Sections

കേരളത്തിന്റെ കിഴങ്ങുവിള പൈതൃകം ഉയർത്തിക്കാട്ടി  ഐസിഎആർ-സിടിസിആർഐയിൽ സംസ്ഥാന കിഴങ്ങുവിള ദിനാഘോഷം-2026

Wednesday, Nov 25, 2026
Reported By Admin
Kerala to Launch Nutri Tuber Kerala Project for Food Security

  • ഭക്ഷ്യോൽപ്പാദനവും പോഷകസുരക്ഷയും വർധിപ്പിക്കാൻ കൃഷിഭവനുകൾ, ഗോത്രസമൂഹങ്ങൾ, കർഷകർ എന്നിവരെ ഏകോപിപ്പിക്കും

കേരളത്തിന്റെ ഭക്ഷ്യസ്വയംപര്യാപ്തതയും ജനങ്ങളുടെ ആരോഗ്യസംരക്ഷണവും ലക്ഷ്യമിട്ട് കിഴങ്ങുവിളകളുടെ കൃഷി വ്യാപിപ്പിക്കാൻ 'ന്യൂട്രീ ട്യൂബർ കേരളം' പദ്ധതി നടപ്പാക്കുമെന്ന് സംസ്ഥാന കൃഷിവകുപ്പ് മന്ത്രി ടി. സിദ്ദിഖ്. കിഴങ്ങുവിളകളെ ഇടവിള കൃഷിയായി പ്രോത്സാഹിപ്പിച്ച് ഭക്ഷ്യോൽപ്പാദനം വർധിപ്പിക്കുകയും പോഷകസമൃദ്ധമായ ഭക്ഷണശീലം വളർത്തിയെടുക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം. കൃഷിഭവനുകൾ, ആദിവാസി ഗോത്രസമൂഹങ്ങൾ, കർഷകർ എന്നിവരെ ഏകോപിപ്പിച്ചായിരിക്കും പദ്ധതി നടപ്പാക്കുകയെന്നും മന്ത്രി അറിയിച്ചു. തിരുവനന്തപുരം ശ്രീകാര്യത്തെ കേന്ദ്ര കിഴങ്ങുവർഗവിള ഗവേഷണ കേന്ദ്രത്തിൽ (ICAR-CTCRI) തൃക്കാർത്തിക ദിനത്തിൽ സംഘടിപ്പിച്ച സംസ്ഥാന കിഴങ്ങുവിള ദിനാചരണം-2026 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മാറിയ ഭക്ഷണസംസ്കാരവും പച്ചക്കറികളിലെ കീടനാശിനികളുടെ അമിതോപയോഗവും കേരളത്തിന്റെ ആരോഗ്യരംഗത്ത് ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. കീടനാശിനികളുടെ അമിത സാന്നിധ്യം കാൻസർ, വൃക്കരോഗങ്ങൾ, ജീവിതശൈലീരോഗങ്ങൾ എന്നിവ വർധിക്കുന്നതിന് കാരണമാകുന്നുണ്ട്. ചികിത്സയ്ക്കായി ഏറ്റവും കൂടുതൽ പണം ചെലവഴിക്കേണ്ടിവരുന്ന സംസ്ഥാനമായി കേരളം മാറിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

'എന്റെ അന്നം, എന്റെ ഉത്തരവാദിത്തം' എന്ന ചിന്തയിലേക്ക് മലയാളികൾ മാറണമെന്നും കിഴങ്ങുവിളകളുടെ കൃഷി വ്യാപിപ്പിക്കണമെന്നും മന്ത്രി ആഹ്വാനം ചെയ്തു.

നിലവിൽ 500 സ്കൂളുകളിൽ ആരംഭിച്ച 'കതിർ' കാർഷിക ക്ലബ്ബുകൾ അടുത്ത അധ്യയന വർഷം 5,000 സ്കൂളുകളിലേക്ക് വ്യാപിപ്പിക്കും. കോളേജുകളിലും ഐ.ടി. സ്ഥാപനങ്ങളിലും കാർഷിക ക്ലബ്ബുകൾ ആരംഭിക്കും. കൃഷിയിൽ മികവ് പുലർത്തുന്ന വിദ്യാർഥികൾക്ക് ഗ്രേസ് മാർക്ക് നൽകുന്ന കാര്യവും പരിഗണനയിലാണെന്ന് മന്ത്രി പറഞ്ഞു.

