- Trending Now:
ആലപ്പുഴ: സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന ചുണ്ടൻ വള്ളങ്ങളുടെ ഐപിഎൽ മാതൃകയിലുള്ള ചാമ്പ്യൻസ് ബോട്ട് ലീഗ് (സി.ബി.എൽ.) ആറാം സീസണിന്റെ ആലപ്പുഴ പുളിങ്കുന്നിൽ നടന്ന എട്ടാം മത്സരത്തിൽ കൊല്ലം അരോമ ബോട്ട് ക്ലബ് തുഴഞ്ഞ അരോമ ചുണ്ടൻ (3.06.139 മിനിറ്റ്) വിജയികളായി. ഫൈനൽ ലാപ്പ് വരെ മൂന്നാമതായിരുന്ന അരോമ അവസാന നൂറുമീറ്ററിൽ നടത്തിയ അവിശ്വസനീയ കുതിപ്പ് സിബിഎൽ ചരിത്രത്തിലെ തന്നെ മികച്ച മുഹൂർത്തങ്ങളിലൊന്നായി.
വീയപുരം ചുണ്ടൻ-(യുബിസി കൈനകരി എഫ് സി) രണ്ടാമതും(3.06.669 മിനിറ്റ്) മേൽപ്പാടം ചുണ്ടൻ- (പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ്) (3.06.797 മിനിറ്റ്) മൂന്നാമതും ഫിനിഷ് ചെയ്തു. ഒന്നാം സ്ഥാനത്തും മൂന്നാം സ്ഥാനത്തുമെത്തിയ വള്ളങ്ങൾ തമ്മിലുള്ള അന്തരം കേവലം ദശാംശം 530 മില്ലിസെക്കന്റ്(സെക്കന്റിന്റെ ആയിരത്തിലൊരു അംശം) മാത്രമായിരുന്നു എന്നത് മത്സരത്തിന്റെ കടുപ്പും വ്യക്തമാക്കുന്നു.
അക്ഷരാർഥത്തിൽ ജലയുദ്ധമാണ് പുളിങ്കുന്നിലെ മണിമലയാറ്റിൽ നടന്നത്. തുടക്കം മുതൽ അരോമ മൂന്നാം സ്ഥാനത്തായിരുന്നു. നെട്ടായത്തിന്റെ മുക്കാൽ ഭാഗത്തും വീയപുരവും മേൽപ്പാടവും തമ്മിൽ തീപാറുന്ന പോരാട്ടം. എന്നാൽ തുഴക്കൈകൾക്ക് യന്ത്രം വച്ചതു പോലെയായിരുന്നു അവസാന പാദത്തിൽ അരോമയുടെ കുതിപ്പ്. ചാട്ടുളി പോലെ അവർ ഫിനിഷ് ചെയ്യുമ്പോൾ വീയപുരത്തിനും മേൽപ്പാടത്തിനും തുഴപ്പിടിയിലിരുന്ന മത്സരം കൈവിട്ട നിരാശ മാത്രമായിരുന്നു ബാക്കി. തുടർച്ചയായ നാല് വിജയങ്ങൾക്ക് ശേഷം കോട്ടയം താഴത്തങ്ങാടിയിൽ രണ്ടാം സ്ഥാനത്തെത്തിയ പള്ളാത്തുരുത്തി ബോട്ട് ക്ലബിന് പുളിങ്കുന്നിൽ മൂന്നാമതായതും തിരിച്ചടിയായി.
