- Trending Now:
ആലപ്പുഴ: സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന ചുണ്ടൻ വള്ളങ്ങളുടെ ഐപിഎൽ മാതൃകയിലുള്ള ചാമ്പ്യൻസ് ബോട്ട് ലീഗ് (സി.ബി.എൽ.) ആറാം സീസണിന്റെ കായംകുളത്ത് നടന്ന പത്താം മത്സരത്തിൽ യുബിസി കൈനകരി എഫ് സി തുഴഞ്ഞ വീയപുരത്തിന്(4.57.887 മിനിറ്റ്) തുടർച്ചയായ രണ്ടാം വിജയം. അത്യന്തം വാശിയേറിയ മത്സരത്തിൽ രണ്ടാം സ്ഥാനത്തെത്തിയ പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ മേൽപ്പാടം ചുണ്ടന്റെയും(4.58.398 മിനിറ്റ്) മൂന്നാമതെത്തിയ നിരണം ബോട്ട് ക്ലബ് തുഴഞ്ഞ നിരണം ചുണ്ടന്റെയും(4.59.613 മിനിറ്റ്) കനത്ത വെല്ലുവിളി അതിജീവിച്ചാണ് ആരാധകർക്കിടയിലെ വീരു എന്നറിയപ്പെടുന്ന വീയപുരം വിജയിച്ചു കയറിയത്.
രാജ്യത്തിന്റെ ആദ്യ പ്രധാനമന്ത്രിയായിരുന്ന പണ്ഡിറ്റ് ജവഹർലാൽ നെഹൃവിന്റെ സ്മരണാർഥം ജവഹർ കപ്പ് വള്ളംകളിയാണ് കായംകുളത്ത് സിബിഎല്ലിനൊപ്പം നടക്കുന്നത്. സഹകരണ-എക്സൈസ് വകുപ്പ് മന്ത്രി എം ലിജു അധ്യക്ഷനായിരുന്ന ചടങ്ങിൽ കെ സി വേണുഗോപാൽ എം പി കായംകുളത്തെ മത്സരങ്ങൾ ഉദ്ഘാടനം ചെയ്തു. ടൂറിസം-സാംസ്ക്കാരിക വകുപ്പ് മന്ത്രി പി സി വിഷ്ണുനാഥ് മുഖ്യപ്രഭാഷണം നടത്തി. സിനിമാതാരം ടിനി ടോം മുഖ്യാതിഥിയായിരുന്നു. സിബിഎൽ ഭരണസമിതി അംഗങ്ങൾ, ടൂറിസം വകുപ്പ് ഉന്നത ഉദ്യോഗസ്ഥർ, തദ്ദേശസ്വയംഭരണ സ്ഥാപന പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
ഇക്കുറി ഹീറ്റ്സിൽ മികച്ച സമയം കൈവരിക്കാനാവാത്തതിനാൽ പോയിന്റ് പട്ടികയിൽ ഒന്നാമതായിരുന്ന അരോമ ചുണ്ടന് ഫൈനലിൽ പ്രവേശിക്കാനായില്ല. മത്സരം തുടങ്ങി ആദ്യ പാദത്തിൽ മൂന്നു ചുണ്ടനും ഒപ്പത്തിനൊപ്പമായിരുന്നു. പകുതിയോടടുക്കുമ്പോൾ മേൽപ്പാടം ചെറിയ ലീഡ് കരസ്ഥമാക്കി. അതിനെ പഴങ്കഥയാക്കിക്കൊണ്ട് നിരണം ലീഡെടുത്തു. പിന്നെ വീണ്ടും മൂന്ന് വള്ളങ്ങളും ഒപ്പത്തിനൊപ്പം. അവസാന 200 മീറ്ററിൽ വർധിത വീര്യത്തോടെ വീയപുരം തുഴ കുത്തിയെറിഞ്ഞു. കടൽക്കുത്തിന്റെ നെട്ടായമായ കായംകുളത്തിൽ വ്യക്തമായ ലീഡോടെ യുബിസി കൈനകരി വിജയം കൈവരിച്ചു. കൈനകരിയിൽ സ്വന്തം തട്ടകത്തിൽ നേടിയ വിജയം യുബിസി കൈനകരി എഫ് സി ആവർത്തിച്ചു.
പത്ത് മത്സരങ്ങൾ പിന്നിട്ടപ്പോൾ പട്ടികയിൽ 91 പോയിന്റുമായി മേൽപ്പാടം ഒന്നാം സ്ഥാനത്തേക്ക് വീണ്ടുമെത്തി. ഒന്നാമതായിരുന്ന അരോമ 89 പോയിന്റുമായി രണ്ടാമതും 83 പോയിന്റുമായി വീയപുരം മൂന്നാം സ്ഥാനത്തും നിലയുറപ്പിക്കുന്നു.
കായംകുളത്തെ മത്സരഫലം- വീയപുരം ചുണ്ടൻ-(യുബിസികൈനകരി എഫ് സി) ഒന്ന്, മേൽപ്പാടം ചുണ്ടൻ- (പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ്) രണ്ട്, നിരണം ചുണ്ടൻ- (നിരണം ബോട്ട് ക്ലബ്ബ്, നിരണം)മൂന്ന്,
അരോമ ചുണ്ടൻ- (അരോമ ബോട്ട് ക്ലബ്ബ്, പരവൂർ, കൊല്ലം) നാല്, പുണ്യാളൻ നിരണം- (കുമരകം ടൗൺ ബോട്ട് ക്ലബ്ബ്,കുമരകം)അഞ്ച്, ചെറുതന ചുണ്ടൻ- (എൻബിസി നാട്ടകം ബോട്ട് ക്ലബ്ബ്)ആറ്.
നടുഭാഗം ചുണ്ടൻ(പിബിസി-പുന്നമട, എൻ സി എഫ് സി ബോട്ട്ക്ലബ്) ഏഴ്, ആർപ്പൂക്കര ചുണ്ടൻ- (ഇമ്മാനുവൽ ബോട്ട് ക്ലബ്ബ്, കുമരകം)എട്ട്, തലവടി ചുണ്ടൻ- (വില്ലേജ് ബോട്ട് ക്ലബ്ബ്) ഒമ്പത്.
ഫൈനലടക്കം ആകെ 11 മത്സരങ്ങളുള്ള ഈ സീസണിലെ ഫൈനൽ നവംബർ 21 ശനിയാഴ്ച കൊല്ലത്തെ പ്രസിഡന്റ്സ് ട്രോഫിയോടെ നടക്കും.
ഓരോ മത്സരവേദികളിലും വിജയികളാകുന്നവരിൽ ഒന്നാം സ്ഥാനക്കാർക്ക് അഞ്ച് ലക്ഷം രൂപയും രണ്ടാം സ്ഥാനക്കാർക്ക് മൂന്ന് ലക്ഷവും മൂന്നാം സ്ഥാനക്കാർക്ക് ഒരു ലക്ഷം രൂപയും ലഭിക്കും. ബോണസായി ഓരോ ടീമിനും നാല് ലക്ഷം രൂപ വീതവും നീക്കിവച്ചിട്ടുണ്ട്. ചാമ്പ്യൻഷിപ്പിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കുന്ന ക്ലബിന് 25 ലക്ഷവും രണ്ടാം സ്ഥാനം നേടുന്നവർക്ക് 15 ലക്ഷവും മൂന്നാം സ്ഥാനത്തെത്തുന്ന ക്ലബിന് 10 ലക്ഷം രൂപയും സമ്മാനമായി ലഭിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.