Sections

കുറഞ്ഞ നികുതി; ഗവേഷണ വികസന കേന്ദ്രങ്ങൾ സ്ഥാപിക്കാൻ ബെൽജിയത്തിന് മുൻഗണനയെന്ന് ഹഡിൽ ഗ്ലോബലിൽ വിദഗ്ധർ

Saturday, Nov 14, 2026
Reported By Admin
Belgium Emerges as a Gateway for Indian Startups to Europe

തിരുവനന്തപുരം: കുറഞ്ഞ നികുതി ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നതിനാൽ ഗവേഷണ വികസന കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിന് യൂറോപ്യൻ രാജ്യങ്ങൾക്കിടയിൽ ബെൽജിയത്തിന് പ്രിയമേറുന്നതായി വിദഗ്ധർ.

എഷ്യയിലെ ഏറ്റവും വലിയ ബീച്ച്സൈഡ് സ്റ്റാർട്ടപ്പ് ഫെസ്റ്റിവലായ ഹഡിൽ ഗ്ലോബലിൻറെ എട്ടാം പതിപ്പിനോടനുബന്ധിച്ച് ?ഇന്ത്യൻ സ്റ്റാർട്ടപ്പുകൾക്ക് യൂറോപ്പിലേക്കുള്ള കവാടമായി ബെൽജിയം? എന്ന വിഷയത്തിൽ നടന്ന പാനൽ ചർച്ചയിലാണ് വിദഗ്ധർ ഇക്കാര്യം വ്യക്തമാക്കിയത്.

ഗവേഷണ-വികസന മേഖലയിലെ നിക്ഷേപങ്ങൾക്ക് പ്രത്യേക നികുതിയിളവ് നൽകുന്നതിലൂടെ കോർപ്പറേറ്റ് നികുതിയുടെ യഥാർത്ഥ നിരക്ക് 3.75 ശതമാനം വരെ കുറയ്ക്കാൻ സാധിക്കുമെന്ന് ഹബ്.ബ്രസൽസിലെ ഏഷ്യ ഇൻവെസ്റ്റ് മാനേജർ ആർനെ ഏർട്ട്ബെലിയൻ പറഞ്ഞു. ഈ ആനുകൂല്യമാണ് ഫാർമസ്യൂട്ടിക്കൽ കമ്പനികളെ വൻതോതിൽ ഇവിടെ സ്ഥാപനങ്ങൾ തുടങ്ങുന്നതിന് പ്രേരിപ്പിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ബ്രസ്സൽസിൽ ഏകദേശം 10,000 ഇന്ത്യക്കാർ താമസിക്കുന്നുണ്ട്. ബെൽജിയത്തിൽ മുഴുവനായി 25,000 ത്തിൽ മുകളിലായി ഇന്ത്യാക്കാരുണ്ട്. ബെൽജിയം - ഇന്ത്യൻ ചേംബർ ഓഫ് കൊമേഴ്സ്, ക്രിക്കറ്റ് മത്സരങ്ങൾ, സാംസ്കാരിക കൂട്ടായ്മകൾ വർധിച്ചു വരുന്ന ദക്ഷിണേന്ത്യൻ ഭക്ഷണശാലകൾ എന്നിവ ഇന്ത്യൻ സമൂഹത്തിന് അനുകൂലമായ അന്തരീക്ഷം ഒരുക്കുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു.

യൂറോപ്യൻ യൂണിയൻറെ കാലാവസ്ഥാ ലക്ഷ്യങ്ങൾക്ക് അനുസൃതമായി ഹരിത സാങ്കേതികവിദ്യ, നിർമ്മാണ മേഖലയിലെ നൂതനാശയങ്ങൾ, ഇലക്ട്രോണിക് വാഹനങ്ങൾ എന്നിവയ്ക്ക് ബ്രസൽസ് മികച്ച പിന്തുണ നൽകുന്നുണ്ട്. ഹൊറൈസൺ യൂറോപ്പ് ഫണ്ടിൽ പങ്കാളിയാകുന്നതിനുള്ള അവസരങ്ങളും ലഭ്യമാണ്. രാജ്യത്തെ കുറഞ്ഞ നിരക്കിലുള്ള റിയൽ എസ്റ്റേറ്റ് വിപണിയും ചെലവ് കുറഞ്ഞ ഓഫീസ് സൗകര്യങ്ങളും നിക്ഷേപകർക്ക് അനുകൂലമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

യൂറോപ്യൻ യൂണിയനിലുടനീളം ബിസിനസ് വളർത്തുന്നതിനും വികസിപ്പിക്കുന്നതിനും മികച്ച കണക്ടിവിറ്റിയും പ്രഥമ സ്ഥാനവും ബ്രസൽസ് നൽകുന്നതായി ബെൽജിയം എംബസി അംബാസഡർ സോഫി കാൾഷോസെൻ പറഞ്ഞു. ബ്രസൽസിലെ നിയമങ്ങളും നിയന്ത്രണങ്ങളും മനസിലാക്കി പ്രവർത്തിച്ചാൽ ഏകീകൃത നിയമവ്യവസ്ഥയുള്ള യൂറോപ്യൻ യൂണിയനിലെ മറ്റ് രാജ്യങ്ങളിലേക്കും ബിസിനസ് വ്യാപിപ്പിക്കുന്നതിന് എളുപ്പമാകുമെന്നും അവർ പറഞ്ഞു.