പുളിങ്കുന്ന് പഞ്ചായത്ത് പ്രസിഡന്റ് ഒസേപ്പച്ചൻ വെമ്പാടുംതറ അധ്യക്ഷനായ ചടങ്ങിൽ കുട്ടനാട് എംഎൽഎ റെജി ചെറിയാൻ പുളിങ്കുന്നിലെ മത്സരങ്ങൾ ഉദ്ഘാടനം ചെയ്തു. മുൻ എംഎൽഎയും സിബിഎൽ ടെക്നിക്കൽ കമ്മിറ്റി അംഗം സി കെ സദാശിവൻ മത്സരങ്ങൾ ഫ്ലാഗ് ഓഫ് ചെയ്തു. സിബിഎൽ ഭരണസമിതി അംഗങ്ങൾ, ടൂറിസം വകുപ്പ് ഉന്നത ഉദ്യോഗസ്ഥർ, തദ്ദേശസ്വയംഭരണ സ്ഥാപന പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
പട്ടികയിൽ 74 പോയിന്റുമായി അരോമ വീണ്ടും ഒന്നാമതെത്തി. 72 പോയിന്റുമായി മേൽപ്പാടം രണ്ടാമതും 63 പോയിന്റുമായി വീയപുരം തൊട്ടടുത്ത മൂന്നാം സ്ഥാനത്തും നിലയുറപ്പിച്ചു. പുളിങ്കുന്ന് രാജീവ് ഗാന്ധി വള്ളം കളിയുടെ ഭാഗമായി വെപ്പ് വള്ളങ്ങളുടെ പ്രാദേശിക മത്സരങ്ങളും ഇതോടനുബന്ധിച്ച് നടന്നു.
പുളിങ്കുന്നിലെ മത്സരഫലം- അരോമ ചുണ്ടൻ- (അരോമ ബോട്ട് ക്ലബ്ബ്, പരവൂർ, കൊല്ലം) ഒന്ന്, വീയപുരം ചുണ്ടൻ-(യുബിസി കൈനകരി എഫ് സി) രണ്ട്, മേൽപ്പാടം ചുണ്ടൻ- (പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ്) മൂന്ന്,
നിരണം ചുണ്ടൻ- (നിരണം ബോട്ട് ക്ലബ്ബ്, നിരണം)നാല്, ചെറുതന ചുണ്ടൻ- (എൻബിസി നാട്ടകം ബോട്ട് ക്ലബ്ബ്) അഞ്ച്, നടുഭാഗം ചുണ്ടൻ- (പി.ബി.സി. പുന്നമട എൻസിഎഫ് സി ബോട്ട് ക്ലബ്ബ്)ആറ്,
ആർപ്പൂക്കര ചുണ്ടൻ- (ഇമ്മാനുവൽ ബോട്ട് ക്ലബ്ബ്, കുമരകം) ഏഴ്, പുണ്യാളൻ നിരണം- (കുമരകം ടൗൺ ബോട്ട് ക്ലബ്ബ്,കുമരകം) എട്ട്, തലവടി ചുണ്ടൻ- (വില്ലേജ് ബോട്ട് ക്ലബ്ബ്) ഒമ്പത്.
ഫൈനലടക്കം ആകെ 11 മത്സരങ്ങളുള്ള ഈ സീസണിലെ മറ്റ് ലീഗ് പോരാട്ടങ്ങൾ- കൈനകരി (നവംബർ 7), കായംകുളം (നവംബർ 14) എന്നിവിടങ്ങളിലായി നടക്കും. നവംബർ 21-ന് കൊല്ലത്ത് നടക്കുന്ന പ്രസിഡന്റ്സ് ട്രോഫി വള്ളംകളിയോടെയാണ് സിബിഎൽ ആറാം സീസണിന് സമാപനമാവുന്നത്.
ഓരോ മത്സരവേദികളിലും വിജയികളാകുന്നവരിൽ ഒന്നാം സ്ഥാനക്കാർക്ക് അഞ്ച് ലക്ഷം രൂപയും രണ്ടാം സ്ഥാനക്കാർക്ക് മൂന്ന് ലക്ഷവും മൂന്നാം സ്ഥാനക്കാർക്ക് ഒരു ലക്ഷം രൂപയും ലഭിക്കും. ബോണസായി ഓരോ ടീമിനും നാല് ലക്ഷം രൂപ വീതവും നീക്കിവച്ചിട്ടുണ്ട്. ചാമ്പ്യൻഷിപ്പിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കുന്ന ക്ലബിന് 25 ലക്ഷവും രണ്ടാം സ്ഥാനം നേടുന്നവർക്ക് 15 ലക്ഷവും മൂന്നാം സ്ഥാനത്തെത്തുന്ന ക്ലബിന് 10 ലക്ഷം രൂപയും സമ്മാനമായി ലഭിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.