കേരളത്തിലെ കാർഷിക ഉൽപ്പന്നങ്ങളുടെ കയറ്റുമതിയും മൂല്യവർധിത ഉൽപ്പന്നങ്ങളുടെ വിപണനവും ലക്ഷ്യമിട്ട് വിദേശ കമ്പനികളെ പങ്കെടുപ്പിച്ച് വിപുലമായ ബി2ബി അഗ്രി എക്സ്പോ സംഘടിപ്പിക്കും. കൃഷിയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ), ഡ്രോൺ, ഇന്റർനെറ്റ് ഓഫ് തിങ്സ് (ഐ.ഒ.ടി.) തുടങ്ങിയ ആധുനിക സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തുന്നതിനൊപ്പം കർഷകർക്ക് പ്രയോജനപ്പെടുന്ന രീതിയിൽ കാർബൺ ക്രെഡിറ്റ് സെൽ രൂപീകരിക്കാനും സർക്കാർ ലക്ഷ്യമിടുന്നുണ്ടെന്ന് മന്ത്രി അറിയിച്ചു.

കേരളത്തിന്റെ സമ്പന്നമായ കിഴങ്ങുവിള പൈതൃകവും ഭക്ഷ്യ-പോഷക സുരക്ഷയിലും കാർഷിക സമ്പദ്വ്യവസ്ഥയിലും ഈ വിളകൾക്കുള്ള പ്രാധാന്യവും ഉയർത്തിക്കാട്ടുന്നതിനായാണ് നവംബർ 24-ന് തൃക്കാർത്തിക ദിനത്തിൽ സംസ്ഥാന കിഴങ്ങുവിള ദിനാചരണം സംഘടിപ്പിച്ചത്.

കിഴങ്ങുവിള ദിനാചരണത്തിന് സവിശേഷമായ ചരിത്ര-സാംസ്കാരിക പ്രാധാന്യമുണ്ട്. വി. നാഗം അയ്യ 1906-ൽ പ്രസിദ്ധീകരിച്ച ട്രാവൻകൂർ സ്റ്റേറ്റ് മാനുവലിന്റെ മൂന്നാം വാല്യത്തിൽ വൃശ്ചിക മാസത്തിലെ കാർത്തിക നാളിൽ കാച്ചിൽ പുഴുങ്ങി കഴിക്കുന്ന പരമ്പരാഗത ആചാരത്തെക്കുറിച്ച് പരാമർശിക്കുന്നുണ്ട്. ഈ പാരമ്പര്യവും കേരളത്തിന്റെ കാർഷിക-ഉപജീവന മേഖലകളിൽ കിഴങ്ങുവിളകൾക്കുള്ള പ്രാധാന്യവും പരിഗണിച്ച്, ഇന്ത്യൻ സൊസൈറ്റി ഫോർ റൂട്ട് ക്രോപ്സിന്റെ (ISRC) നിർദേശത്തെത്തുടർന്ന് 2012-ൽ വൃശ്ചിക മാസത്തിലെ കാർത്തിക നാൾ സംസ്ഥാന കിഴങ്ങുവിള ദിനമായി കേരള സർക്കാർ പ്രഖ്യാപിച്ചു. ISRC-യുടെ ആസ്ഥാനം ICAR-CTCRIയിലാണ്.

കേരള കാർഷികോൽപ്പാദന കമ്മീഷണർ ഡോ. വീണ എൻ. മാധവൻ ഐ.എ.എസ്., കൃഷി വികസന-കർഷകക്ഷേമ വകുപ്പ് ഡയറക്ടർ അർജുൻ പാണ്ഡ്യൻ ഐ.എ.എസ്., ഐ.സി.എ.ആർ-സി.ടി.സി.ആർ.ഐ ഡയറക്ടറും ഐ.എസ്.ആർ.സി പ്രസിഡന്റുമായ ഡോ. ജി. ബൈജു, എം.എസ്.എസ്.ആർ.എഫ് ഡയറക്ടർ ഡോ. സി. തമ്പാൻ, ഐ.എസ്.ആർ.സി സെക്രട്ടറിയും ഐ.സി.എ.ആർ-സി.ടി.സി.ആർ.ഐ പ്രിൻസിപ്പൽ സയന്റിസ്റ്റുമായ ഡോ. കെ. സുനിൽകുമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

കിഴങ്ങുവിള കർഷകനുള്ള ദേശീയ അവാർഡ് നേടിയ വയനാട് അമ്പലവയൽ സ്വദേശി കെ. ബാബുവിനെയും മികച്ച കാർഷിക പ്രവർത്തകരെയും മന്ത്രി ചടങ്ങിൽ ആദരിച്ചു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.