ആവശ്യാനുസരണം എണ്ണയിലോ എയർ ഫ്രയറിലോ മിനിറ്റുകൾക്കകം ചൂടാക്കി ഉപയോഗിക്കാം. ചായയ്ക്കൊപ്പവും മറ്റും ലഘുഭക്ഷണമായി ഉപയോഗിക്കാവുന്ന പനീർ പോപ്സ് രുചിയും ആരോഗ്യവും ഒരുപോലെ നൽകുന്ന മിൽമയുടെ പുതിയ ചുവടുവയ്പാണ്.

ശുദ്ധമായ പാലിൽ ഗുണപ്രദമായ യോഗർട്ട് കൾച്ചർ ചേർത്ത് ശാസ്ത്രീയമായി തയ്യാറാക്കുന്ന ഉൽപന്നങ്ങളാണ് മിൽമ സ്വീറ്റൻഡ് യോഗർട്ടും മിൽമ ബ്ലൂബെറി ഫ്ളേവേർഡ് യോഗർട്ടും. തനതായ മധുരത്തിൻറെ സ്വാദിലുള്ളതാണ് സ്വീറ്റൻഡ് യോഗർട്ട്. നവീനമായ പഴരുചി ഇഷ്ടപ്പെടുന്നവർക്ക് ആകർഷകമായ ബ്ലൂബെറി ഫ്ളേവറിൽ തയ്യാറാക്കിയതാണ് ബ്ലൂബെറി ഫ്ളേവേർഡ് യോഗർട്ട്.

ദഹനപ്രക്രിയ എളുപ്പമാക്കാനും കുടലിൻറെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്ന പ്രോബയോട്ടിക്സുകളാൽ സമ്പന്നമാണ് യോഗർട്ട്. ശരീരത്തിന് ആവശ്യമായ ഉയർന്ന ഗുണമേൻമയുള്ള പ്രോട്ടീനും കാൽസ്യവും ഇതിലൂടെ ലഭ്യമാകുന്നു.

2025-26 വർഷം ഏറ്റവും കൂടുതൽ പാൽ അളന്ന ക്ഷീരസംഘങ്ങൾക്കുള്ള ക്യാഷ് അവാർഡ് ചടങ്ങിൽ വിതരണം ചെയ്തു. പുതിയ ഉൽപന്നങ്ങൾ പുറത്തിറക്കുന്നതുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച ബാറ്റിൽ ഓഫ് ബാൻഡ്സ് വിജയികൾക്കുള്ള സമ്മാന വിതരണവും നടന്നു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.