Sections

ഉൽപ്പാദനച്ചെലവിലെ വർധനവ് കാരണമാണ് കാലിത്തീറ്റ വില കൂട്ടേണ്ടി വന്നതെന്ന് മിൽമ

Tuesday, Nov 24, 2026
Reported By Admin
Milma Explains Cattle Feed Price Hike Amid Rising Costs

തിരുവനന്തപുരം: അസംസ്കൃത വസ്തുക്കളുടെ വിലവർധനവ്, ഗതാഗതച്ചെലവ്, പ്രതികൂല കാലാവസ്ഥ എന്നിവ കാരണം ഉൽപ്പാദന ചെലവിലുണ്ടായ വർധനവ് കാരണമാണ് കാലിത്തീറ്റയുടെ വില കൂട്ടേണ്ടി വന്നതെന്ന് മിൽമ. അവശ്യ ഘടകങ്ങളുടെയും പാക്കിംഗ് സാമഗ്രികളുടെയും വിലക്കയറ്റത്തിന് കാരണമായിട്ടുണ്ട്.

ഗുണമേയുള്ള തീറ്റയുടെ ഉൽപ്പാദനവും ക്ഷീരകർഷകർക്ക് തടസ്സമില്ലാത്ത വിതരണവും ഉറപ്പാക്കാൻ കാലിത്തീറ്റ വില കൂട്ടേണ്ടിവന്നത് അനിവാര്യമാണെന്നും മിൽമ വ്യക്തമാക്കി. നവംബർ 17 മുതൽ മിൽമ കാലിത്തീറ്റയുടെ വില വർധിപ്പിച്ചിരുന്നു.

ഉൽപ്പാദനച്ചെലവിലുണ്ടാകുന്ന വർധനവ് ക്ഷീരകർഷകരുടെമേൽ അധിക സാമ്പത്തിക ബാധ്യതയായി അടിച്ചേൽപ്പിക്കാതിരിക്കാൻ മിൽമ ദീർഘകാലമായി ശ്രമിച്ചിരുന്നുവെന്നും ഈ ചെലവുകൾ പൂർണ്ണമായും ഉൾക്കൊള്ളാൻ കഴിയാത്ത സാഹചര്യത്തിലാണ് വില വർധിപ്പിക്കാൻ തീരുമാനിച്ചതെന്നും മിൽമ ചെയർമാൻ കെ.എസ് മണി പറഞ്ഞു. ഈ വില പരിഷ്കരണം കന്നുകാലിത്തീറ്റ ഉൽപ്പാദന പ്രവർത്തനങ്ങളുടെ നിലനിൽപ്പ് ഉറപ്പാക്കാൻ മാത്രമുള്ളതാണ്. ക്ഷീരകർഷകരെ ബുദ്ധിമുട്ടിച്ചുകൊണ്ട് അമിതമായ വാണിജ്യ ലാഭം നേടുക എന്ന ലക്ഷ്യം ഇതിനില്ല.

