Sections

ഐടി മേഖലയിൽ പുതിയ ചുവടുവയ്പ്: കേരള ടെക് ബ്രാൻഡ്, ഐടി പാർക്ക് അഫിലിയേഷൻ പദ്ധതികൾക്ക് ഒക്ടോബർ 6 ന് തുടക്കം

Friday, Oct 02, 2026
Reported By Admin
Kerala Tech Brand and IT Parks Affiliation Launch on October 6

തിരുവനന്തപുരം: സംസ്ഥാനത്തെ ഐടി സ്ഥാപനങ്ങളെയും സാങ്കേതിക മേഖലയിലെ മറ്റ് സ്ഥാപനങ്ങളെയും ഒരു പൊതുശൃംഖലയുമായി ബന്ധിപ്പിക്കുന്ന ഐടി പാർക്ക്സ് അഫിലിയേഷൻ പദ്ധതിക്കും കേരള ടെക് ബ്രാൻഡിനും ഒക്ടോബർ 6 ന് തുടക്കമാകും. കമ്പനികൾ, കോ-വർക്കിംഗ് സ്പേസുകൾ, സ്വകാര്യ സാങ്കേതിക അടിസ്ഥാന സൗകര്യങ്ങൾ എന്നിവയെ സംസ്ഥാനതലത്തിൽ ബന്ധിപ്പിച്ച് പുതിയ സാങ്കേതിക മേഖലകളിൽ കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിനായി സംസ്ഥാന സർക്കാർ നടപ്പാക്കുന്നതാണ് ഐടി പാർക്ക്സ് അഫിലിയേഷൻ പദ്ധതി.

വ്യവസായ, വാണിജ്യ, ഐടി, ആർട്ടിഫിഷ്യൽ ഇൻറലിജൻസ് വകുപ്പ് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി ടെക്നോപാർക്ക് ഫേസ് വൺ പാർക്ക് സെൻററിലെ ട്രാവൻകൂർ ഹാളിൽ വൈകുന്നേരം നാലിന് നടക്കുന്ന ചടങ്ങിൽ ഐടി പാർക്ക്സ് അഫിലിയേഷൻ പദ്ധതിയും കേരള ടെക് ബ്രാൻഡും ഉദ്ഘാടനം ചെയ്യും. ഇലക്ട്രോണിക്സ് ആൻഡ് ഐടി വകുപ്പ് സ്പെഷ്യൽ സെക്രട്ടറി സീറാം സാംബശിവ റാവു ചടങ്ങിൽ അദ്ധ്യക്ഷത വഹിക്കും. ടെക്നോപാർക്ക് സിഇഒ സച്ചിൻ കുമാർ യാദവ് സ്വാഗതം ആശംസിക്കും. ഇൻഫോപാർക്ക്, സൈബർപാർക്ക് സിഇഒ സുശാന്ത് കുറുന്തിൽ അഫിലിയേഷൻ പദ്ധതിയെക്കുറിച്ച് അവതരണം നടത്തും.

കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം ജോയിൻറ് സെക്രട്ടറി കെ.കെ സിംഗ് മുഖ്യപ്രഭാഷണം നടത്തും. 'ഇൻഡസ്ട്രി പെർസ്പെക്ടീവ്: കേരള ടെക് ആൻഡ് ദി ഐടി പാർക്ക്സ് അഫിലിയേഷൻ സ്കീം' എന്ന വിഷയത്തിൽ നാസ്കോം റീജിയണൽ ഡയറക്ടർ ഭാസ്കർ വർമ്മ സംസാരിക്കും.

ടെക്നോപാർക്ക് ഫേസ് ത്രീ കാമ്പസിൽ രണ്ട് ലക്ഷം ചതുരശ്രയടി വിസ്തീർണമുള്ള പ്രീ-ഫാബ്രിക്കേറ്റഡ് ഐടി കെട്ടിടവും പൊതു വിനോദ സൗകര്യങ്ങളും ഒരുക്കുന്ന പദ്ധതിക്കും ചടങ്ങിൽ തുടക്കമാകും.

ടെക്നോപാർക്ക് ഫേസ് വണ്ണിൽ വരാനിരിക്കുന്ന പദ്ധതിക്കായി ടെക്നോപാർക്കും കാസ്പിയൻ ടെക്പാർക്സും തമ്മിലുള്ള ധാരണാപത്രം ചടങ്ങിൽ കൈമാറും. സെമികോൺ കേരളം കസോർഷ്യം, വിഎസ്ഐ കേരള ചാപ്റ്റർ, മേക്കർ ഹബ് എന്നിവയുടെ ഉദ്ഘാടനവും ഇതോടൊപ്പം നടക്കും.

ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുന്നതിന് പേര് രജിസ്റ്റർ ചെയ്യുന്നതിനായി https://keralam-it-parks-affiliation-scheme.conferenceprime.com/auth/register എന്ന പോർട്ടൽ സന്ദർശിക്കാവുന്നതാണ്.

സർക്കാർ ഉടമസ്ഥതയിലുള്ള ഐടി പാർക്കുകൾക്ക് പുറത്തുള്ള അർഹരായ സാങ്കേതിക സ്ഥാപനങ്ങളെയും സംസ്ഥാനതല സാങ്കേതിക ശൃംഖലയുമായി ബന്ധിപ്പിക്കുകയാണ് ഐടി പാർക്ക്സ് അഫിലിയേഷൻ പദ്ധതിയുടെ ലക്ഷ്യം. ഇതിലൂടെ സർക്കാർ, വ്യവസായ മേഖല, മറ്റ് സാങ്കേതിക മേഖലയിലെ പങ്കാളികൾ എന്നിവരുമായി കൂടുതൽ സഹകരിക്കാനും ഇടപെടാനും സ്ഥാപനങ്ങൾക്ക് അവസരം ലഭിക്കും.

സർക്കാർ ഐടി പാർക്കുകൾക്ക് പുറത്തുള്ള അർഹരായ സ്ഥാപനങ്ങൾക്ക് ഐടി പാർക്കുകൾക്ക് ലഭിക്കുന്ന സൗകര്യങ്ങളും ആനുകൂല്യങ്ങളും പ്രയോജനപ്പെടുത്താൻ പദ്ധതിയിലൂടെ സാധിക്കും.

പുതിയതായി പ്രവർത്തനമാരംഭിക്കുന്ന കേരള ടെക് പോർട്ടലിൽ, അഫിലിയേഷൻ പോർട്ടലും ഇതോടൊപ്പം സജ്ജമാകും. അർഹരായ സ്ഥാപനങ്ങൾക്ക് ഓൺലൈനായി രജിസ്റ്റർ ചെയ്ത് അഫിലിയേറ്റഡ് നെറ്റ് വർക്കിൻറെ ഭാഗമാകുന്നതിനുള്ള ലളിതമായ സംവിധാനമാണിത്.

സംസ്ഥാനത്ത് വളർന്നുവരുന്ന സാങ്കേതിത ശൃംഖലയുടെ ഭാഗമാകാനും കൂടുതൽ ശ്രദ്ധ നേടി, വിവിധ സാങ്കേതിക അവസരങ്ങൾ പ്രയോജനപ്പെടുത്താനും സർക്കാർ, വ്യവസായ മേഖല, മറ്റ് പങ്കാളികൾ എന്നിവരുമായി സഹകരണം ഉറപ്പാക്കാനും അഫിലിയേഷൻ പദ്ധതി അവസരമൊരുക്കും.

സാങ്കേതിക വിദ്യ, നൂതനാശയങ്ങൾ, ഗവേഷണം, സ്റ്റാർട്ടപ്പുകൾ, വിജ്ഞാനാധിഷ്ഠിത വ്യവസായങ്ങൾ എന്നിവയെ ഒരു പൊതു ആവാസവ്യവസ്ഥയ്ക്ക് കീഴിൽ ബന്ധിപ്പിക്കുകയെന്നതാണ് കേരള ടെക് ബ്രാൻഡിൻറെ ലക്ഷ്യം. സംസ്ഥാനത്ത് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന് ഇതിലൂടെ സാധിക്കും.

പരമ്പരാഗത ഐടി, ഐടിഇഎസ് മേഖലകൾക്കപ്പുറത്തേക്ക് വിജ്ഞാനാധിഷ്ഠിത വ്യവസായ മേഖല വികസിക്കുകയാണ്. ആർട്ടിഫിഷ്യൽ ഇൻറലിജൻസ്, സെമി കണ്ടക്ടർ, ഡീപ് ടെക്നോളജി, ബഹിരാകാശ സാങ്കേതികവിദ്യ, സൈബർ സുരക്ഷ, ഡിജിറ്റൽ എഞ്ചിനീയറിങ് തുടങ്ങിയ മേഖലകളിൽ പുതിയ അവസരങ്ങൾ ഉയർന്നുവരുന്ന സാഹചര്യത്തിലാണ് കേരള ടെക് ബ്രാൻഡിനും അഫിലിയേഷൻ പദ്ധതിക്കും തുടക്കമാകുന്നത്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.