- Trending Now:
കാർഷിക വിഭവങ്ങളുടെയും സംസ്കരിച്ച ഭക്ഷ്യ വസ്തുക്കളുടെയും കയറ്റുമതിയിൽ ലോകത്തിലെ ഏറ്റവും വലിയ രാജ്യമാക്കി ഇന്ത്യയെ മാറ്റുന്നതിനായി ഭക്ഷ്യ, കൃഷി, ഹോസ്പിറ്റാലിറ്റി മേഖലകളിലെ പങ്കാളികൾ ഒത്തൊരുമിച്ച് പ്രവർത്തിക്കണമെന്ന് കേന്ദ്ര വാണിജ്യ, വ്യവസായ മന്ത്രി ശ്രീ പിയൂഷ് ഗോയൽ ആഹ്വാനം ചെയ്തു.
ന്യൂഡൽഹിയിൽ നടന്ന ആഹാർ - ഇന്റർനാഷണൽ ഫുഡ് & ഹോസ്പിറ്റാലിറ്റി ഫെയറിന്റെ 40-ാമത് പതിപ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കവേ, വർദ്ധിച്ചുവരുന്ന ഇന്ത്യയുടെ വ്യാപാര കരാറുകളും ഇന്ത്യൻ ഉൽപ്പന്നങ്ങൾക്കുള്ള ആഗോള സ്വീകാര്യതയും സൃഷ്ടിച്ച വിശാലമായ അവസരങ്ങളെ അദ്ദേഹം പ്രത്യേകം ചൂണ്ടിക്കാട്ടി.
കാർഷികോൽപ്പന്നങ്ങളും മത്സ്യബന്ധനവും ഉൾപ്പെടെ ഇന്ത്യയുടെ ഭക്ഷ്യ-കാർഷിക ഉൽപ്പന്നങ്ങളുടെ കയറ്റുമതി പ്രതിവർഷം ഏകദേശം 5 ലക്ഷം കോടി രൂപ (55 ബില്യൺ യുഎസ് ഡോളറിലധികം) കടന്നുവെന്നും ഇതോടെ ലോകത്ത് കാർഷിക ഉൽപ്പന്നങ്ങളുടെ കയറ്റുമതിയിൽ ഇന്ത്യ ഏഴാമത്തെ വലിയ രാജ്യമായി മാറിയെന്നും അദ്ദേഹം പറഞ്ഞു.
2014 മുതൽ 2025 വരെയുള്ള കഴിഞ്ഞ പതിനൊന്ന് വർഷത്തിനിടയിൽ ഇന്ത്യയുടെ കാർഷിക, ഭക്ഷ്യ കയറ്റുമതിയിൽ ഗണ്യമായ വളർച്ചയുണ്ടായതായി ശ്രീ ഗോയൽ ചൂണ്ടിക്കാട്ടി. സംസ്കരിച്ച ഭക്ഷ്യവസ്തുക്കളുടെ കയറ്റുമതി നാലിരട്ടിയായി വർദ്ധിച്ചപ്പോൾ പഴങ്ങളുടെയും പയർവർഗ്ഗങ്ങളുടെയും കയറ്റുമതി മൂന്നിരട്ടിയായും സംസ്കരിച്ച പച്ചക്കറി കയറ്റുമതി നാലിരട്ടിയായും, കൊക്കോ കയറ്റുമതി മൂന്നിരട്ടിയായും വർദ്ധിച്ചു. ധാന്യ കയറ്റുമതി ഇരട്ടിയായി. ഈ കാലയളവിൽ അരിയുടെ മാത്രം കയറ്റുമതി 62 ശതമാനം വരെ വർധിച്ചതായും അദ്ദേഹം വ്യക്തമാക്കി.
ഈ നേട്ടങ്ങൾ ഇന്ത്യയെ കാർഷിക വിഭവങ്ങളുടെയും സംസ്കരിച്ചെടുത്ത ഭക്ഷ്യ ഉൽപ്പന്നങ്ങളുടെയും ആഗോള കയറ്റുമതിയിൽ ഒന്നാമതെത്താൻ ഇന്ത്യയ്ക്ക് പ്രചോദനമാകണമെന്ന് ശ്രീ ഗോയൽ പറഞ്ഞു. ഈ ലക്ഷ്യം കൈവരിക്കാനാകുമെന്നും, ഇന്ത്യ'ലോകത്തിന്റെ ഭക്ഷ്യഭണ്ഡാര'മായി മാറണമെന്ന പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ കാഴ്ചപ്പാടിന് അനുസൃതമാണിതെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.
