Sections

സ്റ്റാർട്ടപ്പ് വളർച്ചയ്ക്ക് പുത്തൻ ഊർജ്ജമേകാൻ 'സ്‌കെയിൽ-അപ്പ് ക്യാപിറ്റൽ'  പദ്ധതികളും പ്രവാസി നിക്ഷേപവും സഹായകമാകുമെന്ന് വിദഗ്ധർ

Monday, Nov 16, 2026
Reported By Admin
Kerala Focuses on Scale-Up Capital to Boost Startup Growth

തിരുവനന്തപുരം: സ്റ്റാർട്ടപ്പ് രംഗത്ത് രാജ്യത്തിന് തന്നെ വേറിട്ട മാതൃക സൃഷ്ടിച്ച കേരളം സംരംഭങ്ങളുടെ അടുത്ത ഘട്ട വളർച്ചയ്ക്കായി 'സ്കെയിൽ-അപ്പ് ക്യാപിറ്റൽ', പ്രവാസി നിക്ഷേപ സമാഹരണം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതായി ഹഡിൽ ഗ്ലോബൽ വേദിയിൽ സംരംഭകർ അഭിപ്രായപ്പെട്ടു. കേരള സ്റ്റാർട്ടപ്പ് മിഷൻ സംഘടിപ്പിച്ച ഹഡിൽ ഗ്ലോബൽ 2026 ൽ കേരളത്തിൻറെ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റത്തിൻറെ പത്തുവർഷത്തെ വളർച്ചയും ഭാവി പദ്ധതികളും വിശദീകരിക്കുന്ന ചർച്ചയിലാണ് ഈ അഭിപ്രായം ഉയർന്നു വന്നത്.

വളർച്ചയുടെ ഘട്ടത്തിലുള്ള സ്റ്റാർട്ടപ്പുകൾക്ക് വലിയ തുക വായ്പയായി ലഭ്യമാക്കുന്നതിനായി 'ഫസ്റ്റ് ലോസ് ഡിഫോൾട്ട് ഗ്യാരണ്ടി' സംവിധാനം നടപ്പിലാക്കാൻ സാധിക്കും. സർക്കാർ 10 കോടി രൂപ ഗ്യാരണ്ടിയായി നൽകിയാൽ ബാങ്കുകൾ വഴി 100 കോടി രൂപയുടെ വായ്പകൾ സ്റ്റാർട്ടപ്പുകൾക്ക് ലഭ്യമാക്കാൻ ഇത് സഹായകമാകുമെന്നും അവർ ചൂണ്ടിക്കാട്ടി.

പ്രവാസികളുടെ നിക്ഷേപങ്ങൾ കേരളത്തിലെ സ്റ്റാർട്ടപ്പ് മേഖലയിലേക്ക് ആകർഷിക്കാനും മികവുറ്റ സ്റ്റാർട്ടപ്പുകളെ ആഗോള തലത്തിലേക്ക് വളർത്തുന്നതിന് വിനിയോഗിക്കാനും ലക്ഷ്യമിട്ട് പ്രത്യേക പദ്ധതികൾ ആലോചനയിലുണ്ടെന്ന് സ്റ്റാർട്ടപ്പ് മിഷൻ സിഇഒ അനൂപ് അംബിക പറഞ്ഞു. വലിയ കരാറുകൾ ഏറ്റെടുക്കുന്ന കമ്പനികൾക്ക് കൂടുതൽ തുക ലഭ്യമാക്കാനുള്ള നയരൂപീകരണമാണ് ഇപ്പോൾ നടക്കുന്നത്. സ്റ്റാർട്ടപ്പ് വില്ലേജിൽ തുടങ്ങി 2016-17 കാലഘട്ടത്തിൽ 1000 ആശയങ്ങൾക്ക് 2 ലക്ഷം രൂപ വീതം നൽകുന്ന 'ഐഡിയ ഗ്രാൻറ്' പദ്ധതിയിലൂടെയാണ് കേരളം സംരംഭകത്വത്തിന് തുടക്കമിട്ടത്. തുടർന്ന് സംരംഭകരുടെ ആവശ്യങ്ങൾ കേട്ടും, അതിനനുസരിച്ച് സർക്കാർ ഉത്തരവുകൾ പരിഷ്കരിച്ചും ഇക്കോസിസ്റ്റം വികസിപ്പിച്ചു. 15 ലക്ഷം രൂപ വരെയുള്ള ഇന്നോവേഷൻ ഗ്രാൻറുകൾ, ഏഞ്ചൽ ഇൻവെസ്റ്റ്മെൻറ് നെറ്റ് വർക്കുകൾ, വെഞ്ച്വർ ക്യാപിറ്റൽ സ്ഥാപനങ്ങളുമായി സഹകരിച്ചുള്ള 'ഫണ്ട് ഓഫ് ഫണ്ട്സ്' സ്കീം എന്നിവ വഴി മൂലധന ലഭ്യത ഉറപ്പാക്കി. സർക്കാർ ഒരു കോടി രൂപ നിക്ഷേപിക്കുമ്പോൾ വി.സി ഫണ്ടുകൾ രണ്ട് കോടി രൂപ കേരളത്തിലെ സ്റ്റാർട്ടപ്പുകളിൽ നിക്ഷേപിക്കുന്ന രീതിയാണിത്.

