Sections

ആഗോള വിപണിയിലേക്ക് വളരാൻ ഇന്ത്യൻ സ്റ്റാർട്ടപ്പുകൾ ലക്ഷ്യമിടണമെന്ന് ഹഡിൽ ഗ്ലോബലിൽ വിദഗ്ധർ

Monday, Nov 16, 2026
Reported By Admin
Huddle Global 2026: Experts Urge Indian Startups to Go Global

തിരുവനന്തപുരം: ഇന്ത്യൻ സ്റ്റാർട്ടപ്പുകൾ വളർച്ചയുടെ അടുത്ത ഘട്ടത്തിലേക്ക് കടക്കുന്നതിന് ഉത്പന്നങ്ങളും സേവനങ്ങളും ആഗോള വിപണിയിൽ സ്വീകാര്യമാക്കുകയും നിക്ഷേപം ആകർഷിക്കുകയും വേണമെന്ന് ഹഡിൽ ഗ്ലോബലിലെ പാനൽ ചർച്ചയിൽ വിദഗ്ധർ.

'അതിർത്തികൾ കടന്നുള്ള മൂലധനവും ആഗോള വളർച്ചയും; ഉയർന്ന വളർച്ചാ സാധ്യതയുള്ള സംരംഭങ്ങളിലെ നിക്ഷേപം' എന്ന വിഷയത്തിൽ നടന്ന ചർച്ചയിലാണ് ഈ അഭിപ്രായമുയർന്നത്. വിജയകരമായ ഇന്ത്യൻ സ്റ്റാർട്ടപ്പുകൾ ആഗോള തലത്തിൽ വളരുകയും വിവിധ രാജ്യങ്ങളിലെ വിപണികളിൽ തങ്ങളുടെ ഉത്പന്നങ്ങൾക്കും സേവനങ്ങൾക്കും വാണിജ്യമൂല്യം ഉറപ്പാക്കുകയും വേണമെന്ന് ഇൻക്യു ഇന്നൊവേഷൻ സഹസ്ഥാപകനും സിഇഒയും മാനേജിങ് ഡയറക്ടറുമായ ഇർഫാൻ മാലിക് പറഞ്ഞു. വളർച്ചയ്ക്കാവശ്യമായ നിക്ഷേപം സമാഹരിക്കുന്നതും പ്രധാനമാണെന്ന് അദ്ദേഹം വിശദമാക്കി.

ആഗോള ബന്ധങ്ങൾ ശക്തിപ്പെടുത്തിയും മൂലധനം ആകർഷിച്ചും ഇന്ത്യൻ സ്റ്റാർട്ടപ്പ് മേഖലയ്ക്ക് വലിയ വളർച്ച കൈവരിക്കാനാകുമെന്ന് ഇന്ത്യ എഐ മിഷൻ ഗവേണിങ് ബോർഡ് അംഗം രമണൻ രാമനാഥൻ പറഞ്ഞു.

വളർച്ചയുടെ അടുത്ത ഘട്ടത്തിലുള്ള സ്റ്റാർട്ടപ്പുകൾക്ക് സർക്കാർ ഏജൻസികൾക്കൊപ്പം വ്യവസായ മേഖലയിൽ നിന്നും വെഞ്ച്വർ ക്യാപ്പിറ്റലിസ്റ്റുകളിൽ നിന്നും പിന്തുണ ലഭിക്കണം. ആഗോള ബന്ധങ്ങൾ വികസിപ്പിക്കുന്നതിനും അന്താരാഷ്ട്ര സഹകരണ പരിപാടികൾ പ്രയോജനപ്പെടുത്തുന്നതും ഈ ഘട്ടത്തിൽ നിർണായകമാണെന്നും അദ്ദേഹം പറഞ്ഞു.

വിജയകരമായ ഇന്ത്യൻ സ്റ്റാർട്ടപ്പുകൾക്ക് ആഗോള വിപണിയിൽ കൂടുതൽ അവസരങ്ങൾ നേടുന്നതിനും വളർച്ച പ്രാപിക്കുന്നതിനും സർക്കാർ ഏജൻസികളുടെയും മെൻറർമാരുടെയും മാർഗനിർദേശവും പിന്തുണയും ആവശ്യമാണെന്ന് ക്വാണ്ടം നെക്സിസ് ഇൻക് സ്ഥാപകനും ഹെൽത്ത്കെയർ ട്രയാങ്കിൾ സ്ഥാപകനുമായ ഡോ. സുരേഷ് വെങ്കടാചാരി പറഞ്ഞു.

കേരള സ്റ്റാർട്ടപ്പ് മിഷൻറെ (കെഎസ് യുഎം) നേതൃത്വത്തിൽ മൂന്ന് ദിവസമായി നടന്ന ഹഡിൽ ഗ്ലോബൽ 2026 സമാപിച്ചു. നയരൂപകർത്താക്കൾ, വെഞ്ച്വർ ക്യാപ്പിറ്റലിസ്റ്റുകൾ, മെൻറർമാർ, സ്റ്റാർട്ടപ്പ് സ്ഥാപകർ എന്നിവർക്ക് ആശയങ്ങളും കാഴ്ച്ചപ്പാടുകളും പങ്കുവെയ്ക്കുന്നതിനുള്ള വേദിയായി സമ്മേളനം മാറി. ഇന്ത്യൻ സ്റ്റാർട്ടപ്പ് മേഖലയെ അടുത്ത വളർച്ച ഘട്ടത്തിലേക്ക് നയിക്കുന്നതിനുള്ള ചർച്ചകൾക്കും സമ്മേളനം വഴിയൊരുക്കി.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.