- Trending Now:
തിരുവനന്തപുരം: ടെക്നോപാർക്കിലെ പ്രമുഖ ഇന്നൊവേഷൻ ടെക്നോളജി സേവന ദാതാക്കളായ റിഫ്ളക്ഷൻസ് ഇൻഫോ സിസ്റ്റംസിനെ 2026 ലെ, സ്ത്രീകളുടെ ഇന്ത്യയിലെ മികച്ച 10 ജോലിസ്ഥലങ്ങളിൽ (മിഡ്-സൈസ്) ഒന്നായി ഗ്രേറ്റ് പ്ലേസ് ടു വർക്ക് ഇന്ത്യ (ജിപിടിഡബ്ല്യു) തിരഞ്ഞെടുത്തു. തൊഴിലിടങ്ങളിൽ ലിംഗസമത്വം പ്രോത്സാഹിപ്പിക്കുന്നതിനും എല്ലാവർക്കും അനുയോജ്യമായ തൊഴിലിടമാക്കി ഇന്ത്യയെ മാറ്റുക എന്ന കാഴ്ചപ്പാടിന് സംഭാവന നൽകുന്നതും പരിഗണിച്ചാണ് അംഗീകാരം.
തുടർച്ചയായി മൂന്നാം വർഷമാണ് റിഫ്ളക്ഷൻസ് ഇൻഫോ സിസ്റ്റംസ് ജിപിടിഡബ്ല്യു സർട്ടിഫിക്കേഷൻ നേടുന്നത്. ഈ വിഭാഗത്തിൽ 2025-ലെ മികച്ച 50 സ്ഥാപനങ്ങളുടെ പട്ടികയിൽ നിന്ന് 2026-ൽ മികച്ച 10-ലേക്ക് സ്ഥാനം മെച്ചപ്പെടുത്തി. കൂടാതെ, ജിപിടിഡബ്ല്യുവിൻറെ ഇന്ത്യയിലെ മികച്ച 50 ഇടത്തരം തൊഴിലിടങ്ങളുടെ പട്ടികയിൽ 24-ാം സ്ഥാനവും കമ്പനി നേടി. കഴിഞ്ഞ വർഷം 39-ാം സ്ഥാനത്തായിരുന്നു കമ്പനി.
എല്ലാവരെയും ഉൾക്കൊള്ളുകയും അഭിപ്രായങ്ങൾ കേൾക്കുകയും കഴിവുകൾ അംഗീകരിക്കുന്നതുമായ ഒരിടം സൃഷ്ടിക്കുകയെന്നതിൽ ഊന്നിയാണ് റിഫ്ളക്ഷൻസ് പ്രവർത്തിക്കുന്നതെന്ന് കമ്പനിയുടെ പീപ്പിൾ ആൻഡ് കൾച്ചർ വിഭാഗം മേധാവി ജിതിൻ ചക്കാലക്കൽ പറഞ്ഞു. കമ്പനിയുടെ വനിതാ ജീവനക്കാരിൽ 60 ശതമാനവും കുട്ടികളുള്ളവരാണ്. ഇവരെ പിന്തുണയ്ക്കുന്ന അന്തരീക്ഷം സൃഷ്ടിക്കുന്നതും ജോലിയും ജീവിതവും ഒരുമിച്ചു കൊണ്ടുപോകാൻ സഹായിക്കുന്നതും പ്രധാനമാണ്.
ഈ അംഗീകാരം കമ്പനി ഒന്നിച്ച് കെട്ടിപ്പടുക്കുന്ന തൊഴിൽ സംസ്കാരത്തിനുള്ള അർത്ഥവത്തായ സാക്ഷ്യപത്രമാണ്. അതിലുപരി നിരന്തരം കേൾക്കാനും പഠിക്കാനും മെച്ചപ്പെടാനുമുള്ള ഉത്തരവാദിത്തത്തെയും ഇത് ശക്തിപ്പെടുത്തുന്നു. എല്ലാവർക്കും ബഹുമാനവും പിന്തുണയും ലഭിക്കുന്നതും മികച്ച രീതിയിൽ പ്രവർത്തിക്കാനും വളരാനും പ്രാപ്തമാകുന്നതുമായ തൊഴിലിടം സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വനിതാ ജീവനക്കാർക്കിടയിൽ നടത്തിയ അഭിപ്രായ സർവേയെ അടിസ്ഥാനമാക്കിയാണ് റിഫ്ളക്ഷൻസിന് ജിപിടിഡബ്ല്യു സർട്ടിഫിക്കേഷൻ ലഭിച്ചത്. ആഗോളതലത്തിൽ അംഗീകരിക്കപ്പെടുന്ന സർവേ രീതിയായ ട്രസ്റ്റ് ഇൻഡക്സ് സ്കോർ ഇതിനായി പരിഗണിച്ചു. ട്രസ്റ്റ് ഇൻഡക്സ് വിലയിരുത്തലിൽ വനിതാ ജീവനക്കാർ കുറഞ്ഞത് 70 ശതമാനം പോസിറ്റീവ് ഫീഡ്ബാക്ക് പങ്കിട്ടതിനെ അടിസ്ഥാനമാക്കിയാണ് റിഫ്ളക്ഷൻസിന് ബഹുമതി ലഭിച്ചത്. സ്ത്രീകളുടെ തൊഴിലിട അനുഭവം, തുല്യനീതി, പ്രവർത്തനങ്ങളിലെ പ്രാതിനിധ്യം എന്നിവയും പരിഗണിച്ചു.
