Sections

ബിസിനസ് പൊളിഞ്ഞ കഥ പറഞ്ഞ് ഷാഫി; കൗണ്ടറിച്ച് പിഷാരടി - കെഎസ്യുഎം ഹഡിൽ വേദിയിൽ ചിരിയും ചിന്തയും പടർത്തി പാനൽ ചർച്ച

Friday, Nov 13, 2026
Reported By Admin
Shafi Parambil, Ramesh Pisharody Discuss Kerala Startups at Huddle Global

തിരുവനന്തപുരം: ബിരുദത്തിന് പഠിക്കുമ്പോൾ മൂന്ന് സുഹൃത്തുക്കളുമൊത്ത് തേയിലപ്പൊടി കച്ചവടം നടത്തി പൊളിഞ്ഞ സ്വന്തം കഥയുമായാണ് വടകരയിൽ നിന്നുള്ള എംപി ഷാഫി പറമ്പിൽ കേരള സ്റ്റാർട്ടപ്പ് മിഷൻറെ ഹഡിൽ ഗ്ലോബൽ ഉച്ചകോടിയിലെ പാനൽ ചർച്ച തുടങ്ങിയത്. പാലക്കാട് എംഎൽഎയും പ്രശസ്ത ചലച്ചിത്ര താരവുമായ രമേഷ് പിഷാരടിയും തിരൂരങ്ങാടി എംഎൽഎയായ പിഎംഎ സമീറും ചേർന്നതോടെ ഈ സംഭാഷണം കേരളത്തിലെ സ്റ്റാർട്ടപ്പ്-സംരംഭകത്വ മേഖലയിൽ പോസിറ്റീവ് മാറ്റത്തിൻറെ പ്രതിഫലനമായി മാറി.

തമാശകളും കാര്യവുമായാണ് രമേഷ് പിഷാരടിയും ഷാഫി പറമ്പിലും പിഎംഎ സമീറും പാനൽ ചർച്ചയിൽ പങ്കെടുത്തത്. എന്നാൽ ഇതിനിടയിലൂടെ കേരളത്തിലെ സ്റ്റാർട്ടപ്പുകൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചും ഇവിടെ സംഭവിച്ചു കൊണ്ടിരിക്കുന്ന അനുകൂല മാറ്റങ്ങളെക്കുറിച്ചും സംസാരിച്ചു.

സംരംഭകർ ആശയങ്ങളേക്കാൾ ഉപരിയായി സമൂഹം നേരിടുന്ന യഥാർത്ഥ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്ന് ഷാഫി പറമ്പിൽ എം.പി. പറഞ്ഞു. പരാജയങ്ങളെ ഭയക്കാതെ മുന്നോട്ട് പോകുന്നവർക്ക് മാത്രമേ വിജയം കൈവരിക്കാൻ സാധിക്കുകയുള്ളൂ. നിലവിലുള്ള ചട്ടക്കൂടുകൾക്കപ്പുറം അടുത്ത തലമുറയ്ക്ക് വേണ്ടിയുള്ള വികസന കാഴ്ചപ്പാടോടെയാണ് ജനപ്രതിനിധികളും ഭരണകൂടവും പ്രവർത്തിക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

ഒരു സ്റ്റാർട്ടപ്പിൻറെ വിജയം അതിൻറെ മൂല്യനിർണ്ണയത്തിലോ നിക്ഷേപങ്ങളിലോ മാത്രം ഒതുങ്ങുന്നതല്ലെന്നും, മറിച്ച് കർഷകർ, മത്സ്യത്തൊഴിലാളികൾ, സാധാരണക്കാർ എന്നിവരുടെ ജീവിതത്തിൽ മാറ്റങ്ങൾ കൊണ്ടുവരാനും തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും അതിന് കഴിയണമെന്നും പി.എം.എ. സമീർ എം.എൽ.എ. അഭിപ്രായപ്പെട്ടു. സർക്കാർ സംവിധാനങ്ങൾ നിയന്ത്രണങ്ങൾക്കപ്പുറം സംരംഭകരെ പ്രോത്സാഹിപ്പിക്കുന്ന സമീപനമാണ് ഇപ്പോൾ സ്വീകരിക്കുന്നത്. മലബാർ മേഖലയിലടക്കം സ്റ്റാർട്ടപ്പുകൾക്ക് കൂടുതൽ പിന്തുണയും ജില്ലാ തലത്തിൽ ഫെസിലിറ്റേഷൻ സെൻററുകളും അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ക്രിയേറ്റീവ് വ്യവസായ രംഗത്തും വിനോദ മേഖലയിലും വലിയ സാധ്യതകളാണ് നിലവിലുള്ളതെന്ന് രമേഷ് പിഷാരടി എം.എൽ.എ. പറഞ്ഞു. കാലത്തിനനുസരിച്ചുള്ള മാറ്റങ്ങൾ ഉൾക്കൊള്ളാനും പുതിയ പ്രേക്ഷകരെ കണ്ടെത്താനും കലാകാരൻമാർക്കും സംരംഭകർക്കും സാധിക്കണം. ബിസിനസുകാരെയും സംരംഭകരെയും സംശയത്തോടെ വീക്ഷിച്ചിരുന്ന പഴയ സാമൂഹിക മനോഭാവം മാറിവരുന്നതായും, പുതിയ ആശയങ്ങളുമായി മുന്നോട്ട് വരുന്നവർക്ക് സമൂഹത്തിൻറെ വലിയ പിന്തുണ ലഭിക്കുന്നുണ്ട്. ഉള്ളടക്കത്തിന് പ്രാധാന്യം ലഭിക്കുന്ന കാലമാണിത്. ഇത് വലിയ സാധ്യതകൾ കൊണ്ടു വരുന്നുണ്ട്. സാമ്പത്തികമായി പരാജയമാകുന്ന ചിത്രത്തിൻറെ റിവ്യൂ വഴി ലക്ഷങ്ങൾ വരുമാനമുണ്ടാക്കുന്നവരുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വടകര മണ്ഡലത്തിൽ സ്റ്റാർട്ടപ്പ് മേഖലയ്ക്ക് കരുത്തു പകരാനായി ഷാഫി പറമ്പിലിൻറെ നേതൃത്വത്തിൽ തുടങ്ങിയ സ്റ്റാർട്ടപ്പ് ഇ പ്ലസ് ആപ്പിൻറെ ഉദ്ഘാടനവും ഹഡിൽ വേദിയിൽ നടന്നു. ഒരു വിജയകരമായ ബിസിനസുകാരനാകണമെന്നാണ് തൻറെ ആഗ്രഹമെന്നും അതിൻറെ പ്രഖ്യാപനം ഒരിക്കൽ കെ.എസ്.യു.എം വേദിയിൽ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. കെ.എസ്.യു.എം.സീനിയർ ഫെലോ വിനിത ജോസഫ് മോഡറേറ്ററായിരുന്നു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.