Sections

കാലത്തിനനുസരിച്ചുള്ള ബിസിനസാണ് നിങ്ങള്‍ ആഗ്രഹിക്കുന്നതെങ്കില്‍ ധൈര്യമായി ആമസോണ്‍ ഈസി സ്‌റ്റോര്‍ ഫ്രാഞ്ചൈസി ആരംഭിച്ചോളൂ

Wednesday, Aug 18, 2021
Reported By Aswathi Nurichan
amazon easy store

നമ്മുടെ പ്രദേശത്ത് ആമസോണ്‍ സ്ഥാപിക്കുന്ന ഒരു സ്‌റ്റോറാണ് ആമസോണ്‍ ഈസി സ്‌റ്റോര്‍. ആമസോണ്‍ സാധനങ്ങളുടെ പ്രദര്‍ശങ്ങള്‍ നടത്തിയാണ് ഈ സ്‌റ്റോര്‍ പ്രവര്‍ത്തിക്കുന്നത്


ഓണ്‍ലൈന്‍ ഷോപ്പിംഗ് മേഖല ജീവിതത്തിന്റെ ഭാഗമായി കൊണ്ടിരിക്കുന്ന കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. ഓഫ്‌ലൈന്‍ ഷോപ്പിംഗിനേക്കാള്‍ ഓണ്‍ലൈന്‍ ഷോപ്പിംഗിനാണ് പുതു തലമുറ പ്രാധാന്യം കൊടുക്കുന്നത്. അതിനാല്‍ തന്നെ ഒരു പരിധി വരെ പരാജയ ഭീതിയില്ലാതെ തുടങ്ങാന്‍ സാധിക്കുന്ന ബിസിനസാണ് ഓണ്‍ലൈന്‍ ഷോപ്പിംഗ് ഫ്രാഞ്ചൈസികള്‍. ഓണ്‍ലൈന്‍ ഷോപ്പിംഗ് കമ്പനിയായ ആമസോണിന്റെ ഈസി സ്‌റ്റോര്‍ മികച്ച ഒരു ഫ്രാഞ്ചൈസി ബിസിനസാണ്. 

നമ്മുടെ പ്രദേശത്ത് ആമസോണ്‍ സ്ഥാപിക്കുന്ന ഒരു സ്‌റ്റോറാണ് ആമസോണ്‍ ഈസി സ്‌റ്റോര്‍. ആമസോണ്‍ സാധനങ്ങളുടെ പ്രദര്‍ശങ്ങള്‍ നടത്തിയാണ് ഈ സ്‌റ്റോര്‍ പ്രവര്‍ത്തിക്കുന്നത്. ആ സ്റ്റോറിന്റെ ഫ്രാഞ്ചൈസി എടുക്കുകയാണ് നിങ്ങള്‍ ചെയ്യേണ്ടത്. പൊതുവായി മൊബൈല്‍ ഫോണിലെ ആപ്ലിക്കേഷനില്‍ നിന്നാണ് എല്ലാവരും ആമസോണ്‍ സാധനങ്ങള്‍ വാങ്ങുന്നത്. എന്നാല്‍ നിങ്ങളുടെ പ്രദേശത്ത് ഇങ്ങനെയൊരു സ്റ്റോര്‍ ആരംഭിച്ചാല്‍ ആ പ്രദേശത്തെ ആളുകള്‍ക്ക് നിങ്ങളുടെ സ്റ്റോര്‍ വഴി ആമസോണ്‍ സാധനങ്ങള്‍ വാങ്ങാവുന്നതാണ്. അതിലൂടെ നിങ്ങള്‍ക്ക് വരുമാനം ലഭിക്കുന്നു.

ആമസോണ്‍ പോലെയുള്ള വന്‍കിട കമ്പനിയുടേത് ആയതിനാല്‍ ഒരു സ്ഥിര വരുമാനം നിങ്ങള്‍ക്ക് ലഭിക്കുന്നതാണ്. ഒരു സാധനം വില്‍പ്പന നടത്തി കഴിഞ്ഞാല്‍ 10 ശതമാനത്തോളം ലാഭം നിങ്ങള്‍ക്ക് ലഭിക്കുന്നതാണ്. കൂടാതെ ആ പ്രദേശത്തെ ആമസോണ്‍ കൊറിയര്‍ സര്‍വീസ് വഴി ആമസോണ്‍ സാധനങ്ങളുടെ ഡെലിവറിയും നിങ്ങള്‍ക്കും ചെയ്യാ. ഇതിലൂടെയും നിങ്ങള്‍ക്ക് മികച്ച വരുമാനം നേടാവുന്നതാണ്.

