Sections

കേരളത്തിൻറെ ഭാവി സാങ്കേതിക ദിശയ്ക്ക് പുതിയ അടയാളം; ഐ.ടി വകുപ്പ് പുനർനാമകരണം ചെയ്തു

Monday, Oct 05, 2026
Reported By Admin
Kerala Renames IT Department as IT, AI and Future Technologies

തിരുവനന്തപുരം: സംസ്ഥാനത്തിൻറെ ഭാവി സാങ്കേതിക ദിശാബോധത്തിന് കൂടുതൽ വ്യക്തത നൽകിക്കൊണ്ട് കേരള സർക്കാരിൻറെ ഇലക്ട്രോണിക്സ് ആൻഡ് വിവരസാങ്കേതികവിദ്യ വകുപ്പ് ഇനി മുതൽ വിവരസാങ്കേതികവിദ്യ, നിർമ്മിത ബുദ്ധി, ഭാവി സാങ്കേതികവിദ്യ വകുപ്പ് എന്ന പേരിൽ അറിയപ്പെടും. ഇംഗ്ലീഷിൽ വകുപ്പിൻറെ പേര് ഡിപ്പാർട്ട്മെൻറ് ഓഫ് ഇൻഫർമേഷൻ ടെക്നോളജി, ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ആൻഡ് ഫ്യൂച്ചർ ടെക്നോളജീസ് എന്നാണ്.

കേരളത്തിൻറെ സാങ്കേതിക ഭരണസംവിധാനത്തെ ആഗോളതലത്തിൽ വേഗത്തിൽ വളർന്നുവരുന്ന സാങ്കേതിക മേഖലകളുമായി കൂടുതൽ ചേർത്തുനിർത്തുന്ന നിർണായക ചുവടുവെയ്പാണ് ഈ പുനർനാമകരണം. പരമ്പരാഗത വിവരസാങ്കേതികവിദ്യയുടെയും ഇലക്ട്രോണിക്സിൻറെയും പരിധിക്കപ്പുറം വകുപ്പിൻറെ പ്രവർത്തനമേഖല ഗണ്യമായി വികസിച്ചിരിക്കുന്ന സാഹചര്യത്തിലാണ് പുതിയ പേര് സ്വീകരിക്കുന്നത്.

2026 ലെ ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിൽ പ്രഖ്യാപിച്ച കേരളത്തിൻറെ സാങ്കേതിക ദിശാബോധവുമായി ബന്ധപ്പെട്ടാണ് ഈ തീരുമാനം. സെപ്റ്റംബർ 30 ലെ മന്ത്രിസഭാ യോഗ തീരുമാനത്തെ തുടർന്ന് ഒക്ടോബർ 3 ന് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. ഇതിനാവശ്യമായ ചട്ടഭേദഗതി നടപടികൾ പൊതുഭരണ വകുപ്പ് സ്വീകരിക്കും.

കഴിഞ്ഞ പതിറ്റാണ്ടുകളായി കേരളത്തിലെ ഐ.ടി ആവാസവ്യവസ്ഥയ്ക്ക് ശക്തമായ അടിത്തറ ഒരുക്കുന്നതിൽ വകുപ്പ് നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. ടെക്നോപാർക്ക്, ഇൻഫോപാർക്ക്, സൈബർപാർക്ക് എന്നിവയുടെ വളർച്ചയിലൂടെയും സംസ്ഥാനത്തെ ഐ.ടി/ഐ.ടി.ഇ.എസ് വ്യവസായം, തൊഴിൽ അവസരങ്ങൾ, സാങ്കേതിക നിക്ഷേപങ്ങൾ എന്നിവ വിപുലപ്പെടുത്തുന്നതിലൂടെയും കേരളത്തിൻറെ ഡിജിറ്റൽ മുന്നേറ്റത്തിന് വകുപ്പ് നേതൃത്വം നൽകി.

