- Trending Now:
കൊച്ചി: ലോക ഹെപ്പറ്റൈറ്റിസ് ദിനത്തിൽ, ഹെപ്പറ്റൈറ്റിസ് പരിശോധന, പ്രതിരോധ കുത്തിവയ്പ്പ്, കൃത്യസമയത്തുള്ള ചികിത്സ എന്നിവയ്ക്ക് മുൻഗണന നൽകണമെന്ന് അഭ്യർത്ഥിച്ചുകൊണ്ട് കെയർ ഹെൽത്ത് ഇൻഷുറൻസ് പൊതു മുന്നറിയിപ്പ് പുറപ്പെടുവിച്ചു.
കാര്യമായ രോഗലക്ഷണങ്ങളില്ലാതെ വർഷങ്ങളോളം ശരീരത്തിൽ തുടരുന്ന ഹെപ്പറ്റൈറ്റിസ് രോഗം, കരളിൽ മാറ്റാനാവാത്ത കേടുപാടുകൾ സംഭവിച്ചതിന് ശേഷം മാത്രമായിരിക്കും പലപ്പോഴും കണ്ടെത്താനാവുക. രോഗികൾ വൈദ്യസഹായം തേടുമ്പോഴേക്കും ഹെപ്പറ്റൈറ്റിസ് അണുബാധ സിറോസിസ്, കരൾ പരാജയം അല്ലെങ്കിൽ കരൾ അർബുദം തുടങ്ങിയ ഗുരുതരാവസ്ഥയിലേക്ക് മാറിയിട്ടുണ്ടാകും. അതിനാൽ, ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഒഴിവാക്കുന്നതിനും ആരോഗ്യം വീണ്ടെടുക്കുന്നതിനും രോഗനിർണയവും ചികിത്സയും നേരത്തെ തന്നെ ആരംഭിക്കേണ്ടത് അത്യാവശ്യമാണ്.
ദേശീയ-ആഗോള ആരോഗ്യ വിലയിരുത്തലുകളും കെയർ ഹെൽത്ത് ഇൻഷുറൻസിൻറെ ക്ലെയിം വിവരങ്ങളും സൂചിപ്പിക്കുന്നത് ഇന്ത്യയിൽ ഹെപ്പറ്റൈറ്റിസ് ബാധിതരുടെ എണ്ണം വളരെ കൂടുതലാണെന്നാണ്. ഏകദേശം 2.9 കോടി ആളുകൾ ഹെപ്പറ്റൈറ്റിസ് ബിയും 55 ലക്ഷം പേർ ഹെപ്പറ്റൈറ്റിസ് സിയും ഉൾപ്പെടെ മൊത്തം 3.5 കോടിയോളം പേർ വിട്ടുമാറാത്ത വൈറൽ ഹെപ്പറ്റൈറ്റിസ് ബാധിച്ച് രാജ്യത്ത് ജീവിക്കുന്നുണ്ട്. പ്രതിവർഷം 1.23 ലക്ഷത്തോളം ജീവനുകളാണ് ഈ രോഗം മൂലം ഇന്ത്യയിൽ പൊലിയുന്നത്. കേന്ദ്ര സർക്കാരിൻറെ നാഷണൽ വൈറൽ ഹെപ്പറ്റൈറ്റിസ് കൺട്രോൾ പ്രോഗ്രാമിന് കീഴിൽ രോഗ നിർണയ പരിശോധനകൾ സൗജന്യമായി ലഭ്യമാണെങ്കിലും, രോഗം മൂർച്ഛിച്ചാൽ സ്വകാര്യ ആശുപത്രികളിൽ കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് 18 മുതൽ 35 ലക്ഷം രൂപ വരെയും അതിനുശേഷം ജീവിതകാലം മുഴുവൻ മരുന്നുകൾക്കും വലിയൊരു തുക വേണ്ടിവരും.
രോഗം വരുന്നത് തടയാൻ കർശനമായ പ്രതിരോധ നടപടികൾ സ്വീകരിക്കണമെന്ന് കെയർ ഹെൽത്ത് ഇൻഷുറൻസ് നിർദ്ദേശിക്കുന്നു. രോഗസാധ്യത കൂടുതലുള്ളവർ ഹെപ്പറ്റൈറ്റിസ് ബി, സി പരിശോധനകൾ നിർബന്ധമായും നടത്തുകയും നവജാതശിശുക്കൾക്ക് 24 മണിക്കൂറിനുള്ളിൽ നൽകേണ്ടതുൾപ്പെടെയുള്ള ഹെപ്പറ്റൈറ്റിസ് ബി പ്രതിരോധ കുത്തിവയ്പ്പുകൾ പൂർത്തിയാക്കുകയും വേണം. ഹെപ്പറ്റൈറ്റിസ് സി ഭൂരിഭാഗം കേസുകളിലും ഭേദമാക്കാനും ഹെപ്പറ്റൈറ്റിസ് ബി കൃത്യമായ പരിചരണത്തിലൂടെ നിയന്ത്രിക്കാനും കഴിയുമെന്നതിനാൽ രോഗം സ്ഥിരീകരിച്ചാൽ ചികിത്സ പൂർത്തിയാക്കേണ്ടത് പ്രധാനമാണ്. പ്രമേഹം, അമിതവണ്ണം, ഫാറ്റി ലിവർ തുടങ്ങിയ പ്രശ്നങ്ങളുള്ളവർ ഡോക്ടറുടെ നിർദ്ദേശപ്രകാരം കൃത്യമായ ഇടവേളകളിൽ കരളിൻറെ ആരോഗ്യം പരിശോധിക്കണം.
കൂടാതെ, കുത്തിവയ്പ്പുകൾ, രക്തം സ്വീകരിക്കൽ, പല്ലിലെ ചികിത്സകൾ, ടാറ്റൂ ചെയ്യൽ എന്നിവയ്ക്ക് സുരക്ഷിതമായ മാർഗങ്ങൾ സ്വീകരിക്കുകയും റേസറുകൾ, സൂചികൾ എന്നിവ പങ്കുവെക്കാതിരിക്കുകയും വേണം. മൺസൂൺ കാലത്ത് കൂടുതലായി കാണപ്പെടുന്ന ഹെപ്പറ്റൈറ്റിസ് എ, ഇ എന്നിവ തടയുന്നതിനായി ഭക്ഷണത്തിലും കുടിവെള്ളത്തിലും ശുചിത്വം പാലിക്കുക. സമീകൃതാഹാരം, ചിട്ടയായ വ്യായാമം എന്നിവയിലൂടെ ആരോഗ്യകരമായ ജീവിതശൈലി നിലനിർത്തുകയും കരളിനെ നശിപ്പിക്കുന്ന അമിതമായ മദ്യപാനം ഒഴിവാക്കുകയും ചെയ്യുക.
കരൾ രോഗങ്ങൾക്കുള്ള നൂതന ചികിത്സകൾക്കും ശസ്ത്രക്രിയകൾക്കും ലക്ഷങ്ങൾ ചെലവ് വരുന്നതിനാൽ ഹെൽത്ത് ഇൻഷുറൻസ് പരിരക്ഷ കൃത്യമായി വിലയിരുത്തേണ്ടതും അത്യാവശ്യമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.