ഹാർഡ് വെയർ സ്റ്റാർട്ടപ്പുകൾക്കായി രാജ്യത്തെ ആദ്യ സംരംഭങ്ങളിലൊന്നായ 'മേക്കർ വില്ലേജ്', ബയോടെക് മേഖലയ്ക്കായി 'ബയോകെസ്റ്റ്', ഐ.ഐ.ടി മദ്രാസ് മാതൃകയിലുള്ള റിസർച്ച് പാർക്ക് എന്നിവ സ്ഥാപിച്ചു. ഇന്ത്യയിലെ ആദ്യത്തെ എ.ഐ ചിപ്പ് നിർമ്മിക്കപ്പെട്ടതും ഈ റിസർച്ച് പാർക്കിലാണ്. മറ്റ് സംസ്ഥാനങ്ങൾ സ്റ്റാർട്ടപ്പ് മേഖലയിൽ വലിയ മുന്നേറ്റം നടത്തുന്ന സാഹചര്യത്തിൽ ഓരോ മാസവും കൃത്യമായ ഇടപെടലുകൾ നടത്തി കേരളത്തിൻറെ മുൻതൂക്കം നിലനിർത്താനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഐഎസ്ബിഎ പ്രസിഡൻറ് പ്രസാദ് മേനോൻ മോഡറേറ്ററായ സെഷനിൽ സ്റ്റാർട്ടപ്പ് മിഷൻ സിഇഒ അനൂപ് അംബിക, എൻ എസ് ആർ സി ഇ എൽ ചീഫ് എക്സിക്യുട്ടീവ് ഓഫീസർ രസിക പ്രശാന്ത്, സ്റ്റാർട്ടപ്പ് ടിഎൻ ചെയർപേഴ്സൺ സിംഗായ് ജി രാമചന്ദ്രൻ എന്നിവർ പങ്കെടുത്തു.

ഇന്ത്യയിലെ സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥയെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള വിവിധ നിർദ്ദേശങ്ങളും വെല്ലുവിളികളും ചർച്ച ചെയ്ത പാനലിൽ സ്റ്റാർട്ടപ്പുകൾ നേരിടുന്ന പ്രതിസന്ധികൾ, സർക്കാരുകളുടെയും സ്വകാര്യ മേഖലയുടെയും പങ്കാളിത്തം, വിവിധ സംസ്ഥാനങ്ങളിലെ മാതൃകകൾ എന്നിവ സംബന്ധിച്ച് സംസാരിച്ചു.

