Sections

കണ്ടൻറ് ക്രിയേറ്റർമാർ പ്രാദേശികമായി ചിന്തിക്കുകയും ആഗോളതലത്തിൽ പ്രവർത്തിക്കുകയും ചെയ്യണമെന്ന് ഹഡിൽ ഗ്ലോബൽ

Sunday, Nov 15, 2026
Reported By Admin
Huddle Global 2026: Think Local, Create for Global Audiences

തിരുവനന്തപുരം: കണ്ടൻറ് ക്രിയേറ്റർമാർ പ്രാദേശികമായി ചിന്തിക്കുകയും ആഗോളതലത്തിൽ പ്രവർത്തിക്കുകയും ചെയ്യുകയെന്ന ആശയത്തിൽ ശ്രദ്ധവയ്ക്കണമെന്ന് മാധ്യമ-ഇൻറർനെറ്റ് കണ്ടൻറ് വിദഗ്ധർ. കോവളത്ത് നടക്കുന്ന ഹഡിൽ ഗ്ലോബൽ 2026 ലെ സെഷനിലാണ് ഈ അഭിപ്രായമുയർന്നത്.

അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധ നേടാൻ കഴിയുന്ന ഉള്ളടക്കങ്ങൾ കണ്ടെത്താൻ ഇന്ത്യൻ കണ്ടൻറ് ക്രിയേറ്റർമാർ തങ്ങളുടെ സാംസ്കാരിക വേരുകൾക്ക് പുറത്തേക്ക് അന്വേഷണം നടത്തേണ്ടതില്ലെന്നും വിദഗ്ധർ പറഞ്ഞു. ഉയർന്ന നിർമ്മാണ നിലവാരവും സാങ്കേതിക മികവും ഒത്തുചേർന്ന് പ്രാദേശിക പശ്ചാത്തലത്തിൽ നിന്നുകൊണ്ട് തന്നെ സാർവത്രികമായ വികാരങ്ങൾ ഉൾക്കൊള്ളുന്ന ഉള്ളടക്കങ്ങൾ അവതരിപ്പിക്കാൻ കഴിയുക എന്നതാണ് പ്രധാനം.

ത്രീ ഇഡിയറ്റ്സ്, ദംഗൽ തുടങ്ങിയ ഇന്ത്യൻ സിനിമകൾ ചൈന പോലുള്ള വിപണികളിൽ നേടിയ വിജയവും മലയാളം സിനിമയായ ദൃശ്യം വിവിധ ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ടതും റെഡ് ചില്ലീസ് എൻറർടെയ്ൻമെൻറിലെ ആശിഷ് സിംഗ് ഉദാഹരണമായി ചൂണ്ടിക്കാട്ടി. തൻറെ കുടുംബത്തെ സംരക്ഷിക്കാൻ പോരാടുന്ന ഒരാൾ എന്ന സിനിമയുടെ പ്രധാന പ്രമേയം ലോകമെമ്പാടുമുള്ള പ്രേക്ഷകർക്ക് എളുപ്പത്തിൽ മനസ്സിലാക്കാൻ കഴിയുന്ന ഒന്നാണ്. ആഗോള പ്രേക്ഷകരിലേക്ക് എത്തുന്നതിന് സാങ്കേതികവും നിർമ്മാണപരവുമായ ഗുണനിലവാരം അനിവാര്യമാണെങ്കിലും വ്യത്യസ്ത സംസ്കാരങ്ങളിലുള്ള ആളുകളിലേക്ക് കഥകളെ എത്തിക്കുന്നതിൽ പ്രധാന ഘടകം വൈകാരിക ബന്ധം തന്നെയാണന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ലോകമെമ്പാടുമുള്ള ഉള്ളടക്കങ്ങൾ ലഭ്യമാകുന്ന ഇൻറർനെറ്റ് പ്രേക്ഷകരുടെ ആവശ്യങ്ങളും പ്രവചനാതീതമായ സ്വഭാവവും വർധിച്ചുവരുകയാണെന്ന് സീ5 ഗ്ലോബൽ മുൻ ഉദ്യോഗസ്ഥയായ അർച്ചന ആനന്ദ് ചൂണ്ടിക്കാട്ടി. നിരവധി പ്ലാറ്റ്ഫോമുകൾ ഉള്ളപ്പോൾ പ്രേക്ഷകരെ നിലനിർത്തുകയെന്നത് ഒടിടികൾക്ക് വലിയ വെല്ലുവിളിയാണ്. നെറ്റഫ്ളിക്സിന് പോലും ഈ വെല്ലുവിളിയുണ്ട്. അതേസമയം യൂട്യൂബിന് ബിസിനസ് മോഡലിൽ പ്രത്യേക നേട്ടമുണ്ട്. ഒടിടി പ്ലാറ്റ്ഫോമുകൾ കണ്ടൻറിനായി മുൻകൂട്ടി പണം മുടക്കുമ്പോൾ യുട്യൂബിൽ കണ്ടൻറ് ക്രിയേറ്റർമാർ ഉള്ളടക്കം നൽകുകയും അതിൽ നിന്ന് ലഭിക്കുന്ന വരുമാനം പങ്കിടുകയുമാണ് ചെയ്യുന്നതെന്ന് അവർ പറഞ്ഞു.

