- Trending Now:
തിരുവനന്തപുരം: സ്റ്റാർട്ടപ്പുകൾക്ക് വൻകിട വ്യവസായ സ്ഥാപനങ്ങളിൽ നിന്ന് ബിസിനസ്സ് നേടിയെടുക്കാൻ പ്രവർത്തനക്ഷമമായ ഉൽപ്പന്നം, വിപുലീകരണ ശേഷി എന്നിവ അത്യന്താപേക്ഷിതമാണെന്ന് ഹഡിൽ ഗ്ലോബലിൽ വ്യവസായ പ്രമുഖർ അഭിപ്രായപ്പെട്ടു. ആശയങ്ങളിൽ നിന്ന് യാഥാർത്ഥ്യത്തിലേക്ക് സ്റ്റാർട്ടപ്പുകൾ വളരണം. മികച്ച ആശയങ്ങൾക്കൊപ്പം ഉത്പന്നത്തിൻറെ പ്രായോഗികതയും വാണിജ്യപരമായി വളരാനുള്ള സാധ്യതയും തെളിയിക്കാൻ സ്റ്റാർട്ടപ്പുകൾക്ക് കഴിയണമെന്നും അവർ പറഞ്ഞു.
കേരള സ്റ്റാർട്ടപ്പ് മിഷൻ സംഘടിപ്പിക്കുന്ന സ്റ്റാർട്ടപ്പ് ഉച്ചകോടിയായ ഹഡിൽ ഗ്ലോബലിൽ 'ക്രാക്കിംഗ് ഇന്ത്യാസ് കോൺഗ്ലോമറേറ്റ്സ്: ഫ്രം പ്രൂഫ് ഓഫ് കൺസെപ്റ്റ് ടു പർച്ചേസ് ഓർഡർ' എന്ന വിഷയത്തിൽ നടന്ന ചർച്ചയിൽ സംസാരിക്കുകയായിരുന്നു അവർ. ക്രെഡ്ഫ്ലോ (സ്പ്ലെൻഡ്രെ) സഹസ്ഥാപകനും സി.ഇ.ഒയുമായ അനിൽ ബാലൻ മോഡറേറ്ററായിരുന്നു.
ഭാവി സാധ്യതയുള്ള കോർപ്പറേറ്റ് പങ്കാളികളുടെ ബിസിനസ്സ് ആവശ്യങ്ങൾക്കും സാങ്കേതിക മേഖലകൾക്കും അനുസൃതമായി സ്റ്റാർട്ടപ്പുകൾ ഉത്പന്നങ്ങൾ രൂപപ്പെടുത്തേണ്ടതിൻറെ പ്രാധാന്യത്തെക്കുറിച്ച് സെൻറ്-ഗോബെയ്ൻ സെഫ്പ്രോ ഇന്ത്യയുടെ റിഫ്രാക്ടറി ബിസിനസ്സ് മേധാവി സി. ബാലസുബ്രഹ്മണ്യൻ സംസാരിച്ചു. സാങ്കേതികവിദ്യ വിലയിരുത്തുന്നതിനും സ്റ്റാർട്ടപ്പുകൾക്കൊപ്പം പ്രവർത്തിക്കുന്നതിനും കോർപ്പറേറ്റുകൾക്ക് അനുയോജ്യമായ സാങ്കേതിക ടീമുകളും ഉണ്ടായിരിക്കണം. സുസ്ഥിര ഉത്പന്നങ്ങൾ വികസിപ്പിക്കുന്നതിന് സ്റ്റാർട്ടപ്പുകളുമായി സഹകരിക്കാൻ കോർപ്പറേറ്റുകൾ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
വികസനത്തിൻറെ വിവിധ ഘട്ടങ്ങളിലുള്ള സ്റ്റാർട്ടപ്പുകൾക്ക് വലിയ കോർപ്പറേറ്റ് ആവാസവ്യവസ്ഥയ്ക്കുള്ളിൽ അവസരങ്ങൾ കണ്ടെത്താനാകുമെന്ന് ജിയോജെൻനെക്സ്റ്റ് മേധാവി അമേയ് മഷേൽക്കർ ചൂണ്ടിക്കാട്ടി. കോർപറേറ്റുകളുടെ ബിസിനസ് ആവശ്യങ്ങൾക്ക് അനുയോജ്യമായ പ്രാരംഭ ഘട്ടത്തിലുള്ള ആശയങ്ങൾ മുതൽ സ്ഥാപിതമായ ബിസിനസ്സുകൾ വരെയുള്ള വിവിധ ഘട്ടങ്ങളിലുള്ള സ്റ്റാർട്ടപ്പുകളെ കോർപ്പറേറ്റുകൾക്ക് വിലയിരുത്താൻ കഴിയും. അത്തരം സ്റ്റാർട്ടപ്പുകളുടെ ഉത്പന്നങ്ങൾ വിലയിരുത്താൻ ജിയോ ജെൻനെക്സ്റ്റ് തയ്യാറെന്നും അദ്ദേഹം പറഞ്ഞു.