ക്ഷീരകർഷകരെ സഹായിക്കുന്നതിനും സംസ്ഥാനത്തെ ക്ഷീരമേഖലയുടെ നിലനിൽപ്പ് ഉറപ്പാക്കുന്നതിനുമായി 2022-23 സാമ്പത്തിക വർഷം മുതൽ ഏകദേശം 80 കോടി രൂപയുടെ കാലിത്തീറ്റ സബ്സിഡി മിൽമ നൽകിയിട്ടുണ്ട്. നവംബർ 17 മുതൽ പ്രാബല്യത്തിൽ വന്ന വില പരിഷ്കരണത്തിന് ശേഷവും ഒരു ചാക്ക് കാലിത്തീറ്റയ്ക്ക് ശരാശരി 200 മുതൽ 300 രൂപ വരെ നഷ്ടമാണ് ഉൽപ്പാദന കേന്ദ്രങ്ങളിൽ ഉണ്ടാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കാർഷിക ഭൂമിയുടെ ലഭ്യതക്കുറവും കാലിത്തീറ്റ നിർമ്മാണത്തിന് ആവശ്യമായ പ്രധാന കാർഷിക ഉൽപ്പന്നങ്ങളുടെ ആഭ്യന്തര ഉൽപ്പാദനം കുറവായതും കാരണം അസംസ്കൃത വസ്തുക്കൾക്കായി കേരളം മറ്റ് സംസ്ഥാനങ്ങളെയാണ് ആശ്രയിക്കുന്നത്. പ്രതികൂല കാലാവസ്ഥയും മറ്റ് വ്യവസായങ്ങളിൽനിന്ന് വർദ്ധിച്ചുവരുന്ന മത്സരവും കാരണം അസംസ്കൃത വസ്തുക്കളുടെ ലഭ്യതയിൽ പ്രതിസന്ധി നേരിടുന്നുണ്ട്. എൽ നിനോ പ്രതിഭാസവും അതുമൂലമുണ്ടായ മഴക്കുറവും അസ്ഥിരമായ മൺസൂണും പ്രധാന കാർഷിക മേഖലകളെ പ്രതികൂലമായി ബാധിച്ചു.

ദേശീയ എത്തനോൾ-ബ്ലെൻഡിംഗ് പദ്ധതിയുടെ ഭാഗമായി ചോളം ഉപയോഗിച്ച് എത്തനോൾ ഉൽപ്പാദിപ്പിക്കുന്നത് വർധിച്ചത് കാലിത്തീറ്റ നിർമ്മാണത്തിന് ആവശ്യമായ ചോളം ലഭിക്കുന്നതിന് തടസ്സമായി. മധ്യപൂർവേഷ്യയിൽ നിലനിൽക്കുന്ന ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ അസംസ്കൃത വസ്തുക്കൾ സംഭരിക്കുന്നതിലെ നിലവിലുള്ള പ്രതിസന്ധികളെ രൂക്ഷമാക്കി.

കേരളത്തിലെ ക്ഷീരമേഖല പച്ചപ്പുല്ലിൻറെയും ഉണക്കപ്പുല്ലിൻറെയും ക്ഷാമം നേരിടുന്നുണ്ട്. ഭൂമിലഭ്യതയിലെയും തീറ്റപ്പുൽ കൃഷിയുടെയും കുറവ്, കൃഷിഭൂമി പല കഷ്ണങ്ങളായി വിഭജിക്കപ്പെട്ടിരിക്കുന്നത്, തീറ്റപ്പുല്ല് ലഭ്യതയിലെ വ്യതിയാനങ്ങൾ എന്നിവയെല്ലാം ഇതിന് കാരണമാണ്.

അവശ്യ അസംസ്കൃത വസ്തുക്കൾ കണ്ടെത്തുന്നതിനായി കന്നുകാലിത്തീറ്റ നിർമ്മാണ മേഖലയിൽ ഇപ്പോൾ കടുത്ത മത്സരം നടക്കുകയാണ്. വൻകിട കാലിത്തീറ്റ-കോഴിത്തീറ്റ നിർമ്മാതാക്കൾ, സംയോജിത മൃഗസംരക്ഷണ സംരംഭങ്ങൾ, മറ്റ് വ്യാവസായിക ഉപഭോക്താക്കൾ എന്നിവർക്കെല്ലാം ഇത് ആവശ്യമാണ്. ഇതോടെ ഗുണമേന്മയുള്ള അസംസ്കൃത വസ്തുക്കൾ ന്യായമായ വിലയിൽ ലഭ്യമാക്കുകന്നത് വെല്ലുവിളിയായി മാറുന്നു.

