Sections

ആസ്റ്റർ ഹോസ്പിറ്റലുകളോടൊപ്പം സ്തനാർബുദ ബോധവൽക്കരണത്തിന് തുടക്കമിട്ട് കാലിക്കറ്റ് എഫ്.സി; പ്രത്യേക 'പിങ്ക് ജേഴ്‌സി' പുറത്തിറക്കി

Tuesday, Oct 20, 2026
Reported By Admin
Calicut FC and Aster Launch Pink Jersey Campaign for Breast Cancer Awareness

കോഴിക്കോട്: ആസ്റ്റർ ഹോസ്പിറ്റലുകളുമായി സഹകരിച്ച് 'പിങ്ക് ഒക്ടോബറി'ന്റെ ഭാഗമായി സ്തനാർബുദ ബോധവൽക്കരണത്തിന് തുടക്കം കുറിച്ച് കാലിക്കറ്റ് എഫ്.സി. ക്യാമ്പയിന്റെ ഭാഗമായി ഒക്ടോബർ 24ന് ഫോഴ്സ കൊച്ചി എഫ്സിയുമായുള്ള മത്സരത്തിൽ ധരിക്കാനുള്ള 'പിങ്ക് ജേഴ്സി' കോഴിക്കോട് ആസ്റ്റർ മിംസിൽ വെച്ച് ക്ലബ് ഭാരവാഹികൾ പുറത്തിറക്കി.

സ്ത്രീകളിൽ ഏറ്റവും കൂടുതലായി കണ്ടുവരുന്ന സ്തനാർബുദത്തെക്കുറിച്ച് സമൂഹത്തിൽ കൃത്യമായ അവബോധം വളർത്തുക, രോഗം പ്രാരംഭ ഘട്ടത്തിൽ തന്നെ തിരിച്ചറിയേണ്ടതിന്റെ പ്രാധാന്യം ജനങ്ങളിലെത്തിക്കുക, രോഗബാധിതർക്ക് മാനസിക പിന്തുണയും ഐക്യദാർഢ്യവും പ്രഖ്യാപിക്കുക എന്നിവയാണ് ഈ കൂട്ടായ്മയിലൂടെ ലക്ഷ്യമിടുന്നത്. പ്രതീക്ഷയുടെയും കരുതലിന്റെയും പ്രതീകമായ പിങ്ക് നിറത്തിലുള്ള റിബണും ജേഴ്സിയും ആധാരമാക്കിയാണ് ക്യാമ്പയിൻ രൂപകൽപ്പന ചെയ്തിരിക്കുന്നത്.

സ്തനാർബുദം പ്രാരംഭ ഘട്ടത്തിൽ തിരിച്ചറിഞ്ഞാൽ 90 ശതമാനത്തിലധികം കേസുകളിലും പൂർണ്ണമായി ചികിത്സിച്ചു ഭേദമാക്കാൻ സാധിക്കുമെന്നും, ലക്ഷണങ്ങൾ കണ്ടാൽ ഭയമോ മടിയോ കാരണം പലരും പരിശോധനകൾ നടത്താൻ മടിക്കുന്നത് രോഗം മൂർച്ഛിക്കാൻ കാരണമാകുന്നതെന്നും ആസ്റ്റർ മിംസിലെ കാൻസർ രോഗ ചികിത്സാ വിഭാഗം മേധാവി ഡോ. കെവി ഗംഗാധരൻ പറഞ്ഞു. ഭയം മാറ്റിനിർത്തി, കൃത്യമായ ഇടവേളകളിൽ സ്വയം പരിശോധന നടത്താനും 40 വയസ്സിന് മുകളിലുള്ള സ്ത്രീകൾ മാമോഗ്രാം സ്ക്രീനിംഗ് ശീലമാക്കാനും ഈ ക്യാമ്പയിനിലൂടെ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കായിക-വ്യവസായിക നേട്ടങ്ങൾക്കുപുറമേ സമൂഹത്തിന്റെ ആരോഗ്യത്തിലും ക്ഷേമത്തിലും പങ്കാളികളാവുക എന്ന സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായാണ് ഇത്തരം ഒരു ചുവടുവെപ്പ് നടത്തുന്നതെന്ന് കാലിക്കറ്റ് എഫ്.സി ഭാരവാഹികൾ വ്യക്തമാക്കി. കളിക്കളത്തിലും പൊതുവേദികളിലും പിങ്ക് ജേഴ്സി അണിയുന്നതിലൂടെ ലക്ഷക്കണക്കിന് ആരാധകരിലേക്കും പൊതുജനങ്ങളിലേക്കും സ്തനാർബുദ ബോധവൽക്കരണ സന്ദേശം വേഗത്തിൽ എത്തിക്കാൻ സാധിക്കുമെന്നും കുടുംബാംഗങ്ങളുടെ ആരോഗ്യസുരക്ഷ ഉറപ്പാക്കാൻ ഇത് പൊതുസമൂഹത്തെ പ്രചോദിപ്പിക്കുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.

'നേരത്തെയുള്ള തിരിച്ചറിവാണ് ഏറ്റവും വലിയ പ്രതിരോധം, കരുതലോടെ നമുക്ക് ഒന്നിച്ച് അണിനിരക്കാം' എന്ന സന്ദേശമുയർത്തിയാണ് കാലിക്കറ്റ് എഫ്.സിയും ആസ്റ്ററും ഈ ക്യാമ്പയിനായി കൈകോർക്കുന്നത്. കോഴിക്കോട് ആസ്റ്റർ മിംസിൽ വെച്ച് നടന്ന പ്രകാശന ചടങ്ങിൽ കാലിക്കറ്റ് എഫ്.സി ഹെഡ് കോച്ച് എവർ അഡ്രിയാനോ ഡിമാൾഡെ, അസിസ്റ്റന്റ് കോച്ച് ബിബി തോമസ്, ക്യാപ്റ്റൻ കെ പ്രശാന്ത്, എം മനോജ്, ആസ്റ്റർ മിംസ് സിഒഒ ഡോ. ഗോപിനാഥ് മമ്പള്ളിക്കളം, കാൻസർ രോഗ ചികിത്സാ വിഭാഗം മേധാവി ഡോ. കെവി ഗംഗാധരൻ, റേഡിയേഷൻ ഓൺകോളജി വിഭാഗം സീനിയർ കൺസൾട്ടന്റും മേധാവിയുമായ ഡോ. സതീഷ് പത്മനാഭൻ എന്നിവർ പങ്കെടുത്തു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.