Sections

ഐഡിബിഐ മികച്ച ആഗോള ബാങ്കായി മാറും; 52,878 കോടി രൂപയുടെ ഏറ്റെടുക്കലുമായി ഫെയർഫാക്‌സ്

Saturday, Nov 14, 2026
Reported By Admin
Fairfax to Acquire 60.72% Stake in IDBI Bank for ₹52,878 Crore

കൊച്ചി: കനേഡിയൻ കമ്പനിയായ ഫെയർഫാക്സ് ഫിനാൻഷ്യൽ ഹോൾഡിങ്സ് 52,878 കോടി രൂപയ്ക്ക് ഐഡിബിഐ ബാങ്കിന്റെ 60.72 ശതമാനം ഓഹരികൾ സ്വന്തമാക്കാനൊരുങ്ങുന്നു. ശതകോടീശ്വരനായ പ്രേം വത്സയുടെ നേതൃത്വത്തിലുള്ള ഫെയർഫാക്സ്, സർക്കാരിന്റെ അടിസ്ഥാന വിലയായ 75.99 രൂപയെ മറികടന്ന് ഓഹരി ഒന്നിന് 81 രൂപ നൽകിയാണ് ലേലം ഉറപ്പിച്ചത്. ഏറ്റെടുക്കലോടെ ബാങ്കിന്റെ നിയന്ത്രണം ഫെയർഫാക്സിന് ലഭിക്കുമെങ്കിലും സർക്കാരിനും എൽഐസിക്കും സംയുക്തമായി 34 ശതമാനം ഓഹരി പങ്കാളിത്തം തുടർന്നും ഉണ്ടാകും.

ബാങ്കിംഗ് സേവനങ്ങൾക്കു പുറമെ ഇൻഷുറൻസ്, ഇൻവെസ്റ്റ്മെന്റ് ബാങ്കിംഗ്, വെൽത്ത് മാനേജ്മെന്റ് തുടങ്ങിയ മേഖലകൾ ഉൾപ്പെടുത്തി ബാങ്കിനെ വലിയൊരു സാമ്പത്തിക ശൃംഖലയാക്കി മാറ്റാനാണ് കമ്പനിയുടെ ലക്ഷ്യം. ഇതിന്റെ ഭാഗമായി ഫെയർഫാക്സിന്റെ കീഴിലുള്ള ഗോ ഡിജിറ്റ് ജനറൽ ഇൻഷുറൻസ്, ഗോ ഡിജിറ്റ് ലൈഫ് ഇൻഷുറൻസ്, ഐഐഎഫ്എൽ ക്യാപിറ്റൽ സർവീസസ് എന്നിവയെ ഐഡിബിഐ ബാങ്കുമായി സംയോജിപ്പിക്കാനും പദ്ധതിയുണ്ട്.

ലോകോത്തര നിലവാരമുള്ള മികച്ച ഇന്ത്യൻ ബാങ്കായി മാറാനുള്ള ശേഷി ഐഡിബിഐ ബാങ്കിനുണ്ടെന്ന് ഫെയർഫാക്സ് പ്രസിഡന്റും ചീഫ് ഓപ്പറേറ്റിങ് ഓഫീസറുമായ പീറ്റർ ക്ലാർക്ക് അഭിപ്രായപ്പെട്ടു.

2017 മെയ് മുതൽ 2021 മാർച്ച് വരെ സാമ്പത്തിക പ്രതിസന്ധികളെ തുടർന്ന് റിസർവ് ബാങ്കിന്റെ നിയന്ത്രണത്തിലായിരുന്ന ഐഡിബിഐ ബാങ്ക്, ശക്തമായ തിരിച്ചുവരവ് നടത്തി കഴിഞ്ഞ സാമ്പത്തിക വർഷം 9,000 കോടി മുതൽ 10,000 കോടി രൂപയുടെ ലാഭം നേടിയിരുന്നു. അതേസമയം, ഓഹരി വിറ്റഴിക്കൽ നടപടികൾ പൂർണ്ണമായും സുതാര്യമായിരുന്നുവെന്നും, നീതി ആയോഗിനോ മുൻ സിഇഒ അമിതാഭ് കാന്തിനോ ഈ ഇടപാടിൽ യാതൊരു പങ്കുമില്ലെന്നും ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കി.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.