കഴിഞ്ഞ മൂന്നര വർഷത്തിനിടയിൽ ഇന്ത്യ ഒപ്പുവെച്ച ഒമ്പത് സ്വതന്ത്ര വ്യാപാര കരാറുകൾ, വികസിതവും സമ്പന്നവുമായ 38 രാജ്യങ്ങളിലേക്കുള്ള വിപണിവാതിൽ തുറന്നു നൽകിയതായി മന്ത്രി എടുത്തുപറഞ്ഞു. ഇത് ഇന്ത്യൻ കയറ്റുമതിക്കാർക്ക് വലിയ അവസരങ്ങളാണ് സൃഷ്ടിക്കുന്നത്. ആഗോള വ്യാപാരത്തിന്റെ ഏകദേശം മൂന്നിൽ രണ്ട് ഭാഗവും ഇന്ത്യയ്ക്ക് മുൻഗണനാടിസ്ഥാനത്തിൽ ലഭ്യമാണെന്നും, ഇത് ഇന്ത്യയെ ഒരു മികച്ച നിക്ഷേപ കേന്ദ്രമാക്കി മാറ്റുന്നതിനൊപ്പം ആഗോള മൂല്യശൃംഖലയുടെ ഭാഗമാകാൻ ഇന്ത്യൻ വ്യവസായങ്ങളെ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്വതന്ത്ര വ്യാപാര കരാറുകൾ ചർച്ച ചെയ്യുമ്പോൾ, ആഭ്യന്തര പങ്കാളികളുടെ, പ്രത്യേകിച്ച് കർഷകർ, മത്സ്യത്തൊഴിലാളികൾ, സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങൾ എന്നിവരുടെ താൽപ്പര്യങ്ങൾ സർക്കാർ ശ്രദ്ധാപൂർവ്വം സംരക്ഷിച്ചിട്ടുണ്ടെന്ന് ശ്രീ ഗോയൽ ഊന്നിപ്പറഞ്ഞു. വിദേശ ഉൽപാദകർക്ക് ഇളവുകൾ നൽകിയിട്ടില്ലാത്ത ക്ഷീരോൽപ്പാദനം പോലുള്ള സങ്കീർണ്ണ മേഖലകളെ ഇന്ത്യ സംരക്ഷിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതുപോലെ, ജനിതകമാറ്റം വരുത്തിയ ഉൽപ്പന്നങ്ങൾക്ക് തീരുവ ഇളവുകളോ വിപണി പ്രവേശനമോ അനുവദിച്ചിട്ടില്ലെന്നും ശ്രീ ഗോയൽ വ്യക്തമാക്കി.
അരി, ഗോതമ്പ്, ചോളം, സോയാബീൻ, നിരവധി ഇനം പയർവർഗ്ഗങ്ങൾ തുടങ്ങിയ പ്രധാന കാർഷിക ഉൽപ്പന്നങ്ങൾ വ്യാപാര ചർച്ചകളിൽ സംരക്ഷിക്കപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പഞ്ചസാര മേഖലയിൽ, ഇന്ത്യയിലെ കരിമ്പ് കർഷകരെയും ആഭ്യന്തര ഉൽപാദകരെയും പ്രതികൂലമായി ബാധിക്കുന്ന ഇറക്കുമതി തടയുന്നതിന് പൊതുവെ ഇളവുകൾ നൽകിയിട്ടില്ല.
ഈ നടപടികൾ ഇന്ത്യയുടെ ആഭ്യന്തര ശക്തികളെ സംരക്ഷിക്കുമ്പോഴും ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് പുതിയ ആഗോള അവസരങ്ങൾ സൃഷ്ടിക്കുന്നതാണെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. ഇന്ത്യയുടെ സ്വതന്ത്ര വ്യാപാര കരാറുകൾ ദേശീയ താൽപര്യങ്ങൾ സംരക്ഷിക്കുന്നതോടൊപ്പം അന്താരാഷ്ട്ര വ്യാപാര അവസരങ്ങൾ എങ്ങനെ വിപുലീകരിക്കുന്നു എന്നതിനെക്കുറിച്ച് താഴെത്തട്ടിൽ അവബോധം പ്രചരിപ്പിക്കാൻ വ്യവസായ-വ്യാപാര മേഖലയുമായി ബന്ധപ്പെട്ട പങ്കാളികളോട് അദ്ദേഹം ആവശ്യപ്പെട്ടു.