ഛത്തീസ്ഗഢ്, ജാർഖണ്ഡ് തുടങ്ങിയ പുതിയ സംസ്ഥാനങ്ങൾ സ്റ്റാർട്ടപ്പ് രംഗത്ത് മാതൃകയാക്കുന്നത് കേരളത്തെയാണ്. കേരളം സ്റ്റാർട്ടപ്പുകളെ പിന്തുണയ്ക്കുന്ന രീതി മറ്റ് സംസ്ഥാനങ്ങൾ പഠിച്ചുവരുന്നുണ്ടെന്നും ഇത് വലിയ നേട്ടമാണെന്നും വിലയിരുത്തപ്പെട്ടു. എല്ലാ വർഷവും എല്ലാ സംസ്ഥാനങ്ങളിലെയും സ്റ്റാർട്ടപ്പ് മിഷൻ തലവൻമാർ ഒത്തുകൂടുന്ന വാർഷിക കോൺക്ലേവുകൾ സംഘടിപ്പിക്കണമെന്നും അഭിപ്രായമുയർന്നു.

തമിഴ്നാട്ടിൽ സ്റ്റാർട്ടപ്പ് പ്രവർത്തനങ്ങൾ ചെന്നൈയിൽ മാത്രം ഒതുങ്ങിനിൽക്കാതെ ടയർ 2, ടയർ 3 നഗരങ്ങളിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്. സംസ്ഥാനത്തുടനീളം പ്രവർത്തിക്കുന്ന ഒമ്പതോളം സബ്-ഓഫീസുകൾ അടിത്തട്ടിലേക്ക് പദ്ധതികൾ എത്തിക്കാൻ ഫീഡർ ക്ലിനിക്കുകൾ പോലെ പ്രവർത്തിക്കുന്നുണ്ട്. ഇതിൻറെ ഫലമായി തനി നാടൻ ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നവരും റോക്കറ്റുകൾ നിർമ്മിക്കുന്നവരുമായ വൈവിധ്യമാർന്ന സ്റ്റാർട്ടപ്പുകൾ അവിടെ വളർന്നുവരുന്നുണ്ട്.

സ്റ്റാർട്ടപ്പുകൾക്ക് മാത്രമായി ഒരു പ്രത്യേക വകുപ്പ് എന്നതിന് പകരം അഗ്രികൾച്ചർ, ഐ.ടി, പവർ ജനറേഷൻ തുടങ്ങിയ മേഖലകളിൽ അവരുടെ പ്രവർത്തനങ്ങളുടെ ഒരു നിശ്ചിത ശതമാനം ഇന്നൊവേഷനായി മാറ്റിവെക്കണമെന്നും ഇതിനായി പ്രത്യേക ടീമുകളെ രൂപീകരിക്കണമെന്നും ചർച്ചയിൽ നിർദ്ദേശിക്കപ്പെട്ടു.

റെയിൽവേ പോലുള്ള സർക്കാർ സ്ഥാപനങ്ങൾക്ക് ഉൽപ്പന്നങ്ങൾ വിതരണം ചെയ്യുമ്പോൾ സ്റ്റാർട്ടപ്പുകൾ നേരിടുന്ന വെല്ലുവിളികൾ വലുതാണ്. വൻകിട കമ്പനികളെപ്പോലെ വൻതോതിൽ അസംസ്കൃത വസ്തുക്കൾ സംഭരിക്കാൻ സ്റ്റാർട്ടപ്പുകൾക്ക് കഴിയാത്തതിനാൽ ഇത് സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കാറുണ്ട്. എന്നാൽ ഒരു ബ്രാൻഡ് എന്ന നിലയിൽ വളർച്ച കൈവരിക്കാനും മൊത്തവിലയ്ക്ക് നൽകാനും സർക്കാർ തലത്തിൽ ആവശ്യമായ പിന്തുണ ഉറപ്പാക്കാനും സ്റ്റാർട്ടപ്പുകൾ സ്വയം സജ്ജരാകേണ്ടതുണ്ടെന്നും ചർച്ചയിൽ സംരംഭകർ അഭിപ്രായപ്പെട്ടു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.