Sections

28 കോടിയിലധികം രൂപ നിക്ഷേപം സമാഹരിച്ച് കെഎസ് യുഎം സ്റ്റാർട്ടപ്പായ വെന്റപ്പ്

Sunday, Nov 01, 2026
Reported By Admin
Kerala Startup Venttup Raises $3 Million in Pre-Series A

കൊച്ചി: കേരള സ്റ്റാർട്ടപ്പ് മിഷൻ (കെഎസ് യുഎം) യുണീക് ഐഡി സ്റ്റാർട്ടപ്പായ വെന്റ്പ്പ് 3 മില്യൺ ഡോളർ (ഏകദേശം 28 കോടിയിലധികം രൂപ) പ്രീ-സീരീസ് എ റൗണ്ടിൽ സമാഹരിച്ചു. പ്രമുഖ എയ്ഞ്ജൽ നിക്ഷേപ സ്ഥാപനങ്ങളായ സെറോദയുടെ റെയിൻമാറ്ററും യൂണികോൺ ഇന്ത്യ വെഞ്ചേഴ്സും ചേർന്നാണ് നിക്ഷേപ സമാഹരണത്തിന് നേതൃത്വം നൽകിയത്.

കൊച്ചിയിലെ വെന്റ്പ്പിന്റെ എഞ്ചിനീയറിംഗ് ടീമിനെ വിപുലീകരിക്കാനും, ബെംഗളൂരുവിലെ ഹൈ-ടെക് ഡിഫൻസ് & എയ്റോസ്പേസ് പാർക്കിൽ അത്യാധുനിക നിർമ്മാണ കേന്ദ്രവും ദ്രുതഗതിയിലുള്ള ഉത്പന്ന മാതൃകാ സൗകര്യങ്ങളും സ്ഥാപിക്കാനും ഈ തുക വിനിയോഗിക്കുമെന്ന് വെന്റ്പ്പ് സഹസ്ഥാപകനും സിഇഒയുമായ സന്ദീപ് നായർ വ്യക്തമാക്കി. കൂടാതെ, ബി2ബി സോഴ്സിംഗ്, വിതരണക്കാരുടെ വിവരശേഖരണം, പ്രവർത്തനക്ഷമത എന്നിവ കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി നൂതന സാങ്കേതികവിദ്യകളും നിർമ്മിതബുദ്ധിയും (എഐ) കമ്പനി പ്രയോജനപ്പെടുത്തും.

പുനരുപയോഗ ഊർജ്ജം, പ്രതിരോധം, എയ്റോസ്പേസ്, ബഹിരാകാശ മേഖലകൾ എന്നിവയിൽ രൂപകൽപ്പന, വികസനം, വൻതോതിലുള്ള ഉൽപ്പാദനം വരെയുള്ള പ്രവർത്തനങ്ങളെ വേഗത്തിലാക്കാൻ മൂലധന സമാഹരണം കമ്പനിയെ സഹായിക്കും. സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങളുടെ (എംഎസ്എംഇ) പങ്കാളിത്തത്തോടെ മികച്ച നിർമ്മാണ മാതൃകയാണ് കമ്പനി കെട്ടിപ്പടുക്കുന്നതെന്നും സന്ദീപ് നായർ പറഞ്ഞു. ആഭ്യന്തര ആവശ്യങ്ങൾ നിറവേറ്റുന്നതിനൊപ്പം ആഗോള വിപണിയിലേക്ക് പ്രമുഖ നിർമ്മാണ കേന്ദ്രമാക്കി ഇന്ത്യയെ മാറ്റുക എന്നതാണ് 'ഇന്ത്യ ഫോർ ഇന്ത്യ, ഇന്ത്യ ഫോർ ദ വേൾഡ്' എന്ന ദൗത്യത്തിലൂടെ കമ്പനി ലക്ഷ്യമിടുന്നത്.

കെഎസ്യുഎമിൽ ഇൻകുബേറ്റ് ചെയ്യപ്പെട്ട വെന്റ്പ്പ്, 2024-ലെ സീഡ് റൗണ്ടിന് ശേഷം വരുമാനത്തിൽ അഞ്ചിരട്ടി വളർച്ച രേഖപ്പെടുത്തി നടപ്പുവർഷത്തിൽ 10 കോടി രൂപ കൈവരിച്ചിട്ടുണ്ട്. കഴിഞ്ഞ 12 മാസത്തിനിടെ പ്രമുഖ കമ്പനികൾ ഉൾപ്പെടെ 15-ലധികം വൻകിട ഉപഭോക്താക്കളെ സ്വന്തമാക്കിയ വെന്റ്പ്പിന് നിലവിൽ 30 കോടി രൂപയുടെ ബിസിനസ് ഓർഡറുകൾ പൈപ്പ് ലൈനിലുണ്ട്.

ഇന്ത്യയിലെ ഡീപ്-ടെക്, ഹാർഡ്വെയർ സ്റ്റാർട്ടപ്പുകൾക്കും നിർമ്മാണ സ്ഥാപനങ്ങൾക്കും വിശ്വസനീയമായ വിതരണ ശൃംഖല ഉറപ്പാക്കാൻ വെന്റ്പ്പിന്റെ വികസനം വഴി സാധിക്കുമെന്ന് റെയിൻമാറ്ററും യൂണികോൺ ഇന്ത്യ വെഞ്ചേഴ്സും ചൂണ്ടിക്കാട്ടി. ഊർജ്ജ-ഡാറ്റാ സെന്ററുകൾ, എയ്റോസ്പേസ്-പ്രതിരോധ സംവിധാനങ്ങൾ, സ്മാർട്ട് ഇൻഫ്രാസ്ട്രക്ചർ, ഓട്ടോമേഷൻ തുടങ്ങിയ തന്ത്രപ്രധാനമായ മേഖലകളിലാണ് കമ്പനി ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

ഹിറ്റാച്ചി എനർജി, സീമെൻസ്, എൽ ആൻഡ് ടി, കൽപതരു പവർ തുടങ്ങിയ പ്രമുഖ കമ്പനികളിൽ ദീർഘകാല പ്രവർത്തനപരിചയമുള്ള സന്ദീപ് നായർ (സഹസ്ഥാപകൻ, സിഇഒ), എം. വസീം അംഗ്ലി (സഹസ്ഥാപകൻ സിഒഒ), ജോസഫ് പനക്കൽ (സഹസ്ഥാപകൻ സിഎംഒ) എന്നിവർ ചേർന്നാണ് വെന്റപ്പ് സ്ഥാപിച്ചത്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.