Sections

മഹീന്ദ്രയും ഊബറും കൈകോർക്കുന്നു: 5,000 ഇലക്ട്രിക് ഓട്ടോകൾ നിരത്തിലിറക്കും

Tuesday, Nov 17, 2026
Reported By Admin
Mahindra and Uber Partner to Deploy 5,000 Electric Autos

കൊച്ചി: രാജ്യത്തെ മുൻനിര ഇലക്ട്രിക് വാണിജ്യ വാഹന നിർമാതാക്കളായ മഹീന്ദ്ര ലാസ്റ്റ് മൈൽ മൊബിലിറ്റി ലിമിറ്റഡും (എം.എൽ.എം.എം.എൽ) ഊബറും രാജ്യത്തുടനീളം ഇലക്ട്രിക് മുച്ചക്ര വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനായി പുതിയ പങ്കാളിത്തം പ്രഖ്യാപിച്ചു. മുംബൈയിൽ നടന്ന ചടങ്ങിലാണ് പങ്കാളിത്തം പ്രഖ്യാപിച്ചത്.

ഒരു വർഷത്തിനുള്ളിൽ 5,000 മഹീന്ദ്ര ഇലക്ട്രിക് ഓട്ടോറിക്ഷകൾ നിരത്തിലിറക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. വായ്പാ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും ഇലക്ട്രിക് വാഹനങ്ങൾ സ്വീകരിക്കുന്നതിന് തടസ്സമാകുന്ന ഘടകങ്ങൾ കുറയ്ക്കുന്നതിനുമായി ഇ.വി ഓട്ടോ അഡ്വാന്റേജ് പദ്ധതിയിലൂടെ ഇരുകമ്പനികളും സഹകരിക്കും. ഇതുവഴി ഊബർ പ്ലാറ്റ്ഫോമിലെ ഡ്രൈവർമാർക്ക് ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറുന്നത് കൂടുതൽ എളുപ്പമാകും.

ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം താരതമ്യേന കുറവുള്ള വിപണികളിൽ ഇതിന് തടസ്സമാകുന്ന പ്രധാന ഘടകങ്ങൾ പരിഹരിക്കുന്നതിനായിരിക്കും പ്രത്യേക ശ്രദ്ധ നൽകുക. രാജ്യത്തെ നഗരങ്ങളിൽ സുസ്ഥിരവും എല്ലാവർക്കും പ്രാപ്യവുമായ ഗതാഗത സംവിധാനങ്ങൾ വികസിപ്പിക്കുന്നതിനുള്ള മഹീന്ദ്ര ലാസ്റ്റ് മൈൽ മൊബിലിറ്റിയുടെയും ഊബറിന്റേയും സംയുക്ത പ്രതിബദ്ധതയാണ് ഇതിലൂടെ വ്യക്തമാകുന്നത്.

ഡ്രൈവർമാർക്ക് പ്രയോജനകരമാകുമ്പോഴാണ് സുസ്ഥിര ഗതാഗത സംവിധാനങ്ങൾക്ക് വലിയ തോതിൽ വളരാനാവുകയെന്ന് മഹീന്ദ്ര ലാസ്റ്റ് മൈൽ മൊബിലിറ്റി മാനേജിങ് ഡയറക്ടറും സി.ഇ.ഒയുമായ സുമൻ മിശ്ര പറഞ്ഞു. ഡ്രൈവർമാർക്കും സംരംഭകർക്കും സാമ്പത്തികമായി കൂടുതൽ നേട്ടമുണ്ടാക്കുന്ന തിരഞ്ഞെടുപ്പായി ഇലക്ട്രിക് വാഹനങ്ങളെ മാറ്റുന്നതിലൂടെ സുസ്ഥിരവും വിപുലീകരിക്കാവുന്നതുമായ മാറ്റമാണ് ലക്ഷ്യമിടുന്നത്. ഊബറുമായുള്ള ഈ പങ്കാളിത്തത്തിലൂടെ ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള മാറ്റത്തിന് കൂടുതൽ വേഗം നൽകാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഊബറിനെ സംബന്ധിച്ചിടത്തോളം ഗതാഗത മേഖലയിലെ നൂതന ആശയങ്ങളുടെ പ്രധാന കേന്ദ്രമാണ് ഇന്ത്യയെന്നും ജനങ്ങൾ എങ്ങനെയാണ് യാത്ര ചെയ്യുന്നതെന്ന് മനസ്സിലാക്കി അവരുടെ ദൈനംദിന ആവശ്യങ്ങൾക്കനുസരിച്ചുള്ള പരിഹാരങ്ങൾ വികസിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും ഊബർ മൊബിലിറ്റി വിഭാഗം മേധാവി പ്രദീപ് പരമേശ്വരൻ പറഞ്ഞു. ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള മാറ്റം തങ്ങളുടെ ബിസിനസിനും ഉപഭോക്താക്കൾക്കും നഗരങ്ങൾക്കും വിശാലമായ സമൂഹത്തിനും വലിയ നേട്ടങ്ങൾ നൽകും. ഇലക്ട്രിക് ഗതാഗതം പ്രോത്സാഹിപ്പിക്കുന്നതിനും തടസ്സമില്ലാത്ത യാത്രാനുഭവങ്ങൾ ഒരുക്കുന്നതിനായി മഹീന്ദ്രയുമായി കൈകോർത്തത് ഈ കാഴ്ചപ്പാടിന്റെ ഭാഗമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാജ്യത്ത് ഗതാഗത സംവിധാനങ്ങളുടെ വൈദ്യുതീകരണത്തിന് നേതൃത്വം നൽകുന്ന മഹീന്ദ്ര ലാസ്റ്റ് മൈൽ മൊബിലിറ്റിയുടെ നാലു ലക്ഷത്തിലധികം വാണിജ്യ ഇലക്ട്രിക് വാഹനങ്ങളാണ് നിലവിൽ നിരത്തിലുള്ളത്. യാത്രാ വാഹനങ്ങൾക്കും ചരക്കുനീക്കത്തിനുമുള്ള വാണിജ്യ വാഹനങ്ങൾക്കും ഉൾപ്പെടെ ഇലക്ട്രിക് വാഹന മേഖലയിൽ ശക്തമായ സാന്നിധ്യമാണ് കമ്പനിക്കുള്ളത്. വാണിജ്യ വാഹനങ്ങളുടെ വിപുലമായ ശ്രേണിയുമായി അവസാനഘട്ട ഗതാഗതത്തിന്റെ വൈദ്യുതീകരണത്തിന് വേഗം പകരുന്നതിനൊപ്പം സുസ്ഥിരമായ ഉപജീവനമാർഗങ്ങൾ സൃഷ്ടിക്കുന്നതിനും കമ്പനി ശ്രദ്ധിക്കുന്നു. ഈ പ്രവർത്തനങ്ങൾ പരിഗണിച്ച് 2026-ലെ എർത്ത്ഷോട്ട് പുരസ്കാരത്തിന്റെ 'ക്ലീൻ ഔർ എയർ' വിഭാഗത്തിലെ അന്തിമ പട്ടികയിലും മഹീന്ദ്ര ലാസ്റ്റ് മൈൽ മൊബിലിറ്റി ഇടം നേടിയിട്ടുണ്ട്. നവംബർ 17-ന് മുംബൈയിൽ പുരസ്കാര ജേതാവിനെ പ്രഖ്യാപിക്കും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.