2025 ലെ ഐടി ആൻഡ് ഐടി-ബിപിഎം ഇന്ത്യയിലെ മുൻനിര 100 മികച്ച തൊഴിലിടങ്ങളുടെ പട്ടികയിലും ഇടത്തരം വിഭാഗത്തിൽ മില്ലേനിയലുകൾക്കായുള്ള ഇന്ത്യയിലെ മുൻനിര 50 മികച്ച തൊഴിലിടങ്ങളുടെ പട്ടികയിലും റിഫ്ളക്ഷൻസ് ഇടംനേടിയിരുന്നു. തൊഴിലിടത്തിൽ വൈവിധ്യമാർന്ന കഴിവുകളെ പ്രോത്സാഹിപ്പിച്ചതിന് ദി അസോസിയേറ്റഡ് ചേമ്പേഴ്സ് ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി ഓഫ് ഇന്ത്യയുടെ 2024 ലെ ചെറുകിട വിഭാഗത്തിൽ (500ൽ താഴെ ജീവനക്കാരുള്ള) 'വനിതകൾക്കായുള്ള ഇന്ത്യയിലെ ഏറ്റവും മികച്ച തൊഴിൽദാതാവ്' എന്ന അംഗീകാരവും കമ്പനിക്ക് ലഭിച്ചിരുന്നു.
ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ, നിർമ്മിതബുദ്ധി, ഇൻഫർമേഷൻ സെക്യൂരിറ്റി എന്നിവയിൽ വൈദഗ്ധ്യമുള്ള ആഗോള സാങ്കേതികവിദ്യാ നവീകരണ സേവന ദാതാവാണ് റിഫ്ളക്ഷൻസ് ഇൻഫോ സിസ്റ്റംസ്. നൂതനവും സുരക്ഷിതവുമായ പരിഹാരങ്ങൾ നൽകുന്നതിൽ മികച്ച ട്രാക്ക് റെക്കോർഡുള്ള റിഫ്ളക്ഷൻസ് ഇൻഫോ സിസ്റ്റംസ് ഗുണനിലവാരം, സുരക്ഷ, മാനദണ്ഡ പാലനം എന്നിവയിലെ ഉയർന്ന ഗുണനിലവാരത്തിനും സുരക്ഷയ്ക്കുമുള്ള ഐഎസ്ഒ 9001:2015, ഐഎസ്ഒ 27001:2022, പിസിഐ ഡിഎസ്എസ്, എസ്ഒസി 2 ടൈപ്പ് 2 സർട്ടിഫിക്കേഷനുകൾ നേടിയിട്ടുണ്ട്. നൂതനവും ഉത്തരവാദിത്തമുള്ളതും വിശ്വസനീയവുമായ സാങ്കേതിക പരിഹാരങ്ങളിലൂടെ ഡിജിറ്റൽ മേഖലയിൽ മുന്നേറാൻ കമ്പനി വിവിധ സ്ഥാപനങ്ങളുമായി കമ്പനി സഹകരിച്ച് പ്രവർത്തിക്കുന്നു.
മികച്ച തൊഴിലിട സംസ്കാരമുള്ള സ്ഥാപനങ്ങൾക്ക് അംഗീകാരം നൽകുന്ന ആഗോള അതോറിറ്റിയാണ് ജിപിടിഡബ്ല്യു. ലോകത്തെമ്പാടുമുള്ള തൊഴിലിടങ്ങളുടെ നിലവാരം അളക്കാൻ ജിപിടിഡബ്ല്യുവിൻറെ സർട്ടിഫിക്കേഷൻ പ്രക്രിയയിലൂടെ സാധിക്കും. സുവ്യക്തമായ തൊഴിലാളി പ്രതികരണം, തത്സമയ വിവരശേഖരണം എന്നിവയെല്ലാം കൊണ്ട് ആഗോളതലത്തിൽ ഏറെ വിശ്വാസ്യതയുള്ള പ്രസ്ഥാനമാണ് ഗ്രേറ്റ് പ്ലേസ് ടു വർക്ക്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.