കൃത്യമായ ഇടപെടലുകളിലൂടെയും മികച്ച ഉൽപ്പന്ന അവതരണങ്ങളിലൂടെയും കോർപ്പറേറ്റ് പങ്കാളിത്തം നേടാനുള്ള സാധ്യതകൾ സ്റ്റാർട്ടപ്പുകൾക്ക് എങ്ങനെ മെച്ചപ്പെടുത്താമെന്ന് ദസോൾട്ട് സിസ്റ്റംസിലെ ലീഡിംഗ് 3ഡി എക്സ്പീരിയൻസ് ലാബ് ഇന്ത്യ മേധാവി ഡോ. സുഹാസ്പ്രീതിപാൽ ജി. വിശദീകരിച്ചു. സാധ്യതയുള്ള കോർപ്പറേറ്റ് പങ്കാളികളെ സമീപിക്കുമ്പോൾ സ്റ്റാർട്ടപ്പുകൾക്ക് തങ്ങളുടെ ഉത്പന്നത്തിൻറെ മേ?കൾ, ഘടന, വിപണിയിലെ മത്സരക്ഷമത എന്നിവയെക്കുറിച്ച് വ്യക്തത ഉണ്ടായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ പ്രമുഖ വിമാനത്താവളങ്ങളിൽ 'ഡിജി യാത്ര' സംവിധാനം വഴി നടപ്പിലാക്കുന്ന അന്താരാഷ്ട്ര യാത്രാ സേവനങ്ങളുടെ ട്രയലുകൾ ആരംഭിച്ചതായി ഡിജി യാത്രാ ഫൗണ്ടേഷൻ സിഇഒ സുരേഷ് ഖടക്ഭാവി പറഞ്ഞു. വിമാനത്താവളങ്ങളും ഡിജിറ്റർ പ്ലാറ്റ്ഫോമുകളും സ്റ്റാർട്ടപ്പുകൾക്ക് ലഭ്യമാക്കുന്ന ആഗോള അവസരങ്ങളെക്കുറിച്ച് കേരള സ്റ്റാർട്ടപ്പ് മിഷൻറെ ഹഡിൽ ഗ്ലോബൽ 2026 ൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഇന്ത്യയിലെ ഏഴ് പ്രധാന വിമാനത്താവളങ്ങളിലാണ് ഈ അന്താരാഷ്ട്ര യാത്രാ ട്രയലുകൾ ഇപ്പോൾ പുരോഗമിക്കുന്നത്. വ്യോമയാനമേഖലയിലെ ഗുണകരമായ മാറ്റങ്ങൾക്കും വിമാനത്താവളങ്ങളിലെ യാത്രാനുഭവം മെച്ചപ്പെടുത്തുന്നതിനുമാണ് ഡിജി യാത്ര ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2018 ൽ രൂപരേഖ തയ്യാറാക്കിയ ഡിജി യാത്രാ പദ്ധതി 2022 ഡിസംബർ 1 നാണ് ഔദ്യോഗികമായി പ്രവർത്തനം ആരംഭിച്ചത്. വിമാനത്താവളങ്ങളിലെ കടമ്പകൾ പൂർണ്ണമായും കടലാസ് രഹിതവും സുഗമവുമാക്കുക എന്നതാണ് ഇതിൻറെ പ്രധാന ലക്ഷ്യം. ബെംഗളൂരു, ഡൽഹി, വാരണാസി എന്നീ മൂന്ന് വിമാനത്താവളങ്ങളിൽ മാത്രം തുടങ്ങിയ ഈ സംവിധാനം ഇപ്പോൾ ഇന്ത്യയിലുടനീളം 39 വിമാനത്താവളങ്ങളിലേക്ക് വ്യാപിപ്പിച്ചിട്ടുണ്ട്. ഇതുവഴി രണ്ടരക്കോടിയിലധികം ഉപയോക്താക്കൾ ഈ സേവനം ഉപയോഗപ്പെടുത്തി. ആധാർ അല്ലെങ്കിൽ ഡിജി യാത്രാ ഐഡി ഉപയോഗിച്ചോ ഇലക്ട്രോണിക് പാസ്പോർട്ട് വഴിയോ യാത്രക്കാർക്ക് ഇതിൽ രജിസ്റ്റർ ചെയ്യാം.
വിമാനത്താവളങ്ങളിൽ പ്രവേശിക്കാനും സുരക്ഷാ പരിശോധനകൾക്കും കടലാസ് രേഖകളോ ബോർഡിംഗ് പാസുകളോ കയ്യിൽ കരുതേണ്ടതില്ല. പരമ്പരാഗത രീതിയിൽ പരിശോധനയ്ക്ക് മുൻപ് 20 സെക്കൻഡിലധികം വേണ്ടിയിരുന്ന നടപടിക്രമങ്ങൾ ഇപ്പോൾ 5 സെക്കൻഡിനുള്ളിൽ പൂർത്തിയാക്കാൻ സാധിക്കുന്ന വിധത്തിലേക്ക് നവീകരണം സാധ്യമായി. യാത്രക്കാരുടെ സ്വകാര്യതയ്ക്ക് വലിയ പ്രാധാന്യം നല്കുന്ന ഡിജി യാത്രാ സംവിധാനത്തിൽ സെൽഫ് സോവറിൻ ഐഡൻറിറ്റി് സംവിധാനമാണ് ഉപയോഗിക്കുന്നത്.
നിലവിൽ പുറപ്പെടുന്ന വിമാനത്താവളങ്ങളിൽ മാത്രമല്ല യാത്ര അവസാനിക്കുന്ന വിമാനത്താവളത്തിലും ഈ സേവനം ലഭ്യമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ഇതുവഴി അന്താരാഷ്ട്ര യാത്രകളിലെ ഇമിഗ്രേഷൻ നടപടികൾ കൂടുതൽ ലളിതവും വേഗത്തിലാക്കാനും സാധിക്കും. യൂറോപ്യൻ യൂണിയൻറെ ഡിജിറ്റൽ ഐഡൻറിറ്റി ഫ്രെയിംവർക്കുമായി സഹകരിച്ച് യൂറോപ്പിലും ഈ സേവനം വ്യാപിപ്പിക്കാനുള്ള ട്രയലുകൾ ഉടൻ ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.