Sections

ആഗോള ജിഡിപിയേക്കാൾ വേഗത്തിൽ വ്യോമയാന മേഖല വളരുന്നതായി നാവിക് ടെക് ചീഫ് ഓപ്പറേറ്റിങ് ഓഫീസർ

Monday, Nov 16, 2026
Reported By Admin
AI to Transform Global Travel and Aviation, Says Navik Technology

തിരുവനന്തപുരം: ആഗോള ജിഡിപിയിലേക്ക് 4.1 ട്രില്യൺ ഡോളറിൻറെ സംഭാവന നൽകുന്ന വ്യോമയാന മേഖല പ്രതിവർഷം 4.6 ശതമാനം വളർച്ച കൈവരിക്കുന്നതായി നാവിക് ടെക്നോളജി ചീഫ് ഓപ്പറേറ്റിങ് ഓഫീസർ ലത റാണി എസ് പറഞ്ഞു. ആഗോള ജിഡിപിയുടേതിനേക്കാൾ ഉയർന്ന വളർച്ചാ നിരക്കാണിതെന്നും അവർ വ്യക്തമാക്കി.

ഹഡിൽ ഗ്ലോബൽ 2026 ൻറെ സമാപന ദിനത്തിൽ 'എഐ കാലത്ത് ആഗോള യാത്രാമേഖലയുടെ ഭാവിയെ ആര് നയിക്കും' എന്ന വിഷയത്തിൽ നടന്ന പാനൽ ചർച്ചയിൽ സംസാരിക്കുകയായിരുന്നു അവർ.

നിലവിൽ 736 വിമാനക്കമ്പനികൾ 5.1 ബില്യൺ യാത്രക്കാരെ വഹിക്കുകയും 3.87 മില്യൺ വിമാന സർവീസുകൾ നടത്തുകയും ചെയ്യുന്നുണ്ട്. നാലായിരത്തിലധികം വിമാനത്താവളങ്ങളുള്ള ഈ മേഖല 8.65 കോടി തൊഴിലവസരങ്ങളും സൃഷ്ടിക്കുന്നതായി അവർ പറഞ്ഞു.

എഐ യാത്രാമേഖലയെ കൂടുതൽ കാര്യക്ഷമവും സുഗമവുമാക്കുമെങ്കിലും സാഹചര്യങ്ങളെ ആഴത്തിൽ മനസിലാക്കാനുള്ള മനുഷ്യൻറെ കഴിവിന് പകരമാകില്ലെന്ന് ലത റാണി അഭിപ്രായപ്പെട്ടു. സാങ്കേതികവിദ്യയിലെ അറിവിനൊപ്പം തുടർച്ചയായി പഠിക്കാനുള്ള കഴിവും ഭാവിയിൽ പ്രധാനമാണെന്നും അവർ കൂട്ടിച്ചേർത്തു.

യാത്രക്കാരുടെ ആവശ്യങ്ങളും താത്പര്യവും തിരിച്ചറിഞ്ഞ് കൂടുതൽ വ്യക്തിഗതവും മികച്ചതുമായ യാത്രാനുഭവങ്ങൾ ഒരുക്കുന്നതിൽ എഐയും ഡാറ്റയും നിർണായക പങ്കുവഹിക്കുമെന്നും അവർ വ്യക്തമാക്കി.

2026 ജൂലൈയിൽ ഐബിഎസ് സോഫ്റ്റ്വെയർ ആരംഭിച്ച എഐ അധിഷ്ഠിത കമ്പനിയാണ് നാവിക്. വിമാനക്കമ്പനികൾ, വിമാനത്താവളങ്ങൾ, ക്രൂയിസ്, ഹോസ്പിറ്റാലിറ്റി, ലോജിസ്റ്റിക് മേഖലകൾക്കായി സാങ്കേതിക പരിഹാരങ്ങൾ നൽകുന്ന കമ്പനി പ്രവർത്തനക്ഷമത വർധിപ്പിക്കുന്നതിനും പുതിയ വരുമാന സാധ്യതകൾ കണ്ടെത്താനും ലക്ഷ്യമിടുന്നു.

മൂന്ന് ദിവസമായി നടന്നുവരുന്ന ഹഡിൽ ഗ്ലോബലിൽ സാങ്കേതികവിദ്യയുടെയും സംരംഭകത്വത്തിൻറെയും ഭാവി രൂപപ്പെടുത്തുതിനായി സ്റ്റാർട്ടപ്പ് സ്ഥാപകർ, നിക്ഷേപകർ, സർക്കാർ ഉദ്യോഗസ്ഥർ, സാമൂഹിക സംരംഭകർ, ഇന്നൊവേറ്റേഴ്സ്, നയരൂപകർത്താക്കൾ, വ്യവസായ പ്രമുഖർ എന്നിവർ പങ്കെടുക്കുന്നുണ്ട്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.