ഒരു ലക്ഷം കോടി രൂപയുടെ കാർഷിക അടിസ്ഥാനസൗകര്യ നിധി (Agriculture Infrastructure Fund) പ്രയോജനപ്പെടുത്താനും ഭക്ഷ്യസംസ്കരണത്തിലും മൂല്യവർദ്ധനവിലും ശ്രദ്ധ കേന്ദ്രീകരിക്കാനും അദ്ദേഹം കർഷകരെയും സംരംഭകരെയും പ്രോത്സാഹിപ്പിച്ചു. ഇത് കർഷകർക്ക് ഉയർന്ന മൂല്യമുള്ള ആഗോള വിപണിപ്രവേശനം സാധ്യമാക്കും. കൂടുതൽ ചെറുകിട സംരംഭങ്ങൾ ഭക്ഷ്യസംസ്കരണ മേഖലയിലേക്ക് വരുന്നത് വളർച്ചയ്ക്കും തൊഴിലവസരങ്ങൾക്കും പുതിയ വഴികൾ തുറക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
അന്താരാഷ്ട്ര പങ്കാളിത്തത്തിന്റെ പ്രാധാന്യം എടുത്തുപറഞ്ഞ ശ്രീ ഗോയൽ, 'ആഹാർ' (AAHAR) 40-ാമത് പതിപ്പിലെ പങ്കാളിത്ത രാജ്യമായി ഇറ്റലിയെ സ്വാഗതം ചെയ്തു. ഇറ്റലിയുടെ ഭക്ഷ്യ-ഹോസ്പിറ്റാലിറ്റി മേഖലയിലെ മികച്ച മാതൃകകൾ ഇന്ത്യ പാഠമാക്കണമെന്നും ഇറ്റാലിയൻ കമ്പനികളുമായി സഹകരണം ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം പങ്കാളിത്തങ്ങൾ ഇന്ത്യൻ വിഭവങ്ങളെ ആഗോളതലത്തിൽ പ്രോത്സാഹിപ്പിക്കാനും ഇന്ത്യൻ ഉൽപ്പന്നങ്ങളോടുള്ള ആഗോള താൽപ്പര്യം വർദ്ധിപ്പിക്കാനും വ്യാപാര ബന്ധങ്ങൾ ശക്തിപ്പെടുത്താനും സഹായിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
കാർഷിക-സംസ്കരിച്ച ഭക്ഷ്യ വിഭവങ്ങളുടെ ഇറക്കുമതിയിൽ യൂറോപ്പ് ഒരു പ്രധാന വിപണിയാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. പല ഇന്ത്യൻ ഉൽപ്പന്നങ്ങൾക്കും പൂജ്യത്തോടടുത്തോ അല്ലെങ്കിൽ വളരെ കുറഞ്ഞതോ ആയ നികുതി നിരക്കുകൾ നൽകുന്ന പുതിയ വ്യാപാര ക്രമീകരണങ്ങൾ ഇതിന് സഹായകരമാണ്. EFTA( European Free Trade Association) രാജ്യങ്ങളായ സ്വിറ്റ്സർലൻഡ്, നോർവേ, ലിച്ചെൻസ്റ്റൈൻ, ഐസ്ലാൻഡ് - ന്യൂസിലാൻഡ്, ഓസ്ട്രേലിയ, ജപ്പാൻ, കൊറിയ, ആസിയാൻ രാജ്യങ്ങൾ, ഒമാൻ, യുഎഇ, മൗറീഷ്യസ് എന്നിവയുമായുള്ള ഇന്ത്യയുടെ കരാറുകളിൽ നിന്നും പങ്കാളിത്തത്തിൽ നിന്നും ഉണ്ടാകുന്ന അവസരങ്ങളെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു. കാനഡയുമായുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്നും മിഡിൽ ഈസ്റ്റിലെ രാജ്യങ്ങൾ ഉൾപ്പെടുന്ന ജിസിസി ഗ്രൂപ്പ് രാജ്യങ്ങളുമായി അടുത്തിടെ ചർച്ചകൾ ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
EFTA കരാർ പൂർത്തിയായിട്ട് ഇപ്പോൾ രണ്ട് വർഷം തികയുകയാണെന്നും ഇത് ആഗോള വിപണികളിലേക്കുള്ള ഇന്ത്യയുടെ പ്രവേശനം കൂടുതൽ ശക്തിപ്പെടുത്തിയെന്നും ശ്രീ ഗോയൽ അടിവരയിട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.