Sections

സംസ്ഥാനത്തെ സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥയെ വിപുലീകരിക്കാൻ വഴിയൊരുക്കി ഹഡിൽ ഗ്ലോബൽ-2026 ന് സമാപനം

Monday, Nov 16, 2026
Reported By Admin
Huddle Global 2026 Concludes with ₹8 Crore Investments

തിരുവനന്തപുരം: സംസ്ഥാനത്തെ സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥയെ കൂടുതൽ വിപുലീകരിക്കുന്നതിനുള്ള വഴിയൊരുക്കി ഏഷ്യയിലെ ഏറ്റവും വലിയ ബീച്ച്സൈഡ് സ്റ്റാർട്ടപ്പ് ഫെസ്റ്റിവലായ ഹഡിൽ ഗ്ലോബലിൻറെ എട്ടാം പതിപ്പിന് കോവളത്ത് സമാപനം.

പരിപാടിയിൽ രണ്ട് സ്റ്റാർട്ടപ്പുകൾ ഒരു കോടി രൂപയുടെ ഏഞ്ചൽ ഫണ്ടും 50 ലക്ഷം രൂപയുടെ നിക്ഷേപവും സമാഹരിച്ചു. ആകെ എട്ട് കോടി രൂപയുടെ നിക്ഷേപമാണ് ഹഡിൽ ഗ്ലോബൽ-2026 ൽ പ്രഖ്യാപിക്കപ്പെട്ടത്.

കേരള സ്റ്റാർട്ടപ്പ് മിഷൻ (കെഎസ്യുഎം) സംഘടിപ്പിച്ച മൂന്ന് ദിവസത്തെ പരിപാടിയിൽ 10,000-ത്തോളം പേർ പങ്കെടുത്തു. ഇതിൽ 90-ലധികം വെഞ്ച്വർ ക്യാപിറ്റൽ നിക്ഷേപകരും 50-ലധികം ഏഞ്ചൽ നിക്ഷേപകരും ഉൾപ്പെടുന്നു. 4000-ത്തിലധികം സ്റ്റാർട്ടപ്പുകൾ, 200-ഓളം പ്രമുഖ വ്യക്തികൾ, 300ൽ അധികം സ്റ്റാർട്ടപ്പ് മെൻറർമാർ, 200-ലധികം കോർപ്പറേറ്റ് സ്ഥാപനങ്ങൾ, 150-ലധികം എക്സിബിറ്റേഴ്സ്, 150-ൽ അധികം നിക്ഷേപകർ, 300 പ്രമുഖ പ്രഭാഷകർ എന്നിവരും ഈ പരിപാടിയിൽ പങ്കുചേർന്നു. സ്റ്റാർട്ടപ്പുകളും നിക്ഷേപകരും തമ്മിൽ 200-ലധികം കൂടിക്കാഴ്ചകൾ നടക്കുകയും, 27-ലധികം പുതിയ ഉൽപ്പന്നങ്ങൾ അവതരിപ്പിക്കപ്പെടുകയും ചെയ്തു.

നവംബർ 12-ന് മുഖ്യമന്ത്രി വി.ഡി സതീശനാണ് ഹഡിൽ ഗ്ലോബൽ-2026 ഉദ്ഘാടനം ചെയ്തത്.

ബ്ലോക്ക് ചെയിൻ അധിഷ്ഠിത ക്രോസ്-ബോർഡർ പേയ്മെൻറ് പ്ലാറ്റ്ഫോമായ സൈലാപേ വഴി ഡീപ്ടെക് എയ്റോസ്പേസ് സ്റ്റാർട്ടപ്പായ ടെസാറ്റ് സ്പേസിന് ഒരു കോടി രൂപയുടെ ഏഞ്ചൽ ഫണ്ട് ലഭിച്ചു. ഹഡിൽ ഗ്ലോബൽ 2025-ൽ നടന്ന 'കണക്റ്റ്' എന്ന ഫണ്ടിംഗ് പ്രോഗ്രാമിലൂടെയാണ് ഇതുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് തുടക്കമായത്.

പാലക്കാട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ടി.ഐ.ആർ.എഫ് എന്ന ഇൻകുബേഷൻ ആൻഡ് റിസർച്ച് ഇക്കോസിസ്റ്റം ബസ്ലർ എന്ന സ്റ്റാർട്ടപ്പിൽ 50 ലക്ഷം രൂപ നിക്ഷേപിക്കും. സ്കിൽ ഐഡൻറിറ്റി പ്ലാറ്റ്ഫോം വികസിപ്പിക്കുന്ന കേരളത്തിൽ നിന്നുള്ള സ്റ്റാർട്ടപ്പാണ് ബസ്ലർ. എഐ കാലഘട്ടത്തിൽ മനുഷ്യൻറെ കഴിവുകളും നൈപുണ്യവും സംരക്ഷിക്കാനുള്ള കമ്പനിയുടെ ദൗത്യത്തെ ശക്തിപ്പെടുത്തുന്നതാണ് ഈ പങ്കാളിത്തം.

