Sections

ഉജ്ജീവൻ സ്‌മോൾ ഫിനാൻസ് ബാങ്കിന്റെ ഭവന വായ്പാ പോർട്ട്‌ഫോളിയോ 12,000 കോടി രൂപ കടന്നു

Tuesday, Nov 24, 2026
Reported By Admin
Ujjivan SFB Housing Loan Business Crosses ₹12,000 Crore

  • 'ബിൽഡിംഗ് ഭാരത് - ബ്രിക്ക് ബൈ ബ്രിക്ക്' ഹൗസിംഗ് കോൺക്ലേവ് സംഘടിപ്പിച്ചു

കൊച്ചി: ഹൗസിംഗ് ആൻഡ് മൈക്രോ മോർട്ട്ഗേജസ് വിഭാഗത്തിൽ ഉജ്ജീവൻ സ്മോൾ ഫിനാൻസ് ബാങ്ക് 12,000 കോടി രൂപയുടെ നേട്ടം കൈവരിച്ചു. ഗ്രാമീണ മേഖലകളിൽ സാന്നിധ്യം വിപുലീകരിക്കുന്നതിനും ബാങ്കിങ് സംവിധാനത്തിലൂടെയുള്ള ഭവന വായ്പാ സൗകര്യം പരിമിതമായ കുടുംബങ്ങളിലേക്ക് സേവനം എത്തിക്കുന്നതിനും കൂടുതൽ സാധ്യതകളുണ്ടെന്ന് ബാങ്ക് വിലയിരുത്തുന്നു.

ഈ നേട്ടത്തിന്റെ ഭാഗമായി ഇന്ത്യയിലെ താങ്ങാനാവുന്ന ഭവന വായ്പകളുടെ ഭാവി ചർച്ച ചെയ്യുന്നതിനായി 'ബിൽഡിംഗ് ഭാരത് - ബ്രിക്ക് ബൈ ബ്രിക്ക്' എന്ന പേരിൽ കോൺക്ലേവ് സംഘടിപ്പിച്ചു. ഭവന ലഭ്യത വർധിപ്പിക്കുന്നതിൽ ധനകാര്യ സ്ഥാപനങ്ങളുടെയും വ്യവസായ പങ്കാളിത്തങ്ങളുടെയും പങ്കും ചർച്ചയായി.

നാഷണൽ ഹൗസിംഗ് ബാങ്ക് (എൻഎച്ച്ബി) മാനേജിംഗ് ഡയറക്ടർ സഞ്ജയ് ശുക്ല മുഖ്യപ്രഭാഷണം നടത്തി. ഉജ്ജീവൻ എസ്.എഫ്.ബി പാർട്ട് ടൈം ചെയർമാനും ഇൻഡിപെൻഡന്റ് ഡയറക്ടറുമായ ബി.എ. പ്രഭാകർ, ഇടക്കാല സി.ഇ.ഒയും ഹോൾ ടൈം എക്സിക്യൂട്ടീവ് ഡയറക്ടറുമായ കരോൾ ഫർട്ടാഡോ, ഐസിആർഎ ഗ്രൂപ്പ് ഹെഡ് ആശിഷ് മോദാനി, ടീൽ ഇന്ത്യ സഹസ്ഥാപകനും സിഒഒയുമായ രോഹൻ ശ്രീധർ, ജിആർഐഎച്ച്എ കൗൺസിൽ ഡെപ്യൂട്ടി ജനറൽ മാനേജർ ആകാശ് ദീപ്, എൻഎച്ച്ബി ജനറൽ മാനേജർ വിശാൽ ഗോയൽ എന്നിവർ പാനൽ ചർച്ചയിൽ പങ്കെടുത്തു. ഉജ്ജീവൻ എസ്എഫ്ബി ഇൻഡിപെൻഡന്റ് ഡയറക്ടർ മോണ കച്ച്വാഹ മോഡറേറ്ററായിരുന്നു.

ഭവന വായ്പകളിലേക്കുള്ള പ്രവേശനം, ഗ്രാമീണ മേഖലയിലെ വളർച്ച, ആദ്യമായി വീട് വാങ്ങുന്നവർ, സാങ്കേതികവിദ്യയുടെ ഉപയോഗം, നയപരമായ പിന്തുണ, സുസ്ഥിര ഭവന നിർമ്മാണം തുടങ്ങിയ വിഷയങ്ങളാണ് ചർച്ച ചെയ്തത്.

