Sections

'ബെൽജിയം ടു കേരള' - ബെൽജിയം രാജകുടുംബാഗത്തിന് കേരളത്തിൽ ആയുർവേദ ചികിത്സയൊരുക്കി കെഎസ് യുഎൺ സ്റ്റാർട്ടപ്പ്

Saturday, Mar 14, 2026
Reported By Admin
Belgian Princess Visits Kerala for Ayurveda via Startup

കൊച്ചി: ആയുർവേദ ചികിത്സയിലും സ്റ്റാർട്ടപ്പുകൾക്ക് നിർണായക സ്വാധീനമുണ്ടെന്ന് തെളിയിക്കുകയാണ് കേരള സ്റ്റാർട്ടപ്പ് മിഷൻ യുണീക് ഐഡി സ്റ്റാർട്ടപ്പായ വെൽനസ്ലോക. രണ്ടാഴ്ചത്തെ ചികിത്സയ്ക്കായി കേരളത്തിൽ സ്വകാര്യ സന്ദർശനം നടത്തിയ ബെൽജിയം രാജകുടുംബാംഗം ഫ്രാൻസ്വാസ് ഓഫ് ചിമായിന്റെ സന്ദർശനവും ചികിത്സയും പൂർണമായും ക്രമീകരിച്ചത് വെൽനസ്ലോകയാണ്. ബെൽജിയം രാജകുടുംബാംഗം ഫിലിപ്പ് ഡി കാരമാൻ ചിമേയുടെ പത്നിയാണ് ഫ്രാൻസ്വാസ് രാജകുമാരി.

ഇരുന്നൂറിലധികം ആയുർവേദ റിസോർട്ടുകളെയും ആശുപത്രികളെയും ഉൾപ്പെടുത്തി പ്രവർത്തിക്കുന്ന ആധികാരികമായ വെൽനസ് പ്ലാറ്റ്ഫോമാണ് വെൽനസ്ലോക. ഓരോ വ്യക്തിയുടെ ചികിത്സാആവശ്യങ്ങൾക്കും ബജറ്റിനും അനുയോജ്യമായ ചികിത്സാ കേന്ദ്രങ്ങൾ തിരഞ്ഞെടുക്കുന്നതിൽ വിദഗ്ധ ഡോക്ടർമാരുടെയും കൺസൾട്ടന്റുകളുടെയും സഹായം ഇവർ ഉറപ്പുവരുത്തുന്നു. സേവനങ്ങളുടെ ഗുണനിലവാരം നേരിട്ട് പരിശോധിച്ച് ഉറപ്പുവരുത്തുന്നു എന്നതും, അതിഥികളുടെ താല്പര്യങ്ങൾ സംരക്ഷിക്കുന്ന അവരുടെ പ്രതിനിധിയായി ചികിത്സാകാലയളവിൽ പ്രവർത്തിക്കുന്നു എന്നതുമാണ് വെൽനസ്ലോകയുടെ പ്രത്യേകത.

കേരളത്തിന്റെ തനതായ ആയുർവേദ ചികിത്സാ രീതികളോടുള്ള ആഗോള താല്പര്യവും മെഡിക്കൽ ടൂറിസം മേഖലയിലെ സംസ്ഥാനത്തിന്റെ വളർച്ചയും ബെൽജിയം രാജകുമാരിയുടെ സന്ദർശനം സാക്ഷ്യപ്പെടുത്തുന്നു. അന്താരാഷ്ട്ര സേവനത്തിൽ വിശ്വാസ്യത ഏറെ ആവശ്യമുള്ള ഈ ബിസിനസ് വിജയകരമായി തുടർന്നു കൊണ്ടുപോകാൻ കഴിയുന്നത് സംസ്ഥാനത്തെ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റത്തിന്റെ മികവിനുള്ള അംഗീകാരമായാണെന്ന് കെഎസ് യുഎം വൃത്തങ്ങൾ പറഞ്ഞു.

ആധികാരിക ആയുർവേദ ചികിത്സ തേടിയെത്തുന്ന വിദേശ സഞ്ചാരികൾക്കായി വിശ്വസനീയമായ പ്ലാറ്റ്ഫോം ഒരുക്കുന്നതിലാണ് വെൽനസ്ലോക ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. രാജകുമാരിയുടെ താല്പര്യങ്ങൾക്കും ശാരീരിക അവസ്ഥയ്ക്കും അനുയോജ്യമായ രീതിയിൽ സംസ്ഥാനത്തെ മികച്ച ആയുർവേദ കേന്ദ്രം കണ്ടെത്തുകയും ചികിത്സാ കാലയളവിലുടനീളം വിദഗ്ധ സേവനം ഉറപ്പാക്കുകയും ചെയ്തു. കേവലം ഒരു ബുക്കിംഗ് പ്ലാറ്റ്ഫോം എന്നതിലുപരി, ഇവിടെയെത്തി തിരികെ പോകുന്നതു വരെ അതിഥികളുടെ പ്രതിനിധിയായാണ് സ്റ്റാർട്ടപ്പ് പ്രവർത്തിക്കുന്നത്.

നൂറ്റാണ്ടുകൾ നീണ്ടു നിൽക്കുന്ന സംസ്ഥാനത്തിന്റെ ആയുർവേദ ചികിത്സാ പാരമ്പര്യവും ചികിത്സാകേന്ദ്രങ്ങളിലെ ഡോക്ടർമാരുടെ പ്രാവീണ്യവും ശാസ്ത്രീയമായ രീതിയിലുള്ള ചികിത്സയും അന്താരാഷ്ട്ര തലത്തിൽ കൂടുതൽ സ്വീകാര്യത നൽകുന്നുണ്ട്. വിദേശ രാഷ്ട്രത്തലവന്മാർ, ആഗോള എംഎൻസി പോലുള്ള സ്ഥാപന മേധാവികൾ തുടങ്ങിയവർ കൃത്യമായ ഇടവേളകളിൽ സംസ്ഥാനത്തെ ആയുർവേദ മേഖലയിൽ ചികിത്സാർഥം എത്താറുണ്ട്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.