സംസ്ഥാനത്തെ സാങ്കേതിക കമ്പനികളുടെ കൂട്ടായ്മയായ ഗ്രൂപ്പ് ഓഫ് ടെക്നോളജി കമ്പനീസ് (ജിടെക്) ചെക്ക്മേറ്റ് എന്ന നിക്ഷേപക അവതരണ സെഷനിൽ നാല് സ്റ്റാർട്ടപ്പുകൾക്ക് ധനസഹായം നൽകുന്നതിനുള്ള താൽപ്പര്യപത്രം പുറപ്പെടുവിച്ചു. ലീഡ്മെട്രിക്സ്, ക്ലൗഡ് പോസിറ്റീവ്, സീവ്/ഇസെഡ്എസ്എസ് ടെക്നോളജീസ്, സ്പേസ്ടൈം 4ഡി എന്നിവയാണ് ഈ സ്റ്റാർട്ടപ്പുകൾ.

സംരംഭകരോട് നൂതന പരിഹാരങ്ങൾ വികസിപ്പിക്കുമ്പോൾ ധീരതയോടെ മുന്നോട്ടുവരാൻ സമാപന സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തിയ ഇന്ത്യ എഐ മിഷൻ ഗവേണിംഗ് ബോർഡ് അംഗം രമണൻ രാമനാഥൻ ആഹ്വാനം ചെയ്തു. സാങ്കേതികവിദ്യ എന്നതിലുപരി ഒരു ശേഷിയായി എഐ മാറിയിരിക്കുന്ന സാഹചര്യത്തിൽ അത് പ്രയോജനപ്പെടുത്തി വേണം സംരംഭകർ ഇത്തരം പരിഹാരങ്ങൾ രൂപപ്പെടുത്താനെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

ഹഡിൽ ഗ്ലോബൽ കാലക്രമേണ കേരളത്തിലെ പ്രധാന സാങ്കേതിക സംഗമമായി മാറിയെന്നും വരും വർഷങ്ങളിൽ ഇതിനെ ആഗോളതലത്തിലുള്ള പരിപാടിയായി മാറ്റാൻ ലക്ഷ്യമിടുന്നുണ്ടെന്നും കെഎസ്യുഎം സിഇഒ അനൂപ് അംബിക പറഞ്ഞു.

കെഎസ്യുഎം പ്രോജക്ട് ഡയറക്ടർ വരുൺ ജി ചടങ്ങിന് നന്ദി പറഞ്ഞു.

ടൈഗേഴ്സ് ക്ലോ പിച്ചിംഗ് സെഷൻറെ ഭാഗമായി മൂന്ന് സ്റ്റാർട്ടപ്പുകളെ തിരഞ്ഞെടുത്തു. ഇതിലൂടെ ദുബായിൽ നടക്കുന്ന ജൈടെക്സ് എക്സ്പോയിൽ സൗജന്യമായി പങ്കെടുക്കാനുള്ള അവസരം അവർക്ക് ലഭിച്ചു. സിഡിഐഎസ്സി ടെക്നോളജീസ്, സിക്സ്ഡോട്സ് ഡിസൈൻ, കാൽക്വി എന്നിവയാണ് ഈ സ്റ്റാർട്ടപ്പുകൾ.

ഉയർന്നുവരുന്ന വിദ്യാർത്ഥി സംരംഭകർക്കായുള്ള സ്റ്റുഡൻറ് യൂണികോൺ (എസ് യുപി) കോഹോർട്ട് 1-ലെ വിജയികൾക്കുള്ള സമ്മാനങ്ങളും ചടങ്ങിൽ വിതരണം ചെയ്തു. 1,50,000 രൂപയുടെ ക്യാഷ് പ്രൈസ് സ്വന്തമാക്കിക്കൊണ്ട് ഭാരത് വർക്സ് ടീം ഒന്നാം സ്ഥാനം നേടി. എൽഡോറ 50,000 രൂപ, ടാറ്റ്വിക് ലാബ്സ് 25,000 രൂപ എന്നിവ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.

