Sections

മുത്തൂറ്റ് ഫിനാൻസിന്റെ  സംയോജിത അറ്റാദായം 39 ശതമാനം വർദ്ധിച്ച് 6,103 കോടി രൂപയായി

Monday, Nov 02, 2026
Reported By Admin
Muthoot Finance H1 Net Profit Rises 39% to ₹6,103 Crore

കൊച്ചി: മുത്തൂറ്റ് ഫിനാൻസ് നടപ്പു സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിലെയും രണ്ടാം പാദത്തിലെയും സാമ്പത്തിക ഫലങ്ങൾ പ്രഖ്യാപിച്ചു. കമ്പനിയുടെ അർദ്ധവാർഷിക സംയോജിത അറ്റാദായം മുൻവർഷത്തെ അപേക്ഷിച്ച് 39 ശതമാനം വർദ്ധിച്ച് 6,103 കോടി രൂപയിലെത്തി. സംയോജിത വായ്പാ ആസ്തി 42 ശതമാനം വളർച്ചയോടെ 2,09,317 കോടി രൂപയിലെത്തി. സംയോജിത സ്വർണ്ണപ്പണയ വായ്പാ ആസ്തി 46 ശതമാനം വർദ്ധിച്ച് 1,93,212 കോടി രൂപയായി.

മുത്തൂറ്റ് ഫിനാൻസിന്റെ മാത്രം അർദ്ധവാർഷിക അറ്റാദായം 26 ശതമാനം വർദ്ധിച്ച് 5,527 കോടി രൂപയായി. രണ്ടാം പാദത്തിൽ മുത്തൂറ്റ് ഫിനാൻസിന്റെ മാത്രം അറ്റാദായം 27 ശതമാനം വർദ്ധിച്ച് 2,977 കോടി രൂപയാണ്. അർദ്ധവർഷത്തിൽ മുത്തൂറ്റ് ഫിനാൻസിന്റെ മാത്രം വായ്പാ ആസ്തി 42 ശതമാനം വളർച്ചയോടെ 1,87,810 കോടി രൂപയായി ഉയർന്നു.

ഒക്ടോബർ ഒന്ന് മുതൽ അലക്സാണ്ടർ ജോർജ്ജ് മുത്തൂറ്റ് മാനേജിംഗ് ഡയറക്ടറായും, ജോർജ്ജ് അലക്സാണ്ടർ മുത്തൂറ്റ് എക്സിക്യൂട്ടീവ് വൈസ് ചെയർമാനായും ഈപ്പൻ അലക്സാണ്ടർ ഹോൾ ടൈം ഡയറക്ടറായും കെ.ആർ. ബിജിമോൻ സിഇഒ ആയും പുതിയ ചുമതലകളേറ്റു. പ്രവർത്തനക്ഷമത വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി പൂർണ്ണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ മുത്തൂറ്റ് മണി ലിമിറ്റഡിനെ മുത്തൂറ്റ് ഫിനാൻസുമായി ലയിപ്പിക്കാനും ബോർഡ് അനുമതി നൽകി.

മുത്തൂറ്റ് ഗ്രൂപ്പിന്റെ ഉപസ്ഥാപനങ്ങളായ ബെൽസ്റ്റാർ മൈക്രോഫിനാൻസ് 144 കോടി രൂപയുടെ അർദ്ധവാർഷിക അറ്റാദായം നഷ്ടത്തിൽ നിന്നും വലിയ തിരിച്ചുവരവ് നടത്തിയപ്പോൾ, മുത്തൂറ്റ് ഹോംഫിൻ 11 കോടി രൂപയുടെയും ഏഷ്യ അസറ്റ് ഫിനാൻസ് 84 കോടി ശ്രീലങ്കൻ രൂപയുടെയും അറ്റാദായം സ്വന്തമാക്കി. നടപ്പു സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ മുത്തൂറ്റ് ഗ്രൂപ്പ് മൊത്തം 336 പുതിയ ബ്രാഞ്ചുകൾ തുറന്നു.

ഈ സാമ്പത്തിക പാദത്തിൽ മുത്തൂറ്റ് ഫിനാൻസ് 201 പുതിയ ബ്രാഞ്ചുകൾ കൂടി ആരംഭിച്ച് രാജ്യത്തുടനീളം സാന്നിധ്യം കൂടുതൽ വിപുലീകരിച്ചതായി മാനേജിംഗ് ഡയറക്ടർ അലക്സാണ്ടർ ജോർജ്ജ് മുത്തൂറ്റ് പറഞ്ഞു. പുതിയ കമ്പനികളുടെ കടന്നുവരവും വർദ്ധിച്ചുവരുന്ന ആവശ്യകതയും രാജ്യത്തെ സ്വർണ്ണപ്പണയ വിപണിയിൽ സുസ്ഥിര വളർച്ചയ്ക്ക് മികച്ച അവസരങ്ങൾ സൃഷ്ടിക്കുന്നുണ്ടെന്നും ഉപഭോക്താക്കളുടെ വിശ്വാസം ആർജ്ജിച്ചും, കൂടുതൽ മേഖലകളിലേക്ക് സേവനം എത്തിച്ചും, നൂതന സാങ്കേതികവിദ്യയുടെ സഹായത്തോടെയും കമ്പനിയുടെ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കാനാണ് മുത്തൂറ്റ് ഫിനാൻസ് ലക്ഷ്യമിടുന്നത്. ഇതിനൊപ്പം മികച്ച വായ്പാ മാനദണ്ഡങ്ങൾ പാലിച്ച് നടപ്പു സാമ്പത്തിക വർഷത്തിലും ഈ വളർച്ചാ കുതിപ്പ് നിലനിർത്താൻ കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.