കോൺക്ലേവിലെ പ്രധാന കാഴ്ചപ്പാടുകൾ:

സഞ്ജയ് ശുക്ല, മാനേജിംഗ് ഡയറക്ടർ, നാഷണൽ ഹൗസിംഗ് ബാങ്ക്: ഭവന വായ്പകളുടെ മൂല്യത്തിൽ സ്മോൾ ഫിനാൻസ് ബാങ്കുകൾക്ക് 1.3 ശതമാനം വിഹിതമാണുള്ളതെങ്കിലും വായ്പാ അക്കൗണ്ടുകളുടെ എണ്ണത്തിൽ ഇത് 5.6 ശതമാനമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ദീർഘകാല ധനസഹായം, പിന്തുണ നൽകുന്ന നയങ്ങൾ, ഡിജിറ്റൽ സംവിധാനങ്ങൾ എന്നിവയുടെ പ്രാധാന്യവും അദ്ദേഹം ഊന്നിപ്പറഞ്ഞു.

ബി.എ. പ്രഭാകർ, പാർട്ട് ടൈം ചെയർമാൻ, ഉജ്ജീവൻ എസ്എഫ്ബി: അനൗപചാരിക മേഖലയിലെ ഉപഭോക്താക്കൾക്കിടയിൽ വീടെന്ന ആവശ്യകത വർധിച്ചുവരുന്നതായും അവരുടെ വരുമാന രീതികളും തിരിച്ചടവ് ശേഷിയും മനസ്സിലാക്കേണ്ടത് പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു.

കരോൾ ഫർട്ടാഡോ, ഇടക്കാല സിഇഒ, ഉജ്ജീവൻ എസ്എഫ്ബി: 12,000 കോടി രൂപയുടെ നേട്ടം ഉപഭോക്താക്കളുടെ വിശ്വാസത്തിന്റെയും ഭവന വായ്പാ ലഭ്യത വിപുലീകരിക്കാനുള്ള ബാങ്കിന്റെ പ്രതിബദ്ധതയുടെയും തെളിവാണെന്ന് അവർ പറഞ്ഞു. ഗ്രാമീണ ഭവന നിർമ്മാണം, ആദ്യമായി വീട് വാങ്ങുന്നവർ തുടങ്ങിയ മേഖലകളിൽ വലിയ വളർച്ചാ സാധ്യതകളുണ്ടെന്നും വ്യക്തമാക്കി.

ആശിഷ് മോദാനി, ഗ്രൂപ്പ് ഹെഡ്, ഐസിആർഎ: കുറഞ്ഞ വായ്പാ നഷ്ടങ്ങളുടെ പിൻബലത്തിൽ ഭവന വായ്പാ മേഖല ശക്തമായ വളർച്ചാ സാധ്യതകൾ നിലനിർത്തുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി.

രോഹൻ ശ്രീധർ, സഹസ്ഥാപകൻ, ടീൽ ഇന്ത്യ: തട്ടിപ്പുകൾ തടയുന്നതിനും പരിശോധനകൾ കൃത്യമാക്കുന്നതിനും ചെറിയ പട്ടണങ്ങളിൽ വായ്പാ നടപടികൾ വേഗത്തിലാക്കുന്നതിനും ഡിജിറ്റൽ വസ്തു ഉടമസ്ഥാവകാശ പരിശോധന സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ആകാശ് ദീപ്, ഡെപ്യൂട്ടി ജനറൽ മാനേജർ, ജിആർഐഎച്ച്എ കൗൺസിൽ: ഊർജം, സൂര്യപ്രകാശം, ജല ഉപയോഗത്തിലെ കാര്യക്ഷമത തുടങ്ങിയ ലളിതമായ നടപടികളിലൂടെ താങ്ങാനാവുന്ന വീടുകളെ കൂടുതൽ പരിസ്ഥിതി സൗഹൃദമാക്കാമെന്ന് അദ്ദേഹം വിശദീകരിച്ചു.