കെഎസ്യുഎമ്മിൻറെ ഡിടുസി ആക്സിലറേറ്റർ പ്രോഗ്രാം രമണൻ രാമനാഥനും അനൂപ് അംബികയും ചേർന്ന് ഉദ്ഘാടനം ചെയ്തു. ജനുവരിയിൽ ആരംഭിക്കുന്ന ഒരു വർഷത്തെ പ്രത്യേക പ്രോഗ്രാമിലേക്ക് ഉപഭോക്താക്കളിലേക്ക് നേരിട്ട് ഉൽപ്പന്നങ്ങൾ എത്തിക്കുന്ന 10 സ്റ്റാർട്ടപ്പുകളെ തിരഞ്ഞെടുക്കും. മാർഗനിർദേശങ്ങൾ, ഗ്രാൻറുകൾ, സീഡ് നിക്ഷേപം എന്നിവ ഈ പ്രോഗ്രാമിലൂടെ ലഭിക്കും. ഡിസംബർ 15 മുതൽ അപേക്ഷകൾ സമർപ്പിക്കാം.

സാങ്കേതികവിദ്യയുടെയും സംരംഭകത്വത്തിൻറെയും ഭാവി രൂപപ്പെടുത്തുന്നതിനായി സ്റ്റാർട്ടപ്പ് സ്ഥാപകർ, നിക്ഷേപകർ, സർക്കാർ ഉദ്യോഗസ്ഥർ, സാമൂഹിക സംരംഭകർ, ഇന്നൊവേറ്റേഴ്സ്, നയരൂപകർത്താക്കൾ, വ്യവസായ പ്രമുഖർ എന്നിവർ ഹഡിൽ ഗ്ലോബൽ 2026-ൽ ഒത്തുചേർന്നു. ഇത് നവീകരണത്തിനും വളർച്ചയ്ക്കും പുതിയ ഉത്തേജനം നൽകി.

കേരളത്തെ വിജ്ഞാധിഷ്ഠിത വ്യവസായ കേന്ദ്രമാക്കി മാറ്റുന്നതിന് സഹായിക്കുന്ന നവീനാശയങ്ങളും സാങ്കേതികവിദ്യകളും ഹഡിൽ ഗ്ലോബൽ എക്സ്പോയിൽ പ്രദർശിപ്പിച്ചു. എഡ്യൂടെക്, ഹെൽത്ത്ടെക്, ഫിൻടെക്, ലൈഫ് സയൻസസ്, സ്പേസ്ടെക്, ആർട്ടിഫിഷ്യൽ ഇൻറലിജൻസ്/മെഷീൻ ലേണിംഗ് തുടങ്ങിയ മേഖലകളിൽ നിന്നുള്ള നൂതന ഉൽപ്പന്നങ്ങളും സേവനങ്ങളും ഇതിൽ ഉൾപ്പെടുന്നു. ആഗോളതലത്തിലുള്ള അടിയന്തര വെല്ലുവിളികളെ നേരിടാൻ രൂപകൽപ്പന ചെയ്ത ഹ്യൂമനോയിഡ് റോബോട്ടുകൾ, സ്വയം പ്രവർത്തിക്കുന്ന ഡ്രോണുകൾ, സുസ്ഥിര ഊർജ്ജ പരിഹാരങ്ങൾ, ബയോമെഡിക്കൽ ഉപകരണങ്ങൾ, സ്മാർട്ട് സിറ്റി നവീകരണങ്ങൾ എന്നിവയും എക്സ്പോയിലുണ്ടായിരുന്നു.

സ്റ്റാർട്ടപ്പുകൾക്ക് നൂതന ആശയങ്ങൾ പ്രദർശിപ്പിക്കാനും മൂലധനം സമാഹരിക്കാനും പങ്കാളികളെ കണ്ടെത്താനും വിദഗ്ധരിൽ നിന്ന് മാർഗനിർദേശങ്ങൾ നേടാനുമുള്ള വേദിയായായിട്ടാണ് ഹഡിൽ ഗ്ലോബൽ രൂപകൽപ്പന ചെയ്തത്. മൂന്ന് ദിവസത്തെ പരിപാടിയിൽ പാനൽ ചർച്ചകൾ, എഐ ഫിലിം ഫെസ്റ്റിവൽ, ഉൽപ്പന്നങ്ങളുടെ അവതരണം, ജിസിസി നേതാക്കളുടെ റൗണ്ട് ടേബിൾ കോൺഫറൻസ്, എക്സിബിഷൻ, നിക്ഷേപകരുമായുള്ള കൂടിക്കാഴ്ചകൾ, ബിസിനസ് നെറ്റ് വർക്കിംഗ്, മെൻററിംഗ് സെഷനുകൾ എന്നിവ നടന്നു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.