അവശ്യ അസംസ്കൃത വസ്തുക്കളുടെയും ഉൽപ്പാദനത്തിന് ആവശ്യമായ മറ്റ് ഘടകങ്ങളുടെയും വില തുടർച്ചയായി വർദ്ധിച്ചിട്ടും 2022 നവംബർ മുതൽ മിൽമ കാലിത്തീറ്റ വിൽപന വിലയിൽ മാറ്റം വരുത്തിയിട്ടില്ല. കാലിത്തീറ്റ പ്ലാൻറുകൾ തുടർച്ചയായി പ്രവർത്തന നഷ്ടം നേരിട്ടുകൊണ്ടിരിക്കുകയാണ്. 2022 മുതൽ ഇതിൻറെ ആകെ സാമ്പത്തിക ബാധ്യത ഏകദേശം 50 കോടി രൂപയാണ്. ഇതിൽ 2026 ഏപ്രിൽ 1 മുതൽ ഒക്ടോബർ 31 വരെയുള്ള കാലയളവിലെ നഷ്ടം മാത്രം 22 കോടി രൂപയാണ്.

യഥാർത്ഥ ഉൽപ്പാദനച്ചെലവും വിൽപന വിലയും തമ്മിലുള്ള അന്തരം ഒരു പരിധിവരെ കുറയ്ക്കുന്നതിനും, അതുവഴി പ്ലാൻറുകളുടെ പ്രവർത്തനം നിലനിർത്തുന്നതിനും സഹകരണ ശൃംഖലയിലൂടെ ഗുണമേന്മയുള്ള കന്നുകാലിത്തീറ്റ ലഭ്യമാക്കുന്നത് തുടരുന്നതിനും ഈ വില പരിഷ്കരണം അനിവാര്യമാണ്.

കാലിത്തീറ്റ ഉൽപ്പാദനച്ചെലവ് കുറയ്ക്കുന്നതിനുള്ള എല്ലാ സാധ്യതകളും പരിശോധിച്ചുവരികയാണെന്ന് മിൽമ അറിയിച്ചു. ഇതിൻറെ ഭാഗമായി മൂന്ന് പ്രാദേശിക യൂണിയനുകൾ വഴി ഓരോ ചാക്ക് കാലിത്തീറ്റയ്ക്കും 100 രൂപ മുതൽ 200 രൂപ വരെ അധിക സബ്സിഡി നൽകുന്നുണ്ട്. കൂടാതെ അസംസ്കൃത വസ്തുക്കൾ സംഭരിക്കുന്നതിനുള്ള മെച്ചപ്പെട്ട തന്ത്രങ്ങൾ ആവിഷ്കരിക്കുക, ഉൽപ്പാദന പ്രക്രിയകൾ കൂടുതൽ കാര്യക്ഷമമാക്കുക, പോഷകമൂല്യത്തിൽ വിട്ടുവീഴ്ച വരുത്താതെ ശാസ്ത്രീയമായി അംഗീകരിക്കപ്പെട്ട ബദൽ തീറ്റ ഘടകങ്ങൾ ഉപയോഗിക്കുക തുടങ്ങിയ നടപടികളും മിൽമ സ്വീകരിച്ചുവരുന്നു.

കേരളത്തിലെ ക്ഷീരമേഖലയുടെ നിലനിൽപ്പിനായി ക്ഷീരകർഷകർ നൽകുന്ന സംഭാവനകളെ മിൽമ ആത്മാർത്ഥമായി അംഗീകരിക്കുന്നു. കാലിത്തീറ്റയുടെ വില വർധനവ് മൂലം കർഷകർ നേരിടുന്ന ആശങ്കകളെ മിൽമ പൂർണ്ണമായി മനസ്സിലാക്കുന്നു. കർഷകരുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനും, ക്ഷീരസഹകരണ ക്ഷീരമേഖലയെ ശക്തിപ്പെടുത്തുന്നതിനും ഫെഡറേഷൻ പ്രതിജ്ഞാബദ്ധമാണെന്നും മിൽമ വ്യക്തമാക്കി.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.