ആമസോണ്‍ ഈസി സ്‌റ്റോര്‍ ആരംഭിക്കാന്‍ വേണ്ടി മൂന്നു ലക്ഷം രൂപ നിക്ഷേപിക്കേണ്ടതുണ്ട്. ഇതിന് ആവശ്യമായുള്ള വിദ്യാഭ്യാസ യോഗ്യത പ്ലസ്ടുവാണ്. 18 മുതല്‍ 45 വയസ് വരെയുള്ള കമ്പ്യൂട്ടറിനെയും ഓണ്‍ലൈന്‍ പര്‍ച്ചേസിനെയും കുറിച്ച് അറിയുന്ന ആര്‍ക്കും സ്‌റ്റോര്‍ ആരംഭിക്കാവുന്നതാണ്. ഒന്നാം നിലയിലുള്ള 200 സ്‌ക്വയര്‍ഫീറ്റ് മുറിയും നിങ്ങള്‍ക്ക് ഇതിനായി ആവശ്യമുണ്ട്.

ഇന്ത്യ പോലുള്ള രാജ്യത്ത് 70 ശതമാനത്തോളം ജനങ്ങള്‍ ഓണ്‍ലൈന്‍ ഷോപ്പിംഗ് ഉപയോഗിക്കുന്നില്ല. അതിനാല്‍ അവരിലേക്കും ഓണ്‍ലൈന്‍ ഷോപ്പിംഗ് എത്തിക്കുക എന്നതാണ് ഈസി സ്റ്റോറിലൂടെ ആമസോണ്‍ ലക്ഷ്യം വയ്ക്കുന്നത്. ആമസോണിന്റെ കുറേ സാധനങ്ങള്‍ ആളുകള്‍ വാങ്ങിയതിന് ശേഷം തിരിച്ചയക്കുന്നുണ്ട്. ഇത് കുറയ്ക്കാന്‍ വേണ്ടിയാണ് ആമസോണ്‍ ഈസി സ്‌റ്റോര്‍ ആരംഭിച്ചത്്.

ആമസോണ്‍ ആപ്ലിക്കേഷനിലൂടെ ഫോട്ടോ മാത്രം കണ്ട് സാധനങ്ങള്‍ വാങ്ങുന്നതിനാലാണ് ഇത്തരത്തില്‍ സാധനങ്ങള്‍ മടക്കി അയക്കുന്നത്. എന്നാല്‍ ആമസോണ്‍ ഈസി സ്‌റ്റോറിലൂടെ സാധനങ്ങള്‍ നേരിട്ട് കണ്ട് ഗുണമേന്മ മനസിലാക്കാന്‍ സാധിക്കുന്നതിനാല്‍ സാധനങ്ങല്‍ മടക്കി അയക്കുന്നത് കുറയ്ക്കാന്‍ സാധിക്കും.

നിങ്ങളുടെ ആമസോണ്‍ സ്‌റ്റോര്‍ പ്രവര്‍ത്തിക്കുന്ന പ്രദേശത്തുള്ള ആളുകള്‍ക്ക് നേരിട്ട് സാധനങ്ങള്‍ കണ്ട് ഗുണമേന്മ മനസിലാക്കാന്‍ സാധിക്കുന്നതിനാല്‍ കൂടുതല്‍ ആളുകള്‍ നിങ്ങളുടെ സേവനത്തിനായി സമീപിക്കുന്നതാണ്. ഫ്രാഞ്ചൈസി തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആമസോണ്‍ ആപ്ലിക്കേഷനിലെ ആമസോണ്‍ ഈസി സ്‌റ്റോറിലൂടെ നിങ്ങളുടെ വിവരങ്ങള്‍ എല്ലാം നല്‍കി അപേക്ഷിക്കാവുന്നതാണ്. അല്ലെങ്കില്‍ സഹായത്തിനായി അടുത്തുള്ള ആമസോണ്‍ കൊറിയല്‍ സര്‍വീസിനെ സമീപിക്കാം.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.