വിശാൽ ഗോയൽ, ജനറൽ മാനേജർ, നാഷണൽ ഹൗസിംഗ് ബാങ്ക്: ഇന്ത്യയുടെ മോർട്ട്ഗേജ്-ടു-ജിഡിപി അനുപാതം നിലവിലെ 12 ശതമാനത്തിൽനിന്ന് അഞ്ച് വർഷത്തിനുള്ളിൽ 18-20 ശതമാനമായി ഉയരാൻ സാധ്യതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഗ്രാമീണ ഭവന നിർമ്മാണം, വനിതാ വായ്പക്കാർ, പിന്നാക്ക മേഖലകൾ എന്നിവയ്ക്കുള്ള ധനസഹായ സാധ്യതകളും അദ്ദേഹം ചൂണ്ടിക്കാട്ടി.

മോണ കച്ച്വാഹ, ഇൻഡിപെൻഡന്റ് ഡയറക്ടർ, ഉജ്ജീവൻ എസ്എഫ്ബി: ഗ്രാമീണ, പിന്നാക്ക മേഖലകളിലെ കുടുംബങ്ങൾക്ക് സ്വന്തമായി വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ മെച്ചപ്പെട്ട വായ്പാ ലഭ്യതയും പിന്തുണ നൽകുന്ന നയങ്ങളും നൂതന സംവിധാനങ്ങളും അനിവാര്യമാണെന്ന് അവർ പറഞ്ഞു.

താങ്ങാനാവുന്ന ഭവന ഉപഭോക്താക്കൾക്ക് പരിസ്ഥിതി സൗഹൃദ വീടുകൾ നിർമ്മിക്കാൻ സഹായിക്കുന്നതിനായി ജിആർഐഎച്ച്എ കൗൺസിലുമായി ബാങ്ക് പങ്കാളിത്തം പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി ആദ്യ ഗ്രീൻ ഹൗസിംഗ് സർട്ടിഫിക്കറ്റും ഏറ്റുവാങ്ങി. വാട്ടർ ഡോട്ട് ഓർഗുമായി ചേർന്ന് നടപ്പാക്കുന്ന ആരോഗ്യ ഘർ പദ്ധതിയിലൂടെ ശുദ്ധജലം, ശുചിത്വം എന്നിവയെക്കുറിച്ചും ഉപഭോക്താക്കൾക്കിടയിൽ അവബോധം വളർത്തുന്നുണ്ട്. ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങൾക്കും ഈ പദ്ധതികൾ പിന്തുണ നൽകുന്നു.

''ഒരു വീട് ഒരു കുടുംബത്തിന്റെ ഏറ്റവും വിലപ്പെട്ട സമ്പത്താണ്. ഈ 12,000 കോടി രൂപയിലെ ഓരോ രൂപയും സ്വന്തമായി ഒരു മേൽക്കൂര ലഭിച്ച കുടുംബത്തെ പ്രതിനിധീകരിക്കുന്നു. ഈ നേട്ടം ഞങ്ങളുടെ ഉപഭോക്താക്കൾക്കും ടീമുകൾക്കും അവകാശപ്പെട്ടതാണ്. ഈ യാത്ര തുടരേണ്ടതുണ്ട്,'' ഉജ്ജീവൻ സ്മോൾ ഫിനാൻസ് ബാങ്ക് ഹൗസിംഗ് ആൻഡ് മൈക്രോ മോർട്ട്ഗേജസ് ബിസിനസ് ഹെഡ് പ്രദീപ് ബി പറഞ്ഞു.

2015-ൽ പൈലറ്റ് പദ്ധതിയായി ആരംഭിച്ച ഉജ്ജീവന്റെ ഭവന വായ്പാ ബിസിനസ് ഇന്ന് അസം, ത്രിപുര ഉൾപ്പെടെ 23 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും വ്യാപിച്ചിട്ടുണ്ട്. നാഷണൽ ഹൗസിംഗ് ബാങ്കുമായി ബന്ധപ്പെട്ട ധനസഹായം നേടിയ ആദ്യ സ്മോൾ ഫിനാൻസ് ബാങ്കായ ഉജ്ജീവന് റീഫിനാൻസായി 1,540 കോടി രൂപ ലഭിച്ചിട്ടുണ്ട്. പ്രധാനമന്ത്രി ആവാസ് യോജന-ഗ്രാമീൺ പദ്ധതിയിലൂടെ 12,000-ത്തിലധികം കുടുംബങ്ങൾക്ക് പിന്തുണ നൽകിയിട്ടുണ്ട്. ശരാശരി ഭവന വായ്പാ തുക 12-13 ലക്ഷം രൂപയാണ്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.