സിനിമ നിർമ്മാണത്തിലെ അനിശ്ചിതത്വങ്ങളെക്കുറിച്ച് അരോമ ഗ്രൂപ്പ്-ഫ്രാഗ്രൻറ് നേച്ചർ ഫിലിം ക്രിയേഷൻസ് പ്രതിനിധി ആനി സജീവ് സംസാരിച്ചു. സിനിമ നിർമ്മാണത്തെ ഒരു സാധാരണ ബിസിനസ് പോലെ സമീപിക്കാനാകില്ല. സർഗാത്മക പ്രക്രിയയിൽ സാഹചര്യങ്ങൾ എപ്പോൾ വേണമെങ്കിലും മാറാം. അതിനാൽ ആസൂത്രണങ്ങളും രീതികളും ബജറ്റും എല്ലായ്പോഴും പ്രതീക്ഷിച്ച ഫലം നൽകണമെന്നില്ലെന്നും അവർ വ്യക്തമാക്കി.

ഡിജിറ്റൽ വിപണിയിലെ സംഗീത പകർപ്പവകാശങ്ങൾ, അംഗീകാരം, ലൈസൻസിംഗ് എന്നിവയുമായി ബന്ധപ്പെട്ട വെല്ലുവിളികളിലേക്ക് ഹൂപ്പർ.എഐ സ്ഥാപകൻ ഗൗരവ് ദാവോങ്കർ ശ്രദ്ധ ക്ഷണിച്ചു. താൻ സൃഷ്ടിച്ച ഒരു ഗാനം അംഗീകാരമില്ലാതെ അഞ്ച് വ്യത്യസ്ത ഉൽപ്പന്ന നിർമ്മാതാക്കൾ ഉപയോഗിക്കുന്നതായി കണ്ടെത്തിയ അനുഭവമാണ് ബിസിനസ് നടത്തുന്നതിനായി സുതാര്യവും നിയമപരവുമായ സംവിധാനത്തിലൂടെ വിവിധ പങ്കാളികളെ ഒരുമിച്ച് കൊണ്ടുവരുന്ന പ്ലാറ്റ്ഫോം നിർമ്മിക്കാൻ പ്രേരിപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

ആഗോള ഡിജിറ്റൽ ഉള്ളടക്കങ്ങളിൽ ഇന്ത്യൻ സംഗീതം കൂടുതലായി ഇടംപിടിക്കുന്ന സാഹചര്യത്തിൽ സ്രഷ്ടാക്കൾക്ക് വലിയ അവസരങ്ങളാണ് ഇതിലൂടെ തുറന്നുകിട്ടുന്നത്. ആപ്പിൾ പോലുള്ള ബ്രാൻഡുകൾ പ്രചാരണ വീഡിയോകളിൽ ഇന്ത്യൻ ഗാനങ്ങൾ ഉപയോഗിക്കുന്നതും വിംബിൾഡൺ പോലുള്ള വേദികളിൽ അവ ഉൾപ്പെടുത്തുന്നതും ഇന്ത്യൻ പ്രേക്ഷകരുമായി ബന്ധം സ്ഥാപിക്കാനുള്ള വർധിച്ചുവരുന്ന താൽപ്പര്യത്തിന് ഉദാഹരണങ്ങളായി അദ്ദേഹം ചൂണ്ടിക്കാട്ടി.

ഫിലിം ഫിനാൻസ് ആപ്പ് കോ-ഫൗണ്ടർ ദിവ്യ ടി സെഷനിൽ മോഡറേറ്ററായി.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.