Sections

മലയാളി മങ്ക - കേരള ശ്രീമാൻ ഗ്രാൻഡ് ഫിനാലെ ടെക്നോപാർക്കിൽ നവംബർ ഒന്നിന്

Sunday, Nov 01, 2026
Reported By Admin
Malayali Manga Kerala Sreeman 2026 Grand Finale at Technopark

  • 25 ഫൈനലിസ്റ്റുകൾ മാറ്റുരയ്ക്കും

തിരുവനന്തപുരം: ഐ ടി മേഖലയിലെ സാംസ്കാരിക പ്രൗഢിയും സർഗ്ഗാത്മകതയും ഒത്തുചേരുന്ന സൗന്ദര്യ-പ്രതിഭാ മത്സരമായ ' മലയാളി മങ്ക- കേരള ശ്രീമാൻ (എംഎംകെഎസ്)' ഗ്രാൻഡ് ഫിനാലെയ്ക്ക് നവംബർ ഒന്നിന് ടെക്നോപാർക്ക് വേദിയാകും.

ഐടി ജീവനക്കാർക്കായി ഉച്ചയ്ക്ക് 2 മണി മുതൽ വൈകുന്നേരം 6 മണി വരെ ടെക്നോപാർക്ക് ഫേസ് 1-ലെ ട്രാവൻകൂർ ഹാളിലാണ് മത്സരം സംഘടിപ്പിക്കുന്നത്. കേരളത്തനിമയും പാരമ്പര്യവും സംസ്കാരവും ക്രിയാത്മകതയും ഐടി ജീവനക്കാരുടെ വ്യക്തിത്വവും ആഘോഷമാക്കുന്ന മത്സരത്തിൻറെ 11-ാം പതിപ്പാണിത്. ഐടി ജീവനക്കാരുടെ ഓൺലൈൻ മാധ്യമ കൂട്ടായ്മയായ 'ടെക്നോപാർക്ക് ടുഡേ' ആണ് പരിപാടിയുടെ സംഘാടകർ.

ടെക്നോപാർക്ക് തിരുവനന്തപുരം, ഇൻഫോപാർക്ക് കൊച്ചി, സൈബർപാർക്ക് കോഴിക്കോട് തുടങ്ങി കേരളത്തിലെ പ്രധാന ഐടി പാർക്കുകളിൽ നിന്നായി അറുന്നൂറോളം പേരാണ് ഇത്തവണത്തെ മത്സരത്തിൽ പങ്കെടുത്തത്. മൂന്ന് ഘട്ടങ്ങളിലായി നടന്ന സ്ക്രീനിംഗിനും തെരഞ്ഞെടുപ്പുകൾക്കും ശേഷമാണ് 25 പേർ അവസാന റൗണ്ടിലേക്ക് യോഗ്യത നേടിയത്. ഈ ഫൈനലിസ്റ്റുകളാണ് നവംബർ ഒന്നിന് മലയാളി മങ്ക, കേരള ശ്രീമാൻ 2026 കിരീടങ്ങൾക്കായി മാറ്റുരയ്ക്കുന്നത്.

ബെസ്റ്റ് മലയാളം (മികച്ച ഭാഷാശേഷി), ബെസ്റ്റ് ഔട്ട്ഫിറ്റ് (മികച്ച വസ്ത്രധാരണം), ബെസ്റ്റ് ക്രിയേറ്റർ (മികച്ച സർഗാത്മക അവതരണം) തുടങ്ങി വിവിധ സബ് ടൈറ്റിൽ പുരസ്കാരങ്ങളും വിജയികളെ കാത്തിരിക്കുന്നു.

വർഷങ്ങളായി കേരളത്തിലെ ഐടി സമൂഹത്തിൻറെ പ്രമുഖ സാംസ്കാരിക വേദി കൂടിയായി മാറിയ മലയാളി മങ്ക - കേരള ശ്രീമാൻ മത്സരം, ജോലിത്തിരക്കുകൾക്കിടയിലും ഐടി ജീവനക്കാരുടെ സർഗ്ഗാത്മകതയും കേരളീയ വ്യക്തിത്വവും പ്രകടിപ്പിക്കാനുള്ള മികച്ച അവസരം ഒരുക്കുന്നു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.