ഇന്ന് കേരളത്തിൻറെ സാങ്കേതിക ഭൂപടം നിർമ്മിത ബുദ്ധി, സെമികണ്ടക്ടറുകൾ, ഇലക്ട്രോണിക്സ്, ക്വാണ്ടം സാങ്കേതികവിദ്യകൾ, സൈബർ സുരക്ഷ, ബ്ലോക്ക്ചെയിൻ, ഇൻറർനെറ്റ് ഓഫ് തിംഗ്സ്, റോബോട്ടിക്സ്, ഡ്രോണുകൾ, ബഹിരാകാശ സാങ്കേതികവിദ്യകൾ, ക്ലൗഡ് കംപ്യൂട്ടിംഗ്, എവിജിസി-എക്സ്ആർ, ഗ്രാഫീൻ, അഡ്വാൻസ്ഡ് മെറ്റീരിയൽസ് തുടങ്ങിയ പുതിയ മേഖലകളിലേക്ക് വ്യാപിച്ചിരിക്കുകയാണ്. സ്റ്റാർട്ടപ്പുകൾ, ഡീപ്-ടെക് സംരംഭങ്ങൾ, സാങ്കേതികവിദ്യാധിഷ്ഠിത നവീകരണങ്ങൾ എന്നിവയുടെ പ്രോത്സാഹനവും വകുപ്പിൻറെ പ്രധാന ചുമതലയായി മാറിയിട്ടുണ്ട്.

വകുപ്പിൻറെ ഈ വിപുലമായ ചുമതലകൾക്കും ഭാവി പ്രാധാന്യത്തിനും ഔപചാരിക അംഗീകാരം നൽകുന്നതാണ് പുനർനാമകരണം. നിർമ്മിത ബുദ്ധി, ഭാവി സാങ്കേതികവിദ്യകൾ, ഡിജിറ്റൽ പൊതു അടിസ്ഥാനസൗകര്യങ്ങൾ, ഡീപ്-ടെക് നവീകരണം, വിജ്ഞാനാധിഷ്ഠിത സാമ്പത്തിക വളർച്ച എന്നിവയിൽ കേരളത്തിൻറെ ശ്രദ്ധ കൂടുതൽ ശക്തിപ്പെടുത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

കേരളത്തിൽ നിലവിലുള്ള വിജ്ഞാന മൂലധനത്തിൻറെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തി വിജ്ഞാന വ്യവസായങ്ങളെ സംസ്ഥാന സമ്പദ് വ്യവസ്ഥയുടെ പ്രധാന തൂണുകളിൽ ഒന്നാക്കി മാറ്റാനുള്ള വിപുലമായ തന്ത്രത്തിൻറെ ഭാഗമായും ഈ തീരുമാനം കാണേണ്ടതാണ്. ഉയർന്ന വിദ്യാഭ്യാസമുള്ള മനുഷ്യവിഭവശേഷി, ശക്തമായ പൊതുസ്ഥാപനങ്ങൾ, ഡിജിറ്റൽ ഉൾച്ചേരൽ, ഗവേഷണ-സ്റ്റാർട്ടപ്പ് പരിസ്ഥിതി, ടെക്നോളജി പാർക്കുകൾ, ആഗോള സാങ്കേതിക പ്രതിഭകളുമായുള്ള ബന്ധം എന്നിവ കേരളത്തിൻറെ പ്രധാന കരുത്തുകളാണ്.

നിർമ്മിതബുദ്ധിക്ക് പ്രത്യേക പോർട്ട്ഫോളിയോ രൂപീകരിച്ച രാജ്യത്തെ ആദ്യ സംസ്ഥാനമായി കേരളം ഇതിനകം മാറിയിട്ടുണ്ട്. ഭരണനിർവഹണം, വ്യവസായം, നവീകരണം, പൊതുസേവന വിതരണം എന്നിവയുടെ കേന്ദ്രത്തിൽ നിർമ്മിത ബുദ്ധിയെയും ഉയർന്നുവരുന്ന സാങ്കേതികവിദ്യകളെയും കൊണ്ടുവരാനുള്ള സർക്കാരിൻറെ വ്യക്തമായ നയദിശയെയാണ് ഇത് വ്യക്തമാക്കുന്നത്.

സംസ്ഥാന സർക്കാരിൻറെ നൂറുദിന കർമ്മപദ്ധതിയുടെ ഭാഗമായി കേരള സ്റ്റേറ്റ് ഡിജിറ്റൽ ടെക്നോളജി മിഷൻ, ദി ഫ്യൂച്ചർ കോർപ്പറേഷൻ, സെമികോൺ കേരളം തുടങ്ങിയ സ്ഥാപനപരമായ പരിഷ്കാരങ്ങളും പുരോഗമിക്കുകയാണ്. കേരളത്തിൻറെ ഡിജിറ്റൽ ഭരണ അടിസ്ഥാനസൗകര്യങ്ങൾ, ഭാവി സാങ്കേതിക ശേഷി, സെമികണ്ടക്ടർ പരിസ്ഥിതി, വിജ്ഞാന വ്യവസായ അടിത്തറ എന്നിവ ശക്തിപ്പെടുത്തുകയാണ് ഈ ഇടപെടലുകളുടെ ലക്ഷ്യം.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.