യൂറോപ്പിലേക്ക് ബിസിനസ് വ്യാപിപ്പിക്കാൻ ആഗ്രഹിക്കുന്നവർക്ക് ബ്രസൽസിനെ തുടക്ക കേന്ദ്രമായി പരിഗണിക്കാമെന്ന് ഹബ്.ബ്രസൽസിലെ ട്രേഡ് ആൻഡ് ഇൻവെസ്റ്റ്മെൻറ് കമ്മീഷണർ ബാർട്ട് വാൻഡെപുട്ടെ പറഞ്ഞു. യൂറോപ്പിലെ വിവധ ഭാഗങ്ങളുമായി ബന്ധപ്പെടാൻ കഴിയുന്ന കേന്ദ്രമാണിതെന്നും അദ്ദേഹം വ്യക്തമാക്കി.

ബെൽജിയത്തിൽ ഒരു പ്രതിനിധിയുടെ സാന്നിധ്യം ഉറപ്പാക്കാൻ സാധിച്ചാൽ വെർച്വൽ ഓഫീസ് സംവിധാനത്തിലൂടെയും സംരംഭകർക്ക് രാജ്യത്ത് ബിസിനസ് നടത്താൻ സാധിക്കുമെന്ന് ഹബ്.ബ്രസൽസിലെ ട്രേഡ് ആൻഡ് ഇൻവെസ്റ്റ് ഓഫീസർ ധനശ്രീ ഗവാങ്കർ പറഞ്ഞു

ഹബ്.ബ്രസൽസിലെ എഫ് ഡിഐ ഓഫീസർ ധരണിധരൻ ശിവസാമിയും ചർച്ചയിൽ പങ്കെടുത്തു.

സംരംഭങ്ങളെ പിന്തുണയ്ക്കുന്നതിനായി യൂറോപ്പിൽ നിരവധി ഇൻക്യുബേറ്ററുകൾ, ആക്സിലറേറ്ററുകൾ, വെഞ്ച്വർ ക്യാപ്പിറ്റൽ ശൃംഖലകൾ എന്നിവ പ്രവർത്തിക്കുന്നതായി ചൂസ് പാരീസ് റീജിയൻ, ഇന്ത്യ കൺട്രി മാനേജർ ആക്സൽ ഗുയോൺ പറഞ്ഞു. പാരീസ് - യൂറോപ്യൻ വിപണികളിലേക്കുള്ള കവാടം എന്ന വിഷയത്തിൽ നടന്ന മറ്റൊരു പാനൽ ചർച്ചയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

യുറോപ്പിൽ സംരംഭങ്ങൾക്ക് എളുപ്പത്തിൽ സീഡ് ഫണ്ടിങ്ങ് ലഭ്യമാക്കാൻ കഴിയും. വിവിധ തലങ്ങളിലുള്ള സർക്കാർ സംവിധാനങ്ങളിൽ നിന്നും വലിയ തോതിൽ സാമ്പത്തിക സഹായം ലഭിക്കുന്നുണ്ട്. അതേസമയം സംരംഭം കൂടുതലായി വളർച്ച കൈവരിക്കുമ്പോൾ നിക്ഷേപകർക്ക് പ്രതിഫലം ഉറപ്പാക്കേണ്ടതുണ്ടെന്നും അതിനായി കൃത്യമായ മാർഗങ്ങൾ ആവിഷ്കരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികൾക്ക് സാങ്കേതികവിദ്യയിലൂടെ പരിഹാരം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ സ്റ്റാർട്ടപ്പുകൾ, സാങ്കേതിക വിദ്യാ രംഗത്തെ പ്രമുഖർ, വൻകിട കമ്പനികൾ, നിക്ഷേപകർ എന്നിവരെ ഒരുമിച്ചണിനിരത്തുന്ന സാങ്കേതികവിദ്യ മേളയായ വിവാടെക് 2027 ജൂൺ 16 മുതൽ 19 വരെ പാരീസിൽ നടക്കുമെന്നും അദ്ദേഹം അറിയിച്ചു.

സാങ്കേതികവിദ്യയുടെയും സംരംഭകത്വത്തിൻറെയും ഭാവി രൂപപ്പെടുത്തുന്നതിനായി സ്റ്റാർട്ടപ്പ് സ്ഥാപകർ, നിക്ഷേപകർ, സർക്കാർ ഉദ്യോഗസ്ഥർ, സാമൂഹിക സംരംഭകർ, ഇന്നൊവേറ്റേഴ്സ്, നയരൂപകർത്താക്കൾ, വ്യവസായ പ്രമുഖർ എന്നിവർ മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന ഹഡിൽ ഗ്ലോബൽ 2026 ൽ ഒത്തുചേരും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.