- Trending Now:
തിരുവനന്തപുരം: മികച്ച പ്രതിഭകളും സജീവമായ സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥയുമുള്ള കേരളത്തിൽ ഡീപ് ടെക് മേഖലയുടെ വളർച്ചയ്ക്ക് പങ്കിട്ട അടിസ്ഥാന സൗകര്യങ്ങളും ഏകോപിത പിന്തുണ സംവിധാനവും അത്യന്താപേക്ഷിതമാണെന്ന് ഹഡിൽ ഗ്ലോബൽ-2026 സ്റ്റാർട്ടപ്പ് സമ്മേളനത്തിൽ വിദഗ്ധർ. കേരളത്തിൽ ഡീപ്ടെക് സമ്പദ് വ്യവസ്ഥ കെട്ടിപ്പടുക്കൽ: പ്രതിഭ, സാങ്കേതികവിദ്യ, മൂലധനം, വിപണികൾ എന്ന വിഷയത്തിൽ നടന്ന പാനൽ ചർച്ചയിലാണ് ഈ അഭിപ്രായം ഉയർന്നത്.
സോഫ്റ്റ്വെയർ ഉൽപ്പന്നങ്ങൾ പോലുള്ള ചില മേഖലകളിൽ മാത്രം ഒതുങ്ങിനിൽക്കാതെ, വളർന്നുവരുന്ന സാങ്കേതികവിദ്യകളിലേക്ക് കടക്കാനും ആഗോള വിപണിയിലെ ആവശ്യങ്ങൾ പ്രയോജനപ്പെടുത്താനും കേരളത്തിന് ഏറ്റവും അനുയോജ്യമായ സമയമാണിതെന്ന് വിദഗ്ധർ വിലയിരുത്തി.
സംസ്ഥാനത്തെ ഡീപ്ടെക് അധിഷ്ഠിത സമ്പദ് വ്യവസ്ഥയാക്കി മാറ്റുന്നതിനും വൈദഗ്ധ്യമുള്ള പ്രതിഭകളെ വളർത്തുന്നതും ഏകോപിതമായ ഇടപെടലുകൾ നടത്തുന്നത് അനിവാര്യമാണെന്ന് ട്രെസ്റ്റ് റിസർച്ച് പാർക്ക് സി.ഇ.ഒയും എ.പി.ജെ. അബ്ദുൾ കലാം സാങ്കേതിക സർവകലാശാല മുൻ വൈസ് ചാൻസലറുമായ ഡോ. രാജശ്രീ എം.എസ് പറഞ്ഞു. ഗവേഷണ-വികസന സ്ഥാപനങ്ങൾ, വ്യവസായ മേഖല, നവീകരണ ആവാസവ്യവസ്ഥ എന്നിവ തമ്മിലുള്ള സഹകരണം തുടർച്ചയായതും സമഗ്രവുമായ ഇടപെടലുകളിലൂടെ ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
അക്കാദമിക് സ്ഥാപനങ്ങൾ വകുപ്പ് അധിഷ്ഠിത സമീപനത്തിൽ നിന്ന് മാറി സെൻറർസ് ഓഫ് എക്സലൻസ് സൃഷ്ടിക്കുന്നതിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് ഐഐടി മദ്രാസിലെ ഐസി ആൻഡ് എസ്ആർ ഡീൻ ഡോ. മനു സന്താനം അഭിപ്രായപ്പെട്ടു. ആശയങ്ങളെ വിപണിയിൽ എത്തിക്കാൻ കഴിയുന്ന ഉൽപ്പന്നങ്ങളാക്കി മാറ്റുന്നതിന് കഴിവുള്ള യുവതലമുറയ്ക്ക് വലിയ അവസരങ്ങളാണുള്ളത്. അതിവേഗം മാറിക്കൊണ്ടിരിക്കുന്ന സാങ്കേതിക ലോകത്തിൻറെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി അക്കാദമിക് സ്ഥാപനങ്ങൾ ഗവേഷണ പ്രവർത്തനങ്ങളെ പരമ്പരാഗത മേഖലകളിൽ നിന്ന് വിപുലീകരിക്കേണ്ടതുണ്ട്. സംരംഭകത്വ യാത്രയുടെ ആദ്യ ഘട്ടങ്ങളിൽ യുവാക്കൾക്ക് വ്യവസായ പ്രമുഖരുമായി ആശയവിനിമയം നടത്താൻ അവസരമൊരുക്കേണ്ടത് പ്രധാനമാണ്. യുവ പ്രതിഭകൾ സൃഷ്ടിക്കുന്ന അറിവുകളെയും കണ്ടുപിടുത്തങ്ങളെയും സംരക്ഷിക്കുന്നതിനായി ബൗദ്ധിക സ്വത്തവകാശ സംവിധാനം ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഡീപ്ടെക് വികസനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ തന്നെ ഈ മാറ്റത്തിലൂടെ ലഭിക്കുന്ന സാമ്പത്തിക നേട്ടങ്ങളെക്കുറിച്ചും പരിഗണിക്കേണ്ടതുണ്ടെന്ന് നേത്രസെമി സിഇഒയും കോ-ഫൗണ്ടറുമായ ജ്യോതിസ് ഇന്ദിരാഭായ് പറഞ്ഞു. ഡീപ്ടെക് വികസനത്തിൽ നിന്നുള്ള വരുമാനം ഈ ആവാസവ്യവസ്ഥയെ നിലനിർത്തുന്നതിനും വികസിപ്പിക്കുന്നതിനും അത്യന്താപേക്ഷിതമാണ്. കൂടാതെ, ട്രാൻസ്ലേഷണൽ റിസർച്ച് പ്രോഗ്രാമുകൾ ഭാവിയിൽ നൽകാൻ സാധ്യതയുള്ള സാമ്പത്തിക നേട്ടങ്ങളെക്കുറിച്ച് മുൻകൂട്ടിത്തന്നെ കണക്കിലെടുക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
മൂലധനം സമാഹരിക്കാൻ പ്രയാസപ്പെടുന്ന പ്രാരംഭ ഘട്ടത്തിലുള്ള സംരംഭകർക്ക് അത്യാധുനിക ലാബുകളും ഉപകരണങ്ങളും അടങ്ങിയ പൊതുവായ ഡീപ്ടെക് അടിസ്ഥാന സൗകര്യങ്ങൾ വലിയൊരു ആശ്വാസമായിരിക്കുമെന്ന് സീഫണ്ട് മാനേജിങ് പാർട്ണർ മനോജ് അഗർവാൾ അഭിപ്രായപ്പെട്ടു. രാജ്യത്തെ പൊതുമേഖലാ സംവിധാനങ്ങൾക്ക് പ്രാരംഭ ഘട്ടത്തിലുള്ള സ്റ്റാർട്ടപ്പുകളെ പിന്തുണയ്ക്കുന്നതിൽ നിർണായക പങ്ക് വഹിക്കാൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരള സ്റ്റാർട്ടപ്പ് മിഷൻ സംഘടിപ്പിക്കുന്ന ഹഡിൽ ഗ്ലോബൽ 2026 നിക്ഷേപകർ, ഉപദേഷ്ടാക്കൾ, നയരൂപകർത്താക്കൾ, സംരംഭകർ എന്നിവരെ ഒരേ വേദിയിൽ അണിനിരത്തുന്നു. സംസ്ഥാനത്തെ ശക്തമായ സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥ കൂടുതൽ വിപുലീകരണത്തിലേക്ക് നീങ്ങുന്ന സാഹചര്യത്തിലാണ് ഈ സംഗമം നടക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.