Sections

തായ്ഷോ വെഞ്ചേഴ്സിന് ഡിബിഎസ് ഫൗണ്ടേഷന്റെ ഇംപാക്ട് ബിയോണ്ട് അവാർഡ്

Wednesday, Nov 18, 2026
Reported By Admin
Khyaal Receives ₹7.4 Crore DBS Foundation Grant for Elderly Care

കൊച്ചി: മുതിർന്ന പൗരന്മാർക്കായി ഇന്ത്യയിൽ പ്രവർത്തിക്കുന്ന തായ്ഷോ വെഞ്ചേഴ്സിന് ഡിബിഎസ് ഫൗണ്ടേഷന്റെ ഇംപാക്ട് ബിയോണ്ട് അവാർഡിന്റെ ഭാഗമായി 7.4 കോടി രൂപ (1 ദശലക്ഷം സിംഗപ്പൂർ ഡോളർ) ഗ്രാന്റ് ലഭിച്ചു. മുതിർന്നവർക്കായുള്ള ഫിജിറ്റൽ പ്ലാറ്റ്ഫോം വിപുലീകരിക്കാനും, ആരോഗ്യ-ക്ഷേമ പ്രവർത്തനങ്ങൾ വർദ്ധിപ്പിക്കാനും, രണ്ടും മൂന്നും നിര നഗരങ്ങളിലെ കൂടുതൽ ആളുകളിലേക്ക് സേവനങ്ങൾ എത്തിക്കാനും ഈ തുക വിനിയോഗിക്കും.

ഏഷ്യയിലുടനീളം ലക്ഷ്യബോധത്തോടെ പ്രവർത്തിക്കുന്ന നാല് സംരംഭങ്ങൾക്കായി മൊത്തം 22 കോടി രൂപയുടെ (3 ദശലക്ഷം സിംഗപ്പൂർ ഡോളർ) ഫണ്ടിംഗ് ആണ് ഡിബിഎസ് ഫൗണ്ടേഷൻ പ്രഖ്യാപിച്ചിട്ടുള്ളത്. ഏഷ്യയിലെ പ്രായമായവരിൽ വർദ്ധിച്ചുവരുന്ന സാമൂഹിക ആവശ്യങ്ങൾ പരിഹരിക്കാനും അവരെ സ്വയംപര്യാപ്തരാക്കാനും ഈ സംരംഭങ്ങൾ സഹായിക്കുന്നു.

2030-ഓടെ ഇന്ത്യയിലെ വയോജനങ്ങളുടെ എണ്ണം ഏകദേശം 193 ദശലക്ഷമായി ഉയരുമെന്നാണ് യുഎൻഎഫ്പിഎ ഇന്ത്യയുടെയും ഒബ്സർവർ റിസർച്ച് ഫൗണ്ടേഷന്റെയും റിപ്പോർട്ട് സൂചിപ്പിക്കുന്നത്. ഈ പശ്ചാത്തലത്തിലാണ് 50 വയസ്സിനു മുകളിലുള്ളവർക്കായി ഇന്ത്യയിലെ പ്രമുഖ പ്ലാറ്റ്ഫോമായ ഖയാൽ വഴി തായ്ഷോ വെഞ്ചേഴ്സ് മികച്ച സേവനങ്ങൾ നൽകുന്നത്. നിലവിൽ 5 ദശലക്ഷത്തിലധികം ഉപയോക്താക്കൾ ഈ പ്ലാറ്റ്ഫോമിനുണ്ട്.

യോഗ, ഫിറ്റ്നസ് സെഷനുകൾ, സാമ്പത്തിക-ഡിജിറ്റൽ സാക്ഷരത, സൈബർ സുരക്ഷാ പ്രോഗ്രാമുകൾ, വിനോദ പരിപാടികൾ തുടങ്ങിയവ ഖയാൽ ഓൺലൈനായും ഓഫ്ലൈനായും നൽകുന്നു.

ഡിബിഎസ് ഫൗണ്ടേഷന്റെ ഈ അംഗീകാരം തങ്ങളുടെ സേവനങ്ങൾ കൂടുതൽ നഗരങ്ങളിലേക്കും ഇന്ത്യയ്ക്ക് പുറമെ തെക്കുകിഴക്കൻ ഏഷ്യയിലേക്കും വ്യാപിപ്പിക്കാൻ സഹായിക്കുമെന്ന് ഖയാൽ സ്ഥാപകനും സിഇഒയുമായ ഹേമാൻഷു ജെയിൻ പറഞ്ഞു.

നിർമ്മിത ബുദ്ധിയും ഡിസൈൻ തിങ്കിംഗും ഉപയോഗപ്പെടുത്തി വയോജനങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുന്ന സംരംഭങ്ങളെ പിന്തുണയ്ക്കുന്നതിൽ അതിയായ സന്തോഷമുണ്ടെന്ന് ഡിബിഎസ് ഫൗണ്ടേഷൻ മേധാവി കാരെൻ എൻഗുയി വ്യക്തമാക്കി.

ഒരു ദശലക്ഷം സിംഗപ്പൂർ ഡോളർ സ്വന്തമാക്കിയ തായ്വാന്റെ ഹോൺ യാങ് ഹെൽത്ത്കെയർ, 500,000 സിംഗപ്പൂർ ഡോളർ വീതം നേടിയ ഹോങ്കോങ്ങിലെ വൺ ബൈറ്റ് ഡിസൈൻ സ്റ്റുഡിയോ, ചൈനയിലെ ഷാങ്ഹായ് ഫുയുവാൻ എൽഡർലി കെയർ സർവീസ് എന്നിവയാണ് ഈ വർഷത്തെ മറ്റ് പുരസ്കാര ജേതാക്കൾ.

കഴിഞ്ഞ വർഷം ഹൈദരാബാദ് ആസ്ഥാനമായുള്ള ലൈഫ് സർക്കിൾ ഹെൽത്ത് സർവീസസിന് ഈ അവാർഡിന്റെ ഭാഗമായി ഏകദേശം 3 കോടി രൂപ ലഭിച്ചിരുന്നു.

സമൂഹത്തിൽ പാർശ്വവൽക്കരിക്കപ്പെട്ടവരെ സഹായിക്കുന്നതിനായി കഴിഞ്ഞ ഒരു ദശാബ്ദമായി ഡിബിഎസ് ഫൗണ്ടേഷൻ സിംഗപ്പൂർ, ചൈന, ഹോങ്കോങ്ങ്, ഇന്ത്യ, ഇന്തോനേഷ്യ, തായ്വാൻ എന്നീ ആറ് പ്രധാന വിപണികളിലായി പ്രവർത്തിച്ചുവരികയാണ്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.